ADVERTISEMENT

തൃശൂരിലെ തിരുവില്വാമല പഞ്ചായത്തിൽ കണിയാർകോട് വെങ്കിടനിവാസിൽ രാജനാരായണന് വരൾച്ച   വെല്ലുവിളിയേ അല്ല. പതിനായിരത്തോളം വാഴയും 3 ഏക്കറിൽ കമുകുമുള്ള ഈ യുവകർഷകൻ ജല വിനിയോഗം എങ്ങനെ മികച്ചതാക്കാമെന്ന് 2009ല്‍ തന്നെ മനസ്സിലാക്കി. ആദ്യം പച്ചക്കറികൾക്കാണ് തുള്ളി നനയും ഒപ്പം വളം കൊടുക്കലും നടത്താവുന്ന ഓപ്പൺ പ്രിസിഷൻ ഫാമിങ് എന്ന രീതി രാജനാരായണൻ തുടങ്ങിയത്. നാലേക്കറിലധികം സ്ഥലത്ത് മുളകിനും വഴുതനയ്ക്കും വെണ്ടയ്ക്കും ഡ്രിപ് ലൈൻ വഴി തുള്ളിനന ആരംഭിച്ചു. വെള്ളത്തോടൊപ്പം വളവും നൽകാൻ കഴിയുന്നതിനാൽ കൂലിച്ചെലവ് വലിയൊരളവോളം കുറയ്ക്കാനായി. നനയ്ക്കും വളമിടിലീനും  കൂലിച്ചെലവ് ലാഭിക്കുന്നതിലൂടെ കൃഷിച്ചെലവില്‍ 20–25% കുറവ്. ഇതിനൊക്കെ കൃത്യമായ കണക്കുകള്‍ രാജനാരായണൻ സൂക്ഷിച്ചിട്ടുണ്ട്.

രാജനാരായണൻ വാഴത്തോട്ടത്തിൽ
രാജനാരായണൻ വാഴത്തോട്ടത്തിൽ

വാഴ, തെങ്ങ്, കമുക്, ജാതി എന്നിവയ്ക്കും ഈ രീതി അനുവർത്തിച്ചതോടെ രാജുവിന്റെ ജലസംഭരണികള്‍ക്കു നിത്യ നിറവ്. ജലോപയോഗം കുത്തനെ കുറഞ്ഞതുതന്നെ കാരണം. തെങ്ങുകളുടെ നന ഉദാഹരണം. സാധാരണയായി ചാൽ ഉപയോഗിച്ചോ ഹോസ് പൈപ്പുകൾ ഉപയോഗിച്ചോ തെങ്ങിന്റെ തടം കുതിർക്കുമ്പോൾ കുറഞ്ഞ സമയം കൊണ്ട് 400 ലീറ്ററിൽ അധികം വെള്ളമാണ് തെങ്ങിൻതടത്തിൽ എത്തുന്നത്. ഇതിന്റെ 25–30 ശതമാനമേ തെങ്ങിന് ഫലപ്രദമായി വലിച്ചെടുക്കാനാകൂ. എന്നാൽ, തുള്ളിനനയിൽ ഒരു തെങ്ങിനു ചുറ്റും മണിക്കൂറിൽ 3 ലീറ്റർ വെള്ളം നൽകാൻ കഴിയുന്ന 10 മുതൽ 14 വരെ ഇൻലൈൻ ഡ്രിപ്പുകളാണ്  ഉപയോഗിക്കുന്നത്. ഈ ഡ്രിപ്പറുകളിലൂടെ 35–42 ലീറ്റർ വെള്ളം ഒരു മണിക്കൂർ കൊണ്ടാണ് തെങ്ങിൻതടത്തിലെത്തുന്നത്. ഇങ്ങനെ ദിവസവും  വെള്ളം നൽകിയാൽപോലും 100 തെങ്ങിന് 4,200 ലീറ്റർ വെള്ളം മാത്രമാണു നൽകുന്നത്. ഇതുവഴി ജലാഗിരണശേഷി വർധിപ്പിക്കാനും കഴിയും. വെള്ളത്തോടൊപ്പം വളവും നൽകാമെന്നതിനാൽ വളപ്രയോഗത്തിനു ചെലവും കുറയും. 90% ശതമാനമാണ് ഈ രീതിയുടെ കാര്യക്ഷമത.

രാജനാരായണന്റെ തെങ്ങിന്റെ ഉൽപാദനക്ഷമത  ഒരു തെങ്ങിൽ ഒരു വർഷം 140–160 നാളികേരമാണ്. വെള്ളവും വളവും കൃത്യമായ ഇടവേളകളിൽ കൃത്യ തോതിൽ ലഭ്യമാക്കുന്നതിന്റ ഗുണഫലമാണ് ഇതെന്നു പറയാം. കേരളത്തിലെ ഭൂരിഭാഗം തെങ്ങുകർഷകരും കാര്യക്ഷമമായ ഈ രീതി ഉപയോഗിക്കുന്നില്ല. എന്നാൽ, അടുത്ത കാലത്ത് കൂടുതൽ കർഷകർ തുള്ളിനനയോടു താല്‍പര്യം കാണിക്കുന്നു, വിശേഷിച്ചും 100 തെങ്ങിലധികമുള്ളവര്‍. ഈ രംഗത്ത് വലിയ മാറ്റങ്ങളുമായി കമ്യൂണിറ്റി ഡ്രിപ്പ് ഇറിഗേഷനും വരുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com