അര നൂറ്റാണ്ടിനിടെ ഒരിക്കൽ പോലും മുടങ്ങാത്ത നെൽക്കൃഷി: കോൾകൃഷിയിൽ ചരിത്രം വിതച്ച് ചിത്രവള്ളിപ്പടവ്

HIGHLIGHTS
  • ഇരിങ്ങാലക്കുട മാപ്രാണത്തെ ചിത്രവള്ളി കോൾപടവില്‍ ഒരിക്കല്‍പോലും മുടങ്ങാതെ നെല്‍കൃഷി
chithravalli
ചിത്രവള്ളി കോൾപടവ് ഭരണസമിതിയംഗങ്ങൾ
SHARE

കോൾകൃഷിയിൽ ചരിത്രമെഴുതുകയാണ് തൃശൂർ ഇരിങ്ങാലക്കുട മാപ്രാണത്തെ ചിത്രവള്ളി കോൾപടവു സമിതി. 56 വർഷം ഒരിക്കൽപോലും മുടങ്ങാതെ നെൽകൃഷി, അതും ലാഭത്തിൽ! തലമുറകൾ കൈമാറിയ വിജയത്തിനു മൂലധനമായത് കർഷകരുടെ കൂട്ടായുള്ള പ്രവർത്തനം.

വനിതകൾ ഉൾപ്പെടെ 100 കർഷകരാണ് സമിതിയിലുള്ളത്. 88.5 ഏക്കര്‍ പാടശേഖരത്തില്‍ 8 സെന്റ് മുതൽ 12.5 ഏക്കർവരെയുള്ളവരുണ്ട്. വർഗീസ് പെരുമ്പള്ളി(പ്രസിഡന്റ്), ജോയ് മാളിയേക്കൽ (സെക്രട്ടറി), വിൽസൺ ആലുക്കൽ (ട്രഷറർ), സിസ്റ്റർ സിസി പോൾ (സെന്റ് സേവ്യേഴ്സ് കോൺവെന്റ്) എന്നിവരടക്കം 11 അംഗ ഭരണസമിതി.  ഏറ്റവുമധികം സ്ഥലത്തു കൃഷിയുള്ള (12.5 ഏക്കറിൽ) ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷ(എഫ്‌സിസി)ന്റെ പ്രതിനിധിയാണ് സിസ്റ്റർ സിസി. 

വേറിട്ട കൃഷി 

ഒരുപ്പൂ കൃഷിയാണ് കോള്‍നിലങ്ങളില്‍. ആഴം കൂടുംതോറും അമ്ലത കൂടുന്ന മണ്ണാണ് കോൾനിലങ്ങളിലേത്. അതിനാൽ ട്രാക്ടറിനു പകരം ടില്ലർ ഉപയോഗിച്ചാണ് ഉഴവ്. കുമ്മായമിട്ട് മണ്ണിലെ അമ്ലത നീക്കിയ ശേഷമാണ് നടീൽ. 12- 14 മണിക്കൂർ സ്യൂഡോമോണാസിൽ മുക്കിവച്ച വിത്ത് ഞാറ്റടിയിൽ മുളപ്പിച്ച ശേഷം നടു ന്നു. ഒക്ടോബർ- നവംബർ മാസങ്ങളില്‍ (മുണ്ടകൻ) വിത. 120-130 ദിവസം മൂപ്പുള്ള ഉമ, ജ്യോതി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.  ചാണകവും കോഴിക്കാഷ്ഠവും മറ്റ് ജൈവവളങ്ങളും അടിവളമിട്ടു നടീൽ. കൃത്യമായ ഇടവേളകളിൽ രാസവളവും നൽകും. പാടശേഖരം മുഴുവൻ ഒരേ വിത്ത്, ഒരേ സമയത്ത് വിതയ്ക്കുന്നതിനാൽ ഒന്നിച്ചു കൊയ്യാം. ഏക്കറിന് 5000 രൂപയാണ് നടീൽചെലവ്. കോൾപടവിലെ നടുവരമ്പുകളിൽ പയർ കൃഷിയുമുണ്ട്. നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെ ചെറുക്കുന്ന മിത്രകീടങ്ങളെ ആകർഷിക്കാൻ പയറിനു കഴിയും. കർഷകർക്ക് അധിക വരുമാനവുമാകും.

ചിത്രവള്ളി പടവ് 

പമ്പിങ്, മോട്ടറിന്റെയും തറയുടെയും അറ്റകുറ്റപ്പണി തുടങ്ങി 36 ഹെക്ടറോളം വരുന്ന പാടശേഖരത്തിലെ പൊതു ആവശ്യങ്ങൾ നിർവഹിക്കുകയാണ് കർഷകസമിതിയുടെ കടമ. കൃഷിക്ക് ഏകീകൃത സ്വഭാവം വരുത്തുന്ന സമിതി, കർഷകർക്കു മാർഗനിർദേശവും നൽകുന്നു.  

മാസത്തിലൊരിക്കലും അടിയന്തരഘട്ടങ്ങളിലും ഭരണസമിതി കൂടി കൃഷി അവലോകനം. വിളവെടുപ്പിനു ശേഷം പൊതുയോഗം ചേര്‍ന്ന് വരവുചെലവ് കണക്കുകൾ പാസാക്കി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. പിന്നെ അടുത്ത കൃഷിക്ക് ഒരുക്കം. 

സമിതിയുടെ മേൽനോട്ടത്തില്‍ വ്യക്തിഗതമായാണ് കൃഷി. വയലിന്റെ വിസ്തീർണമനുസരിച്ച് ഓരോരുത്തരും സ്വന്തം ചെലവു വഹിക്കുന്നു. വിത്ത് കൃഷിഭവനിൽനിന്ന് സൗജന്യം. വളവും മറ്റും കർഷകർ സ്വന്തം നിലയ്ക്കു വാങ്ങുന്നു. കുമ്മായം സര്‍ക്കാര്‍ സബ്സിഡിയോടെ വാങ്ങി വിതരണം ചെയ്യുന്നതും, കൊയ്ത്തുയന്ത്രവും പണിക്കാരെയും എത്തിക്കുന്നതും സമിതിയാണ്. 

ഏക്കറിന് ഏകദേശം 3000 കിലോ നെല്ലാണ് വിളവ്. കിലോ 28.20 രൂപ നിരക്കിൽ സപ്ലൈകോ എടുക്കുന്നു. വൈക്കോൽ കെട്ടിന് ശരാശരി 120 രൂപ വിലയുണ്ട്. 

കതിരിടുന്ന സൗഹൃദം 

കർഷകരുടെ സൗഹൃദവും, കൃഷിയോടുള്ള താല്‍പര്യവുമാണ് ചിത്രവള്ളിക്കൂട്ടായ്മയെ അര നൂറ്റണ്ടിനിപ്പുറവും നിലനിർത്തുന്നതെന്ന് പൊറത്തുശേരി കൃഷി ഓഫിസർ ആൻസി. ‘‘ഏതു പ്രതികൂല സാഹചര്യത്തിലും കൃഷി മുടക്കാത്ത സമിതിയാണിത്.’’ കൃഷിഭവനിലെയും, പുഞ്ച സബ്സിഡിയുടെ ചുമതലയുള്ള വില്ലേജ് ഓഫിസര്‍ കെ.എസ്.രാജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും  വലിയ പിന്തുണയാണ് നല്‍കുന്നതെന്നു ചിത്രവള്ളിയിലെ കർഷകരും പറയുന്നു. കൃഷിക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് വയലുകളിൽ എത്തിക്കുന്ന കാഡ (Command Area Development Authority) തോട് പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞതിനാൽ വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുള്ളതു മാത്രമാണൊരു പ്രശ്നം. അതിന് അധികൃതര്‍ ഉടന്‍ പരിഹാരം കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

ഫോണ്‍(സെക്രട്ടറി): 9446872156

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS