ADVERTISEMENT

‘ഹൈടെക് തൊഴുത്തു വേണോ, വരുമാനം വേണോ?’, സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ മികച്ച ക്ഷീര കർഷകനുള്ള 2021ലെ പുരസ്കാരം നേടിയ ഇടുക്കി ഉടുമ്പന്നൂർ കുർമുളാനിയിൽ കെ.ബി.ഷൈൻ ചോദിക്കുന്നു. ചെറുകിട–ഇടത്തരം ഡെയറി സംരംഭങ്ങൾക്കു തുനിയുന്നവരോടാണ് ഷൈനിന്റെ ചോദ്യം. പശുക്കളെ വളർത്തി മികച്ച വരുമാനമാണു ലക്ഷ്യമിടുന്നതെങ്കിൽ ‘ഹൈടെക് ഗമ’യ്ക്കായുള്ള ധൂർത്ത് ഒഴിവാക്കണമെന്നു ഷൈൻ. എന്നു കരുതി പശുവിനെ പ്രാകൃതമായ സാഹചര്യത്തിൽ പാർപ്പിക്കണമെന്നല്ല, ലളിതവും ആരോഗ്യകരവുമായ സാഹചര്യം ഉറപ്പാക്കുകയാണ് പ്രധാനം. തൊഴുത്തു മോടിപിടിപ്പിക്കാനും ഹൈടെക് കാഴ്ചകളൊരുക്കാനും ചെലവിടുന്ന പണം പശുവിന്റെ ആരോഗ്യസംരക്ഷണത്തിനു മുടക്കിയാൽ നേട്ടം വരുമാനത്തിൽ പ്രതിഫലിക്കുമെന്നു ഷൈൻ. ഇരുനൂറോളം കറവപ്പശുക്കളും ദിവസം ശരാശരി 2700 ലീറ്റർ പാലുൽപാദനവുമുള്ള ഫാമിലിരുന്ന് ഷൈൻ നയം വ്യക്തമാക്കുന്നു.  

ഉടുമ്പന്നൂർ പഞ്ചായത്തിൽ മൂന്നു സ്ഥലത്തായാണ് ഷൈനിന്റെ ഫാം. പശുക്കളിൽ നല്ല പങ്കും സ്വന്തം പുരയിടത്തിലെ ഫാമിൽതന്നെ. ബാക്കി, വാടകയ്ക്കെടുത്ത രണ്ടിടങ്ങളിൽ. പശുക്കള്‍ ആകെ ഇരുനൂറ്റമ്പതോളം. 200ന് അടുത്തുണ്ട് കറവപ്പശുക്കള്‍. ജഴ്സിയും എച്ച്എഫും ഇനങ്ങൾ. നല്ല പങ്കും എച്ച്എഫ് തന്നെ. പ്രതിദിനം 45 ലീറ്റർവരെ ഉൽപാദനമുള്ളവയുണ്ട് കൂട്ടത്തിൽ. ഉയർന്ന ഉൽപാദനമുള്ള ഒന്നോ രണ്ടോ പശുക്കളല്ല, മറിച്ച് മൊത്തം പശുക്കളുടെ ശരാശരി ഉൽപാദനമാണ് സംരംഭത്തിന്റെ വിജയം നിർണയിക്കുകയെന്ന് ഷൈൻ. 13–15 ലീറ്ററാണ് ഒരു പശുവിന്റെ ശരാശരി ഉൽപാദനം. ഈ ഉൽപാദന ശരാശരി വർഷം മുഴുവൻ നിലനിൽക്കുന്ന രീതിയിലാണ് ചെനയും പ്രസവവും ക്രമീകരിച്ചിരിക്കുന്നത്. 10 ലീറ്ററിലും താഴെയാണ് ഫാമിന്റെ ഉൽപാദന ശരാശരിയെങ്കിൽ സംരംഭം നഷ്ടമാകുമെന്നും ഷൈൻ. 

തൊഴുത്തിലല്ല കാര്യം 

വർഷങ്ങൾകൊണ്ട് പടിപടിയായാണ് ഇന്നത്തെ ഇരുനൂറിലധികം പശുക്കളിലേക്ക് ഷൈൻ എത്തുന്നത്.  പശുക്കൾ പാർക്കുന്നതുതന്നെ പല കാലങ്ങളിൽ പണിത ചെറുതും വലുതുമായ തൊഴുത്തുകളിൽ. വൃത്തിയും വെടിപ്പും വായുസഞ്ചാരവുമുള്ള തൊഴുത്ത് എന്നതിനപ്പുറം മോടികൂട്ടലൊന്നുമില്ല. മുൻപുണ്ടായിരുന്ന ഓട്ടമാറ്റിക് ഡ്രിങ്കർ സംവിധാനംപോലും ഇടയ്ക്കിടെ കേടു വരുന്നതു കാരണം ഈയിടെ ഒഴിവാക്കി. പകരം പുൽത്തൊട്ടിയിലൂടെ നിശ്ചിത ഇടവേളകളിൽ കുടിവെള്ളം നൽകുന്ന സാധാരണ രീതി മതിയെന്നു വച്ചു. ചാണകവും മൂത്രവും കെട്ടിക്കിടക്കാതെ സദാ വൃത്തിയായി പരിപാലിക്കുന്നതിനാൽ തൊഴുത്തിൽ ദുർഗന്ധവും ഈച്ച–കൊതുക് ശല്യവും തീരെക്കുറവ്. ചാണകം നിരത്തിയിട്ട് ഉണക്കാൻ യുവി ഷീറ്റ് മേൽക്കൂരയോടു കൂടിയ ഷെഡ് പണിതിരിക്കുന്നു. ചാണകക്കുഴിയെക്കാൾ സൗകര്യം ഷെഡ്തന്നെ. യുവി ഷീറ്റിന്റെ ചൂടിൽ ചാണകം വേഗം ഉണങ്ങും. വർഷത്തിലും മഴനനയാതെ ചാണകം സൂക്ഷിക്കാം. ചാണക്കുഴിയെങ്കിൽ, കോരിയെടുക്കലൊക്കെ കഷ്ടപ്പാടും അധികച്ചെലവും തന്നെയെന്നു ഷൈൻ. പിക്കപ്പ് ഒന്നിന് 1750 രൂപയ്ക്കാണ് ചാണകവിൽപന. കൃഷിക്കാർ ഏറെയുള്ള നാട്ടിന്‍പുറമായതിനാൽ നല്ല ഡിമാൻഡുണ്ട്.  അനുബന്ധ വരുമാനമാണത്. അതത്ര കുറഞ്ഞ തുകയുമല്ല.

shine-2

തെറ്റില്ലാതെ തീറ്റ 

ഫാം തുടങ്ങുന്നവർ സ്വാഭാവികമായും തീറ്റപ്പുല്ലുകൃഷിയും തുടങ്ങും. പശുക്കളുടെ എണ്ണം കൂടുന്നതനുസരിച്ച് കൃഷിവിസ്തൃതി  വർധിപ്പിക്കേണ്ടി വരും. ‘തീറ്റപ്പുല്ലുകൃഷി നല്ല കാര്യം തന്നെ, എന്നാൽ ഫാമിന്റെ ചുറ്റുവട്ടത്തിലല്ല കൃഷിയെങ്കിൽ നഷ്ടക്കൃഷിയാകു’മെന്നു ഷൈൻ. ഫാമിലെ സ്ലറിയും പശുക്കളെ കുളി പ്പിക്കുന്ന വെള്ളവുമെല്ലാം പുൽകൃഷിയിടത്തിലേക്ക് നേരിട്ട് ഒഴുക്കാനാവണം. പുല്ലിനു വളം, ഫാമിലെ മാലിന്യം നീക്കൽ; രണ്ടും നടക്കും. പുല്ല് ഉൽപാദിപ്പിക്കാനും ഫാമിലെത്തിക്കാനുമുള്ള ചെലവു തുച്ഛം. മറിച്ച്, കൃഷി ദൂരെയെങ്കിൽ സർവത്ര ചെലവുതന്നെ. ഷൈൻ പക്ഷേ, പുരയിടത്തിലുണ്ടായിരുന്ന പുൽകൃഷിയും  ഒഴിവാക്കി.  ഇടുക്കി, എറണാകുളം ജില്ലകളിൽ പൈനാപ്പിൾക്കൃഷി സമൃദ്ധമാണല്ലോ. ഉൽപാദനം കഴിഞ്ഞ തോട്ടങ്ങളിൽനിന്നു പൈനാപ്പിൾ ഇല അരിഞ്ഞ് പിക്കപ്പിലെത്തിക്കും. മുൻപിത് സൗജന്യമായി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ തോട്ടം ഉടമകൾ ചെറിയ തുക ഈടാക്കുന്നു. എങ്കിലും പുൽകൃഷിയെക്കാൾ നേട്ടം പൈനാപ്പിൾ ഇലതന്നെ. നല്ല ജലാംശമുള്ളതും നാരുകളും മറ്റു പോഷകഘടകങ്ങളും ചേർന്ന മിക ച്ച പരുഷാഹാരമാണ് പൈനാപ്പിൾ ഇല. കഴിക്കാൻ കാലികൾക്കും ഉത്സാഹം. ചാഫ്കട്ടറിൽ നുറുക്കി നൽകണമെന്നു മാത്രം. 

ഉൽപാദനം നോക്കിയല്ല പശുവിനുള്ള പെല്ലറ്റ് അല്ലെങ്കിൽ സാന്ദ്രിത തീറ്റയുടെ അളവു നിശ്ചയിക്കുന്നത്.  ഉയർന്ന ഉൽപാദനമുള്ള പശുവൊന്നിന് 8 കിലോയാണ് നൽകുക. എന്നാൽ ഉൽപാദനമികവുള്ള എല്ലാ പശുക്കളും അത്രയും തീറ്റ കഴിക്കണമെന്നില്ല. നിർബന്ധിച്ച് കഴിപ്പിക്കാറുമില്ല. അതുകൊണ്ട് ഉൽപാദനം കുറയില്ലെന്നുറപ്പ്.

മദിയില്ലെങ്കിൽ മതിയാക്കാം  

പശു പ്രസവിച്ച് 3 മാസം കഴിയുമ്പോൾ വീണ്ടും ചെനപിടിപ്പിക്കുന്നതാണ് ഷൈനിന്റെ രീതി. 7 മാസമാണല്ലോ കറവക്കാലം. അതിനുള്ളിൽ കഴിയുന്നത്ര നേരത്തേ വീണ്ടും ചെന പിടിച്ചാലേ പശുവളർത്തൽ ആദായകരമാകൂ. കുത്തിവച്ച് 30 ദിവസമെത്തുമ്പോൾതന്നെ രക്തപരിശോധന നടത്തി ചെന പിടിച്ചോ എന്നറിയാനുള്ള  സൗകര്യം ഇപ്പോഴുണ്ട്.  കൊച്ചിയിലെ  ഐവെറ്റ് എന്ന സ്ഥാപനത്തിന്റെ സേവനമാണ് ഷൈൻ പ്രയോജനപ്പെടുത്തുന്നത്. ചെനയില്ലെന്ന് നേരത്തേ അറിഞ്ഞാൽ ഹോർമോൺ പ്രയോഗത്തിലൂടെ മദിയെത്തിച്ച് കാലതാമസമില്ലാതെ വീണ്ടും കുത്തിവയ്ക്കാൻ കഴിയും. മദിയെത്താൻ വൈകുന്നവയ്ക്കു ഹോർമോൺ പ്രയോഗവും പലവട്ടം കുത്തിവച്ചിട്ടും ചെന പിടിക്കാത്തവയ്ക്കു  ഗർഭപാത്രം കഴുകലും അറ്റകൈയ്ക്ക് മൂരിയെ നിയോഗിക്കലുമെല്ലാം നോക്കും. ഫലം കാണാത്തവയെ വിറ്റൊഴിവാക്കി, പുതിയതിനെ വാങ്ങും.

shine-3
ഷൈനും കുടുംബാംഗങ്ങളും

കെഎൽഡി ബോർഡിന്റെ മാത്രമല്ല, എൻഡിഡിബിയുടെ ബീജവും പ്രയോജനപ്പെടുത്തുന്നുണ്ട് ഷൈൻ. എൻഡിഡിബിയുടെ ബീജത്തിൽ പിറക്കുന്ന പശുക്കൾ മികച്ച ഉൽപാദനം നൽകാറുണ്ട്. എന്നാൽ ഇങ്ങനെ പിറക്കുന്ന കുട്ടികൾക്കു വലുപ്പം കൂടുതലായതിനാൽ പ്രസവം ചിലപ്പോൾ സങ്കീർണമാകാം. ഫാമിൽ പിറക്കുന്ന പശുക്കിടാങ്ങളെ പൊതുവെ വളർത്തിയെടുക്കാറില്ല. ലാഭകരമല്ല എന്നതുതന്നെ കാരണം. എന്നാൽ ഈ പശുക്കുട്ടികളെ വാങ്ങി വളർത്തുന്നവരിൽനിന്ന് അവ പ്രസവിക്കുമ്പോൾ തിരികെ വാങ്ങുന്ന പതിവുണ്ട് ഷൈന്. 

പശുക്കൾക്കു വരുന്ന അകിടുവീക്കം ഡെയറി സംരംഭകരുടെ സ്ഥിരം തലവേദനയാണ്. അകിടുവീക്കം വരാതിരിക്കാനാണ് ശ്രദ്ധ വേണ്ടതെന്നു ഷൈൻ. കറവ കഴിഞ്ഞ് ഉടനെ പശുക്കൾ കിടക്കുന്നത് അകിടു വഴിയുള്ള അണുബാധയ്ക്കു കാരണമാകും, കറവസമയം തീറ്റ നൽകിയാൽ കഴിച്ച് സാവധാനമേ പശുക്കൾ കിടക്കൂ. യന്ത്രം ഉപയോഗിച്ചാണ് കറവയെങ്കിലും പൂർണമായും ഇങ്ങനെ കറന്നെടുക്കാതെ അവസാനം കൈകൊണ്ടുകൂടി കറക്കുന്ന രീതിയാണ് ഷൈനിന്റേത്. ഇത് അകിടുവീക്കസാധ്യത കുറയ്ക്കുമെന്നും ലക്ഷണമുണ്ടെങ്കിൽ നേരത്തേ കണ്ടെത്താൻ സഹായിക്കുമെന്നും ഷൈൻ പറയുന്നു.

പാതിരാക്കറവ

പാതിരാത്രി 12 മണിക്കും നട്ടുച്ചയ്ക്ക് 12 മണിക്കുമാണ് കറവ. 12 മണിക്കൂർ ഇടവേള പശുക്കളുടെ സമ്മർദം കുറയ്ക്കും, ഉൽപാദനം കൂട്ടും. അതുകൊണ്ടുതന്നെ രണ്ടു നേരവും ഏതാണ്ടു തുല്യമാണ് ഉൽപാദനം. 500 ലീറ്ററോളം തൊടുപുഴ ടൗണിലെ വീടുകളിൽ നേരിട്ടു വിൽപന. ബാക്കി മിൽമയ്ക്ക്. റീടെയ്ൽ വിലയ്ക്ക് വിൽക്കാമെന്നതിനാൽ ഹോം ഡെലിവറിയാണ് കൂടുതൽ ലാഭകരം. എന്നു കരുതി മിൽമയ്ക്കു നൽകുന്നതു നഷ്ടമല്ലെന്നും ഷൈൻ പറയുന്നു.

ഫോൺ: 7561830185

English summary:  This is a rural dairy farm with a milk production of 2700 liters per day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com