കടമ മറക്കുന്ന ക്ഷീരവികസന വകുപ്പ്, വിപണി മറക്കുന്ന മില്‍മ

HIGHLIGHTS
  • എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?
  • പാലുല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു!
mumbai-milk-problem
മഹാരാഷ്ട്രയില്‍ ലോക്ഡൗണിനെത്തുടര്‍ന്ന് പാല്‍വില്‍പന മുടങ്ങിയപ്പോള്‍ പശുക്കളുടെ തീറ്റയിലേക്ക് ഒഴിക്കുന്ന കര്‍ഷകന്‍.
SHARE

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാകുന്ന വിധത്തിലാണ് ഇന്നലെ മുതല്‍ മലബാര്‍ മില്‍മ പാല്‍സംഭരണം നിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും സമാന രീതിയില്‍ പാല്‍ സംഭരണം നിര്‍ത്തിയെങ്കിലും വളരെ പെട്ടെന്നുതന്നെ സംഭരണം പുനരാരംഭിച്ചു. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി അതല്ല, അനിശ്ചിത കാലത്തേക്കാണ് സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷീരവികസന വകുപ്പിന്റെയും മില്‍മയുടെയും ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരില്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതായത് കടമ മറക്കുന്ന ക്ഷീരവികസന വകുപ്പും വിപണി മറക്കുന്ന മില്‍മയും കര്‍ഷകരെ തള്ളിവിടുന്നത് വലിയ സാമ്പത്തിക പ്രശ്‌നത്തിലേക്കാണ്.

എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?

ക്ഷീരകര്‍ഷകര്‍ നല്‍കുന്ന പാല്‍ മുഴുവന്‍ എടുക്കില്ല എന്ന മില്‍മയുടെ നിലപാട് ക്ഷീരോല്‍പാദന മേഖലയുടെ തകര്‍ച്ചയ്ക്കു കാരണമാകും. മാത്രമല്ല, പാല്‍ ഉല്‍പ്പാദനം അനുദിനം വര്‍ധിക്കുമ്പോഴും നമ്മുടെ സംഭരണശേഷി പരിമിതമാണ്. ആലപ്പുഴയില്‍ ഒരു പാല്‍ സംസ്‌കരണശാലയുണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ല. കഴിഞ്ഞ വര്‍ഷം ഇതേ പ്രശ്‌നമുണ്ടായപ്പോള്‍ ആ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും പിന്നീട് അത് അവഗണിക്കപ്പെട്ടു. ക്ഷീരസംഘങ്ങള്‍ പാല്‍ ഉല്‍പ്പന്ന നിര്‍മാണ സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നില്ല എന്നതും കര്‍ഷകരുടെ ബാധ്യത ഉയരാന്‍ കാരണമായി.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടത് ക്ഷീരവികസന വകുപ്പാണ്. ക്ഷീരമേഖലയുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കന്നുകാലികളെ വളര്‍ത്താനുള്ള പ്രോത്സാഹനം മാത്രം പോരാ, അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പുതിയ സാധ്യത തുറന്നുകൊടുക്കുന്നതും ക്ഷീരവികസനത്തില്‍ പെടും. പക്ഷേ, ഇത് ചെയ്യിക്കേണ്ട ക്ഷീര വികസന വകുപ്പ് ഇക്കാര്യം പാടെ അവഗണിക്കുന്നു. പാല്‍ സംഭരണം, വിപണനം, പാലുല്‍പ്പന്ന നിര്‍മാണം ഇവയ്ക്കു നേതൃത്വം കൊടുക്കുകയും അതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ട ക്ഷീര വികസന വകുപ്പ്, എന്നാല്‍ ഇതിന് പകരം മൃഗസംരക്ഷണ വകുപ്പ് ചെയ്യുന്ന പദ്ധതികള്‍ പേരു മാറ്റി അതേപടി നടപ്പിലാക്കുകയാണ് ചെയ്തു വരുന്നത്. 

കറവപ്പശു വിതരണം, കിടാരി വിതരണം, തൊഴുത്ത് നിര്‍മാണം, കറവയന്ത്ര വിതരണം, പശുക്കളുടെ ഇന്‍ഷുറന്‍സ്, കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, മില്‍മയുമായി സഹകരിച്ച് മൃഗചികിത്സ തുടങ്ങിയ മൃഗസംരക്ഷണ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് കാലങ്ങളായി ഈ വകുപ്പും ചെയ്ത് വരുന്നത്. എന്നാല്‍, തങ്ങളില്‍ നിക്ഷിപ്തമായ കടമകളില്‍ ഊന്നി ക്ഷീര വികസന വകുപ്പ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ വിപണനം ചെയ്യാനാവാതെ അവ ഒഴുക്കി കളയേണ്ട ദുരവസ്ഥ കേരളത്തിലെ സാധാരണക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് വരില്ലായിരുന്നു.

ക്ഷീര വികസന വകുപ്പിനെക്കൊണ്ടും മില്‍മയെക്കൊണ്ടും പാല്‍ സംഭരണം, ഉപോല്‍പന്ന നിര്‍മാണം, വിപണനം എന്നീ മേഖലകളില്‍ ഊന്നിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വരും കാലങ്ങളിലെങ്കിലും കര്‍ശന നിര്‍ദ്ദേശം നല്‍കുകയും, അവ നടപ്പിലാക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന യാതനകള്‍ക്ക് ഭാവിയിലെങ്കിലും പരിഹാരമുണ്ടാവുകയുള്ളൂ.

കര്‍ഷരുടെ പാല്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്ക്

പാല്‍ വില്‍പനയിലുണ്ടായ ഇടിവാണ് സംഭരണം നിര്‍ത്താന്‍ മലബാര്‍ മില്‍മയെ പ്രേരിപ്പിച്ചത്. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒട്ടേറെ കോവിഡ് കെയര്‍ സെന്ററുകളുണ്ട്. അവിടുള്ള കോവിഡ് രോഗികള്‍ക്ക് കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാല്‍ വിതരണം ചെയ്യാന്‍ മുന്‍കൈ എടുത്താല്‍ കര്‍ഷകര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ഗുണകരമാകും. കര്‍ഷകരുടെ പാല്‍ ക്ഷീരസംഘങ്ങള്‍ വഴി മില്‍മ സംഭരിക്കുകയും അങ്ങനെ സംഭരിക്കുന്ന പാല്‍ മില്‍മ വഴി കോവിഡ് കെയര്‍ സെന്ററുകളിലും വിതരണം ചെയ്യാം. ഇതിനുള്ള തുക സര്‍ക്കാര്‍ മില്‍മയ്ക്കു നല്‍കണം. പോഷക സമ്പുഷ്ടമായ പാല്‍ കോവിഡ് രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല.

പാലുല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു!

അധികമുള്ള പാല്‍ ഇതര സംസ്ഥാനങ്ങളിലെ ഫാക്ടറികള്‍ വഴി പാല്‍പ്പൊടിയാക്കി സൂക്ഷിക്കുകയാണ് മില്‍മ ചെയ്തുപോരുന്നത്. ഇപ്പോള്‍ തുടരുന്നതും ആ രീതിതന്നെ. ഇങ്ങനെയുണ്ടാക്കുന്ന പാല്‍പ്പൊടി വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകര്‍ക്കും മില്‍മയ്ക്കും ഒരുപോലെ ഗുണകരമാകുമെന്ന് മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് സംസ്ഥാന സമിതിയംഗവും ക്ഷീരകര്‍ഷകനുമായ പി.എസ്. അഭിലാഷ് പറയുന്നു. 35 പശുക്കളുള്ള അഭിലാഷിന് പ്രതിദിനം 200 ലീറ്ററിലധികം പാലുല്‍പാദനമുണ്ട്. വൈകുന്നേരംതന്നെ 100 ലീറ്ററിനടുത്താണ് വില്‍പനയുള്ളത്. ഉച്ചകഴിഞ്ഞുള്ള പാല്‍ സംഭരണം പൂര്‍ണമായും നിര്‍ത്തിയതോടെ പാലുല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷ്. കഴിഞ്ഞ വര്‍ഷം പാല്‍ സൗജന്യമായി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു.

തീറ്റയും പ്രതിസന്ധിയും

കുതിച്ചുയരുന്ന തീറ്റവില കര്‍ഷകര്‍ക്ക് ചില്ലറെ പ്രതിസന്ധിയൊന്നുമല്ല വരുത്തിയിരിക്കുന്നത്. തീറ്റവിലയില്‍ 150-200 രൂപയുടെ വര്‍ധനയുണ്ടായി. അതിന് ആനുപാതികമായി പാല്‍വിലയില്‍ വര്‍ധന ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തീറ്റവില വര്‍ധന കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതിനു പിന്നാലെ സംഭരണ നിയന്ത്രണംകൂടി വരുമ്പോള്‍ കര്‍ഷകരുടെ നില പരുങ്ങലിലാകും.

എന്തിന് ഒഴുക്കിക്കളയണം, പാലുല്‍പന്നങ്ങള്‍ ആക്കാമല്ലോ

കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളുടെ പ്രധാന സംഗ്രഹമാണ് എന്തിന് ഒഴുക്കിക്കളയണം, പാലുല്‍പന്നങ്ങള്‍ ആക്കാമല്ലോ എന്നത്. കര്‍ഷകര്‍ പലേടത്തും പാല്‍ ഒഴുക്കിക്കളയുന്നതിന് പലവിധ കാരണങ്ങളുണ്ട്. അതില്‍ ചിലത് ഇവിടെ പരാമര്‍ശിക്കാം.

പാല്‍ കറന്നെടുക്കാതെ കുട്ടിക്കുതന്നെ കൊടുക്കാമല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഓരോ പശുക്കിടാവും ജനിക്കുമ്പോള്‍ കുടിക്കുന്ന പാലിന്റെ അളവ് അവയുടെ ശരീരഭാരത്തിന്റെ 10 ശതമാനമാണ്. അതായത് 30 കിലോയുള്ള പശുക്കുട്ടി കുടിക്കുക 3 ലീറ്റര്‍ പാലാണ്. വളരും തോറും ഇതിന്റെ അളവില്‍ കുറവ് വരുത്തും. എന്നാല്‍, ആമാശയം സസ്യാഹാരങ്ങള്‍ ദഹിപ്പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞ് പെട്ടെന്നൊരു ദിവസം സാധാരണ അളവിലും കൂടുതല്‍ പാല്‍ കുടിച്ചാല്‍ ദഹനപ്രശ്‌നമുണ്ടാകും. അത് പിന്നീട് ആരോഗ്യക്ഷയത്തിലേക്കും മരണത്തിലേക്കും എത്താം.

പാലുല്‍പന്നങ്ങള്‍ ആക്കി സൂക്ഷിക്കാം എന്നു നിര്‍ദേശിക്കുന്നവരുമുണ്ട്. കേരളീയരുടെ ഭക്ഷണത്തില്‍ ചായ, കാപ്പി, തൈര്, മോര്, പുളിശേരി, വെണ്ണ, നെയ്യ്, പായസം, ഷെയ്ക്ക് മുതലായവയാണ് പ്രധാന പാലുല്‍പന്നങ്ങള്‍. പനീര്‍, പേട, മില്‍ക്ക്‌മെയ്ഡ് തുടങ്ങിയവയൊക്കെ വളരെ പരിമിതമായ അളവില്‍ മാത്രമാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പനീര്‍ നിര്‍മിച്ചാലും കര്‍ഷകര്‍ സ്വയം ഉപയോഗിച്ചു തീര്‍ക്കേണ്ടിവരും. കാരണം, അതിനുള്ള വിപണി കേരളത്തിലില്ല. 

ഇനി തൈരുണ്ടാക്കി വില്‍ക്കാമെന്നു കരുതിയാല്‍, പാല്‍ വാങ്ങാത്തവര്‍ തൈര് വാങ്ങുമോ? ഇനി ദിവസവും തൈര് ഉണ്ടാക്കണമെന്നുവച്ചാല്‍ കര്‍ഷകര്‍ ഓരോ ദിവസവും വലിയ പാത്രം വാങ്ങേണ്ടിവരും. അതുപോലെതന്നെയാണ് നെയ്യുണ്ടാക്കിയാലും. ഓരോന്നിനും അതിന്റേതായ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്ക് പാലുല്‍പന്നങ്ങള്‍ നിര്‍മിക്കാം. അതേസമയം, കൂടുതല്‍ പാലുല്‍പാദനമുള്ള ഫാമുകള്‍ സ്വന്തമായുള്ള കര്‍ഷകര്‍ക്ക് അത് അത്ര പ്രായോഗികമല്ല.

കമ്യൂണിറ്റി കിച്ചനുകളില്‍ കൊടുക്കാമെന്നു നിര്‍ദേശിക്കുന്നവരുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒട്ടേറെ കര്‍ഷകര്‍ തങ്ങളുടെ നഷ്ടം സഹിച്ചം കമ്യൂണിറ്റി കിച്ചനുകളില്‍ സൗജന്യമായി പാലും തൈരുമെല്ലാം വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാഹചര്യം കുറേക്കൂടി പരുങ്ങലിലാണ് ഈ വര്‍ഷം. എങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്യുന്നവരുമുണ്ട്. 

ആഗോള തലത്തില്‍ ക്ഷീരകര്‍ഷകര്‍ സ്വീകരിക്കുന്ന ഒരു സമരമുറയാണ് പാലൊഴുക്കിക്കളയുക എന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് അമേരിക്കയിലെ കര്‍ഷകരാണ് പാലൊഴുക്കുന്ന സമരമുറയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ഒട്ടേറെ സമരങ്ങള്‍... ഇന്ത്യയിലും ഏതാനും വര്‍ഷങ്ങളായി പാലൊഴുക്കിക്കളയുന്ന സമരരീതി കര്‍ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്തിന്, കഴിഞ്ഞ മാസം ജാര്‍ഗണ്ഡിലും സമാന രീതിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധം പുറംലോകം ശ്രദ്ധിച്ചുതുടങ്ങിയത് ഇത്തരം സമരരീതികളിലൂടെയായിരുന്നു. സമര ചരിത്രത്തെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

english summary:  Lockdown problems in dairy farming sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS