ADVERTISEMENT

നാടന്‍ അവിയലും സാമ്പാറും മുതല്‍ മീനും ഇറച്ചിവിഭവങ്ങളും ചക്കപ്പുഴുക്കും കല്ലുമ്മക്കായയും ബിരിയാണിയും പായസവും വരെ, അന്തരീക്ഷ ഊഷ്മാവില്‍ സംരക്ഷകം ചേര്‍ക്കാതെയും പോഷകഗുണങ്ങള്‍ നഷ്ടമാകാതെയും വാങ്ങാൻ കിട്ടുന്ന കാലമാണിത്. എങ്ങനെയാണിത് സാധ്യമാകുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? റിട്ടോര്‍ട്ട് സാങ്കേതികവിദ്യയാണ് ഇവിടെ തുണയ്ക്കെത്തുന്നത്. ഉല്‍പന്നങ്ങള്‍ താപസംസ്കരണം നടത്തി സൂക്ഷ്മാണുമുക്തമാക്കുന്ന പ്രക്രിയയാണ് റിട്ടോര്‍ട്ട് സംസ്കരണം. വായുനിബദ്ധമായ പൗച്ചുകളിലോ കാനുകളിലോ പായ്ക്ക് ചെയ്ത ഭക്ഷണം, താപസംസ്കരണ പ്രക്രിയയിലൂടെ ഉയര്‍ന്ന ഊഷ്മാവിലും മര്‍ദത്തിലും അണുവിമുക്തമാക്കുന്ന രീതിയാണിത്. ഈ സംസ്കരണ മാര്‍ഗം പ്രയോജനപ്പെടുത്തി പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ഒരു വര്‍ഷക്കാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം. ഇതിനായി റിട്ടോര്‍ട്ട് പാക്കേജുകളാണ് ഉപയോഗിക്കുന്നത്. 

retort-2

ഭക്ഷ്യോല്‍പന്നങ്ങളുടെയും പാനീയങ്ങളുടെയും പാക്കേജിങ്ങിനായി ഉപയോഗിക്കുന്ന താപപ്രതിരോധ ശേഷിയുള്ള പാക്കേജുകളാണ് റിട്ടോര്‍ട്ട് പാക്കേജുകള്‍. ഫ്ലെക്സിബിള്‍ പ്ലാസ്റ്റിക്, മെറ്റല്‍ ഫോയില്‍ എന്നിങ്ങനെ വിവിധ പാളികള്‍ ഉള്ളതിനാല്‍ ഇത്തരം പാക്കേജിങ് സംവിധാനത്തിന് ഉയര്‍ന്ന താപനിലയും  മര്‍ദവും പ്രതിരോധിക്കാന്‍ കഴിയും. ഓക്സിജനെയും ജലബാഷ്പത്തെയും അകത്തേക്കു കടത്തിവിടാതെ തടയുന്ന പോളിപ്രൊപ്ലീന്‍, അലുമിനിയം എന്നിവയടങ്ങിയ അലുമിനിയം ഫോയില്‍, നൈലോണ്‍, പോളിയെത്തിലീന്‍ ടെറെഫ്തലേറ്റ് (പിഇടി) എന്നിങ്ങനെ വിവിധതരം പാളികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 

retort-1

റിട്ടോര്‍ട്ട് പായ്ക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ സൂക്ഷിപ്പു കാലാവധിയുള്ളതിനാലും കുറഞ്ഞ ചെലവായതിനാലും കാനുകള്‍ക്ക് ബദലായി ഇവ ഉപയോഗിക്കുന്നു. കൂടുതല്‍ ആകര്‍ഷണീയമായ ഉല്‍പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനായി ട്രാന്‍സ്പെരന്റ് പാക്കേജുകളും ഇന്നു ലഭ്യമാണ്. പാകം ചെയ്യുന്നതിലുള്ള സമയലാഭവും ഊര്‍ജലാഭവും റിട്ടോര്‍ട്ട് പാക്കേജ് ചെയ്ത ഉല്‍പന്നങ്ങളെ ഉപഭോക്തൃപ്രിയമാക്കുന്നു. ഓരോ ഉല്‍പന്നത്തിന്റെയും സംസ്കരണ ഊഷ്മാവും മര്‍ദവും ഇതിനായി നിജപ്പെടുത്തേണ്ടതുണ്ട്. ഇടിയന്‍ ചക്കയുടെ പ്രോസസ് പ്രോട്ടോക്കോള്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രി ബി സിനസ് ഇന്‍ക്യുബേറ്ററില്‍ ഇങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി റെഡി-ടു-ഈറ്റ് ഇടിയൻ ചക്ക വിഭവങ്ങൾ വിപണിയിലെത്തിക്കുകയേ വേണ്ടൂ.

Read also: ചക്കയുൽപന്നങ്ങൾ തയാറാക്കണോ? കുറഞ്ഞ ചെലവിൽ ലഭിക്കും ഒരു കോടിയുടെ ഉപകരണങ്ങളുടെ പിന്തുണ

ഭക്ഷ്യോല്‍പന്നങ്ങള്‍ കഴുകി പാകം ചെയ്തോ ശീതീകരിച്ചോ സംസ്കരിച്ചോ ഉപഭോക്താവിനു ലഭ്യമാക്കുന്നതാണ് റെഡി-ടു-ഈറ്റ്. റെഡി-ടു-ഈറ്റ് ഉല്‍പന്നങ്ങള്‍ നേരത്തെ തന്നെ പാകം ചെയ്തവയായതിനാല്‍ ചൂടാക്കി കഴിക്കാന്‍ സാധിക്കുന്നു. ഇത്തരം ഉല്‍പന്നങ്ങള്‍ സമയവും ഊര്‍ജവും ലാഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യതയും കൂടുതലാണ്. ഇന്ത്യന്‍ നിര്‍മിത റെഡി-ടു-ഈറ്റ് ഉല്‍പന്നങ്ങള്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ തരംഗമായി മാറുകയാണ്.

ഓരോ ജില്ലയിലെയും തദ്ദേശീയ ഉൽപന്നങ്ങളുടെ മൂല്യവര്‍ധനയിലൂടെ അവയ്ക്ക് രാജ്യാന്തര വിപണിയില്‍ സ്ഥാനം നേടിക്കൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ നടത്തിവരുന്നു. റിട്ടോര്‍ട്ട് സംസ്കരണം പോലുള്ള നൂതന സാങ്കേതികവിദ്യകളെയും വിവിധ പദ്ധതികളെയും സംബന്ധിച്ച സംശയ ദൂരീകരണത്തിനും വിദഗ്ധ സഹായങ്ങള്‍ക്കുമായി കേരള കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക്: 

ഡോ. കെ. പി. സുധീര്‍
അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ മേധാവി, കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര, തൃശൂര്‍
ഫോണ്‍: 0487–2438332

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com