ADVERTISEMENT

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 4

മത്സ്യവിപണനത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോഴുള്ളതെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഷംസുദീൻ. മത്സ്യക്കൃഷി മേഖലയിൽ രണ്ടര പതിറ്റാണ്ടത്തെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ആദ്യമായാണ് വിൽപനയ്ക്ക് പ്രതിസന്ധി നേരിട്ടത്. കോവിഡ് പ്രശ്നങ്ങളാണ്  വിൽപനയിൽ പ്രതിസന്ധിയുണ്ടാകാൻ വലിയ കാരണമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ആളുകളുടെ വാങ്ങൽശേഷി കുറഞ്ഞു, സമുദ്ര മത്സ്യങ്ങളോടുള്ള പ്രീതി വളർത്തുമത്സ്യങ്ങളോട് മലയാളികൾക്കില്ല, ഉത്തരേന്ത്യൻ മാർക്കറ്റും ഇടിഞ്ഞു ഇവയൊക്കെയാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ഷംസുദീന്റെ അഭിപ്രായം. 

വാളയും തിലാപ്പിയയും കോഴിയും പച്ചക്കറികളുമെല്ലാം ഷംസുദീന്റെ സമ്മിശ്രക്കൃഷിയിടത്തിൽ വളരുന്നു. വർഷങ്ങളായി വളർത്തിവരുന്നത് വാളയാണ്. കേരളത്തിൽ മാത്രമല്ല, വടക്കേന്ത്യയിലേക്കും ഷംസുദീന്റെ മത്സ്യങ്ങൾ കയറിപ്പോയിരുന്നു. സാധാരണ, ഡിസംബർ മാസങ്ങളിലാണ് വടക്കേന്ത്യയിലേക്ക് കേരളത്തിൽനിന്നുള്ള വളർത്തുമത്സ്യങ്ങൾ കയറിപ്പോയിരുന്നത്. തണപ്പുകാലമായതിനാൽ മത്സ്യത്തിന് അവിടങ്ങളിൽ ഏറെ ഡിമാൻഡ് ഉണ്ട്. ദിവസം 20 ലോഡ് മത്സ്യങ്ങൾ വരെ കേരളത്തിൽനിന്നു കയറിപ്പോയിരുന്നതായി ഷംസുദീൻ. എന്നാൽ, ഇത്തവണ ഉത്തരേന്ത്യൻ മാർക്കറ്റ് കേരളത്തിലെ മത്സ്യങ്ങൾക്കുവേണ്ടി തുറന്നില്ല. അതുപോലെ, ഇതര സംസ്ഥാന തൊഴിലാളികളും കേരളം വിട്ടു. അതും വിപണിക്ക് വലിയ തിരിച്ചടിയായതായി അദ്ദേഹം കണക്കുകൂട്ടുന്നു. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വളർത്തുമത്സ്യങ്ങളോട് താൽപര്യമേറെയായിരുന്നു.

ബാറുകൾ അടഞ്ഞുകിടന്നതും വാളയ്ക്ക് വിപണി നഷ്ടപ്പെടാൻ കാരണമായി. ഇത്തവണ വിദേശ വിപണി ലക്ഷ്യമിട്ട് പെല്ലറ്റ് തീറ്റ നൽകിയാണ് ഷുസുദീൻ ഇത്തവണ വാള മത്സ്യങ്ങളെ വളർത്തിയത്. കയറ്റുമതിക്ക് ആവശ്യമായ പരിശോധനകൾ എല്ലാം പൂർത്തിയായി വിളവെടുപ്പ് ആരംഭിക്കാൻ തയാറെടുത്തപ്പോൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. അതോടെ കയറ്റുമതി നടന്നില്ല. കേരളത്തിൽ വാളയ്ക്ക് ഇപ്പോൾ വിലയും ഡിമാൻഡും ഇല്ലാത്തതിനാൽ വിൽക്കാൻ കഴിയില്ലെന്നും ഷുസുദീൻ. ഇപ്പോഴത്തെ വിപണി വിലയ്ക്കു വിറ്റാൽ തീറ്റച്ചെലവു പോലും കിട്ടില്ല എന്നതുതന്നെ കാരണം.

ലോ‌ക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ അതായത് 2020 മാർച്ച് മുതൽ കേരളത്തിൽ വളർത്തുമത്സ്യങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. ലോക്‌ഡൗണിനേത്തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്തതും അമോണിയ പോലുള്ള പദാർഥങ്ങൾ ചേർത്ത മത്സ്യങ്ങൾ വിപണിയിൽ സജീവമായ റിപ്പോർട്ടുകൾ വന്നതും വളർത്തുമത്സ്യങ്ങൾക്ക് പ്രചാരമേകി. ജൂണിൽ ട്രോളിങ് നിരോധനം വന്ന കാലഘട്ടത്തിലും വളർത്തുമത്സ്യത്തിന് ആവശ്യക്കാരേറെയായിരുന്നു. എന്നാൽ, ഇപ്പോൾ കടൽ മത്സ്യം യഥേഷ്ടം ലഭ്യമായതിനാൽ അത് വളർത്തുമത്സ്യങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തു.

തിലാപ്പിയ മത്സ്യത്തിന് മുൻപും വലിയ മാർക്കറ്റ് ഇല്ലായിരുന്നുവെന്നാണ് ഷംസുദീന്റെ വിലയിരുത്തൽ. ചില്ലറ വിൽപന മാത്രമേ സാധ്യമാകൂ. വിപണി പിടിക്കാനുള്ള മാർക്കറ്റ് തന്ത്രങ്ങൾ ഉപയോഗിക്കുകയും വേണം. ഇപ്പോഴുള്ള പ്രതിസന്ധി ആപേക്ഷികമാണെന്നും വരും നാളുകളിൽ അതിനു മാറ്റമുണ്ടാകുമെന്നും ഈ കർഷകൻ കണക്കുകൂട്ടുന്നു. നാളെയുടെ കൃഷി മത്സ്യക്കൃഷിതന്നെയാണെന്നാണ് ഈ കർഷകന്റെ അഭിപ്രായം.

നാളെ: ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ

മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കർഷകശ്രീ ഫെയ്സ്ബുക്ക് പേജിലൂടെ നിങ്ങൾക്കും അഭിപ്രായങ്ങൾ പങ്കുവയ്ക്കാം. മത്സ്യകൃഷിയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കർഷകശ്രീ ഫെയ്‌സ്ബുക്ക് പേജിലേക്ക് മെസേജ് ചെയ്യുക. ഫെയ്‌സ്ബുക്ക് പേജിന് ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Challenges of fish farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com