ADVERTISEMENT

ചെമ്പരത്തിപ്പൂവിൽനിന്നു ചായം മുതൽ ചായപ്പൊടി വരെയുള്ള സാധ്യതകളെക്കുറിച്ച് അംബ്രോസ് കൂളിയത്ത് വിശദമാക്കുമ്പോൾ ചെമ്പരത്തിപ്പൂവൊന്നെടുത്ത് ചെവിയിൽ വയ്ക്കാൻ തോന്നും. അല്‍പം മുൻപും കാഴ്ചവട്ടത്തിൽ വന്ന പൂവാണല്ലോ ചെമ്പരത്തി എന്നു ചിന്തിക്കും. കണ്ടെന്നല്ലാതെ തീരെ മൈൻഡ് ചെയ്തില്ല. എവിടെത്തിരിഞ്ഞാലും കാണുന്ന ചെടിയെ താളിച്ചെടിയായും വേലിച്ചെടിയായുമൊക്കെ അവഗണിക്കും, അത്രതന്നെ. ചെമ്പരത്തിയിൽ ഒരു സമൂഹത്തെ തന്നെ പോറ്റാനുള്ള സാധ്യത ഒളിച്ചിരിപ്പുണ്ടെന്ന് അംബ്രോസ് പറയുകയും തെളിയിക്കുകയും ചെയ്യുമ്പോൾ ഒരു നിമിഷം ആരാണ് വിഭ്രാന്തിയിലാവാത്തത്!

‘സ്വാശ്രയ വൈപ്പിൻ’ ഉൾപ്പെടെ കേരളത്തിലെ പല സാമൂഹികപ്രസ്ഥാനങ്ങളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്ന അംബ്രോസ് കൂളിയത്ത് ഇപ്പോൾ ഗാന്ധിയൻ സ്വാശ്രയ ജീവിതത്തിന്റെ ശക്തിസ്രോതസ്സുകളിലൊന്നായി ചൂണ്ടിക്കാട്ടുന്നത് ചെമ്പരത്തിപ്പൂവിനെയാണ്. പാലക്കാട് ജില്ലയിൽ ഷൊർണൂർ മുണ്ടായയിലെ പത്തേക്കർ കൃഷിയിടത്തിലെത്തിയാൽ അംബ്രോസിന്റെ ഫാർമേഴ്സ് ഷെയർ എന്ന സുസ്ഥിര ജീവിതമാതൃക പരിചയപ്പെടാം. 

ഭക്ഷ്യോൽപന്നനിർമാണം, വസ്ത്രനിർമാണം, മൺപാത്രനിർമാണം എന്നീ  മേഖലകളാണ് സ്വാശ്രയ ജീവിതത്തിനു മാര്‍ഗങ്ങളായി  ആൻഡ്രൂസ്  മുന്നോട്ടു വയ്ക്കുന്നത്. ഇവയിൽ ആദ്യ 2 മേഖലകളിലും ഏറെ പ്രാധാന്യമുണ്ട് ചെമ്പരത്തിപ്പൂവിന്.

ambros-2
ചെമ്പരത്തിയിൽനിന്ന് ഫാർമേഴ്സ് ഷെയർ തയാറാക്കുന്ന ഉൽപന്നങ്ങൾ

അഞ്ചിതൾപ്പൂവിന്റെ ആരോഗ്യമേന്മകൾ

നാട്ടുവൈദ്യത്തിൽ മുൻപ് പ്രയോജനപ്പെടുത്തിയിരുന്ന ചെമ്പരത്തിയെ എണ്ണ കാച്ചാനും താളിയാക്കാനും ഇന്ന് അപൂർവം വീട്ടമ്മമാർ ഉപയോഗിച്ചെങ്കിലായി. അതിനപ്പുറം പുതിയ കാലത്ത് ചെമ്പരത്തിയുടെ ആരോഗ്യസംരക്ഷണഗുണങ്ങൾ അധികമാരും മനസ്സിലാക്കിയിട്ടില്ല. അതേസമയം ആരോഗ്യ–ഔഷധ നിർമാണരംഗമായ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായം ചെമ്പരത്തിയുടെ മേന്മകളിൽ കണ്ണുവച്ചിട്ടുമുണ്ട്. അമിത രക്തസമ്മർദമുൾപ്പെടെയുള്ള  ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും പ്രയോജനപ്പെടുന്ന ഘടകങ്ങൾ ചെമ്പരത്തിപ്പൂവിനുള്ളതാണ് ന്യൂട്രാസ്യൂട്ടിക്കൽ സംരംഭകർ ശ്രദ്ധിക്കാൻ കാരണം. 

ചെമ്പരത്തിയെ വാണിജ്യവിളയായി കർഷകർക്കിടയിൽ പ്രചരിപ്പിക്കാൻ തമിഴ്നാട് കാർഷിക സർവകലാശാല ശ്രമം തുടങ്ങിയെന്നതും ഇതിനോടു ചേർത്തു വായിക്കാം. ഭക്ഷ്യോൽപന്ന നിർമാണവും ആരോഗ്യച്ചായ നിർമാണവുമാണ് ചെമ്പരത്തിയിൽ സർവകലാശാല കാണുന്ന  പ്രധാന സാധ്യതകൾ. ഒരേക്കറിൽ ആയിരത്തി ഇരുനൂറോളം ചെമ്പരത്തി കൃഷി ചെയ്യാമെന്നും ഒൻപതാം മാസം മുതൽ പൂക്കൾ വിളവെടുക്കാമെന്നും കണക്കുകൂട്ടൽ. 10 കിലോ പൂവിൽനിന്ന് 3 കിലോ പൊടി ലഭിക്കുമെന്നും മികച്ച വിലയിട്ട് ആരോഗ്യവിഭവമായി വിദേശ വിപണിയിൽ വിൽക്കാനാവുമെന്നും വിദഗ്ധർ.

വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്പരത്തിപ്പദ്ധതികളൊക്കെ ആ വഴിക്കു നീങ്ങട്ടെ. എവിടെ ഒടിച്ചു കുത്തിയാലും കിളിർക്കുന്ന നാട്ടുചെമ്പരത്തി പ്രയോജനപ്പെടുത്തി സാധാരണ കർഷകർക്കുപോലും മോശമല്ലാത്ത വരുമാനം നേടാനുള്ള മാതൃകയാണ് ഫാർമേഴ്സ് ഷെയർ പരിചയപ്പെടുത്തുന്നതെന്ന് അംബ്രോസ് കൂളിയത്ത് പറയുന്നു. 

ambros-1
ചെമ്പരത്തിയുടെയും ബന്ദിയുടെയും നിറങ്ങൾ മുക്കിയെടുത്ത കോറ

കോൺസൻട്രേറ്റ്, ടീ പൗഡർ, ജാം, ചെമ്പരത്തിപ്പൂവു ചേർന്ന തേൻ എന്നീ  വിഭവങ്ങളാണ് ഫാർമേഴ്സ് ഷെയര്‍ തയാറാക്കി വിൽക്കുന്നത്. ചെമ്പരത്തിപ്പൂവ് പൾപ്പാക്കി അതിൽ നാരങ്ങാനീരും പഞ്ചസാരയ്ക്കു പകരം പനംകൽക്കണ്ടവും ചേർത്ത് മരപ്പെട്ടിയിൽ അടച്ചു സൂക്ഷിച്ച് പുളിപ്പിച്ചെടുക്കും. ശേഷം, അരിച്ചെടുത്തുണ്ടാക്കുന്ന കോൺസൻട്രേറ്റുകൊണ്ടു തയാറാക്കുന്ന ലഘുപാനീയം വിപണിയിൽനിന്നു വാങ്ങുന്ന ഏതൊന്നിനെക്കാളും ആരോഗ്യകരം, ആസ്വാദ്യകരം.

നുറുക്കിയെടുത്ത ചെമ്പരത്തിപ്പൂവും കൃഷ്ണതുളസിയിലയും ഡ്രയറിൽ ഉണക്കി തയാറാക്കുന്ന ചെമ്പരത്തിച്ചായപ്പൊടിയാകട്ടെ, തേയിലയ്ക്ക് ഒന്നാന്തരം ബദൽ. ജാമും ചെമ്പരത്തി ചേർന്ന തേനുമെല്ലാം ശുദ്ധ ഭക്ഷ്യവിഭവങ്ങൾ തേടുന്നവർക്കു പ്രിയങ്കരം.

കോഴിക്കോട് ഖാദിക്കു കീഴിൽ, ഫാർമേഴ്സ് ഷെയറിൽ പ്രവർത്തിക്കുന്ന വസ്ത്രനിർമാണ യൂണിറ്റിൽ നെയ്തെടുക്കുന്ന കോറയിൽ, നിറം ചേർക്കാൻ പ്രധാനമായും പ്രയോജനപ്പെടുത്തുന്നതു ചെമ്പരത്തിപ്പൂവുതന്നെ. ഖാദിയിൽനിന്നു വാങ്ങിയ പാവുപയോഗിച്ച് നെയ്തെടുക്കുന്ന കോറ പുഴുങ്ങിയെടുക്കുന്ന ഘട്ടത്തിലാണ് നിറം ചേർക്കൽ.

പത്തേക്കർ കൃഷിയിടത്തിൽ സമൃദ്ധമായി വളർന്ന് നിറഞ്ഞു പൂവിട്ടു നിൽക്കുന്ന അഞ്ഞൂറിലേറെ  ചെമ്പരത്തിച്ചെടികൾ സ്വാശ്രയജീവിതത്തിനു നൽകുന്ന സൗന്ദര്യം കണ്ട് ആൻഡ്രൂസ് പറയുന്നു; ‘ചെറുതല്ല ചെമ്പരത്തിലോകം’.

ഫോൺ: 9048067502 

web: farmersshare.in

English summary: Importance of hibiscus plant and flowers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com