ADVERTISEMENT

ഇടുക്കിയിലും സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പനാണ് ചർച്ചാവിഷയം. പിറന്ന മണ്ണും കാടും അരിക്കൊമ്പന് നഷ്ടമാകുന്നതിൽ ഒട്ടേറെ മൃഗസ്നേഹികൾ സമൂഹമാധ്യമങ്ങളിൽ വേദന പങ്കുവയ്ക്കുകയാണ്. അതോടൊപ്പം കേന്ദ്രത്തിന് കത്തയ്ക്കാനും ചിലർ മുതിർന്നിട്ടുണ്ട്. ഇന്നലെ മയക്കുവെടി വച്ച് പിടികൂടാനായിരുന്നു വനംവകുപ്പിന്റെ തീരുമാനമെങ്കിലും കോടതി ഉത്തരവ് വന്നതോടെ കാത്തിരിപ്പ് തുടരുകയാണ്. 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മലയോര ജനതയ്ക്കുവേണ്ടി സ്വതന്ത്ര കർഷക സംഘടനയായ കിഫയും കക്ഷിചേരും. മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് കിഫയ്ക്കുവേണ്ടി വാദിക്കുക. 

ആന, കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, അണ്ണാൻ എന്നിങ്ങനെ മലയിറങ്ങുന്ന വന്യജീവികളുടെ പട്ടിക നീളും. അതിൽത്തന്നെ ആന, കാട്ടപോത്ത്, പന്നി എന്നിവ വരുത്തുന്ന കൃഷിനാശവും ആൾനാശവും ഏറെയാണ്. 2022–23 കാലഘട്ടത്തിൽ സംസ്ഥാനത്ത് 34 പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കിഫയുടെ കണക്ക്. ഇടുക്കി –8, പാലക്കാട് – 7, വയനാടും പാലക്കാടും 5 വീതം, തൃശൂർ 4, തിരുവനന്തപുരത്തും മലപ്പുറത്തും 2 വീതം, എറണാകുളം –1 എന്നിങ്ങനെയാണ് ആനയാൽ മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള എണ്ണം. ഇതേ കാലഘട്ടത്തിൽ പരിക്കേറ്റവരുടെ എണ്ണം 70 ആണ്. വയനാട്ടിലും (15) ഇടുക്കിയിലുമാണ് (14) ഏറ്റവുമധികം ആളുകൾക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. മറ്റു മൃഗങ്ങളുടെ ആക്രണത്തിൽ പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും കൂടി ഉൾപ്പെടുത്തിയാൽ പട്ടികയിലെ എണ്ണമുയരും.

സുഖനിദ്രയിൽ അരിക്കൊമ്പൻ, ഉറക്കം നഷ്ടപ്പെട്ട് ജനം

തേയിലത്തോട്ടത്തിൽ അരിക്കൊമ്പൻ സ്വസ്ഥമായി കിടന്നു വിശ്രമിക്കുന്ന ചിത്രം ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിവസങ്ങൾ മാത്രം അവശേഷിക്കുന്ന സ്വാതന്ത്രത്തിൽ സ്വസ്ഥമായി ഉറങ്ങുന്ന അരിക്കൊമ്പനെ ഓർത്ത് സങ്കടപ്പെടുന്നവരാണ് ഏറെ. എന്നാൽ, മറുവശത്ത് അരിക്കൊമ്പൻ ഉൾപ്പെടെ കാടിറങ്ങിയ ഒറ്റയാന്മാരുടെ കലിയിൽ ജീവൻ പൊലിഞ്ഞവരുടെയും പരിക്കേറ്റവരുടെയും അവരുടെ ബന്ധുക്കളുടെയും ബുദ്ധിമുട്ടുകളും വിഷമതകളും വിസ്മരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു വേദന നിറഞ്ഞ പോസ്റ്റിന് എഴുത്തുകാരി ഇന്ദു മേനോൻ നൽകിയ മറുപടി ശ്രദ്ധേയാണ്. 

‘എന്തൊരു കാൽപ്പനികത. മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും അവരുടെ ജീവിതത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത ആക്രമണകാരിയായ ഒരു ജീവി മാത്രമാണ് ഇത്. ആനത്താരിലോ ആന വഴികളിലോ മാത്രമല്ല മറ്റിടങ്ങളിലേക്ക് കയറിവന്ന് മനുഷ്യരെയും മറ്റുള്ളവരെയും ആക്രമിക്കുന്ന തരം ഒരു വന്യമൃഗം.

ചിലപ്പോൾ അത് കടുവയാകാം അല്ലെങ്കിൽ പുള്ളിപ്പുലി. അല്ലെങ്കിൽ കരടി. ഇപ്പോഴത് ആനയാണെന്ന് മാത്രം.

ആന ഇങ്ങനെ കിടക്കുന്ന ഫോട്ടോയുടെ അത്ര മനോഹരമായതല്ലെങ്കിലും രസമുള്ള ഒന്ന് രണ്ട് ദൃശ്യങ്ങൾ എന്റെ മനസ്സിൽ ഓർമ്മയുണ്ട്.

നിലമ്പൂർ താമസിക്കുന്ന ഗോത്രത്തിലെ ഭാര്യയും ഭർത്താവിനെയും ആന കൊന്നിട്ട് അതികാൽപനികമായ ഒരു രംഗം. പക്ഷേ ഇത്ര കാൽപ്പനികത വരില്ല. കാരണം അവരിൽ ഒരാളുടെ തല ആന ചവിട്ടിയപ്പോൾ ചപ്പാത്തി പോലെ പരന്നു പോയിരുന്നു. കാണാനിത്ര രസമില്ലായിരുന്നു. മറ്റൊരാളുടെ നെഞ്ചിൽ ഒരു ഉഗ്രൻ കുഴി ഉണ്ടായിരുന്നു. ചോര ഒക്കെ പുറത്തേക്ക് ഇങ്ങനെ ചോത്തകളറിൽ പൂക്കൾ പോലെ പൊടിച്ച് അതിമനോഹരമായിരുന്നു ആ കാഴ്ചയും. അവരുടെ സെറ്റിൽമെന്റിൽ തേനെടുക്കുകയായിരുന്നു. ആനയ്ക്കത് ഇഷ്ടപ്പെട്ടില്ല.

മറ്റൊരിക്കൽ ബൈക്കിൽ പോയ ഒരു 24 വയസ്സുകാരനെ റോഡിലിറങ്ങി ഒന്ന് അടിച്ചു തെറിപ്പിച്ചു കളഞ്ഞു. ഞാൻ കണ്ടുകൊണ്ട് നിൽക്കുന്നതുകൊണ്ട് പറയുകയല്ല. നല്ല രസമുണ്ടായിരുന്നു. ഇങ്ങനെ ചിറകൊക്കെ വെച്ച് പറന്നുപോകുന്ന ഒരു വലിയ പക്ഷിയെ പോലെ ആ ആന ആ മനുഷ്യനെ അടിച്ചു തെറിപ്പിച്ചു കളഞ്ഞു. പക്ഷേ ചോര തുളിച്ചു ചിതറി പൂക്കൾ പോലെ റോഡിൽ വീഴുകയുണ്ടായില്ല. നട്ടെല്ലൊടിയുകയായിരുന്നു. മലന്നുവീണാണ് കിടന്നത്. ഈ ചെരിഞ്ഞുകിടക്കുന്നതിന്റെ ഭംഗി ഇല്ലായിരുന്നു.

എനിക്ക് തോന്നുന്നത് നല്ല ഒരു കടുവയോ പുലിയോ അരിക്കൊമ്പന് പകരം ഇറങ്ങിയിരുന്നുവെങ്കിൽ പച്ചയിൽ മഞ്ഞ വരവര, വെള്ളപുള്ളിപുള്ളി അത് കൂടുതൽ ഭംഗിയുള്ളതായേനെ.

നാട്ടിൽ ഒന്നും ജീവിച്ച് ഗതി പിടിക്കാതെ കുടിയേറ്റ ഭൂമികൾ കണ്ടെത്തി കൃഷി ചെയ്ത് കഷ്ടപ്പെട്ട് ഉഴുന്നു ജീവിക്കുന്ന മനുഷ്യന്മാരൊക്കെ ശരിക്കും തെണ്ടികളാണ്. ബുദ്ധിയുമില്ല. നമ്മുടെ ടൗണിൽ ഒക്കെ എത്ര സ്ഥലങ്ങൾ വെറുതെ കിട്ടുമായിരുന്നു. ചുമ്മാ കാടുകയറി ആനകളെയും വന്യമൃഗങ്ങളെയും ബുദ്ധിമുട്ടിച്ച് ജീവിക്കാനുള്ള ഇവരുടെയൊക്കെ ആ ഒരു പാഷൻ. നഗരത്തിൽ ആവുമ്പോ കൂലിപ്പണി ചെയ്യാരുന്നു. കൃഷിയൊക്കെ ചെയ്യണം ഭൂമിയിൽ അധ്വാനിക്കണം എന്നൊക്കെ ആശിച്ചിട്ടല്ലേ?

പിന്നെ ഗോത്രങ്ങൾ! തേൻ എടുക്കാനും കിഴങ്ങ് ശേഖരിക്കാനും ഇലകൾ പറിക്കാനും എല്ലാം ഉൾക്കാട്ടിൽ തന്നെ കൂടിയിരിക്കുകയാണ്. അവർക്കൊന്നും കാട്ടിൽ ഒരു അവകാശവുമില്ല എന്ന് മനസ്സിലാക്കുന്നില്ല. വനാവകാശ നിയമം വെച്ച് പട്ടയം വാങ്ങുകയാണ്. സ്കൂളില്ല, ആശുപത്രിയില്ലാ, റോഡില്ല, പോരാത്തതിന് വന്യജീവികളുടെ ഈ വലിയ ആക്രമണവും. എന്നിട്ടും ഇവരൊന്നും പഠിക്കുന്നില്ല. വന്യജീവികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നുമറിയില്ല. ടൗണിൽ വന്നു താമസിച്ച് മൃഗങ്ങൾക്ക് രക്ഷ നൽകാനോ ഇക്കോ ഫ്രണ്ട് ലി ആവാനോ ഒരുദ്ദേശവുമില്ല.

കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാർ, കൊല്ലുന്ന ആനകൾ, നെഞ്ച് മാന്തി കീറുന്ന കരടിത്താന്മാര്, ഗുഹയുടെ അകത്തുകിടന്ന് ഉറങ്ങിയ ആറു കുഞ്ഞുങ്ങളെ തിന്നു കളഞ്ഞ പുലിയേട്ടൻ ഇവരൊക്കെയാണ് കാടിന്റെ യഥാർഥ മൊയലാളികൾ എന്ന് പറഞ്ഞിട്ടും മനസ്സിലാകാതെ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന ഈ മനുഷ്യന്മാരെ ഒക്കെ ഒന്ന് ഉദ്ബോധിപ്പിക്കണം...’

വന്യമൃഗങ്ങളിറങ്ങി, കൃഷി ചുരുങ്ങി, വില കൂടി

വന്യമൃഗശല്യത്താൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം സമീപകാലത്ത് കൂടിയിട്ടുണ്ട്. വാഴ, കിഴങ്ങിനങ്ങൾ, ഏലം, കപ്പ എന്നിങ്ങനെ ആനയും സഹകാട്ടുവാസികളും മേയാത്ത കൃഷിയിടം നന്നേ കുറവ്. അതുകൊണ്ടെന്താ പലരും കൃഷി അവസാനിപ്പിച്ചു. അതിന്റെ പ്രതിഫലനം സമീപകാലത്ത് കപ്പവിലയിൽ കണ്ടു. മലയോരങ്ങളിൽ മാത്രമല്ല കാടിന്റെ സാമീപ്യമില്ലാത പ്രദേശങ്ങളിൽ പോലും കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവർ കൂത്താടി... വിളവെടുത്ത്... കഴിച്ച്... തിമിർക്കുകയാണ്. തന്റെ അധ്വാനവും വിയർപ്പും പണവും ഒഴുക്കി കാട്ടുമൃഗങ്ങൾക്ക് വിരുന്നൊരുക്കേണ്ട കാര്യം കർഷകനുണ്ടോ? 

മുൻപെങ്ങുമില്ലാതിരുന്ന വിധത്തിൽ കപ്പവില സ്ഥിരമായി 30നു മുകളിൽത്തന്നെയാണ്. നേരത്തെ സീസണിൽ 10 രൂപയ്ക്കുപോലും എടുക്കാൻ ആളില്ലാത്തതിനാൽ ഉപേക്ഷിച്ച് കൃഷി നിർത്തിയവർ വരെയുണ്ട്. എന്നാൽ, വന്യജീവി ആക്രമണത്തിനാലും മുൻപ് വിലയിടിവിലൂടെ നഷ്ടം വന്നതിനാലും പലരും കൃഷി വിട്ടു. അതാണ് പച്ച, ഉണക്ക കപ്പയ്ക്ക് സമീപകാലത്ത് വില കുതിച്ചുയരാൻ കാരണം. പച്ചക്കപ്പ ശരാശരി 35 രൂപയിൽ നിൽക്കുമ്പോൾ വാട്ടുകപ്പ സീസണായ ജനുവരി–മാർച്ച് സമയത്ത് പല പ്രദേശങ്ങളിലും വാട്ടുകപ്പ വിറ്റത് കിലോയ്ക്ക് 100–120 രൂപയ്ക്കാണ്. ഡിമാൻഡ് ഏറുകയും ഉൽപാദനം കുറയുകയും ചെയ്തത് കപ്പ മേഖലയിലെ വിലസ്ഥിരതയ്ക്ക് കാരണമായി എന്നുവേണം പറയാൻ. വന്യജീവി ശല്യമില്ലാത്ത പ്രദേശത്തെ കർഷകർക്ക് നേട്ടമായപ്പോൾ മറുവശത്ത് വന്യജീവികൾ കൃഷി നശിപ്പിച്ച് കടക്കെണിയിലായവരുമേറെ. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലേക്ക് വാട്ടുകപ്പ കയറിപ്പോയത് കോട്ടയം ജില്ലയിൽനിന്നാണ്.

idukki-elephant
ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിനുള്ളിലെത്തിയ കാട്ടാന

ചിലയിടത്ത് ആന, ചിലയിടത്തു പുലി, മറ്റു ചിലയിടത്ത് കാട്ടുപോത്ത്

വർഷങ്ങളുടെ അധ്വാനഫലം നിമിഷനേരം കൊണ്ടു വന്യമൃഗങ്ങൾ തച്ചുടയ്ക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ജനങ്ങൾക്കു കഴിയുന്നുള്ളൂ. എത്ര നാൾ ഇങ്ങനെ പേടിച്ചു ജീവിക്കും എന്നാണു ജനങ്ങളുടെ ചോദ്യം. വന്യമൃഗശല്യം അതിരൂക്ഷമാകുമ്പോഴും ഇവയുടെ ആക്രമണത്തിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടി ഉണ്ടാകുന്നില്ല. സമീപകാലത്ത് അരിക്കൊമ്പൻ വിഹരിക്കുന്ന ചിന്നക്കനാൽ മേഖല ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായ 21 ഹോട്ട് സ്പോട്ടുകളാണ് ഇടുക്കി ജില്ലയിലുള്ളത്. ഇവയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളും ഏറെയുണ്ടെന്നതിൽ സംശയമില്ല. 21 ഹോട്ട് സ്പോട്ടുകളെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

idukki-kumki-elephant
അരിക്കൊമ്പനെ പിടികൂടാനായി വയനാട് മുത്തങ്ങയിൽ നിന്നു ചിന്നക്കനാലിലെത്തിച്ച കുങ്കിയാനകളായ കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യ എന്നിവരെ തളച്ചിരിക്കുന്നു. ചിത്രം:റെജു അർനോൾഡ്∙മനോരമ

എന്തുകൊണ്ട് അരിക്കൊമ്പൻ?

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാട്ടുകാർക്ക് ഭീഷണിയായി ഒട്ടേറെ കാട്ടാനകളുണ്ടെങ്കിലും അരിക്കൊമ്പനെ ആദ്യം പിടികൂടാൻ വനം വകുപ്പ് തീരുമാനമെടുത്തതിന്റെ കാരണം ഈ ഒറ്റയാന്റെ സ്വഭാവം തന്നെയാണ്. വാച്ചർമാർ ബഹളം വയ്ക്കുകയോ, നാട്ടുകാർ പടക്കം പൊട്ടിക്കുകയോ ചെയ്താൽ കാട്ടിലേക്ക് പിൻവാങ്ങുന്ന ഒറ്റയാനാണ് മുറിവാലൻ കൊമ്പൻ.

കൃഷിയിടത്തിലെ പ്ലാവുകളിൽ നിന്നു ചക്ക പറിച്ചു തിന്നുന്നതാണ് ചക്കക്കൊമ്പന്റെ ശീലം. എന്നാൽ ഭക്ഷണത്തിനായി ദാക്ഷിണ്യമില്ലാതെ വീടുകളും കടകളും ആക്രമിക്കുന്നതാണ് അരിക്കൊമ്പന്റെ ശീലം. 30 വയസ്സിലധികം പ്രായമുള്ള അരിക്കൊമ്പൻ 2 പതിറ്റാണ്ടായി ഈ ശീലം തുടരുന്നു. മുന്നിൽ പെടുന്നവരെ ക്രൂരമായാണ് അരിക്കൊമ്പൻ ആക്രമിക്കുന്നത്. ഈ ശീലങ്ങളൊക്കെയാണ് അരിക്കൊമ്പനെ ആദ്യം പിടികൂടി ആനപ്പന്തിയിലേക്ക് മാറ്റാൻ വനം വകുപ്പിനെ പ്രേരിപ്പിക്കുന്നത്. കാട്ടിലെ ഭക്ഷണത്തെക്കാൾ മനുഷ്യരുടെ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന അരിക്കൊമ്പനെ കൂട്ടിലാക്കാൻ കഴിഞ്ഞാൽ പെട്ടെന്ന് ഇണക്കിയെടുക്കാനാവുമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

2017ൽ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം 2 ദിവസങ്ങളിലായി 5 തവണ അരിക്കൊമ്പനെ മയക്കുവെടി വച്ചിരുന്നു. ആദ്യ ദിവസം ആനയിറങ്കലിനു സമീപവും പിറ്റേന്ന് മുത്തമ്മ കോളനിയിലും വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്. വെടിയേറ്റ ശേഷം അരിക്കൊമ്പൻ 2 കിലോമീറ്ററിലധികം ഓടിച്ചെന്നു നിന്ന സ്ഥലം ദൗത്യത്തിനു തിരിച്ചടിയായി. കുങ്കിയാനകളെ ഉപയോഗിച്ച് റോഡിലേക്ക് നടത്തിക്കൊണ്ടു പോകാൻ കഴിയുന്ന സ്ഥലത്തായിരുന്നില്ല അരിക്കൊമ്പൻ നിലയുറപ്പിച്ചത്. അതിനാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ഇത്തവണ സിമന്റ്പാലത്തെ വിജനമായ സ്ഥലത്തേക്ക് അരിക്കൊമ്പനെ ആകർഷിച്ച് ദൗത്യം നടത്താൻ തീരുമാനിച്ചത്.

idk-arikomban
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ

അരിക്കൊമ്പനെ മാറ്റിയാൽ തീരുന്നതാണോ പ്രശ്നം?

മിക്ക മൃഗക്ഷേമ പ്രവർത്തകരും ചോദിക്കുന്ന ചോദ്യമാണ്. എന്നാൽ, ഒരു അരിക്കൊമ്പനെ പിടികൂടിയാൽ മാത്രം തീരുന്നതല്ല മലയോര മേഖലയിലെ വന്യജീവി പ്രശ്നം. വന്യജീവികൾ കാടിറങ്ങുന്നതിന്റെ കാരണം കണ്ടെത്തി അതിനുള്ള പരിഹാരം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾക്കുവേണ്ടി മലയോര മേഖലയിലെ പട്ടയഭൂമിയിൽ താമസിക്കുന്ന ജനതയെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കുടിയിറക്കുകയല്ല വേണ്ടത്. ക്രമാതീതമായി വന്യജീവികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ വിദേശ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ ശാസ്ത്രീയമായ മുറകളിലൂടെ എണ്ണം നിയന്ത്രിക്കണം. എല്ലാതെ, എല്ലാം ഉപേക്ഷിച്ചുപോകാൻ ജനത്തെ നിർബന്ധിക്കുകയല്ല വേണ്ടത്. ഇന്ന് അരിക്കൊമ്പനെങ്കിൽ നാളെ വേറെ കൊമ്പനാകാം. എന്നാൽ, അത്തരമൊരു അവസ്ഥ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com