ADVERTISEMENT

വേനൽ കടുത്തു തുടങ്ങി. മിക്കവാറും എല്ലാ ജില്ലകളിലും മുൻവർഷത്തേക്കാൾ 3–4 ഡിഗ്രി അധികം ചൂട് രേഖപ്പെടുത്തുന്നുണ്ട്. പാലുൽപാദനത്തിൽ 30 ശതമാനത്തിനു മുകളിൽ കുറവു കാണുന്നതായി എല്ലാ ക്ഷീരകർഷകരും പറയുന്നു. എന്നാൽ, പാലിന്റെ അളവ് കുറയുന്നതിന് അനുസരിച്ച്, കർഷകർക്ക് സർക്കാർ തലത്തിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. 

മിക്കവാറും കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. ചൂടിന്റെ ആഘാതത്തിൽ കന്നുകാലികൾ മരണമടയാനുള്ള സാധ്യത കൂടുതലാണ്. സർക്കാർ തലത്തിൽ ഇൻഷുർ ചെയ്യാനുള്ള സാഹചര്യം ഇപ്പോൾ നിലവിലില്ല. ഉയർന്ന കാലിത്തീറ്റ വിലയും വേനലിലെ കുറഞ്ഞ ഉൽപാദനവും കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത വർഷം കേരളത്തിൽ പാലുൽപാദനത്തിൽ വന്‍കുതിച്ചു ചാട്ടം നടത്തി സർക്കാർ പറയുന്നതുപോലെ ‘സ്വയം പര്യാപാതത’ കൈവരിക്കുന്നതെങ്ങനെയാണ്?

Read also: പാലിനേക്കാൾ വിലയുള്ള ബീജമാത്രകൾ, വർഷം ഉൽപാദനം ഒരു കോടി: ഇത് 358 ഏക്കറിലെ വിത്തുകാള ശേഖരം

ജനിച്ച് 18–ാമത്തെ മാസത്തിൽ കിടാരികൾ ചെന പിടിക്കണം. പശുക്കളാണെങ്കിൽ പ്രസവം കഴിഞ്ഞ് 100 ദിവസത്തിനകം. ഇതാണ് ശരിയായ രീതി. കൃത്യസമയത്ത് ഗർഭിണിയായി പ്രസവിച്ചില്ലെങ്കിൽ പശുവളർത്തൽ നഷ്ടത്തിൽ കലാശിക്കും. പശു വളർത്തലിന്റെ അടിസ്ഥാന തത്വമിതാണ്. ഇതിനു വേണ്ടി എല്ലാ പഞ്ചായത്തിലും മൃഗാശുപത്രികളും, ഓരോ പഞ്ചായത്തിലും രണ്ടോ അതിലധികമോ ഉപകേന്ദ്രങ്ങളും നിലവിലുണ്ട്. കുത്തിവയ്പിന്റെ ശാസ്ത്രീയത വെറ്ററിനറി ബിരുദത്തിന്റെ ഭാഗമായി വിശദമായി പഠിപ്പിക്കുന്നുണ്ട്. കേവലം ഒന്നോ രണ്ടോ മിനിറ്റിൽ ഒതുങ്ങുന്ന ഒരു പ്രക്രിയ അല്ല കൃത്രിമ ബീജാധാനം. പശുവിന്റെ ആരോഗ്യസ്ഥിതി, അണുബാധ, അണ്ഡോൽപാദനം, ഗർഭപാത്രത്തിന്റെ ഘടന, ഹോർമോൺ വ്യതിയാനം, മദിചക്രത്തിന്റെ സ്വഭാവം തുടങ്ങി ഒട്ടേറെ ഘടകങ്ങൾ മനസ്സിലാക്കി വേണം കൃത്രിമ ബീജാധാനം നടത്താൻ. വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് പിഎസ്‌സി വഴി തിരഞ്ഞെടുക്കുന്ന ലൈവ് സ്റ്റോക് ഇന്‍സ്പെക്ടർക്ക്, സർക്കാർ 6 മാസം ട്രെയിനിങ് നൽകി മൃഗാശുപത്രിയുടെ മേൽനോട്ടത്തിലാണ് കൃത്രിമ ബീജാധാനം നടത്തുന്നത്.

കേരള ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡാണ് കേരളത്തിലേക്കാവശ്യമായ ബീജം നൽകുന്നത്. 40 ശതമാനമാണ് ചെന പിടിക്കാനുള്ള സാധ്യത. അതായത് ആദ്യത്തെ കുത്തിവയ്പിൽ 100 പശുക്കളെ കുത്തിവച്ചാല്‍ 40 എണ്ണം മാത്രമേ ചെന പിടിക്കുകയുള്ളൂ. മൂന്നു കുത്തിവയ്പ്പുകൾ കഴിഞ്ഞിട്ടും ചെന പിടിക്കുന്നില്ലെങ്കിൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ വിദഗ്ധ ചികിത്സ നൽകിയതിനുശേഷം വേണം തുടർന്ന് കുത്തിവയ്ക്കാൻ. ഇതാണ് നിയമം. ഇത്രയധികം മുൻകരുതൽ എടുത്താൽ തന്നെയും പശുക്കൾ കൃത്യസമയത്ത് ചെന പിടിക്കുന്നില്ലെന്ന് കർഷകർക്കു പരാതിയുണ്ട്. എല്ലാ മാസവും എത്ര പശുക്കളെ കുത്തിവച്ചു, എത്ര എണ്ണം ചെന ആയി, എത്ര എണ്ണത്തിന് ചികിത്സ നൽകി തുടങ്ങി വിശദമായ റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പിന്റെ ഡയറക്ടറേറ്റിൽ നല്‍കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ടാണ് ഒരു പരിധിവരെയെങ്കിലും ഈ മേഖല പിടിച്ചു നിൽക്കുന്നത്. എന്നാൽ, കേരളത്തിൽ പുതിയ ചില പ്രവണത കണ്ടു വരുന്നുണ്ട്. പ്രത്യക്ഷത്തിൽ നല്ലതെന്നു തോന്നുമെങ്കിലും, ക്രമേണ ക്ഷീരമേഖല തന്നെ തകർന്ന് പോകാവുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 

Read also: ഇന്ത്യയിലെ ഏറ്റവും മികച്ച കാളകളെ കാണാൻ തമിഴ്നാട്ടിലേക്ക് പോയപ്പോൾ–വിഡിയോ

ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ച്, തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 45 ദിവസം ട്രെയിനിങ് നൽകി, കൃത്രിമ ബീജാധാനം നൽകുന്നതാണ് പുതിയ രീതി. വേണ്ട അടിസ്ഥാന യോഗ്യതയോ പശുവിനെക്കുറിച്ചുള്ള പരിജ്ഞാനമോ ഇല്ലാതെ ഇവർ പശുവിനെ ചെനയ്ക്ക് കുത്തിവയ്ക്കുന്നതു വഴി കൂടുതൽ പശുക്കൾക്കും ഗർഭപാത്രത്തിൽ ഗുരുതരമായ പരിക്കും, അണുബാധയുമുണ്ടാകുന്നുണ്ടെന്നാണ് ഈ മേഖലയിലെ അനുഭവസ്ഥർ പറയുന്നത്. പിന്നീട് ചെന പിടിക്കുന്നില്ലെന്ന് മാത്രമല്ല, ഈ പശുക്കൾ ഉൽപാദനപരമല്ലാത്തതിനാൽ കശാപ്പിന് നൽകേണ്ടി വരുന്നു. ഡോക്ടറുടെ പരിശോധനയോ മേൽനോട്ടമോ ഇവർക്കില്ല. എത്ര പശുക്കളെ കുത്തിവച്ചു, എത്ര എണ്ണം ചെന പിടിച്ചു തുടങ്ങിയ കണക്കുകൾ ഇവർ പഞ്ചായത്തിലോ, മൃഗസംരക്ഷണവകുപ്പിലോ, നൽകുന്നില്ല. തന്മൂലം കേരളത്തിലെ മൃഗസംരക്ഷണ പ്രവർത്തനം തോന്നിയ പടി നീങ്ങുന്നു എന്നു വേണം പറയാൻ. ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്നവർ അവിടുത്തെ ആളിനെക്കൊണ്ടു തന്നെ പശുക്കളെ കുത്തിവയ്പ്പിക്കണം എന്ന് നിർബന്ധം പിടിക്കുന്ന സംഘങ്ങളുമുണ്ടെന്നാണ് ആക്ഷേപം. 

മൃഗസംരക്ഷണ വകുപ്പിനും വഴിതെറ്റുന്നോ?

കൃത്യമായ വിദ്യാഭ്യാസവും വേണ്ട ട്രെയിനിങ്ങും വർഷങ്ങളുടെ പ്രായോഗിക പരിജ്ഞാനവുമുള്ളവർ തന്നെ കൃത്രിമ ബീജാധാനം നടത്തിയിട്ടും, 40 ശതമാനത്തിനു മുകളിൽ ചെന പിടിക്കാത്ത സ്ഥിതിക്ക് വെറും 45 ദിവസ ട്രെയിനിങ് നേടി യാതൊരു അടിസ്ഥാനവുമില്ലാതെ, ഈ പണി ചെയ്താൽ കാലിസമ്പത്ത് നശിക്കും. സ്വയം പര്യാപ്തതയെക്കുറിച്ച് പറയേണ്ടല്ലോ? പുതുതായി പ്രഖ്യാപിച്ച കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ് ‘എ ഹെൽപ്’. ഇതുപ്രകാരം കുടുംബശ്രീയിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് 45 ദിവസത്തെ ട്രെയിനിങ് നൽകി മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സഹായി ആക്കുന്ന പദ്ധതിയാണ്. ആരോഗ്യവകുപ്പിലെ ആശാവർക്കർമാർക്ക് തുല്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാ പഞ്ചായത്തിലും പോയിട്ട് എല്ലാ ബ്ലോക്കുകളിലും മൃഗാശുപത്രിയില്ല. അതിനാൽ അവിടെ മൃഗസംരക്ഷണ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ‘പശു സഖി’കൾ എന്നറിയപ്പെടുന്ന ഇവരെ നിയോഗിക്കുന്നത്. ഇവർ, കർഷകർക്ക് വേണ്ടുന്ന അറിവ് പകർന്നു നൽകണം. കര്‍ഷകരുടെ പ്രശ്നങ്ങൾ മൃഗാശുപത്രിയിൽ അറിയിക്കണം, ഇൻഷുറൻസിന് സഹായിക്കണം, പ്രതിരോധ കുത്തിവയ്പ്പിന് സഹായിക്കണം, പ്രാഥമിക ചികിത്സ, കൃത്രിമ ബീജസങ്കലനം തുടങ്ങിയവ ചെയ്യണം തുടങ്ങിയവയ്ക്കാണ് ട്രെയിനിങ്. ആയിരത്തോളം വനിതകൾക്ക് ജോലി ലഭിക്കും എന്നുള്ളതും മൃഗാശുപത്രിക്കും, കർഷകർക്കും ഉപകാരമാകും എന്നുള്ളതും അഭിനന്ദാർഹമാണ്. എന്നാൽ, ഇവർക്ക് 30,000 രൂപ വിലയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള ‘കിറ്റും’ ഉപകരണങ്ങളും നൽകി പശുക്കളുടെ അടുത്തേക്ക് അയയ്ക്കുന്നതിനോടും, ക്രമേണ കൃത്രിമ ബീജാധാനം നടത്താൻ അനുവാദം നൽകുന്നതിനോടും യോജിക്കാൻ കഴിയില്ല. 

കന്നുകാലികൾ എല്ലാ പഞ്ചായത്തിലും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ പഞ്ചായത്തിലും ആവശ്യത്തിന് ഡോക്ടർമാരും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും ഉണ്ട്. അതിനോടൊപ്പം, ശാസ്ത്രീയ അടിത്തറ ഇല്ലാതെ, ചെറിയ ഒരു ട്രെയിനിങ്ങും നൽകി, സാങ്കേതികത ആവശ്യമുള്ള മേഖലകളിലേക്ക് ആൾക്കാരെ അയച്ചാൽ ‘‘അൽപജ്ഞാനം, ആപത്ത് വരുത്തും’. മുടന്തി നീങ്ങുന്ന മൃഗസംരക്ഷണ മേഖല തളർന്നു വീഴും.

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com