ADVERTISEMENT

വാങ്ങുമ്പോൾ വലിയ വില നൽകേണ്ടിവരും എന്നാൽ, വിൽക്കാൻ ശ്രമിക്കുമ്പോൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ഇനി ആവശ്യക്കാർ ഉണ്ടെങ്കിൽത്തന്നെ വിൽക്കാനാകുന്നത് വളരെ ചെറിയ അളവിൽ മാത്രം. കേരളത്തിലെ അലങ്കാരമത്സ്യക്കർഷകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. വലിയ വിലകൊടുത്തു വാങ്ങിയ പല ഇനം മത്സ്യങ്ങൾക്കും പിന്നീട് വിലയില്ലാത്ത അവസ്ഥ. കച്ചവടക്കാരുടെ ഇടപെടൽ മൂലം ന്യായമായ വില കിട്ടാത്ത അവസ്ഥ. ഈ സാഹചര്യത്തിൽനിന്നാണ് സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനിയുടെ ജനനം. കർഷകർക്ക് അവരുടെ മത്സ്യങ്ങൾ അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വിൽക്കാൻ സഹായിക്കുക എന്നതായിരുന്നു സഹ്യാദ്രിയുടെ ലക്ഷ്യം. പെരുമ്പാവൂരിനടുത്തു കീഴില്ലത്താണ് പ്രവർത്തനം. 

ഇന്ത്യയിലെ ആദ്യ കമ്പനി

കേരളത്തിൽത്തന്നെ ഒട്ടേറെ പ്രൊഡ്യൂസർ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സഹ്യാദ്രി അവയിൽനിന്നെല്ലാം വ്യത്യസ്തം. അലങ്കാര മത്സ്യക്കർഷകർക്കുവേണ്ടി രൂപീകൃതമായ ഇന്ത്യയിലെ ആദ്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സഹ്യാദ്രിയെന്ന് ഡയറക്ടർ ബോർഡ് അംഗം ജോയി ജോസഫ്. ജോയി ജോസഫിനെ കൂടാതെ തോമസ്, ജോഷി, മനോജ് തോമസ്, ശരത് അനിൽ എന്നിവരാണ് ഡയറക്ടർ ബോർഡിലുള്ളത്.  2014 ജൂലൈ 15ന് റജിസ്റ്റർ ചെയ്ത കമ്പനി പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ട് രണ്ടു വർഷമേ ആകുന്നുള്ളൂ. മുപ്പതോളം കർഷകർ ഇന്ന് സഹ്യാദ്രിയിലൂടെ തങ്ങളുടെ മത്സ്യങ്ങളെ വിൽക്കുന്നു.

വിൽപന ചൊവ്വാഴ്ചകളിൽ

ആഴ്ചച്ചന്ത പോലെയാണ് സഹ്യാദ്രിയുടെ പ്രവർത്തനം. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവർത്തനസമയം. മുമ്പ് മാസത്തിൽ രണ്ട് ചൊവ്വാഴ്ചകളിലായിരുന്നു വിൽപനയെങ്കിൽ ഇന്ന് എല്ലാ ചൊവ്വാഴ്ചകളിലും കമ്പോളം നടക്കുന്നു. കോഴിക്കോടു മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അക്വേറിയം ഷോപ്പ് ഉടമകളാണ് സഹ്യാദ്രിയുടെ പ്രധാന ഉപയോക്താക്കൾ. തങ്ങൾക്കാവശ്യമായവ മുൻകൂർ ബുക്ക് ചെയ്ത് അവർ ഇവിടെയെത്തി കൊണ്ടുപോകുന്നു.

sahyadri-3
പായ്ക്ക് ചെയ്ത മത്സ്യങ്ങൾ

ബുക്കിങിന് വാട്‌സാപ് ഗ്രൂപ്പുകൾ

കർഷകർക്കും കച്ചവടക്കാർക്കുമായി രണ്ട് വാട്‌സാപ് ഗ്രൂപ്പുകളാണുള്ളതെന്ന് കമ്പനി സിഇഒ ഡോ. അനികുമാരി. ഓരോ ആഴ്ചയും കർഷകർ തങ്ങൾക്ക് വിൽക്കാനുള്ള മത്സ്യങ്ങളുടെ പട്ടിക കർഷകരുടെ വാട്‌സാപ് ഗ്രൂപ്പിലിടും. ഇവ ക്രോഡീകരിച്ച് സിഇഒ അനികുമാരി തന്നെയാണ് കച്ചവടക്കാർക്കുള്ള ഗ്രൂപ്പിലിടുന്നത്. അവർ ആവശ്യമായവയുടെ ലിസ്റ്റ് വാട്‌സാപ്പിൽത്തന്നെ നൽകും. ഇങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന മത്സ്യങ്ങളെ സഹ്യാദ്രിയുടെ ചന്തയിൽ പ്രത്യേകം മാറ്റിവയ്ക്കും.

കർഷകർക്കു വിൽക്കാനുള്ളതിന്റെ 60 ശതമാനം മത്സ്യങ്ങളും ഇത്തരത്തിൽ മുൻകൂറായി ബുക്ക് ചെയ്തവ ആയിരിക്കും. ശേഷിക്കുന്നവ വിപണിയിലൂടെ വിൽക്കാനാകും. കച്ചവടക്കാർ മാത്രമല്ല മറ്റുള്ളവർക്കും നേരിട്ടു വന്ന് വാങ്ങാൻ കഴിയുമെന്നത് സഹ്യാദ്രിയുടെ സവിശേഷതയാണ്.

വിൽക്കാനും അവസരം

ആയിരം രൂപ നൽകി അംഗത്വമെടുത്താൽ ഏതൊരു അലങ്കാരമത്സ്യക്കർഷകനും തങ്ങളുടെ മത്സ്യങ്ങളെ ഇവിടെ വിൽക്കാം. ആറു മാസമാണ് ഇത്തരത്തിലുള്ള അംഗത്വ കാലാവധി.

കർഷകനു പണം അന്നുതന്നെ

സഹ്യാദ്രിയിലെ അംഗങ്ങൾക്ക് പ്രത്യേക കോഡ് നൽകിയിട്ടുണ്ട്. മത്സ്യങ്ങൾ പായ്ക്ക് ചെയ്ത കവറിൽ കോഡ്, മത്സ്യങ്ങളുടെ എണ്ണം, വില എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചിരിക്കും. ബില്ലിങിൽ ഓരോ കർഷകനെയും തിരിച്ചറിയാണ് ഇത് സഹായിക്കുന്നുവെന്നും അനികുമാരി. ഓരോ ചൊവ്വാഴ്ചയും വിൽക്കുന്ന മത്സ്യങ്ങളുടെ വില അന്നുതന്നെ കർഷകർക്കു നൽകുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. 

ശരാശരി ഒരാഴ്ച 2.5–3 ലക്ഷം രൂപയുടെ വിൽപന നടക്കുന്നു. ഒരുമാസം കുറഞ്ഞത് പത്തു ലക്ഷം രൂപയുടെ വിൽപന. 

പുതിയ കർഷകർ അംഗങ്ങളാകുന്നു

കർഷകൻ തന്നെ തന്റെ മത്സ്യങ്ങൾക്കു വില നിശ്ചയിക്കുന്നതിനാൽ മെച്ചപ്പെട്ട വില ഉറപ്പാക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പുതിയ  കർഷകർ ഈ രംഗത്തേക്കു കടന്നുവരുന്നുണ്ടെന്ന് ജോയി ജോസഫ്. അതുതന്നെയാണ് തങ്ങളുടെ വിജയമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ സംതൃപ്തിയുടെ തിളക്കം.

ഇനി ലക്ഷ്യം ജൈവ പച്ചക്കറിച്ചന്ത

ജൈവ പച്ചക്കറിച്ചന്തയുടെ സാധ്യത പരിഗണിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനി. വൈകാതെതന്നെ പച്ചക്കറി വിപണികൂടി ആരംഭിക്കും. 

ഫോൺ: 9495341855, 9539913940

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com