വീട്ടുമുറ്റത്ത് തെങ്ങുണ്ടെങ്കിൽ കള്ളുണ്ടാക്കാം: ഇത് ഓസ്ട്രേലിയയിലെ കള്ളുചെത്ത്
Mail This Article
കേരം തിങ്ങും കേരള നാട്ടിൽ നാളികേരത്തനും വെളിച്ചെണ്ണയ്ക്കും വിലയില്ലാതെ ബുദ്ധിമുട്ടുന്ന കർഷകർ ഏറെയാണ്. അതേസമയം, നാളികേരത്തെയും വെളിച്ചെണ്ണയെയും വരുമാനത്തിന് ആശ്രയിക്കാതെ ഇവയുടെ മറ്റുൽപന്നങ്ങളിലൂടെ വരുമാനം നേടുന്ന ഒട്ടേറെ കർഷകരും സംരംഭകരും കേരളത്തിലുണ്ട് (അവരുടെ വരുമാനനേട്ടരീതി വിശദമായി നവംബർ ലക്കം കർഷകശ്രീ മാസികയിൽ വായിക്കാം). പറഞ്ഞുവന്നത് അതല്ല, കേരളത്തിൽ തെങ്ങിന് വലിയ വിലയില്ലെങ്കിലും ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികൾക്ക് തെങ്ങ് പ്രിയപ്പെട്ട വിളയാണ്. വീട്ടുമുറ്റത്ത് വീട്ടാവശ്യത്തിനുള്ള തേങ്ങയ്ക്കായി തെങ്ങ് നട്ടുപരിപാലിക്കുന്നവരേറെ. അതേസമയം, തെങ്ങു ചെത്തി കള്ളെടുക്കുന്ന മലയാളികളുമുണ്ടെന്നത് കൗതുകമാണ്.
ഓസ്ട്രേലിയൻ മലയാളിയായ സിറിൾ ആഞ്ഞിലിവേലിൽ തന്റെ വീട്ടുമുറ്റത്തെ ചെറിയ തെങ്ങിൽനിന്ന് കള്ളുൽപാദിപ്പിക്കുന്നുണ്ട്. കയ്യെത്തും ഉയരത്തിൽ തെങ്ങു വളർന്നപ്പോൾ ഒരു കൗതുകം എന്ന രീതിയിലായിരുന്നു ചെത്തിയത്. ഇതിനായി വീതിയുള്ള കത്തി സിറിൾ തയാറാക്കിയെടുത്തിട്ടുണ്ട്. അതുപോലെ കുലയിൽ തല്ലുന്നതിനായി ഉപയോഗിക്കുന്നത് പുളിങ്കമ്പാണ്. നാട്ടിലെ ചെത്തുതൊഴിലാളികൾ ഉപയോഗിക്കുന്നത് എല്ലാണ്. കുലയിൽനിന്ന് കള്ളു ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പിയും വച്ചിരിക്കുന്നു. നന്നായി തല്ലി പാകപ്പെടുത്തിയ കുലയിൽനിന്ന് കള്ള് പാത്രത്തിലേക്ക് വീഴുന്നതിനായി കുലയിൽ കേബിൾടൈ കെട്ടിയിരിക്കുന്നു.
ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ബിനു മാത്യു പങ്കുവച്ച വിഡിയോ കാണാം