തിലാപ്പിയയ്ക്ക് 35 രൂപ ചെലവില്‍ തീറ്റ, അതും വീട്ടില്‍ത്തന്നെ: ലാഭവഴി ഇങ്ങനെയും
Mail This Article
കേരളത്തില്‍ ശുദ്ധജലമത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന മത്സ്യയിനമാണ് ഗിഫ്റ്റ് അഥവാ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ. ഉയര്‍ന്ന വളര്‍ച്ചനിരക്കും ഒരേപോലെയുള്ള വളര്‍ച്ചയും അതുപോലെതന്നെ ലളിതമായ കൃഷിരീതികളുമാണ് പ്രധാന കാരണങ്ങള്‍. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളുകളായി ഗിഫ്റ്റ് മത്സ്യങ്ങള്‍ കര്‍ഷകര്‍ക്ക് അത്ര ലാഭകരമല്ലാതായി മാറിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിലേക്കും പരിഹാരമാര്‍ഗങ്ങളിലേക്കും ഒന്നു കണ്ണോടിക്കുകയാണ്.
നല്ലയിനം കുഞ്ഞുങ്ങളുടെ അഭാവം
ഗിഫ്റ്റ് മത്സ്യക്കൃഷി കാലാവധി 6 മാസമാണ്. സാധാരണഗതിയില്‍ 6 മാസത്തിനുള്ളില്‍ ഗിഫ്റ്റ് മത്സ്യങ്ങള്‍ ശരാശരി 400 മുതല്‍ 500 വരെ ഗ്രാം തൂക്കം വയ്ക്കും. പക്ഷേ, നല്ല കുഞ്ഞുങ്ങളുടെ അഭാവവും ഓരോ കൃഷി രീതിയിലും കൃഷിചെയ്യുന്ന ടാങ്കിന്റെ വ്യാപ്തിക്ക് അനുസൃതമല്ലാത്ത കുഞ്ഞുങ്ങളുടെ നിക്ഷേപിക്കലും ഓരോ കൃഷിരീതിയിലും അവലംബിക്കേണ്ട കൃത്യമായ മാര്‍ഗങ്ങളുടെ അഭാവവുമെല്ലാം കൃഷിയുടെ ലാഭത്തെ ബാധിച്ചിട്ടുണ്ട്.
തിലാപ്പിയ ഇനങ്ങളില്‍ ഏറ്റവും വളര്‍ച്ചയുള്ളത് ഗിഫ്റ്റ് മത്സ്യങ്ങള്‍ക്കാണ്. മലേഷ്യയിലുള്ള വേള്‍ഡ്ഫിഷ് സെന്റര്‍ ആണ് ഗിഫ്റ്റ് മത്സ്യങ്ങളെ വികസിപ്പിച്ചെടുത്തത്. വേള്‍ഡ് ഫിഷ് സെന്ററുമായി ചേര്‍ന്ന് ഇന്ത്യയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ ആണ് ഗിഫ്റ്റ് മത്സ്യങ്ങളുടെ ഉല്‍പാദനവും വിപണനവും നടത്തുന്നത്. കേരളത്തില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ വല്ലാര്‍പാടത്തുള്ള മള്‍ട്ടി സ്പീഷിസ് അക്വാകള്‍ച്ചര്‍ കോംപ്ലെക്‌സില്‍നിന്നും ഏറ്റവുമധികം വളര്‍ച്ചയുള്ളതും രോഗമുക്തമായതുമായ പത്താം തലമുറയില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനു പുറമേ സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏതാനും ചില സെന്ററുകള്‍ വഴിയും ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ഇതല്ലാതെ ഒരിടത്തുനിന്നും ഒറിജിനല്‍ ഗിഫ്റ്റ് മത്സ്യങ്ങള്‍ ലഭ്യമല്ല.
ഗിഫ്റ്റ് എന്ന പേരില്‍ പലയിടത്തും മറ്റിനം തിലാപ്പിയ മത്സ്യങ്ങളെ വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. താരതമ്യേന ഗിഫ്റ്റിന്റെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് വിലക്കുറവാണെങ്കിലും കുറഞ്ഞ വളര്‍ച്ചയും രോഗങ്ങള്‍ വരാനുള്ള ഉയര്‍ന്ന സാധ്യതയും കര്‍ഷകര്‍ക്ക് ഇവയുടെ കൃഷി ലാഭകരമല്ലാതാക്കുന്നു.
ഉയര്‍ന്ന തീറ്റച്ചെലവ്
ഏതൊരു മത്സ്യക്കൃഷിയിലും മുതല്‍മുടക്കിന്റെ ഏതാണ്ട് 60 ശതമാനവും ചെലവാകുന്നത് തീറ്റയ്ക്കാണ്. ഗിഫ്റ്റ് മത്സ്യത്തിന്റെ തീറ്റയുടെ ശരാശരി വില 2 വര്‍ഷം മുന്‍പ് ഏതാണ്ട് 40-45 രൂപ ആയിരുന്നത് ഇപ്പോള്‍ ഏതാണ്ട് 60 രൂപയില്‍ എത്തിയിട്ടുണ്ട്. പക്ഷേ മത്സ്യത്തിന്റെ വില മുന്‍പ് ഉള്ളതിനേക്കാള്‍ കുറയുകയും ചെയ്തു. ഈ അവസരത്തിലാണ് ഫാമില്‍ തന്നെ ഉല്‍പാദിപ്പിക്കാവുന്ന ഗുണനിലവാരമുള്ള തീറ്റയുടെ ആവശ്യകത ഉയര്‍ന്നു വരുന്നത്. തിലാപ്പിയ മത്സ്യങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് കുറഞ്ഞത് 30 ശതമാനം പ്രോട്ടീന്‍ എങ്കിലുമുള്ള തീറ്റ ആവശ്യമാണ്. അതുകൂട്ടാതെ ഇവ വളരെ പെട്ടെന്ന് വെള്ളത്തില്‍ അലിഞ്ഞ് വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയുമരുത്. കൃത്യമായ ഫീഡ് ഫോര്‍മുലേഷനുകളിലൂടെയും കൃത്യമായ ഉല്‍പാദന രീതിയിലൂടെയും ഇങ്ങനെയുള്ള തീറ്റകള്‍ കിലോയ്ക്ക് ഏതാണ്ട് 35 രൂപയില്‍ താഴെ വിലയില്‍ ഫാമില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക
തിലാപ്പിയ മത്സ്യങ്ങള്‍ കാഴ്ചയില്‍ അത്ര ആകര്‍ഷകമല്ലാത്തതും വൃത്തിയാക്കാനുള്ള ബുദ്ധിമുട്ടും അവയുടെ വിപണനം അല്‍പം ദുഷ്‌കരമാക്കുന്നുണ്ട്. എന്നാല്‍, രുചിയിലും ഗുണത്തിലും മാംസലഭ്യതയിലും ഇവ മറ്റു പല ശുദ്ധജല മത്സ്യങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. ഇതു മനസിലാക്കി കര്‍ഷകര്‍ അവര്‍ ഉല്‍പാദിപ്പിക്കുന്ന മത്സ്യങ്ങളെ കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആക്കിമാറ്റുകയാണെങ്കില്‍ അവയുടെ വിപണനം എളുപ്പമാകുകയും ഉയര്‍ന്ന വില ലഭ്യമാകുന്നതിനും സഹായകമാകും.
മത്സ്യങ്ങളെ വൃത്തിയാക്കി പാകം ചെയ്യാനുള്ള രീതിയില്‍ ഒരു കിലോ, അര കിലോ പായ്ക്കറ്റുകളില്‍ ശീതീകരിച്ചു ലഭ്യമാക്കുന്നതുപോലും മത്സ്യങ്ങളെ അപ്പാടെ വില്‍ക്കുന്നതിനേക്കാള്‍ ഇരട്ടി വില ലഭ്യമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ തിലാപ്പിയ മത്സ്യങ്ങളില്‍നിന്നും വളരെയധികം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാവുന്നതുമാണ്. അവയില്‍ ചിലതിന്റെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഇങ്ങനെ യഥാര്‍ഥ ഗിഫ്റ്റ് മത്സ്യങ്ങളുടെ ഓരോ കൃഷിരീതിക്കും അനുയോജ്യമായ രീതിയിലുള്ള നിക്ഷേപിക്കല്‍, ഓരോ കൃഷിരീതിക്കും അനുയോജ്യമായ രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കന്‍, നല്ല നിലവാരമുള്ള മീന്‍തീറ്റകള്‍ കുറഞ്ഞ ചെലവില്‍ ഫാമില്‍ തന്നെ ഉല്‍പാദിപ്പിക്കല്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തിലാപ്പിയ മത്സ്യക്കൃഷി നല്ല രീതിയില്‍ ലാഭകരമാക്കാം.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കര്‍ഷകര്‍ക്കായുള്ള പരിശീലന പരിപരിപാടികള്‍ ഈ മാസം (മാര്‍ച്ച്) സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി(MPEDA)യുടെ കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ വല്ലാര്‍പാടം സെന്ററില്‍ ആരംഭിക്കുകയാണ്. താല്‍പര്യമുള്ളവര്‍ക്ക് പരിശീലന പരിപാടി പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0485-2975595, 7736463137.
email: mac@mpeda.gov.in
സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി ഡപ്യൂട്ടി ഡയറക്ടറും വല്ലാര്‍പാടം ആര്‍ജിസിഎ മള്‍ട്ടിസ്പീഷിസ് അക്വാകള്‍ച്ചര്‍ കോംപ്ലെക്‌സിലെ പ്രൊജക്ട് മാനേജരുമാണ് ലേഖകന്‍.
English summary: Increasing fish farm profitability through Value Added Products