ADVERTISEMENT

മൃഗപരിപാലനരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ നമുക്കു പരിചിതമാണ്. എന്നാല്‍ തികച്ചും  വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പാക്കി ഈ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് തൃശൂർ അയ്യന്തോൾ താണിക്കൽ ഡോ. സി.എം.ശ്രീലക്ഷ്മി. മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശ്രീലക്ഷ്മി, മൃഗചികിത്സയിലോ ഗവേഷണത്തിലോ ഒതുങ്ങിനില്‍ക്കാതെ സ്വന്തമായി ബിസിനസ് സംരംഭമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാണ്. 

ആവശ്യമായ കോഴിയിറച്ചിയുടെയോ മുട്ടയുടെയോ ഒരു ചെറിയ ശതമാനം പോലും നമ്മുടെ നാട്ടില്‍ ഉല്‍പാദിപ്പിക്കുന്നില്ല എന്ന വസ്തുതയും ശുദ്ധമായ ഭക്ഷണവും വെള്ളവും നല്‍കി കൃത്യമായി പരിപാലിക്കുന്ന കോഴികളുടെ ഇറച്ചിയോടും  ‘ഫാം ഫ്രഷ്’ എന്ന ആശയത്തോടും മലയാളിക്കുള്ള താല്‍പര്യ‌വുമാണ് ശ്രീലക്ഷ്മിയെ ഈ രംഗത്തേക്കു നയിച്ചത്. രണ്ട് ഏക്കര്‍ സ്ഥലം വാങ്ങി അവിടെ ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സൗകര്യം സജ്ജമാക്കിയാണ് തുടക്കം. കേരളത്തില്‍ ഇതര സംസ്ഥാന ഇറച്ചിക്കോഴികളെ സംബന്ധിച്ചു നിലവിലുള്ള ദുരൂഹതകളും തന്റെ ചുവടുറപ്പിക്കാൻ ശ്രീലക്ഷ്മിക്കു തുണയായി.  

dr-sreelakshmi-sq
ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളും ഡോ. ശ്രീലക്ഷ്മിയും

തുടക്കത്തിൽ 3000 കോഴിക്കുഞ്ഞുങ്ങളെ, ഒന്നിന് 35 രൂപ വില കൊടുത്ത് വാങ്ങി വളര്‍ത്തി. ശാസ്ത്രീയവും കൃത്യവുമായ പരിപാലനത്തില്‍ വളര്‍ത്തിയെടുത്ത കോഴികളെ 45 ദിവസമാകുന്നതിനു മുന്‍പുതന്നെ അനായാസം വിറ്റഴിക്കാന്‍ സാധിച്ചു. കാലക്രമേണ കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം വർധിപ്പിച്ചു. അങ്ങനെ 16 മാസത്തിനുള്ളില്‍ പുതിയ 2 ഷെഡുകള്‍ കൂടി ഒരുക്കി. രണ്ടു വർഷം മികച്ച രീതിയിൽ ഇറച്ചിക്കോഴി വളർത്തൽ മുൻപോട്ടു പോയതോടെ അടുത്ത ഘട്ടത്തിലേക്കു കടക്കാൻ തീരുമാനിച്ചു. 100 പോത്തുകള്‍ക്കുള്ള ഷെഡും മറ്റു സജ്ജീകരണങ്ങളും ഒരുക്കി. കോഴിഫാമിനോടു ചേര്‍ന്നുള്ള വയലിൽ പോത്തുകളെ തുറന്നുവിട്ട് വളര്‍ത്തി. എന്നാല്‍, പുതിയ സംരംഭം അത്ര സുഗമമായിരുന്നില്ല. ആരംഭത്തില്‍ കുഴപ്പമൊന്നും കണ്ടില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരെണ്ണം ചത്തു. പിന്നാലെ മറ്റുള്ളവയ്ക്കും ക്ഷീണം കണ്ടു. ഉടന്‍ രക്തപരിശോധന നടത്തി. തൈലേറിയ രോഗം സ്ഥിരീകരിച്ചു. രോഗനിര്‍ണയവും ചികിത്സയും കൃത്യമായി നടത്തിയിട്ടുപോലും 80 പോത്തുകുട്ടികളില്‍ 40 എണ്ണവും ചത്തു. എന്നാല്‍, തോറ്റു പിന്മാറാന്‍ ശ്രീലക്ഷ്മി തയാറായില്ല. കൂടുതല്‍ ശ്രദ്ധയോടെ പോത്തുകുഞ്ഞുങ്ങളെ തിരഞ്ഞെടുത്തു. ആരോഗ്യ പരിശോധന നടത്തി ഫാമിൽ എത്തിച്ച പോത്തിന്‍കുഞ്ഞുങ്ങളുടെ രക്തപരിശോധന നടത്തിയും രോഗമില്ലെന്ന് ഉറപ്പിച്ചു.  

വളര്‍ത്തി വലുതാക്കി പ്രായമായ കോഴികളെയും പോത്തുകളെയും കച്ചവടക്കാരും ഇടനിലക്കാരും വഴിയാണ് വിപണനം നടത്തിവന്നത്. എന്നാൽ, ഇടനിലക്കാരുടെ ചൂഷണം തിരിച്ചറിഞ്ഞതോടെ ഉൽപന്നങ്ങൾ സ്വന്തമായി വിൽക്കാന്‍ വഴി കണ്ടെത്തി. തൃശൂരിന്റെ ഹൃദയഭാഗത്ത് ‘ഡോ. ശ്രീലക്ഷ്മി മീറ്റ് സ്റ്റാള്‍’ തുറന്നു. ഫാം ഫ്രഷ് കോഴിയിറച്ചിയും പോത്തിറച്ചിയും നേരിട്ട്  ഉപഭോക്താക്കളിലെത്തിച്ചു. ഒപ്പം ചെറുകിട കർഷകരില്‍നിന്നു വാങ്ങി ടര്‍ക്കി, കാട, താറാവ് എന്നിവയും വില്‍ക്കുന്നു.   

dr-sreelakshmi-2

വെറ്ററിനറി ഡോക്ടറായ ശ്രീലക്ഷ്മിയുടെ ഫാമിലെ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെ. കോഴിഫാമിലെയും അറവുശാലയിലെയും മീറ്റ് കട്ടിങ് യൂണിറ്റിലെയും സിസി ടിവി ദൃശ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുംവിധം സ്ക്രീൻ സ്ഥാപിച്ചു. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംസ്കരണം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം സ്‌പെഷല്‍ കട്ട് ഇറച്ചികളും ലഭ്യമാണ്. ഒപ്പം അരുമ മൃഗങ്ങള്‍ക്കു തീറ്റയായി ചിക്കന്‍ പാര്‍ട്‌സ് പ്രത്യേകം പായ്ക്ക് ചെയ്തും വിൽക്കുന്നുണ്ട്. 

dr-sreelakshmi-3
ഇറച്ചിവിൽപനകേന്ദ്രത്തിനു മുൻപിൽ

നേട്ടങ്ങൾക്കൊപ്പം ബിസിനസില്‍ വെല്ലുവിളികളുമുണ്ടെന്നു ശ്രീലക്ഷ്മി. പലവട്ടം കോഴിവസന്ത ബാധിച്ച് കോഴികള്‍ കൂട്ടത്തോടെ ചത്തു. എങ്കിലും രോഗങ്ങള്‍ വരാതിരിക്കാനായി ആന്റിബയോട്ടിക്കുകള്‍ മുന്‍കൂട്ടി നല്‍കുന്ന പ്രവണതയെ ശക്തമായി എതിര്‍ക്കുകയാണ് ഡോ. ശ്രീലക്ഷ്മി. പ്രതിരോധത്തിനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെന്നും ഇത് ആന്റിബയോട്ടിക് റെസിസ്റ്റന്‍സിന് കാരണമാകുമെന്നും ഡോക്ടർ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം മൂലം ഇത്തരം മരുന്നുകള്‍ കോഴികളുടെ ശരീരത്തില്‍ നിലനില്‍ക്കും. ഇത്തരം ഇറച്ചി നിരന്തരം കഴിക്കുന്നതിലൂടെ അവ മനുഷ്യശരീരത്തിലെത്തുന്നു. പിന്നീട് രോഗചികിത്സാർഥം ഇതേ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ശരീരം അതിനോട് പ്രതികരിക്കാത്ത അവസ്ഥയുണ്ടാകും. 

ശ്രീലക്ഷ്മിയുടെ രണ്ടാമത്തെ മീറ്റ് സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 6 മാസം പിന്നിട്ടു. സ്വന്തം ഫാമിലെ ഇറച്ചികൊണ്ട് ബര്‍ഗര്‍ ഫില്ലറ്റുകളും ഫില്ലിങ്ങുകളും തയാറാക്കി വിപണനം നടത്തുന്ന ഒരു കഫറ്റീരിയ കൂടി ഈയിടെ തുടങ്ങി. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് തന്റെ വിജയരഹസ്യ മെന്ന് ഡോ. ശ്രീലക്ഷ്മി പറയുന്നു. 

ഫോൺ: 8592888402

ലേഖികയുടെ വിലാസം: വെറ്ററിനറി സർജൻ, പാലച്ചോട്ടിൽ വെറ്ററിനറി ഡിസ്പെൻസറി, കോഴിക്കോട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com