കാലിത്തീറ്റവില കുത്തനെ കയറി, ക്ഷീരകര്‍ഷകന് ഇന്നും നക്കാപ്പിച്ച മാത്രം

HIGHLIGHTS
  • പാലിന് ന്യായവില ലഭിക്കാന്‍ ഓരോ കര്‍ഷകനും അവകാശമുണ്ട്
  • കേരളത്തിലെ കര്‍ഷകര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
cow-feed
SHARE

തീറ്റവിലയില്‍ തകര്‍ന്നടിയുന്ന മൃഗസംരക്ഷണ മേഖല- ഭാഗം 1

കോവിഡ്-19ന്റെ രണ്ടാം വരവ് രാജ്യത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ മൃഗസംരക്ഷമമേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കോവിഡ് ഭീതിയും തീറ്റവില വര്‍ധനയുമെല്ലാം മൃഗസംരക്ഷണമേഖലയെ ഞെരുക്കത്തിലാക്കിയെന്നു പറയാതെ വയ്യ. കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍ എന്നിവയെല്ലാം തീറ്റവില വര്‍ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ്. മുന്‍പൊക്കെ പശുവിനെ വളര്‍ത്തി മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന സാധാരണക്കാര്‍ ഇന്ന് ചെലവ് കിഴിച്ച് നീക്കിയിരിപ്പില്ലാത്ത സ്ഥിയിലാണ്. തീറ്റവില മുന്നോട്ട് കുതിച്ചു കയറുമ്പോള്‍ പാല്‍വിലയില്‍ ഒരു തരത്തിലുമുള്ള കയറ്റം ഉണ്ടായിട്ടില്ല. മില്‍മ വഴിയുള്ള സംഭരണത്തില്‍ കര്‍ഷകന് ലഭിക്കുന്നത് 35-40 രൂപ മാത്രം. 

ഈയൊരു സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റവില കുത്തനെ കൂടിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വകാര്യ തീറ്റനിര്‍മാണ ഫാക്ടറി കോവിഡിനെത്തുടര്‍ന്ന് അടച്ചതും വില കയറാന്‍ കാരണമായി. കൂടാതെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും വില കയറിയിട്ടുണ്ട്. 

ഇന്നത്തെ സാഹചര്യത്തില്‍ പാലിന് കുറഞ്ഞത് 48-50 രൂപ എങ്കിലും കിട്ടാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍തന്നെ പറയുന്നു. 60തില്‍നിന്ന് 91ലേക്ക് പെട്രോള്‍ എത്തി, 1040ല്‍നിന്ന് കാലിത്തീറ്റ 1350 രൂപയിലേക്കെത്തി, തവിട് 970ല്‍നിന്ന് 1200 രൂപയായി, മിക്‌സ് പൗഡര്‍ 1000ല്‍നിന്ന് 1240 രൂപയായി, ജര്‍സി പിണ്ണാക് 300 കൂടി, പരുത്തി പിണ്ണാക് 600 മുതല്‍ 800 വരെ കൂടി, പശുവിന്റെ വില ശരാശരി 45,000തില്‍നിന്ന് 85,000 ആയി, ഇപ്പോഴും പാല്‍വില 35നു താഴെ മാത്രമാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നുള്ളൂ. 

സംസ്ഥാന സര്‍ക്കാരിന് വില നിയന്ത്രിക്കാന്‍ കഴിയുന്നത് പാലില്‍ മാത്രമാണ്. അത് പ്രതികൂലമായി ബാധിക്കുന്നത് ക്ഷീരകര്‍ഷകരെയും. പഴം, പച്ചക്കറി തുടങ്ങിയവയില്‍ ഒരു നിശ്ചിത വിലയില്ല. ഈ കോവിഡ് കാലത്ത് പാല്‍വില വര്‍ധന ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെങ്കിലും ക്ഷീരകര്‍ഷകരുടെ വീട്ടിലെ അടുപ്പും പുകയേണ്ടതായതുകൊണ്ട് പൊതുവിപണിയിലെ ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി പാല്‍വില വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. 

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പാല്‍ നിയന്ത്രണമില്ലാതെ ഒഴുകുന്നുണ്ട്. കേരളത്തിനെ അപേക്ഷിച്ച് ഉല്‍പാദനച്ചെലവ് കുറഞ്ഞ സംസ്ഥാനങ്ങളില്‍ പാല്‍വില കുറവായിരിക്കും. അതുകൊണ്ടുതന്നെ അവിടെന്ന് പാല്‍വാങ്ങി കേരളത്തില്‍ കൂടിയ വിലയ്ക്കു മറിച്ചു വില്‍ക്കുന്ന കമ്പനികളും കേരളത്തിലുണ്ട്.

താന്‍ ഉല്‍പാദിപ്പിക്കുന്ന പാലിന് ന്യായവില ലഭിക്കാന്‍ ഓരോ കര്‍ഷകനും അവകാശമുണ്ട്. അതുകൊണ്ടുതന്നെ കൂട്ടായ ശ്രമം പാല്‍വില വര്‍ധിപ്പിക്കാന്‍വേണ്ടി ഉണ്ടാവണം. ഇനിയും മടിച്ചാല്‍ ഇല്ലാതാകുന്നത് ഓരോ ക്ഷീരകര്‍ഷകന്റെയും സമ്പത്തും ജീവിതവുമായിരിക്കും. 

നാളെ: പണം വാരുമിടമല്ല കോഴിഫാമുകള്‍, പറയാനുള്ളത് നഷ്ടക്കണക്കുകള്‍

English summary: High cost of fodder led milk price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS