ADVERTISEMENT

കുതിച്ചുയർന്ന കോഴിവില വീണ്ടും ചർച്ചയാകുമ്പോൾ ഉപഭോക്താക്കൾക്ക് 87 രൂപയ്ക്ക് എന്നു മോഹിപ്പിച്ച ‘കേരള ചിക്കൻ പദ്ധതി’ ലക്ഷ്യം തെറ്റി. ഉൽപാദനച്ചെലവ് ഉയർന്നതനുസരിച്ച് കേരളത്തിൽ ഇറച്ചിക്കോഴിവില കൂടിയപ്പോൾ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് കേരള ചിക്കൻ പദ്ധതി ആവിഷ്കരിച്ചത്. കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ (കെപ്കോ), കുടുംബശ്രീ തുടങ്ങിയ ഏജൻസികൾ വഴിയാണ് വിൽപന. എന്നാൽ, വിലനിയന്ത്രണം സാധ്യമായില്ലെന്ന് സമീപകാലത്തെ വിൽപനവിലയിൽ കാണാം. കഴിഞ്ഞ മാസം കിലോയ്ക്ക് 120 രൂപയായിരുന്ന കോഴിവില ഇന്നലെ 140–165 രൂപയിലേക്കെത്തി. കേരള ചിക്കനാവട്ടെ 146 രൂപയും. അതായത് 87 രൂപയുടെ ഒന്നര ഇരട്ടി.

Read also: ചെന്നെത്തിയത് മണിക്കൂറിൽ 4000 കോഴികളെ കശാപ്പ് ചെയ്യുന്ന പ്ലാന്റിൽ: അതും 27 വർഷങ്ങൾക്കു മുൻപ് 

തീറ്റവില വർധന, കോഴിഫാമുകളുടെ നികുതി, കോഴിവിലയിടിവ് എന്നിവ മൂലം കേരളത്തിലെ കോഴി വളർത്തൽ മേഖലയിൽനിന്ന് ഒട്ടേറെ കർഷകർ വിട്ടുനിൽക്കുന്നുണ്ട്. പലരും കടക്കെണിയിലുമായി. അതുകൊണ്ടുതന്നെ ദിവസം 12 ലക്ഷം കിലോഗ്രാം ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴിവിപണി നിയന്ത്രിക്കുന്നത് തമിഴ്നാടാണ്. കേരളത്തിലെ ഇറച്ചിക്കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്ക് കൊത്തുമുട്ടയും കോഴിക്കുഞ്ഞും കോഴിത്തീറ്റയുമെല്ലാം വരുന്നത് തമിഴ്നാട്ടിൽനിന്നാണ്. അതു തികയാത്തതിനാൽ ഇറച്ചിക്കോഴിയും എത്തുന്നു. 

കുടുംബശ്രീ യൂണിറ്റുകൾക്കു കുഞ്ഞുങ്ങളെയും മികച്ച വളർത്തുകൂലിയും നൽ‍കി തിരിച്ചെടുത്തു പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയായിരുന്നു കേരള ചിക്കൻ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ, കെപ്കോ, ബ്രഹ്മഗിരി മാംസസംസ്കരണ ഫാക്ടറി, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. ഇതിൽ ബ്രഹ്മഗിരി പിന്മാറി. സ്വന്തം ബ്രീഡർ ഫാമും ഹാച്ചറിയും ബ്രോയിലർ ഫാമും സ്ഥാപിക്കുകയായിരന്നു തീരുമാനമെങ്കിലും നടന്നില്ല. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ ഹാച്ചറികളിൽനിന്ന് കുഞ്ഞുങ്ങളെ എത്തിച്ചായിരുന്നു പ്രവർത്തനം. തുടക്കത്തിൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ചിക്കൻ നൽകി വിപണിയിൽ പ്രവേശിച്ചതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ കേരള ചിക്കനായി. അതുകൊണ്ടുതന്നെ ഒട്ടേറെ ഇറച്ചിക്കോഴിക്കടകൾ പൂട്ടിപ്പോകാനും ഇതു കാരണമായി. നഷ്ടം നികത്താൻ സർക്കാർ ഫണ്ട് വകയിരുത്തിയതാണ് കേരള ചിക്കൻ പദ്ധതിയുടെ നിലനിൽപിന് കരുത്തായത്. അതല്ലായിരുന്നെങ്കിൽ കേരള ചിക്കൻ ഫയലുകളിൽത്തന്നെ നിദ്രപ്രാപിക്കുമായിരുന്നു.

Read also: 1.75 ലക്ഷം കോഴികളുടെ ഫാം, ഒരു കൂട്ടിൽ എണ്ണം 28000: പരിചരിക്കാൻ വെറും 9 പേർ 

കേരളത്തിലെ ഇന്നത്തെ ഫാം റേറ്റ് ശരാശരി 131 രൂപയാണ്. മൊത്തവിപണിയിൽനിന്ന് അത് ചില്ലറവിപണിയിലെ വിൽപനക്കാരിൽ എത്തുമ്പോൾ വില കൂടും. അതോടൊപ്പം കേരളത്തിലെ ആവശ്യത്തിന് അനുസരിച്ചുള്ള ഉൽപാദനം നടക്കുന്നില്ല എന്നതുകൊണ്ടുതന്നെ തമിഴ്നാട്ടിൽനിന്നുള്ള ഇറച്ചിക്കോഴിവണ്ടികൾ അതിർത്തികടന്നെത്തും. ചുരുക്കത്തിൽ കേരളത്തിൽ ആവശ്യമുള്ളതിന്റെ പകുതി പോലും ഇവിടെ ഉൽപാദിപ്പിക്കുന്നില്ലെന്നു പറയേണ്ടിവരും. അതുപോലെ കേരളത്തിലെ ഫാമുകളിലേക്കുള്ള കോഴിക്കുഞ്ഞുങ്ങളും തമിഴ്നാട്ടിൽനിന്നാണ് എത്തുക. തമിഴ്നാട്ടിലെ പ്രധാന ഹാച്ചറികേന്ദ്രമായ പല്ലടത്ത് കോഴിക്കുഞ്ഞിന്റെ ഇന്നത്തെ വില 22 രൂപയാണ്. കേരളത്തിൽ എത്തുമ്പോൾ അത് 24 ആകും. ഈ കുഞ്ഞുങ്ങളെ വളർത്താനുള്ള തീറ്റയ്ക്ക് 2000–2500 രൂപയാണ് ഇപ്പോൾ വില. ശരാശരി ഒരു കിലോ തൂക്കം കൈവരിക്കാൻ ഒരു കോഴിക്കുഞ്ഞ് 1.6–1.7 കിലോഗ്രാം തീറ്റയെടുക്കും. 2 കിലോ തൂക്കത്തിന് 3.2–3.4 കിലോ ഗ്രാം തീറ്റ. പിന്നെ സപ്ലിമെന്റുകൾ, വെള്ളം, വൈദ്യുതി, കൂലി എന്നിങ്ങനെ ചെലവുകളേറും.

കേരളത്തിൽ ആവശ്യത്തിനുള്ള കോഴിക്കുഞ്ഞും കൊത്തുമുട്ടയും കോഴിത്തീറ്റയും ഉൽപാദിപ്പിക്കാൻ എന്നു കഴിയുന്നുവോ അന്നു മാത്രമേ ഈ മേഖലയിൽ സുസ്ഥിര വികസനത്തിനുവേണ്ടി നമുക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി. ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് പറയുന്നു. 

നിയമക്കുരുക്കും നികുതിയും വിലക്കയറ്റവുമെല്ലാം ഇവിടെ കർഷകർ നേരിടേണ്ടിവരുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ കർഷകർക്ക് അനുകൂലമായ നടപടികളും ഇളവുകളും സഹായങ്ങളുമെല്ലാം വാരിക്കോരി നൽകുന്നു. അതേ, കേരളം ചർച്ച ചെയ്യും, തമിഴ്നാട് പ്രവർത്തിക്കും.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: Kerala Chicken Concept Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com