ADVERTISEMENT

നെൽക്കൃഷിയുടെ എല്ലാ വളർ‍‌ച്ച ഘട്ടത്തെയും ബാധിക്കു‍‌ന്ന തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടിപ്പുഴു എന്നിവയുടെ മുട്ടകളെ ആക്രമിച്ചു നശിപ്പിക്കുന്ന കടന്നൽ വർഗത്തിൽപ്പെട്ട മിത്രകീടമാണ് ട്രൈക്കോഗ്രമ. ട്രൈക്കോ ഗ്രമ ജപോണികം തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കുന്നതിനായും ട്രൈക്കോ ഗ്രമ കിലോണിസ് ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കുന്നതിനായും ഉപയോഗിക്കുന്നു. ഇവ നെൽപാടങ്ങളിൽ ധാരാളമായു‌ണ്ടെങ്കിലും, ലാബിൽ കൂടിയ തോതിൽ ഉൽപാദിപ്പിച്ചു മുട്ട കാർഡുകളാക്കി ഉപ‌യോഗിക്കുമ്പോൾ കീടനിയന്ത്രണം വിജയകരമായി സാധ്യമാകുന്നു.

നെല്ലു വിതച്ച് അല്ലെങ്കിൽ നട്ട് 20 ദിവസം മുതലോ, കീടത്തിന്റെ ശലഭങ്ങളെ കണ്ടുതുടങ്ങുമ്പോഴോ മുട്ട കാർഡുകൾ പാടത്തു വയ്ക്കാം. ഒരേക്കർ പാടത്തു ട്രൈക്കോഗ്രമ ജപോണിക്കും, ട്രൈക്കോ ഗ്രമ കിലോണിസ് എന്നിവയുടെ ഓരോ സിസി കാർഡുകൾ ഇടകലർത്തി വയ്ക്കണം. ഒരു സിസി കാർഡിൽ ഏകദേശം 18000 -20000 മുട്ടകൾ വരെ അടങ്ങിയിരിക്കുന്നു. ഇതിനെ പത്തു ചെറു കഷണങ്ങളായി മുറിച്ചു പാടത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓലക്കാലിൽ ഉറപ്പിച്ചോ നെല്ലോലകളിൽ സ്റ്റേപ്പിൾ ചെയ്തോ വയ്ക്കാവുന്നതാണ്. അങ്ങനെ വയ്ക്കുന്ന കാർഡിലെ മുട്ടകളിൽ നിന്നും വിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രമ കടന്നലുകൾ തണ്ടുതുരപ്പന്റെയും ഓലചുരുട്ടിയു ടെയും മുട്ടകളെ ആക്രമിച്ചു നശിപ്പിക്കും. 

tricograma

ഈ കടന്നലുകൾ ഒന്നോ രണ്ടോ ദിവസം മാത്രമേ ജീവിച്ചിരിക്കുന്നുള്ളു. അതു കൊണ്ടു കീടനിയന്ത്രണം ഉറപ്പാക്കുന്നതിനായി രണ്ടാഴ്ച ഇടവേളകളിൽ വിളയുടെ ദൈർഘ്യം അനുസരിച്ചു നാലു മുതൽ ആറു തവണകളായി ഉപയോഗിക്കാം. വൈകുന്നേരങ്ങളിലാണ് കാർഡുകൾ പാടത്തു വയ്ക്കേണ്ടത്.

കൂടാതെ കാർഡു വയ്ക്കുന്നതിന് ഒരാഴ്ച മുൻപും പിൻപും കീടനാശിനി പ്രയോഗം ഒഴിവാക്കണം. ഈ മാസം അവസാന ആഴ്ചയോടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ട്രൈക്കോ കാർഡുകൾ വിൽപനയ്ക്ക് ലഭ്യമാകും. ഒരു സിസി കാർഡി ന് 70 രൂപയാണ് വില.

തയാറാക്കിയത്:

കെ.പല്ലവി നായർ, അസിസ്റ്റന്റ് പ്രഫ സർ (കീടശാസ്ത്ര വിഭാഗം), പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകം.

ഫോൺ: 0481 2524421

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com