ADVERTISEMENT

ദുബായിൽ പത്രപ്രവർത്തകയായിരുന്ന രൂപ കുര്യനും മകൾ മാളവികയും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നെങ്കിലും മാളവികയുടെ മനസ് പൂർണമായും അവിടെത്തന്നെയായിരുന്നു. ഏഴു വർഷം സന്തത സഹചാരിയും കൂട്ടുകാരനുമൊക്കെയായിരുന്ന സ്മർഫിനെ അവിടെയാക്കി പോരേണ്ടിവന്നത് മാളവികയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അവനേക്കൂടി ഇങ്ങു കൊണ്ടുപോരണമെന്ന് കരുതിയിരുന്നെങ്കിലും സാഹചര്യം അതിന് അനുകൂലമായിരുന്നില്ല. ഇരുവരും കേരളത്തിലേക്കു തിരിച്ച വിമാനത്തിൽ അരുമകളെ കൊണ്ടുവരുന്നതിനുള്ള സംവിധാനമില്ലായിരുന്നു എന്നതുതന്നെ കാരണം. 

ഇതേത്തുടർന്ന് മാളവികയും അമ്മ രൂപ കുര്യനും കാത്തിരുന്നത് മൂന്നര മാസമാണ്, കാർഗോ വിമാനസർവീസ് തുടങ്ങുന്നതിനുവേണ്ടി. കാർഗോ സർവീസ് തുടങ്ങിയതോടെയാണ് സ്മർഫിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ചത്. വിദേശത്തുനിന്ന് വളർത്തുമ‍ൃഗങ്ങളെ (പൂച്ച, നായ) ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ളത് സ്മർഫിനെ കൊണ്ടുവരാൻ സഹായകമായി. ഇതിനായി അവരെ സഹായിക്കാൻ ‘ഗ്ലോബൽ കാർഗോ സർവീസ്’ എന്ന ഏജൻസിയുമുണ്ടായിരുന്നു.

malavika-1
മാളവികയും സ്മർഫും

യാത്രയ്ക്കു 15 ദിവസം മുമ്പ് തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് രൂപ കുര്യൻ. കാർഗോ ഓഫീസിൽ സ്മർഫിനെ എത്തിക്കുകയും ഹെൽത്ത് റെക്കോർഡ് ഹാജരാക്കുകയും ചെയ്തു. സ്മർഫിന്റെ ആരോഗ്യ ചരിത്രം മുഴുവൻ ഈ ഹെൽത്ത് റെക്കോർഡിലുണ്ട്. വാക്സിനേഷൻ വിവരങ്ങളും മറ്റു ചികിത്സാവിവരങ്ങളുമെല്ലാം ഇതിലുണ്ടാകും. കൂടാതെ ശരീരത്തിലെ മൈക്രോചിപ്പ് പരിശോധിച്ച് നായയുടെ വിവരങ്ങൾ ഉറപ്പുവരുത്തി, വെറ്ററിനറി ഡോക്ടർ പരിശോധിച്ച് പൂർണ ആരോഗ്യവാനാണെന്ന സർട്ടിഫിക്കറ്റ് നൽകിയതോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. യാത്രയ്ക്കായുള്ള ഒരു ട്രാവൽ ക്രെയിറ്റും ഏജൻസി നൽകിയിരുന്നു. യാത്രയ്ക്ക് മുമ്പ് കൂടുമായി പരിചയപ്പെടുന്നതിനുവേണ്ടിയായിരുന്നു നേരത്തെ ക്രെയിറ്റ് നൽകിയത്. പെട്ടെന്ന് പരിചയമില്ലാത്ത സാഹചര്യത്തിൽ എത്തുമ്പോഴുള്ള മാനസിക പിരിമുറുക്കം ഒഴിവാക്കാൻ ഇത് സഹായിക്കും. അങ്ങനെ ദിവസവും ഒരു മണിക്കൂർ നേരം സ്മർഫ് ഈ പുതിയ കൂട്ടിലായിരിക്കും. രൂപയുടെ സഹോദരി കവിതയാണ് കഴിഞ്ഞ മൂന്നര മാസം സ്മർഫിനെ പരിചരിച്ചത്.

ടിക്കറ്റ് എടുക്കുന്നതിനായി വെറ്ററിനറി ഡോക്ടർ നൽകിയ ഹെൽത്ത് സർട്ടിഫിക്കറ്റും കംസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുമാണ് വേണ്ടിവന്നത്. ഏജൻസിതന്നെ എല്ലാ കാര്യങ്ങളും ചെയ്തുതന്നുവെന്നും രൂപ കുര്യൻ പറയുന്നു. 

ഇന്ത്യയിൽ മൃഗങ്ങളെ കൊണ്ടുവരാൻ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിങ്ങനെ 5 വിമാനത്താവളങ്ങളിൽ മാത്രമേ അനുമതിയുള്ളൂ. ബെംഗളൂരു വിമാനത്താവളത്തിലേക്കായിരുന്നു സ്മർഫിനെ എത്തിച്ചത്. അവിടുത്തെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടമതന്നെയാണ് നേരിട്ട് ഏറ്റുവാങ്ങേണ്ട്. എന്നാൽ, കോവിഡ്–19 പ്രശ്നങ്ങൾ മൂലം ദീർഘയാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ പ്രത്യേക അനുമതി വാങ്ങി ഏജൻസി തന്നെ കോട്ടയത്തെ വീട്ടിൽ സ്മർഫിനെ എത്തിച്ചുനൽകുകയായിരുന്നു. ഷാർജയിൽനിന്ന് സ്മർഫ് ഇങ്ങു കോട്ടയത്തെത്തിയപ്പോൾ ഒന്നേമുക്കാൽ ലക്ഷം രൂപയോളം ചെലവായി. അങ്ങനെ മൂന്നര മാസത്തിനുശേഷം സ്മർഫും മാളവികയും കണ്ടുമുട്ടി.

malavika
മാളവിക കുടുംബാംഗങ്ങൾക്കൊപ്പം

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരുമ്പോൾ ഒരുമാസത്തിനുള്ളിൽത്തന്നെ അരുമയെയും നാട്ടിലെത്തിക്കണം എന്നാണ് നിയമം. രണ്ടു രീതിയിലാണ് വളർത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കാൻ അനുമതിയുള്ളത്. ഒന്ന്, ഉടമയ്ക്കൊപ്പം അതേ വിമാനത്തിൽ. രണ്ട്, കാർഗോ വിമാനത്തിൽ. കാർഗോയിൽ വരുമ്പോൾ ഒരു മാസത്തിനുള്ളിൽ അരുമമൃഗം ഉടമയുടെ അടുത്ത് എത്തിയിരിക്കണം. എന്നാൽ, കോവിഡ് മൂലം കാർഗോ വിമാനസർവീസ് പുനഃരാരംഭിക്കാൻ വൈകിയതാണ് സ്മർഫിനെ ഇവിടെത്തിക്കാൻ വൈകിയത്.

യോർക്‌ഷയർ ടെറിയർ ഇനത്തിൽപ്പെട്ട സ്മർഫിനെ ഏഴു വർഷം മുമ്പാണ് രൂപയുടെ സുഹൃത്ത് മാളവികയ്ക്ക് സമ്മാനിച്ചത്. അന്നവന് ഒരു മാസം പ്രായമേ ഉണ്ടായിരന്നുള്ളൂ. ഫ്ലാറ്റിലെ നല്ലകുട്ടിയാണ് സ്മർഫ്. ചെറിയ ശരീരമായതിനാൽ അൽപം മാത്രം ഭക്ഷണം മതി. മാത്രമല്ല, വീട്ടിലെ ഭക്ഷണമാണ് അവന് ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ റെഡിമെയ്ഡ് ഭക്ഷണം വാങ്ങി നൽകി ശീലിപ്പിച്ചിട്ടില്ലെന്നും രൂപ പറഞ്ഞു.

വിമാനത്തിലെ യാത്രമൂലം പേടിച്ചരണ്ടാണ് സ്മർഫ് വീട്ടിലെത്തിയത്. എന്നാൽ, തന്റെ പ്രിയ തോഴിയെ കണ്ടതോടെ ആ ഭയമെല്ലാം മാറി അവൻ ഊർജ്വസ്വലനായി. ഫ്ലാറ്റിലെ പരിമിതമായ സൗകര്യങ്ങൾക്കു പകരം കോട്ടയം മന്ദിരം കവലയ്ക്കു സമീപം കുന്നുകുഴിയിൽ വീടിന്റെ വിശാലമായ മുറ്റത്ത് ഓടിക്കളിക്കുകയാണ് അവനിപ്പോൾ. ‌ഡിസംബർ 31ന് നടക്കുന്ന മാളവികയുടെ വിവാഹത്തിൽ പങ്കെടുപ്പിക്കുന്നതിനാണ് സ്മർഫിനെ നാട്ടിലെത്തിച്ചത്.

വിദേശത്തുനിന്ന് നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവരുന്നതിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Bringing pets to India by individuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com