ADVERTISEMENT

ശൈത്യം ശക്തിയാർജിച്ചതോടെ തോട്ടം മേഖലയിൽ കൊളുന്തുനുള്ള്‌ മന്ദഗതിയിലേക്ക്. മഞ്ഞുവീഴ്‌ച കനത്താൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. രാത്രിയിലെ കൊടും തണുപ്പും പകൽ വെയിലും മാറി മറിയുന്നതിനാൽ കൊളുന്തിന്റെ ഗുണനിലവാരത്തെയും അത്‌ ബാധിക്കും. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. ഉൽപാദന രംഗം ശോഷിപ്പിലേക്കു തിരിയുകയാണെങ്കിലും തേയില വില ഉയരാനുള്ള സാധ്യതകൾക്ക്‌ തൽക്കാലം മങ്ങലേറ്റു.  

നവംമ്പർ രണ്ടാം പകുതിയിലും ഡിസംബറിലും തോട്ടങ്ങളിൽ കൊളുന്തുനുള്ള്‌ കുറയുക പതിവാണ്‌. അതുകൊണ്ടു തന്നെ ഇറക്കുമതി രാജ്യങ്ങളും വർഷാന്ത്യത്തിൽ ലേല കേന്ദ്രങ്ങളിൽനിന്നുള്ള ചരക്കു സംഭരണത്തിൽ കുറവ്‌ വരുത്താറുണ്ട്‌. എന്നാൽ ഇക്കുറി വിദേശ ബയ്യർമാർ പതിവിലും അൽപം നേരത്തെ രംഗം വിട്ടത്‌ എസ്‌റ്റേറ്റുകളുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിക്കുന്നു. 

കൊച്ചി ലേലത്തിൽ ഇല തേയില വിഭാഗത്തിൽ ഓർത്തഡോക്‌സിന്‌ കിലോ ആറ്‌ രൂപ ഒറ്റ ആഴ്‌ചയിൽ കുറഞ്ഞ്‌ കിലോ 175 രൂപ റേഞ്ചിലേക്ക്‌ താഴ്‌ന്നു. സിറ്റിസി ഇനങ്ങൾക്ക്‌ കിലോ രണ്ടു മുതൽ നാലു വരെ രൂപ താഴ്‌ന്ന്‌ 135ലേക്ക്‌ അടുത്തു. ഇതിനിടെ ലേലത്തിന്‌ എത്തുന്ന ചരക്കിൽ 20 ശതമാനം വരെ വിറ്റഴിക്കാനാവാത്ത സ്ഥിതിയും സംജാതമായി. 

വാങ്ങൽ താൽപര്യം ചുരുങ്ങിയ സാഹചര്യത്തിൽ തോട്ടങ്ങൾ ചരക്കുനീക്കം നിയന്ത്രിച്ച്‌ വിലത്തകർച്ചയെ തടയാൻ മുന്നിലുള്ള ആഴ്‌ചകളിൽ ശ്രമം നടത്താം. ദക്ഷിണേന്ത്യയിൽ മാത്രമല്ല, വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളിലും തണുപ്പിനെത്തുടർന്ന്‌ ഉൽപാദനം കുറഞ്ഞു. മികച്ചയിനങ്ങളുടെ ലഭ്യത ലേലത്തിൽ ചുരുങ്ങിയെങ്കിലും ഇത്‌ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കിയില്ല. 

ഒരു വശത്ത്‌ പണപ്പെരുപ്പം യൂറോപ്യൻ രാജ്യങ്ങളെ കടുത്ത മാന്ദ്യത്തിന്റെ പിടിയിലാക്കുമോയെന്ന ഭീതി തലയുയർത്തുന്നു. യുദ്ധം തുടരുന്നതിനാൽ റഷ്യയും യുക്രെയ്‌നും തേയില സംഭരണത്തിൽ തണുപ്പൻ മനോഭാവമാണ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌. നേരത്തെ ഇരു രാജ്യങ്ങളും സംഘർഷാവസ്ഥയ്‌ക്ക്‌ ഇടയിലും വൻതോതിൽ ചരക്ക്‌ ഇന്ത്യയിൽ നിന്നും ഇറക്കുമതി നടത്തിയിരുന്നു. ഇറാനും തേയില ലേലത്തിൽ നിന്നും പിന്നോക്കം വലിയുന്നത്‌ കണക്കിലെടുത്താൽ ജനുവരി മധ്യം വരെ ലേല കേന്ദ്രങ്ങളിൽ ഇടപാടുകാരുടെ വീറും വാശിയും ഒന്നും ദൃശ്യമാവില്ല. 

ഇത്‌ ഇല, പൊടി തേയില വിലകളെ സ്വാധീനിക്കാമെങ്കിലും കയറ്റുമതി ഓർഡറുകളുടെ അഭാവം മറയാക്കി നിരക്ക്‌ കൂടുതൽ ഇടിയാൻ സാധ്യതയില്ല. എന്നാൽ ആഭ്യന്തര കമ്പനികൾക്ക്‌ ലേലത്തിലെ മത്സരം കുറയുന്നതിനാൽ താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ ശേഖരിക്കാൻ അവസരം ലഭിക്കും. അതായത്‌ ക്രിസ്‌മസ്‌ വരെ മുന്നിലുള്ള നാലാഴ്‌ചകളിൽ കുതിപ്പിനുള്ള സാധ്യതകൾക്ക്‌ മങ്ങലേൽക്കും. 

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം രണ്ടാഴ്‌ചയായി 81.60 റേഞ്ചിൽ സ്‌റ്റെഡിയായി നീങ്ങുന്നത്‌ കയറ്റുമതി മേഖലയിൽ കാര്യമായ പ്രതിന്ധികൾ ഉളവാക്കുന്നില്ല. അതേസമയം അയൽ രാജ്യമായ ശ്രീലങ്കൻ നാണയം രൂക്ഷമായ മൂല്യത്തകർച്ചയിലൂടെ ഇഴഞ്ഞ്‌ നീങ്ങുകയാണെങ്കിലും അവർ തേയില കയറ്റുമതി രംഗത്തെ നഷ്‌ടങ്ങൾ തിരിച്ചു പിടിക്കാനുള്ള അണിയറ പ്രവർത്തങ്ങളിൽ മുഴുകി. ഡോളറുമായുള്ള വിനിമയത്തിൽ ശ്രീലങ്കൻ നാണയത്തിന്റെ മൂല്യം 368 ലേക്ക്‌ ഇടിഞ്ഞത്‌ ഇറക്കുമതി രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണത്തെ ബാധിച്ചു. ആഭ്യന്തര വില കുറച്ച്‌ വിദേശ ഓർഡറുകൾ കൈപ്പിടിയിൽ ഒതുക്കാനുള്ള തന്ത്രങ്ങർ മെനയുകയാണവർ.  

റബർ

ചെറിയൊരു ഇടവേളയ്‌ക്കു ശേഷം സംസ്ഥാനത്ത്‌ മഴ വീണ്ടും സജീവമായി. ചക്രവാതച്ചുഴിയെ തുടർന്നുള്ള മഴ ബുധനാഴ്‌ച വരെ തുടരാം. പല ഭാഗങ്ങളിലും രാത്രി മഴ ശക്തമായത്‌ ഉൽപാദകരെ പുലർച്ചെ റബർ ടാപ്പിങിൽ നിന്നും പിന്തിരിയാൻ നിർബന്ധിതരാക്കി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും റബർ വെട്ട്‌ സ്‌തംഭിക്കാൻ ഇടയുള്ളതിനാൽ വിപണികളിലേക്കുള്ള ലാറ്റക്‌സ്‌ നീക്കം ചുരുങ്ങാം. കഴിഞ്ഞവാരം കിലോ 78 രൂപയായി താഴ്‌ന്ന ലാറ്റക്‌സ്‌ പിന്നീട്‌ 85 ലേക്ക്‌ തിരിച്ചുവരവ്‌ നടത്തി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താൽ വാരമധ്യം വരെ ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്കുനീക്കം കുറയാം.  

ചൈനയുടെ പല ഭാഗങ്ങളും കൊവിഡ്‌ മൂലം ലോക്‌ഡൗണിലായതോടെ വ്യവസായികൾ രാജ്യാന്തര റബർ വിപണിയിൽ നിന്നുള്ള  സംഭരണം കുറച്ചത്‌ ഉൽപാദന രാജ്യങ്ങളിൽ ഷീറ്റ്‌ വിലയെ ബാധിച്ചു. ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ചരക്ക്‌ കിലോ 126 രൂപയായി താഴ്‌ന്നു. ഇതിനിടയിൽ ക്രൂഡ്‌ ഓയിൽ സംഭരണം ചൈന നിയന്ത്രിച്ചത്‌ അന്താരാഷ്‌ട്ര മാർക്കറ്റിൽ എണ്ണ വിലയെ തണുപ്പിച്ചു. മാസാരംഭത്തെ അപേക്ഷിച്ച്‌ വീപ്പയ്‌ക്ക്‌ 20 ഡോളർ ഇതിനകം ഇടിഞ്ഞ്‌ 75 ഡോളറായി. ചൈന ആഗോള വിപണിയിൽ തിരിച്ചെത്താൻ വൈകിയാൽ അത്‌ എണ്ണയെ കൂടുതൽ സമ്മർദ്ദത്തിലാക്കാം. ക്രൂഡ്‌ മാർക്കറ്റിലെ സ്‌പന്ദനം കൃത്രിമ റബർ വിലയിൽ പ്രതിഫലിക്കാം.  

നാളികേരം

കൊപ്ര ആറ്‌ മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും ക്വിന്റലിന്‌ 9000 രൂപയിലേക്ക്‌ തിരിച്ചു വരവ്‌ കാഴ്‌ചവച്ചു. പച്ചത്തേങ്ങയ്‌ക്ക്‌ പ്രദേശിക ആവശ്യം ഉയർന്നത്‌ കണ്ട്‌ ചെറുകിട കർഷകർ തേങ്ങാ വെട്ടിന്‌ ഉത്സാഹിക്കാതെ ഉൽപ്പന്നം തേങ്ങയായി തന്നെ വിറ്റഴിക്കുകയാണ്‌. കൊപ്ര ഉൽപാദനം കുറഞ്ഞതോടെ വില 7400ൽനിന്നും 9000ലേക്ക്‌ തിരിച്ചു വരവ്‌ നടത്തി. മാസാരംഭ ഡിമാൻഡ് വെളിച്ചെണ്ണ വിൽപ്പന ഉയർത്തിയാൽ മില്ലുകാർ കൂടിയ വിലയ്‌ക്ക്‌ കൊപ്ര ശേഖരിക്കാൻ ഉത്സാഹിക്കുമെങ്കിലും 9400 ൽ താൽക്കാലികമായി തടസം നേരിടാം.  

English summary: Commodity Markets Review November 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com