ആണിന്റെ തുണയില്ലാതെ പ്രത്യുൽപാദനം; ചൂടേറിയ ചർച്ചാവിഷയം; ഇത് പ്രകൃതിയുടെ ‘പ്ലാൻ ബി’

lizard
Representational Image. Image credit: Ken Griffiths/iStockPhoto
SHARE

ശാസ്ത്രലോകത്തിന് വിസ്മയമായി ഇണ ചേരാതെ ഗർഭിണിയായ മുതല. കഴിഞ്ഞ ദിവസം ലോകശ്രദ്ധനേടിയ വാർത്തകളിലൊന്നായിരുന്നു ഇത്. കോസ്റ്ററിക്കയിലെ മൃഗശാലയിൽ ഒറ്റക്ക് പാർപ്പിച്ചിരുന്ന പെൺ മുതലയാണ് ഈ അപൂർവ പ്രതിഭാസത്തിന് ഉടമ. മുട്ടയിടുന്ന ഉരഗവർഗത്തിൽപ്പെട്ട 18 വയസുള്ള മുതല മുട്ടയിടുകയും ആ മുട്ടകളിലൊന്നിൽ ഭ്രൂണം രൂപപ്പെടുകയും ചെയ്തുവെന്നതാണ് കൗതുകം. 14 മുട്ടകളിൽ ഒരെണ്ണം പൂർണ വളർച്ചയെത്തിയിരുന്നെങ്കിലും കുഞ്ഞിനെ ജീവനോടെ ലഭിച്ചില്ല. എന്നാൽ, വിദഗ്ധ പരിശോധനയിൽ അമ്മയുമായി 99.9 ശതമാനം സാമ്യവും കണ്ടെത്തി. അതായത് ആൺമുതലയുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്ക് പാർപ്പിച്ചിരുന്ന ഈ മുതലയുടെ മുട്ടതന്നെയായിരുന്നു അത്.

ചിലയിനം സ്രാവുകൾ, പക്ഷികൾ, പാമ്പുകള്‍, പല്ലികൾ എന്നിവയ്ക്ക് അപൂർവമായി ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളുണ്ടാവാറുണ്ട്. ഇത്തരം പ്രതിഭാസത്തെ ‘പാർത്തെനൊജെനസിസ്’ എന്നാണ് വിളിക്കുന്നത്.

ഈ പ്രതിഭാസത്തെക്കുറിച്ച് ഡോ. സതീഷ് കുമാർ പങ്കുവച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.

ഫാകൾടേറ്റീവ്‌ പാർത്തെനൊജെനസിസ്‌ (Facultative parthenogenesis) എന്നൊരു സംഗതിയുണ്ട്‌ ചില ജന്തു ജാലങ്ങളിൽ. ഒരു തരം പ്രത്യുൽപാദന രീതിയാണത്‌. ‘ആണ്‌’ എന്നൊരുത്തന്റെ സഹായമില്ലാതെ പെണ്ണ്‌ അതിന്റെ സ്വന്തം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന രീതി. യഥാർഥത്തിൽ ആണും പെണ്ണും ഇണചേർന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പൊതുവായ പ്രത്യുൽപാദന രീതി നിലനിൽക്കുമ്പോൾ തന്നെ

ചില പ്രത്യേക സാഹചര്യങ്ങളിൽ പെണ്ണിനു വേണ്ടിവന്നാൽ സ്വയം പ്രത്യുൽപാദനം നടത്താൻ സാധിക്കുന്ന ഒരു കഴിവ്‌, അഥവാ 'ദിവ്യ ഗർഭം' എന്ന ആ സംഗതി.

പല്ലി പോലെയുള്ള ചില ജീവികൾ, ചില സ്രാവ്‌ വർഗ ജീവികൾ എന്നിവ തൊട്ട്‌ ദാ ഈയടുത്ത്‌ മുതലയിൽ വരെ ഇത്‌ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. സാധ്യതയാകട്ടെ നട്ടെല്ലുള്ള മുഴുവൻ ജീവികളിലുമുണ്ട്‌ താനും. പ്രകൃതിയുടെ ഒരു ‘പ്ലാൻ ബി’ ആണ്‌ അദ്ഭുതകരമായ ഈ സംഗതി. ലോകത്ത്‌ ആണുങ്ങൾ ഇല്ലാതായാലും എടുത്ത്‌ പ്രയോഗിക്കാനുള്ള ഒരു സ്പെയർ ആയുധം.

പെണ്ണിൽനിന്ന് മാത്രമായി ജനിക്കുന്നത്‌ പെണ്ണാവുകയേ തരമുള്ളൂ. അമ്മയുടെ ഏതാണ്ട്‌ തനി രൂപസ്വഭാവങ്ങളുടെ ഇരട്ടിപ്പ്‌. ചുരുക്കത്തിൽ, ഗർഭത്തിൽ പോലും അവൾ സ്വയം പര്യാപ്തയാവുന്ന ഒരു അദ്ഭുതകാലം നമുക്ക്‌ ഊഹിക്കാൻ പോലുമാവാത്ത, വന്നു ചേരാൻ അതിവിദൂരസാധ്യത മാത്രമുള്ള പ്രശ്നങ്ങൾക്ക്‌ പോലും പ്രകൃതിയുടെ കൈയിൽ ചില മുൻകരുതലുകളുണ്ട്‌ എന്നത്‌ അദ്ഭുതകരമല്ലേ?

English summary: Facultative Parthenogenesis Recorded in Crocodilians for First Time Ever

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS