ADVERTISEMENT

റബറിനൊപ്പം മറ്റു വിളകൾക്കുകൂടി പ്രാധാന്യം നൽകിയാണ് പാലക്കാട് ശ്രീകൃഷ്ണപുരത്തിനു സമീപം കടമ്പഴിപ്പുറം കുളയ്ക്കാട്ടുകുറിശി പുളിക്കത്താഴെ സ്വപ്ന ജയിംസ് തന്റെ കൃഷിയിടം ചിട്ടപ്പെടുത്തിയിരിക്കുന്നത്. റബറിന് വിലയിടിഞ്ഞപ്പോൾ മറ്റു വിളകൾക്കൂടി കൃഷിയിടത്തിൽ സ്ഥാനംപിടിക്കുകയായിരുന്നു. തെങ്ങ്, കമുക്, ജാതി, വാഴ, കിഴങ്ങിനങ്ങൾ എന്നിവയെല്ലം സ്വപ്നയുടെ കൃഷിയിടത്തിലുണ്ട്. ഭർത്താവ് ജയിംസിന്റെ പിന്തുണയും സ്വപ്നയുടെ കൃഷിവിജയത്തിന്റെ അടിത്തറയാണ്.

2018ലെ കർഷകശ്രീ പുരസ്കാര ജേതാവാണ് സ്വപ്ന. കൃഷിയിടത്തിൽ ഉൽപാദിപ്പിക്കുന്ന മിക്ക വിളകളും സ്വന്തമായി വിൽക്കുകയാണ് രീതി. കൂവയും മഞ്ഞളുമെല്ലാം പൊടിച്ച് പായ്ക്ക് ചെയ്ത് വിൽക്കുന്നു. അതുപോലെതന്നെ ജാതിക്ക ഉപയോഗിച്ചുള്ള പാനീയക്കൂട്ടും സ്വപ്ന തയാറാക്കുന്നു.

ഏപ്രിൽ ലക്കം കർഷകശ്രീ മാസികയിലേക്ക് ഒരു ഈസ്റ്റർ സ്പെഷൽ പാചകം തയാറാക്കുന്നതിനുവേണ്ടിയായിരുന്നു കർഷകശ്രീ സംഘം സ്വപ്നയുടെ വീട്ടിലെത്തിയത്. പാചകം കൂടാതെ കൃഷിയിടത്തിലെ രീതികളും സമീപനങ്ങളുമെല്ലാം സ്വപ്നയും ജയിംസും പങ്കുവച്ചു.

വീടിനോടു ചേർന്ന് ചെറിയൊരു ഔട്ട്ഹൗസ് പണിയുന്ന തിരക്കിലാണ് ഇരുവരും. ഉൽപന്നങ്ങൾ വിൽക്കുന്നതിനും സൂക്ഷിക്കുന്നതിനുംവേണ്ടിയാണ് ഈ ഔട്ട്ഹൗസ് എങ്കിലും മറ്റൊരു ഉദ്ദേശ്യംകൂടി ഇതിനു പിന്നിലുണ്ട്. ഇതുവരെ സ്വപ്നയ്ക്കു ലഭിച്ച പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളുമെല്ലാം ഇനി ഇവിടേക്ക് മാറും.

വീടിനോടു ചേർന്ന് പ്രധാനമായും ഫലവൃക്ഷങ്ങളാണ് നട്ടിരിക്കുക. മാവ്, പ്ലാവ്, ബറാബ, മരമുന്തിരി, റംബുട്ടാൻ എന്നിവയെല്ലാം വളർച്ചയുടെ പല ഘട്ടങ്ങളിലാണ്. 

മാലിന്യസംസ്കരണത്തിന് തുമ്പൂർമുഴി സംവിധാനം

മാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വീടിനു പിന്നിലായി രണ്ടു വശത്തും ഓരോ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റിങ് യൂണിറ്റ് നിർമിച്ചിരിക്കുന്നു. നാല് അടി നീളവും വീതിയും ഉയരവുമുള്ള യൂണിറ്റിൽ മഴയിൽനിന്ന് സംരക്ഷിക്കാൻ മേൽക്കൂര നൽകിയിട്ടുണ്ട്. വീട്ടിലെ അവശിഷ്ടങ്ങളെല്ലാം ഇതിലേക്ക് നിക്ഷേപിക്കും. ഒപ്പം ചാണകവെള്ളം നൽകുകയും ചെയ്യും. ഒന്ന് നിറയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് പ്രവർത്തനം.

ചെല്ലിയെ തുരത്താൻ പിണ്ണാക്ക്

പൊള്ളാച്ചിയിലെ തോട്ടങ്ങളിൽ കണ്ട രീതിയിൽ ഒരു കീടക്കെണി ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറിയ വീപ്പയിൽ ആവണക്കുംപിണ്ണാക്ക്, ചാണകം, ശർക്കര എന്നിവ വെള്ളം ചേർത്ത് തയാറാക്കിയ മിശ്രിതം വച്ചിരിക്കുന്നു. ഇതിന്റെ ഗന്ധം പിടിച്ച് ചെല്ലികൾ വീപ്പയിൽവന്നുവീണ് ചത്തുപോകുന്നു. ഈ മിശ്രിതത്തിന് മണമുള്ളതിനാൽ കാട്ടുപന്നികളിൽനിന്ന് വിളകളെ സംരക്ഷിക്കാൻ കഴിയുമെന്നു ജയിംസ്. വീപ്പ മഴ നനയാതെ സൂക്ഷിക്കുകയും വേണം.

swapna-james-3

ആസൂത്രണമികവിൽ സമ്മിശ്രക്കൃഷി

തെങ്ങ്, ജാതി, കമുക് എന്നിവ പ്രധാനമായും ഒപ്പം വാഴ, മഞ്ഞൾ, കൂവ എന്നിവയും കൃഷിചെയ്തിരിക്കുന്ന കൃഷിയിടം ആസൂത്രണത്തിന്റെ പാടവം വ്യക്തമാക്കിത്തരുന്നു. പുഴയുടെ തീരത്തുള്ള ഇവിടെ സ്പ്രിംഗ്ലർ ഉപയോഗിച്ചാണ് നന. മൊബൈൽ ആപ് വഴിയാണ് നനയുടെ നിയന്ത്രണം. അതുകൊണ്ടുതന്നെ ചൂട് കാലാവസ്ഥയിലും നല്ല പച്ചപ്പും തണുപ്പും ഈ കൃഷിയിടത്തിലുണ്ട്. 

കാസർകോടൻ ഇനത്തിൽപ്പെട്ട കമുകുകൾ മികച്ച വിളവ് നൽകി നിൽക്കുന്നു. ഇവ കച്ചവടക്കാർക്ക് പാട്ടത്തിന് നൽകുകയാണ് ചെയ്യുക. ഇത്തവണ 8 ലക്ഷം രൂപയുടെ അടയ്ക്ക ഇവിടെനിന്ന് വിറ്റു. മികച്ച കായ്ഫലമുള്ള 150ൽപ്പരം ജാതിമരങ്ങൾ ഇവിടെയുണ്ട്. 7 ലക്ഷം രൂപയുടെ വരുമാനം ഇതിൽനിന്നു കിട്ടുന്നു. വിളവെടുപ്പും ഉണക്കലുമെല്ലാം സ്വന്തമായിത്തന്നെ ചെയ്യുന്നു. ഇതിനായി രണ്ടു ഡ്രയറുകളും വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.

വ്യത്യസ്ത ഇനത്തിൽപ്പെട്ട തെങ്ങുകളുണ്ടെങ്കിലും കുറ്റ്യാടി ഇനം തെങ്ങാണ് മെച്ചമെന്ന് സ്വപ്ന. കായ്കാൻ അൽപം താമസിക്കുമെങ്കിലും ഉൽപാദനത്തിലും രോഗകീട പ്രതിരോധശേഷിക്കും ഇതാണ് ഉത്തമം. ശരാശരി 120 തേങ്ങ ലഭിക്കുന്നുണ്ട്.

സാഹചര്യം അനുസരിച്ചാണ് തേങ്ങയുടെ വിൽപന. വേനൽക്കാലത്ത് കരിക്കായി വിൽക്കുന്നു. ഒരു കരിക്കിന് 20 രൂപ ലഭിക്കും. കൂടാതെ ഡിമാൻഡ് ഉള്ളപ്പോൾ തേങ്ങയായും ഒപ്പം വെളിച്ചെണ്ണയാക്കിയും വിൽക്കും. തേങ്ങ ഉണങ്ങുന്നതും ഡ്രയറിലാണ്. നല്ല തെങ്ങുകളുടെ തേങ്ങ ഉപയോഗിച്ച് വർഷം 400–500 തൈകൾ ഉൽപാദിപ്പിച്ചു വിൽക്കുന്നു.

തോട്ടത്തിലെ ഒരു മരം നശിച്ചാൽ അവിടെ വീണ്ടും തൈ വയ്ക്കും. സമ്മിശ്രത്തോട്ടത്തിൽ അങ്ങനെയൊരു ഗുണമുണ്ടെന്നു ജയിംസ്. തെങ്ങ്, കമുക്, ജാതി എന്നിവയിൽനിന്നുമാത്രം വർഷം 20 ലക്ഷം രൂപ അറ്റാദായം ലഭിക്കുന്നുണ്ട്. റബറിന്റെ വരുമാനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

swapna-james-2

ജലം സംഭരിക്കുന്ന റബർത്തോട്ടം

ചിട്ടയായി ക്രമീകരിച്ചിരിക്കുന്ന 3000 മരങ്ങളോളമുള്ള റബർത്തോട്ടമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. കളകൾ വെട്ടി തോട്ടം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മൂന്നേക്കർ വീതം തോട്ടത്തിൽ ഇടവിളയായി കാപ്പിയും കൊക്കോയും നട്ടിട്ടുണ്ട്.

ഓരോ റബറിന്റെയും ചുവട്ടിൽ പ്ലാറ്റ്ഫോം പിന്നിലേക്കു ചെരിച്ച് വെട്ടിയിരിക്കുന്നു. ഇത് വെള്ളം പിടിച്ചുനിർത്താൻ സഹായിക്കുന്നുവെന്ന് ജയിംസ്. റബർത്തോട്ടത്തിൽ വീഴുന്ന വെള്ളം പൂർണമായും ഇവിടെത്തന്ന താഴുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തോട്ടത്തിലെ കിണറിൽ വറ്റാത്ത വെള്ളമുണ്ട്. അടുത്തിടെ ഒരു കുഴൽക്കിണർ കുത്തിയെങ്കിലും വെള്ളംവരവ് ശക്തമായതിനാൽ 120 അടിക്കുമുകളിൽ താഴ്ത്താൻ കഴിഞ്ഞില്ലെന്നും ജയിംസ്. 

swapna-james-4

പുതുവിളയായി മുള

ഏതാനും ചുവട് ലാത്തിമുള എന്ന ഇനം നട്ടുപിടിപ്പിച്ചിട്ടുണ്ട്. നല്ല ഉയരത്തിൽ വളരുന്ന ഈ ഇനം മുളയ്ക്ക് മുള്ളുകൾ ഇല്ല എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ വെട്ടിയെടുക്കാൻ എളുപ്പമാണ്. കാര്യമായ പരിചരണമോ വളമോ ആവശ്യമില്ല. ജലസേചനവും വേണ്ട. ഇളം പ്രായത്തിൽ വണ്ണമുള്ള ഓരോ മുളംതണ്ടും മൂന്നു വർഷം പ്രായത്തിലെത്തുമ്പോൾ വണ്ണം കുറഞ്ഞ് വടിപോലെയാകും. തോട്ടിയായി ഉപയോഗിക്കാൻ കഴിയുന്ന ഇനവുമാണ്. ഇതിന്റെ തൈകൾ വിൽക്കാനും ഇരുവർക്കും പദ്ധതിയുണ്ട്. ഒരു തൈക്ക് 250 രൂപ വിലയുണ്ടെന്നും ജയിംസ്.

വളത്തിന് വെച്ചൂർ

കൃഷിയാവശ്യങ്ങൾക്കുള്ള വളത്തിനായി വെച്ചൂർപ്പശുക്കളെ വളർത്തുന്നു. വീട്ടിലേക്കാവശ്യമായ പാലും ഇതിലൂടെ ലഭിക്കും. ഏതാനും ആടുകളും ഇവിടെയുണ്ട്. നാടൻ ഇനങ്ങളാണ് വളർത്തുന്നത്. സർക്കാർ സ്കീമുകൾ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറെയെന്ന് സ്വപ്ന. കൂടിന് അടിയിൽ അറക്കപ്പൊടി നിരത്തി 2 ആഴ്ച കൂടുമ്പോൾ വാരിയെടുക്കുന്നു. ഇത് മികച്ച വളമാണ്.

ഫോൺ: 9446369247

English summary: Farm Tour with Karshakasree Award Winner Swapna James

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com