ADVERTISEMENT

ചക്കയിൽനിന്നുള്ള പ്രാഥമിക വിഭവങ്ങൾക്ക് (ചക്കപ്പുഴുക്ക്, ചക്കപ്പഴം എന്നിങ്ങനെ) പുതുതലമുറയുടെ ഇടയിൽ സ്വീകാര്യത കുറവാണ്. അതുകൊണ്ടുതന്നെ ചക്കപ്പൊടി, വാക്വം ഫ്രൈഡ് ചിപ്സ്, സാലഡുകളിൽ ചേർക്കാവുന്ന ചക്കക്കുരുപ്പൊടി, ഇടിച്ചക്കകൊണ്ടുള്ള വീഗൻ മീറ്റ് തുടങ്ങി ആരോഗ്യമേന്മകളുടെ പിൻബലത്തോടെയെത്തുന്ന രണ്ടാം തലമുറ മൂല്യവർധിത ഉൽപന്നങ്ങളിലാണ് പുതുസംരംഭകരുടെ ശ്രദ്ധ. എന്നാൽ കപ്പയുടെ സ്ഥിതി വ്യത്യസ്തമാണ്. കപ്പപ്പുഴുക്ക് നമ്മുടെ പുതുതലമുറയ്ക്കും പ്രിയങ്കരം. തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽവരെ കപ്പയ്ക്ക് ഇടം ലഭിക്കുന്നതും ശിതീകരിച്ച പച്ചക്കപ്പയു ടെ കയറ്റുമതി ഈയിടെ വലിയ തോതിൽ വർധിച്ചതും അതുകൊണ്ടുതന്നെ.

കപ്പയ്ക്ക് ഇക്കൊല്ലം കിലോയ്ക്ക്  35 രൂപ വരെ ലഭിച്ച കർഷകരുണ്ട്. ഉപഭോക്താവിന് കിലോയ്ക്ക്  50–60 രൂപ വരെ മുടക്കി ഒരു കിലോ കപ്പ വാണ്ടേണ്ട സ്ഥിതിവന്നു. ഏതായാലും കപ്പക്കർഷകര്‍ക്ക്  ഇക്കൊല്ലം ലഭിച്ചത് ബമ്പർ വില. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് കിലോയ്ക്ക്  4–5 രൂപയിലേക്കു കപ്പവില ഇടിഞ്ഞിരുന്നു. അവർക്കു നഷ്ടം നികത്താനുള്ള അവസരമായി ഇക്കൊല്ലത്തെ വില.

കുറഞ്ഞ കൃഷിച്ചെലവും ഉയർന്ന ലാഭവും തന്നെ കപ്പക്കൃഷിയുടെ ആകർഷണം. ഏക്കറിന് ഏറ്റവും കുറഞ്ഞത് 10 ടൺ വിളവു ലഭിക്കുകയും കിലോയ്ക്ക് ശരാശരി 25 രൂപ വില കണക്കാക്കുകയും ചെയ്താൽ തന്നെ രണ്ടര ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നു കർഷകർ. നിലമൊരുക്കൽ, 2 തവണ കളയെടുക്കൽ, 2 തവണ വളപ്രയോഗം. പാട്ടഭൂമിയിലാണ് കൃഷിയെങ്കിൽ ഏക്കറിന് ശരാശരി 15,000 രൂപ എന്നീ ചെലവുകളെല്ലാം വരുമാനത്തിന്റെ മുന്നിലൊന്നിനു താഴെ നിൽക്കും. ലഘുപരിപാലനം മതിയെന്നതും കൂടിയാല്‍ 10 മാസംകൊണ്ട് കൃഷി തീരുമെന്നതും നടിൽവസ്തുവിന് ഒരു രൂപ പോലും മുടക്കേണ്ടി വരില്ല എന്നതും കപ്പക്കൃഷിയുടെ മെച്ചമാണ്. . കപ്പ വില കിലോയ്ക്കു 15 രൂപയായാൽ തന്നെ ലാഭകരമെന്ന് കർഷകർ പറയുന്നത് ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്.

Tapioca Food

കടൽ കടന്ന് കപ്പ

പച്ചക്കപ്പയ്ക്ക് പ്രാദേശിക വിപണിക്കൊപ്പം കയറ്റുമതിവിപണിയും തുറന്നുകിട്ടുന്നു എന്നതാണ് കപ്പക്കൃഷിക്ക് ഇപ്പോഴുണ്ടായ മെച്ചം. മലയാളികൾ പാർക്കുന്ന ഭൂഖണ്ഡങ്ങളിലേക്കെല്ലാം ഇന്ന് പച്ചക്കപ്പ (ഫ്രോസൻ കപ്പ) കേരളത്തിൽനിന്നു കയറ്റിപ്പോകുന്നു. വർഷംതോറും തോത് കൂടുന്നുമുണ്ട്. കിലോയ്ക്ക് ശരാ ശരി 30 രൂപ നൽകിയാണ് നിലവിൽ കയറ്റുമതിക്കാർ സംഭരിക്കുന്നത്. കിലോയ്ക്ക്  20–22 രൂപയ്ക്ക്  തമിഴ്നാട്ടിൽനിന്ന് കപ്പ സംഭരിക്കാനാവുമെന്ന് കയറ്റുമതിക്കാർക്കായി  കപ്പ സംഭരിക്കുന്നവർ പറയുന്നു. എന്നാൽ തമിഴ്നാടൻ കപ്പയോട് കയറ്റുമതിക്കാർക്കു പൊതുവെ താൽപര്യമില്ല. കേരളത്തിൽ വിളയുന്ന കപ്പയുടെ രുചിയും പാചകഗുണവും അതിനില്ലത്രെ. വിദേശ മലയാളിക്കും പ്രിയം മലയാളി കപ്പ തന്നെ. ഇതും  കേരളത്തിലെ കപ്പക്കൃഷിക്ക് അനുകൂലം. 

പച്ചക്കപ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉണക്കു കപ്പയുടെ വിപണി തുലോം തുച്ഛം. പാരമ്പര്യ വിഭവം എന്ന നിലയിൽ നിശ്ചിത വിപണിയുണ്ടെന്നതു ശരിതന്നെ. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരിൽ നല്ല പങ്കും ഈ   മൂല്യവർധന വലിയ നേട്ടമായി കാണുന്നില്ല. അതേസമയം കപ്പ ചിപ്സിന് നാട്ടിലും വിദേശത്തും വിപണി വളരുന്നുണ്ട്.

കള്ളുഷാപ്പുകളും തട്ടുകടകളും ബാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുമെല്ലാം അടഞ്ഞു കിടന്നതാണ് കോവിഡ് കാലത്ത് കപ്പവിപണിയെ തകർത്തത്.  ഒപ്പം 2020 കോവിഡ് കാലത്ത് വീട്ടിലിരുന്നവർ എളുപ്പക്കൃഷി എന്ന നിലയിൽ കപ്പയിൽ കൈവച്ചത് അധികോൽപാദനത്തിനും വഴിവച്ചു. കോവിഡ് കാലം പിന്നിട്ടതോടെ നേരമ്പോക്ക് കൃഷിക്കാർ കളം വിട്ടു. അതേസമയം കപ്പ വിഭവങ്ങളുടെ വിപണനകേന്ദ്രങ്ങള്‍ വീണ്ടും  സജീവമായി. അതുകൊണ്ടുതന്നെ കപ്പവില ഇനിയങ്ങോട്ട് ശരാശരി 15 രൂപയിൽ താഴെപ്പോകില്ലെന്ന പ്രതീക്ഷയിലാണ് കർഷകരെല്ലാം. ഇപ്പോൾ കിട്ടുന്ന ഉയർന്ന വില എക്കാലത്തും നിലനിൽക്കു മെന്നും ആരും കരുതുന്നില്ല.  ഇപ്പോഴത്തെ ഉയർന്ന വില കണ്ട് കപ്പക്കൃഷിയിലേക്ക് എടുത്തു ചാടരുതെന്ന് അർഥം. കിലോയ്ക്ക് 15 രൂപയെന്ന വിലയിൽ തൃപ്തിയുള്ളവർക്ക് വരികയുമാകാം. സമീപകാലത്തായി കപ്പയ്ക്കു ഫംഗസ് ബാധപോലുള്ള വെല്ലുവിളികളുണ്ടെന്നതും ശ്രദ്ധിക്കണം.

English summary: Present situation and future potential of Cassava in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com