ADVERTISEMENT

കിലോ 1000 രൂപയ്ക്കു കുരുമുളകു വിൽക്കുന്ന ഒരു കർഷകനുണ്ട് തൃശൂർ ജില്ലയിലെ വേളൂക്കരയ്ക്കടുത്ത് തുമ്പൂർ ഗ്രാമത്തിൽ. കിലോ എഴുന്നൂറു രൂപയ്ക്കു മുകളിലെത്തിയ കുരുമുളകു വില മുന്നൂറിലേക്ക് ഇടിഞ്ഞ ഇക്കാലത്ത് ഇതെങ്ങനെ സാധിക്കും എന്നു ന്യായമായും ചോദിക്കാം. അതിനു മുൻപു പക്ഷേ ടോം കിരൺ എന്ന യുവ കർഷകൻ സ്വന്തം കൃഷിയിടത്തിലെ  മറ്റു ചില ഉൽപന്നങ്ങൾക്കു കൂടി നേടുന്ന വിലയറിയാം. 

ജാതിപത്രിക്ക് ടോമിനു ലഭിക്കുന്ന വില കിലോ 3000 രൂപ. ഏറ്റവും നല്ല എ ഗ്രേഡ് പത്രിക്ക് ഇന്നു നമ്മുടെ വിപണിയിലെ വില കിലോ 1700 രൂപയാണെന്ന് ഓർക്കണം. ജാതിക്കാപ്പരിപ്പ് ടോം വിൽക്കുന്നതാകട്ടൈ കിലോ 750 രൂപയ്ക്ക്. നാട്ടിലെ നടപ്പു വില 500 രൂപ. അഞ്ചേക്കർ കൃഷിയിടത്തിൽ വിളയുന്ന മഞ്ഞൾ ഉൾപ്പെടെ മറ്റു കാർഷികോൽപന്നങ്ങളുടെയെല്ലാം കാര്യത്തിൽ ഇതേ മോഹവില സ്വന്തമാക്കുന്നു ഈ ചെറുപ്പക്കാരൻ. 

ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ വ്യാപാര സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി നേരിട്ട് ഉപഭോക്താക്കളിലെത്തുന്നു എന്നതാണ് ടോമിന്റെ വിജയം. ഇടനിലക്കാരുടെ ഇടപെടലും വിപണിയിലെ വിലയിടിവും ബാധകമല്ലാതെ സ്വന്തം ഉൽപന്നത്തിനു സ്വയം വില നിശ്ചയിച്ച് കൃഷിയിറക്കാനുള്ള ധൈര്യം ഓൺലൈൻ വിപണി കർഷകനു നൽകുന്നുവെന്നു ടോം.

tom-kiran
ടോം കിരൺ

പ്രാഥമിക സംസ്കരണം നടത്തി, ദീർഘകാലം സൂക്ഷിച്ചു വയ്ക്കാവുന്ന കാർഷികോൽപന്നങ്ങൾ ഒറ്റയടിക്ക് വിറ്റൊഴിവാക്കുന്ന രീതിയെക്കാൾ ചെറുകിട കർഷകർക്കു ഗുണകരം ഓൺലൈൻ വഴിയുള്ള ചില്ലറ വിൽപനയെന്നു ടോം. ‘വിളവെടുപ്പു കഴിഞ്ഞാൽ പിന്നെ കിട്ടുന്ന വിലയ്ക്ക് മൊത്തമായി വിറ്റ് തലയിൽനിന്നൊഴിവാക്കുക എന്നതാണ് നമ്മുടെ കർഷകരുടെ പൊതു രീതി. സൂക്ഷിപ്പുകാലം കുറവുള്ള കാർഷികോൽപന്നങ്ങളുടെ കാര്യത്തിൽ അതു വേണ്ടിവരും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരെ സംബന്ധിച്ചും ഉൽപന്നം വേഗത്തിൽ വിറ്റഴിക്കേണ്ടത് ആവശ്യമായി വരും. എന്നാൽ സമ്മിശ്രക്കൃഷി ചെയ്യുന്ന നമ്മുടെ ചെറുകിട കർഷകർ സൂക്ഷിപ്പുകാലം കൂടിയ കാർഷികോൽപന്നങ്ങൾ ഓൺലൈൻ വിപണിയിൽ ചില്ലറ വിൽപന നടത്താനുള്ള സാധ്യത പ്രയോജനപ്പെടുത്തണം’, ടോമിന്റെ വാക്കുകൾ.

കുരുമുളകും ജാതിപത്രിയുമെല്ലാം ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചാണ് ടോം ഓൺലൈൻ വിൽപനയ്ക്കു തയാറാക്കുന്നത്. മഞ്ഞൾ ഗുണനിലവാരം ചോരാതെ സംസ്കരിച്ച് പൊടിയാക്കി മാറ്റും. ഗ്രേഡ് ചെയ്ത ഉൽപന്നങ്ങൾ ഒരു കിലോ, അര കിലോ പായ്ക്കറ്റുകളാക്കി ഓൺലൈൻ ഉപഭോക്താക്കളിലെത്തിക്കുമ്പോഴാണ് മേൽപ്പറഞ്ഞ വില ടോം നേടുന്നത്. 

ശാസ്ത്രീയമായ വിളവെടുപ്പും സംസ്കരണവുമെങ്കിൽ നല്ല പങ്കും എ ഗ്രേഡ് നിലവാരത്തിൽത്തന്നെ വിറ്റഴിക്കാൻ കഴിയും. എ ഗ്രേഡ് മാത്രം ഓൺലൈനിൽ വിൽക്കുക. ബാക്കിയുള്ള തിരിവ് പൊതു വിപണിയിൽ വിൽക്കുക; ഇതാണ് ടോമിന്റെ രീതി. എന്നും വിൽപന, എന്നും വരുമാനം എന്നതാണ് ഓൺലൈൻ ചില്ലറ വിൽപനയുടെ നേട്ടമെന്നും ടോം.

നെൽക്കൃഷിയുടെ കാര്യത്തിൽ, വയനാടൻ നെല്ലിനമായി കുറുവയാണ് ടോമിന്റെ പതിവു കൃഷിയിനം. നാടൻ നെല്ലിനങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത മുതലാക്കുക തന്നെ ലക്ഷ്യമെന്നു ടോം. ഏക്കറിന് ശരാശരി 1700 കിലോ മാത്രമാണ് കുറുവയുടെ ഉൽപാദനമെങ്കിലും ഓൺലൈൻ വിപണിയിൽ കിലോ 110 രൂപയ്ക്കാണ് ചില്ലറ വിൽപന. ഇതേ ഓൺലൈൻ വിപണിയിലേക്ക് ഒപ്പമുള്ള കർഷകരെ കൈപിടിച്ചു കയറ്റാനും ഈ ചെറുപ്പക്കാരൻ മനസ്സു വയ്ക്കുന്നു. 

ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദമുള്ള ടോം ദുബായ് സിറ്റിബാങ്ക് ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്ത ശേഷം അഞ്ചുവർഷം മുൻപ് നാട്ടിലേക്കു മടങ്ങി മുഴുവൻ സമയ കർഷകനായി മാറുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വോളിബോൾ താരം കുറഞ്ഞ കാലം കൊണ്ട് കൃഷിയിൽ സുസ്ഥിര വിജയം എത്തിപ്പിടിക്കുകയും ചെയ്തിരിക്കുന്നു. 

ഫോൺ: 8301082911

English summary: Herbs and Spices Trading Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com