അരിസുരാജ മുതൽ അരിക്കൊമ്പൻ വരെ; അറുതിയില്ലാതെ കാടിറക്കം; രക്ഷകരായി ഡോ. അരുൺ സക്കറിയയുടെ സംഘം
Mail This Article
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ആനയിറങ്കൽ മേഖലകളിൽ നിരന്തര ശല്യക്കാരനായ അരിക്കൊമ്പനെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സുരക്ഷിതമായി പിടികൂടി തളച്ചത് കഴിഞ്ഞ രണ്ടുദിവസങ്ങളായി കേരളം കാണുകയും കേൾക്കുകയും ചെയ്യുന്ന പ്രൈം ന്യൂസുകളിലൊന്നും, ഇന്നു കേട്ട ആശ്വാസ വാർത്തയുമാണ്. ഇപ്പോൾ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള അരിക്കൊമ്പന്റെ പരാക്രമങ്ങൾ തുടങ്ങിയിട്ട് കൊല്ലം കുറേയായി. റേഷൻ കടകളിൽ കയറി ചാക്കുകണക്കിന് അരിയും ഗോതമ്പും ആട്ടയും പഞ്ചസാരയുമൊക്കെയാണ് അരിക്കൊമ്പൻ ഒറ്റയടിക്ക് അകത്താക്കുന്നത്. എന്തിനധികം ഈയിടെ തമിഴ്നാട്ടിൽനിന്നും അരിയും പഞ്ചസാരയും കയറ്റി കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വന്ന ലോറി തടഞ്ഞു നിർത്തി ലോറിയിലുള്ളവരെ ഭയപ്പെടുത്തി സാധനങ്ങളെല്ലാം അരിക്കൊമ്പൻ അകത്താക്കി. തന്റെ വഴിയിൽ തടസ്സമാകുന്നവരെ വകവരുത്താനും അരിക്കൊമ്പന് മടിയില്ല എന്നതാണ് ചരിത്രം.
ഇതുവരെ ഏഴു പേരെ കൊന്നിട്ടുണ്ടെന്നും മൂന്നു പേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നുമാണ് വനംവകുപ്പിന്റെ കണക്ക്. പതിനെട്ടു കൊല്ലത്തിനിടെ തകർത്തത് 180ലധികം കെട്ടിടങ്ങളാണ്. തകർത്ത വീടുകളുടെ കണക്കുകളും നശിപ്പിച്ച ഏക്കർ കണക്കിനു കൃഷിയുടെ കണക്കും ഇതിനു പുറമെയുണ്ട്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അരിക്കൊമ്പൻ ദൗത്യം വിജയകരമായി പര്യവസാനിച്ചതോടെ വിരാമമാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കി അറുതിയില്ലാതെ തുടർന്ന അതിക്രമ പരമ്പരയ്ക്കു കൂടിയാണ്.
അരിസുരാജ മുതൽ അരിക്കൊമ്പൻ വരെ
പാലക്കാട് ധോണി പ്രദേശത്തെ മാസങ്ങളോളം ഭീതിയുടെ മസ്തകത്തിൽ നിർത്തിയ പി.ടി.-7 ( പാലക്കാട് ടസ്ക്കർ-2) എന്ന കാട്ടാനയെ വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ തന്നെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സുരക്ഷിതമായി പിടികൂടിയത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. തമിഴ്നാട് നീലഗിരി മേഖലയിൽ നൂറുകണക്കിന് വീടുകൾ തകർക്കുകയും രണ്ടു പേരെ കൊലപ്പെടുത്തുകയും അവിടെ നിന്നും വയനാട് സുൽത്താൻ ബത്തേരിയിലെത്തി നഗരത്തെ ഭീതിയിലാഴ്ത്തുകയും ചെയ്ത കാട്ടുകൊമ്പൻ അരിസുരാജയെന്ന പിഎം 2 വിനെ (പന്തല്ലൂർ മെക്കന-2) അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം തളച്ചത് പി.ടി.-7 ദൗത്യത്തിന് രണ്ടാഴ്ച മുൻപായിരുന്നു. അന്ന് ദൗത്യത്തിനിടെ ഡോ. അരുൺ സക്കറിയക്ക് നേരെ പി.എം. 2 ആനയിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന്റെയും തലനാരിഴ രക്ഷപ്പെടലിന്റെയും വീഡിയോ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെയാണ് മിക്കവരും കണ്ടുതീർത്തത്.
ആ സംഭവത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ തേടിയെത്തിയ ദൗത്യം വയനാട് മാനന്തവാടിയിൽ ഇറങ്ങി പശുവിനെയും പിന്നെ മനുഷ്യനെയും ആക്രമിച്ച് തുടങ്ങിയ കടുവയെ പിടികൂടാനുള്ളതായിരുന്നു. മുൻ ദൗത്യത്തിലേറ്റ പരിക്കിന്റെ വേദന വിട്ടുമാറും മുന്നെ വിശ്രമത്തിനവധി നൽകിയായിരുന്നു ആ കടുവാദൗത്യവും അദ്ദേഹത്തിന്റെ സംഘം വിജയകരമായി പൂർത്തിയാക്കിയത്.
ഡോ. അരുൺ സക്കറിയെന്ന സമാധാനദൂതൻ
കേരളത്തിലെവിടെയായാലും പൊതുജനങ്ങളും വന്യമൃഗങ്ങളും തമ്മിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ ഒരു സമാധാനദൂതന്റെ ദൗത്യവുമായാണ് ഡോ. അരുൺ സക്കറിയ നിയോഗിക്കപ്പെടുന്നത്. ആ നിയോഗം ഒരു പക്ഷേ ഏതെങ്കിലുമൊരു ഉത്സവപ്പറമ്പിലേക്കാവാം, കാടിനോട് ചേർന്നൊരു നാട്ടിൻപുറത്തേക്കാവാം, അതുമല്ലെങ്കിൽ വലിയൊരു നഗരത്തിന്റെ ഹൃദയത്തിലേക്കു തന്നെയാവാം. സംഘർഷത്തിന്റെ രൂക്ഷത കുറയ്ക്കണം, ആളിനും അർഥത്തിനും കൂടുതൽ അപായമുണ്ടാകാതെ കാക്കണം, കാടുവിട്ട് നാട്ടിലിറങ്ങിയതിനെ തിരികെ കാട്ടിലേക്കു വഴി കാട്ടണം. അങ്ങനെ ഇത്തരം സമാധാന ദൗത്യങ്ങളിൽ നിയോഗിക്കപ്പെടുന്ന ഡോക്ടർക്ക് ഏറ്റെടുക്കേണ്ടി വരുന്ന ചുമതലകളേറെ.
ഡോക്ടറെ സംബന്ധിച്ച് ആത്മബലത്തിന്റെ കരുത്തിൽ പൂർത്തിയാക്കേണ്ട ദൗത്യമാണത്, സുരക്ഷയുടെ ഏതു നടപടികൾ കൈക്കൊണ്ടാലും ബോധം വിട്ടലയുന്ന
വന്യമൃഗത്തിൽ നിന്നും അപകടം വന്നുചേരാനുള്ള സാധ്യതകൾ പല വഴിയാണ്. എന്തിനേറെ തൂക്കം ഗണിച്ച് കൃത്യം മാത്ര കണക്കാക്കി മരുന്നുവച്ച് മയക്കിയാൽ പോലും പാതിമയക്കത്തിൽ ആക്രമിച്ചേക്കാം. കാഴ്ച കാണാൻ തടിച്ചുകൂടുന്ന ജനാരവമുണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെ.
എന്നാൽ അത്തരം ഭയാശങ്കകൾ ദൗത്യമേറ്റെടുക്കുന്ന ഡോക്ടറുടെ വെറ്ററിനേറിയൻ എന്ന പ്രഫഷനൽ സ്പിരിറ്റിനു മുന്നിൽ മസ്തകം താഴ്ത്തി മടങ്ങുന്നു, ആ പാഷന് മുന്നിൽ കാടിറങ്ങിയ കോമ്പല്ലുകളുടെ മൂർച്ചയുരഞ്ഞുതേയുന്നു. കാടിനുള്ളുകുറയുന്ന ഉള്ള കാടുതികയാത്ത കാലമാണിത്. വന്യമൃഗങ്ങൾ ഇനിയും കാടുവിട്ടിറങ്ങും, തീർച്ച. അവിടങ്ങളിൽ ഡോ. അരുൺ സക്കറിയയും സംഘവും അവരുടെ സമാധാനദൗത്യം തുടരുക തന്നെ ചെയ്യും. കാടകത്തിന്റെ കരുത്തുള്ള ആർജവത്തിന് ആദരവും അംഗീകാരവും നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ.
English summary: Dr. Arun Zachariah, wildlife veterinarian at the Department of Forestry and Wildlife