ADVERTISEMENT

നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ചെറുധാന്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ ഒൻപത് ചെറുധാന്യങ്ങളാന്ന് കൃഷി ചെയ്യുന്നത്. അവ റാഗി, ചാമ, തിന, വരക്, ബജ്ര (കമ്പ്), മണിച്ചോളം, പനിവരക്, ബ്രൗൺ ടോപ്പ് (മലഞ്ചാമ), കുതിരവാലി എന്നിവയാണ്. ശാസ്ത്രം ചെറുധാന്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു - മേജർ മില്ലറ്റുകൾ, മൈനർ മില്ലറ്റുകൾ. മണിച്ചോളം, ബജ്റ, റാഗി എന്നിവ മേജർ മില്ലറ്റുകൾ ആണ്. ചാമ, തിന, പനിവിരക് , കുതിരവാലി , ബ്രൗൺ ടോപ്പ് ( മലഞ്ചാമ ) വരക് എന്നിവ മൈനർ മില്ലറ്റുകളും.

വിത്തുകൾ

  1. നാടൻ ഇനങ്ങൾ
  2. ഹൈബ്രിഡ് ഇനങ്ങൾ
  3. ഇംപ്രൂവ്ഡ് ഇനങ്ങൾ

ചെറുധാന്യ വിത്തിനങ്ങൾ അറിയേണ്ടവ

പരമ്പരാഗതമായി നാടൻ ചെറുധാന്യ വിത്തിനങ്ങളാണ് കേരളത്തിൽ കൃഷി ചെയ്തിരുന്നത്. എന്നാൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കൂടുതൽ വിളവുണ്ടാക്കേണ്ടതായി വരികയും കൂടുതൽ വിളവിനായി ഹൈബ്രിഡ് വിത്തിനങ്ങളും, ഇംപ്രൂവ്ഡ് വിത്തിനങ്ങളും കാർഷിക ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തു.

നാടൻ ഇനങ്ങൾക്ക് ഉൽപ്പാദനം കുറവാണെങ്കിലും രോഗപ്രതിരോധ ശേഷി വളരെ കൂടുതലായിരിക്കും. അതുപോലെ നാടൻ ഇനങ്ങൾക്ക് അങ്കുരണശേഷി വളരെ കുറവാണ്. 

ഹൈബ്രിഡ് ചെറുധാന്യങ്ങൾ

വ്യാവസായിക കൃഷിക്ക് ഹൈബ്രിഡ് ചെറുധാന്യ വിത്തുകൾ അനുയോജ്യമാണ്. ഒരു പ്രത്യേക സ്വഭാവ ഗുണത്തിലുള്ള ആൺ സസ്യവും, ഒരു പ്രത്യേക ഗുണമുള്ള പെൺ സസ്യവും തമ്മിൽ പരാഗണം നടത്തി ഉണ്ടാക്കുന്ന ആദ്യത്തെ പ്രോജനിയാണ് F1 ഹൈബ്രിഡ് എന്നു പറയുന്നത്. ചെറുധാന്യങ്ങളിലും ഹൈബ്രിഡ് വിത്തിനങ്ങൾ ധാരാളം ഉണ്ട്. ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്താൽ നല്ല വിളവു കിട്ടും. പക്ഷെ ഒരിക്കൽ കൃഷി ചെയ്ത വിത്തെടുത്ത് വീണ്ടും കൃഷി ചെയ്താൽ F1 ജനറേഷനിൽ കിട്ടിയ വിളവ് കിട്ടില്ല. 

ഇംപ്രൂവ്ഡ് വെറൈറ്റി ചെറുധാന്യങ്ങൾ

സാധാരണ മണ്ണിൽ കൃഷി ചെയ്താൽ  വളരെ വേഗം കതിര് വരുന്നതും, ഏറ്റവും വലിയ മണികളുള്ള കതിർക്കുലയുള്ള, ഏറ്റവും കുറഞ്ഞ അളവിൽ ജലം വലിച്ചെടുത്ത് കൂടുതൽ വിളവു തരുന്ന, രോഗപ്രതിരോധ ശേഷിയുള്ള, കളകളെ പ്രതിരോധിക്കുന്ന ചെടികളിലെ കതിർക്കുലകൾ ശേഖരിച്ച് ഇങ്ങനെ ഗുണമേന്മകൾക്കനുസരിച്ച് മാറ്റിവച്ച്  ഇംപ്രൂവ് ചെയ്ത് എടുക്കുന്ന വിത്തിനങ്ങളാണവ. ഈ ഇനങ്ങൾ കൃഷി ചെയ്താൽ വിളവ് കൂടുതലായിരിക്കും. വളരെ കുറഞ്ഞ ദിവസം കൊണ്ട് വിളവെടുക്കാം. കൃഷിക്കായി വളരെ കുറച്ചു വിത്ത് മതി. രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. ഇങ്ങനെ നാച്ചുറൽ സെലക്ഷനിലൂടെ ഗുണമേന്മയുള്ള വിത്തിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. 

ഇംപ്രൂവ്ഡ് ഇനങ്ങൾ സ്ഥിരമായി ഒരേസ്ഥലത്ത് കൃഷി ചെയ്താൽ വിത്തിനങ്ങൾക്ക് കീടപ്രതിരോധശേഷി നഷ്ടപ്പെടുകയും അങ്ങനെ കീടാക്രമണം കൂടുകയും ചെയ്യാം. ഇംപ്രൂവ്ഡ് ഇനങ്ങൾ കൃഷി ചെയ്താൽ തുടർച്ചയായി 6 മുതൽ 7 തവണ വരെ വിത്തെടുത്ത് കൃഷിചെയ്യാം. അതിനു ശേഷം പുറത്തു നിന്ന് പുതിയ വിത്തുകൾ വാങ്ങി നടണം. സീഡ് സയൻസ് പ്രകാരം ഒരിക്കൽ കൃഷി ചെയ്ത വിത്തിനങ്ങളിൽ നിന്നും വീണ്ടും വിത്തെടുത്ത് ഉപയോഗിക്കരുത്, പുതിയ വിത്തുകൾ വാങ്ങി നടുക എന്നാണ്. 

കൃഷിയും, വിത്തുൽപ്പാദനവും രണ്ട് തലങ്ങളാണ്. NSCയുടെ പ്രോട്ടോക്കോൾ പ്രകാരമേ വിത്തെടുക്കുവാൻ പാടുള്ളു. TFL (ട്രൂത്ത് ഫുളി ലേബൽഡ്) സീഡ് ആണെങ്കിൽ മാത്രമെ കാശിന് വിൽക്കാനും കഴിയുകയുള്ളു. സീഡ് ടെസ്റ്റിങ് ലാബിൽ കൊടുത്ത് ഗുണനിലവാരം പരിശോധിച്ച്, ജനറ്റിക്കലി പ്യൂരിഫൈഡ് സീഡാണ് എന്ന് തെളിയിച്ചാൽ മാത്രമേ TFL കിട്ടൂ. കർഷകന് ഫാർമർ സീഡ് to ഫാർമർ എന്ന രീതിയിൽ വിത്തുകൾ കൈമാറാം എന്നാൽ കാശിന് വിൽക്കാൻ കഴിയില്ല.

തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ TNAU (തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി) ഇംപ്രൂവ്ഡ് വെറൈറ്റി വിത്തിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഓരോ നമ്പരുകളിലാണ് ഈ വിത്തിനങ്ങൾ അറിയപ്പെടുന്നത്.

millets-1

കൃഷിയിടം തിരഞ്ഞെടുക്കലും കൃഷിയിടമൊരുക്കലും 

നല്ല സൂര്യപ്രകാശം കിട്ടുന്നതും. വെള്ളക്കെട്ടില്ലാത്തതുമായ മണ്ണിൽ ചെറുധാന്യങ്ങൾ സമൃദ്ധമായി വളരും. ഉപ്പുരസമുള്ള മണ്ണിലും, അമ്ല-ക്ഷാരസ്വഭാവമുള്ള മണ്ണിലും ചെറുധാന്യങ്ങൾ വളരുന്നു. എന്നാൽ 6.5 നും 7.5 നും ഇടയിൽ pH ക്രമീകരിച്ചാൽ വിളവേറും.

ഒരു സെന്റിന് രണ്ടര കിലോ കുമ്മായമോ അല്ലെങ്കിൽ ഡോളമൈറ്റോ മണ്ണിൽ ചേർക്കണം. കൂടാതെ 1 ഹെക്റ്ററിന് 10  ടൺ ജൈവവളം അടിവളമായി ചേർത്ത് ട്രാക്ടർ ഉപയോഗിച്ച് നന്നായി ഉഴുത് മറിക്കുക. ഒന്നാമത്തെ കിളകഴിഞ്ഞ് 10 - 15 ദിവസത്തിനിടയിൽ രണ്ടാമത്തെ കിള നടത്തണം. രണ്ടാമത്തെ കിളയ്ക്ക് മുന്നോടിയായി 2 കിലോ അസോസ്പൈറില്ലവും , 2 കിലോ ഫോസ്ഫറസ് ബാക്റ്റീരിയയും കൃഷിയിടത്തിൽ ചേർക്കണം. ജൈവ വളത്തിൽ മിക്സ് ചെയ്താണ് ഇവ മണ്ണിൽ ചേർക്കുന്നത്. ചെടികൾക്ക് പ്രതിരോധ ശക്തിനൽകുകയും , ചെടികളുടെ വേരുകളുടെ വളർച്ച കൂട്ടാനും , മണ്ണിന്റെ ഭൗതിക ഗുണങ്ങൾ മെച്ചപ്പെടാനും ഇത് സഹായിക്കും.  കോഴിവളമോ, ചാണകമോ , കംപോസ്‌റ്റോ അടിവളമായി നൽകാം. 

millets-2

3 തരം കൃഷി

നേരിട്ട് വിത: കൃഷിക്കനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്ത് നിലമൊരുക്കി നേരിട്ട് വിത്ത് വിതയ്ക്കുന്ന രീതി. നേരിട്ട് വിതയ്ക്കുമ്പോൾ ചെടികൾ തമ്മിലുള്ള ഇടയകലം കൃത്യമായിരിക്കണമെന്നില്ല. കളനിയന്ത്രണവും, വളപ്രയോഗവും, കീടരോഗ നിയന്ത്രണവും ഇതിനിടയിൽ തോട്ടത്തിനുള്ളി ഇറങ്ങി ചെയ്യാൻ പ്രയാസകരമായിരിക്കും.

ലൈൻ ഫാമിങ് / നുരിയിടൽ: നിര നിരയായി / ചാലു കീറിയാണ് വിത്തുവിതയ്ക്കുന്നത്. ഒരു ചാൺ ആഴത്തിൽ ചാലു കീറി അതിൽ ജൈവ വളങ്ങൾ നിറച്ച് വിത്ത് വിതയ്ക്കുന്നു. ചെടികളുടെ വലുപ്പത്തിനനുസരിച്ച് ചാലുകൾ തമ്മിലുള്ള  ഇടയകലം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. കേരളത്തിൽ ലൈൻ ഫാമിങ് / നുരിയിടൽ ആയിരിക്കും വിജയകരം. കാരണം രണ്ടു വരികൾക്കിടയിലൂടെ തോട്ടത്തിനുള്ളിലേക്കിറങ്ങി ജലസേചനവും കളനിയന്ത്രണവും വളപ്രയോഗവും കീടരോഗ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനും കഴിയും. തോട്ടം കാണാനും ഭംഗിയായിരിക്കും.

ട്രാൻസ്പ്ലാന്റിങ്: നഴ്സറികൾ തയാറാക്കി വിത്തുപാകി മുളപ്പിച്ച ശേഷം 18 മുതൽ 20 ദിവസം പ്രായമാകുമ്പോൾ കൃഷിയിടത്തിലേക്കു പറിച്ചു നടണം. പ്രധാനമായും മണിച്ചോളം, റാഗി, കമ്പ് എന്നീ ചെറുധാന്യങ്ങളാണ് പറിച്ചുനടുന്നത്. മറ്റു ചെറുധാന്യങ്ങൾ പറിച്ചു നട്ടാൽ മുളയ്ക്കുമെങ്കിലും, ആരോഗ്യം കുറവുള്ളതിനാൽ പറിച്ചു നടുമ്പോൾ ഉണ്ടാകുന്ന സമ്മർദത്തെ അതിജീവിച്ച് വളർന്നുവരുമ്പോൾ ചെടിയുടെ ആരോഗ്യം കുറഞ്ഞ് വിളവിനെ സാരമായി ബാധിക്കും. അതിനാൽ അത്തരം ഇനങ്ങൾക്ക് വിതയാണ് ഉത്തമം.

പറിച്ചുനടുന്ന തോട്ടങ്ങളിൽ ചെടികളുടെ ഇടയകലം ക്രമീകരിക്കാൻ കഴിയും. പറിച്ചു നടാനായി തൊഴിലാളികളെ കൂടുതലായി വേണ്ടിവരും. അതുകൊണ്ടുതന്നെ കൃഷിച്ചെലവ് കൂടും. പക്ഷേ, വിളവ് കൂടുതലായിരിക്കും. ചിറപ്പ് പൊട്ടി ധാരാളം കതിർക്കുലകളും ഉണ്ടാകും.

വിത്തിന്റെ അളവ്

റാഗി

  • നേരിട്ട് വിതയ്ക്കാൻ
    നാടൻ ഇനങ്ങൾ: 12- 13 Kg/Ha
    അത്യുൽപ്പാദനശേഷിയുള്ളവ: 8-10 Kg/Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 10-12 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 8 - 10 kg/ha
  • നഴ്സറിയിൽ മുളപ്പിച്ച് പറിച്ചുനടാൻ
    നാടൻ ഇനങ്ങൾ: 5 - 6 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ: 4 Kg/ha
millets-4
മണിച്ചോളം

മണിച്ചോളം

  • നേരിട്ട് വിതയ്ക്കാൻ
    നാടൻ ഇനങ്ങൾ: 12- 15 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവ: 8-10 Kg/Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 10-12 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 8 - 10 kg/ha
  • നഴ്സറിയിൽ മുളപ്പിച്ച് പറിച്ചുനടാൻ
    നാടൻ ഇനങ്ങൾ : 5 - 6 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 3- 4 Kg/ha .

ബജ്റ

  • നാടൻ ഇനങ്ങൾ
    നേരിട്ട് വിതയ്ക്കാൻ : 10- 12 Kg/ Ha
    അത്യൽപ്പാദനശേഷിയുള്ളവ: 8-10 Kg/ Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 8-10 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 6 - 8 kg/ha
  • നഴ്സറിയിൽ മുളപ്പിച്ച് പറിച്ചുനടാൻ
    നാടൻ ഇനങ്ങൾ : 5 - 6 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 5 Kg/ha .

ചാമ

  • നാടൻ ഇനങ്ങൾ 
    നേരിട്ട് വിതയ്ക്കാൻ: 10- 12 Kg/ Ha
    അത്യൽപ്പാദനശേഷിയുള്ളവ: 8-10 Kg/ Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 8-10Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 6- 8  kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് ഉത്തമമല്ല.

വരഗ്

  • നാടൻ ഇനങ്ങൾ
    നേരിട്ട് വിതയ്ക്കാൻ : 12- 15 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവ: 10-12 Kg/ Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 10 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 8 - 10 kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് പ്രായോഗികമല്ല.

പനിവരഗ്

  • നാടൻ ഇനങ്ങൾ
    നേരിട്ട് വിതയ്ക്കാൻ :  12-14 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവയാണെങ്കിൽ: 10-12 Kg/Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 8- 10 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 8 kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് പ്രായോഗികമല്ല.

കുതിരവാലി

  • നാടൻ ഇനങ്ങൾ 
    നേരിട്ട് വിതയ്ക്കാൻ : 8 - 10 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവ: 10 Kg/Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 8 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ :  8kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് പ്രായോഗികമല്ല.

ബ്രൗൺ ടോപ്പ് (മലഞ്ചാമ)

  • നാടൻ ഇനങ്ങൾ
    നേരിട്ട് വിതയ്ക്കാൻ : 12 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവ: 10-12 Kg/Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ : 10 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 8 - 10 kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് പ്രായോഗികമല്ല.

തിന

  • നാടൻ ഇനങ്ങൾ
    നേരിട്ട് വിതയ്ക്കാൻ : 10 - 12 Kg/Ha
    അത്യൽപ്പാദനശേഷിയുള്ളവ: 8-10Kg/ Ha 
  • ലൈൻ ഫാമിങ് / നുരിയിടൽ
    നാടൻ ഇനങ്ങൾ: 8 Kg/ha
    അത്യുൽപ്പാദന ശേഷിയുള്ളവ : 6 - 8 kg/ha

നഴ്സറിയിൽ പാകി മുളപ്പിച്ച് പറിച്ചു നടുന്നത് പ്രായോഗികമല്ല.

മണിച്ചോളം, റാഗി , ബജ്ര എന്നിവയുടെ വിത്തുകൾ നഴ്സറിയിൽ പാകി മുളപ്പിച്ച് 18 - 20 ദിവസം പ്രായമാകുമ്പോൾ പറിച്ചു നടാം. മറ്റ് ഇനങ്ങൾ നഴ്സറി കാലയളവിൽ ആരോഗ്യം കുറവുള്ളതാണ്. ആയതിനാൽ പറിച്ച് കൃഷിയിടത്തിലേക്ക് നടുമ്പോൾ ഉണ്ടാകുന്ന സമ്മർദം അതിജീവിച്ച് കരുത്തായി വളർന്നുവന്ന് വിളവു തരാൻ അവയ്ക്ക് കഴിയില്ല. 

വിത്ത് പരിചരണം

വിത്ത് വിതയ്ക്കുന്നതിന് മുന്നോടിയായി 6 മണിക്കൂർ വിത്ത് കുതിർക്കണം. 1 കിലോ വിത്ത് കുതിർക്കാൻ 1 ലീറ്റർ വെള്ളം ആവശ്യമാണ്. കുതിർത്ത വിത്തുകൾ പുറത്തെടുത്ത് വെള്ളം വാർന്ന്പോയ ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ലായനിയിൽ 30 മിനിട്ട് മുക്കിവച്ച് വിത്ത് പരിചരണം നടത്തണം. രാസകൃഷി ചെയ്യുന്നവർ 2 ഗ്രാം കാർബന്റാസിം 1 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ആ ലായനിയിൽ വിത്ത് പരിചരണം നടത്തണം. ചെടികളുടെ വേരുപടലങ്ങൾക്ക് സംരക്ഷണവും , ഫംഗൽ രോഗങ്ങളിൽ നിന്ന് കരുത്തും , രോഗ പ്രതിരോധ ശേഷിയും , നഴ്സറി കാലയളവിൽ ഉണ്ടാകുന്ന ഡൗണി മിൽഡ്യു എന്ന രോഗത്തെ പ്രതിരോധിക്കാനും വിത്ത് പരിചരിക്കുന്നതിലൂടെ കഴിയും.

ജലസേചനം

മഴയെ ആശ്രയച്ചാണ് കർഷകർ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നത്. 250 മില്ലിമീറ്റർ മുതൽ  450 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന ഇടങ്ങളിൽ ചെറു ധാന്യങ്ങൾ കൃഷി ചെയ്യാം. മഴയില്ലാത്ത ദിവസങ്ങളിൽ ആഴ്ച്ചയിൽ രണ്ടു ദിവസമെങ്കിലും ജലസേചനം നൽകുകയാണെങ്കിൽ മണിച്ചോളം നന്നായി തഴച്ചുവളരും. മഴയെ ആശ്രയിച്ചുള്ള കൃഷി മേയ്-ജൂൺ മാസങ്ങളിൽ ആരംഭിക്കുകയും. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പ് പൂർത്തീകരിക്കാനും കഴിയും. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം സീസണുകൾ തെറ്റാറുണ്ട്. കാലാവസ്ഥയിലെ മാറ്റം കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും അതിനെ അതിജീവിക്കാൻ ചെറുധാന്യങ്ങൾക്ക് കഴിയും. ജലസേചന സൗകര്യമുള്ള ഇടങ്ങളിൽ ജനുവരി , ഫെബ്രുവരി മാസങ്ങളിൽ കൃഷിയാരംഭിച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വിളവെടുപ്പ് പൂർത്തിയാക്കാം.

മില്ലറ്റ് സ്പെഷൽ കർഷകശ്രീ

മില്ലറ്റ് എങ്ങനെ കഴിക്കാം, രണ്ടു മില്ലെറ്റുകൾ ഒരുമിച്ച് കഴിക്കുന്നത് ശരിയോ തെറ്റോ, മില്ലറ്റ് ഉൽപന്നങ്ങൾ പുറത്തിറക്കുന്ന സ്വകാര്യ സംരംഭങ്ങൾ, മില്ലറ്റ് ഗവേഷണ സ്ഥാപനം, മില്ലറ്റ് റെസിപി എന്നിങ്ങനെ മില്ലറ്റുകളുമായി ബന്ധപ്പെട്ട സംപൂർണ വിവരങ്ങളുമായി ഡിസംബർ ലക്കം കർഷകശ്രീ ഉടൻ വിപണിയിൽ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com