ADVERTISEMENT

തിരുവാതിര ഞാറ്റുവേലയ്‌ക്ക്‌ തുടക്കമായി, കാർഷിക കേരളത്തിന്‌ എന്നും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യം സമ്മാനിക്കുന്ന ഈ സമയം ഫലവൃക്ഷത്തൈകളുടെ നടീൽ കാലമാണ്‌. ഒരാഴ്‌ച വെയിലും ഒരാഴ്‌ച മഴയും സമ്മാനിക്കുന്ന ഞാറ്റുവേല കാലം. കാലാവസ്ഥ ഒത്തിരി മാറിമറിഞ്ഞെങ്കിലും കർഷക ലക്ഷങ്ങൾ ഇന്നും പാരമ്പര്യം മനസിൽ താലോലിച്ച്‌ പുതിയ വിള ഇറക്കുന്ന അവസരമാണിത്‌. 

തിരുവാതിര ഞാറ്റുവേലയുടെ പരമാവധി ദൈർഘ്യം 15 ദിവസം നീളും. കേരളത്തിന്റെ സമ്പദ്‌ഘടനയുടെ നിർണായക ശക്തിയാണ്‌ നമ്മുടെ കറുത്ത പൊന്ന്‌. കുരുമുളക്‌ കൊടികളിൽ പരാഗണം നടക്കുന്നതും ഞാറ്റുവേലയിലാണ്‌.  

എൽ- നിനോ പ്രതിഭാസം ഇക്കുറി ഇന്ത്യൻ കാലാവസ്ഥയെ മാറ്റിമറിക്കുമെന്ന കാര്യം ഏതാണ്ട്‌ വ്യക്തമായി. കാലവർഷം ദുർബലമായതും മഴയുടെ അളവ്‌ പ്രതീക്ഷിച്ചതിലും ഏറെ ചുരുങ്ങിയതും ആശങ്കയോടെയാണ്‌ കാർഷിക മേഖല വിലയിരുത്തുന്നത്‌. ജൂൺ 25 വരെയുള്ള കാലയളവിൽ കാലവർഷം ദുർബലമെന്ന്‌ മാത്രമല്ല മഴയുടെ അളവിൽ 66 ശതമാനം കുറവും സംഭവിച്ചു. എന്നാൽ തിരുവാതിര ഞാറ്റുവേലയെ കൊണ്ടു പോകാൻ ബിപർജോയ്‌ ചക്രവാതച്ചുഴിക്ക്‌ പോലും കഴിയാഞ്ഞത് നമുക്ക്‌ അനുഗ്രഹമായി. പൊന്നും ചിങ്ങത്തിൽ വിളവെടുക്കാനുള്ള ഒട്ടുമിക്ക നടീലിന്റെയും തിരക്കിലാണ്‌ കേരളത്തിൻ അങ്ങോളമിങ്ങോളമുള്ള കർഷക കുടുംബങ്ങൾ.

മാസങ്ങളായി വരണ്ടുണങ്ങി നിന്ന തോട്ടം മേഖലയിൽ തെക്കുപടിഞ്ഞാറൻ കാലവർഷ വരവ്‌ കുളിരു പകർന്നെങ്കിലും പ്രതീക്ഷിച്ചത്ര മഴ ലഭ്യമായില്ലെന്നത്‌ തുടക്കത്തിൽ കൃഷിയെ കാര്യമായി ബാധിച്ചില്ല. എന്നാൽ കർക്കിടകത്തിൽ മഴയുടെ അഭാവം രൂക്ഷമായാൽ സ്ഥിതിഗതികൾ താറുമാറാകും. തെക്കൻ കേരളത്തിലെ കുരുമുളക്‌ കൊടികളിൽ തിരികൾ വീണു തുടങ്ങി. ജൂലൈയിൽ വേണ്ടത്ര മഴ ലഭ്യമല്ലാതെ വന്നാൽ തിരികൾ കരിഞ്ഞുണങ്ങാൻ ഇടയുള്ളത്‌ ഉൽപാദകരിൽ  അൽപ്പം ആശങ്ക പരത്തുന്നുണ്ട്‌.

ഹൈറേഞ്ചിലെയും വയനാട്ടിലെയും കുരുമുളകുതോട്ടങ്ങളെ കാലാവസ്ഥ വ്യതിയാനങ്ങൾ തുടക്കത്തിൽ ബാധിച്ചിട്ടില്ലെങ്കിലും പാത്തും പതുങ്ങിയുമുള്ള മഴയുടെ വരവ്‌ തുടർന്നാൽ അടുത്ത സീസണിൽ നമ്മുടെ ഉൽപാദനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരില്ല. പ്രതിസന്ധി മറികടക്കാൻ ടാങ്കർ ലോറികളെ കൂടുതലായി ആശ്രയിക്കാനുള്ള സാമ്പത്തിക ചുറ്റുപാടിലല്ല പല ചെറുകിട കർഷകർ. 

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കർഷകർ ഞാറ്‌ നട്ട്‌ മഴയ്‌ക്കായി കാത്തുനിൽപ്പ്‌ തുടങ്ങിയിട്ട്‌ ദിവസങ്ങൾ പലത്‌ കഴിഞ്ഞു. പല ഭാഗങ്ങളിലും മഴ പേരിനു മാത്രം ലഭ്യമായത്‌ നെൽകൃഷിയെ ബാധിക്കുമെന്ന അവസ്ഥയിലാണ്‌. ഒരു വിഭാഗം കർഷകർ പാടം നനക്കാൻ ടാങ്കർ ലോറികളെ ആശ്രിക്കാൻ തുടങ്ങിയതോടെ വെള്ളത്തിന്‌ ഇരട്ടി വില വരെ ഈടാക്കുകയാണ്‌ ലോറിക്കാർ. ഭൂഗർഭ ജലത്തിന്റെ ലഭ്യത കുറഞ്ഞതും വിരൽ ചുണ്ടുന്നത്‌ കാർഷികോൽപാദനത്തിൽ വൻ ഇടിവിനുള്ള സാധ്യതകളിലേക്കാണ്‌.

അതേസമയം സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഡൽഹിയിലും മൺസൂൺ 60 വർഷത്തിനിടയിൽ ആദ്യമായി ഒറ്റ ദിവസം രംഗപ്രവേശം ചെയ്‌തത്‌ പുതിയ ചരിത്രമായി. തുടർ മഴ ലഭ്യമാകുമോയെന്ന കാര്യത്തിലെ ആശങ്കകൾ കണക്കിലെടുത്താൽ പയർ, ധാന്യവർഗങ്ങൾ, എണ്ണക്കുരു എന്നിവയുടെ ഉൽപാദനത്തിൽ വൻ കുറവ്‌ സംഭവിക്കാം. 

അതേസമയം, നാണയപ്പെരുപ്പം ഇന്ത്യൻ സമ്പദ്‌ഘടനയിൽ വീണ്ടും വില്ലനായി മാറാനുള്ള സാധ്യതകൾ തല ഉയർത്തുന്നു. പ്രതിസന്ധി മറികടക്കാൻ കേന്ദ്ര ബാങ്ക്‌ വീണ്ടും പലിശയിൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ മുന്നിൽ കണ്ട്‌ കാർഷിക മേഖല കരുതലോടെ ഓരോ ചുവടുകളും വെക്കേണ്ട സമയമാണ്‌. കാർഷിക മേഖലകളിൽ നീക്കിയിരിപ്പുള്ള ഉൽപ്പന്നങ്ങൾ മുന്നിലുള്ള മാസങ്ങളിൽ ശ്രദ്ധാപൂർവം വിനിയോഗിക്കുക. 

കേരളത്തെ സംബന്ധിച്ച്‌ കാലാവസ്ഥ ഈ അവസ്ഥയിൽ തുടർന്നാൽ സുഗന്ധവിളകളുടെ ഉൽപാദനം അടുത്ത സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരില്ല. കരുതൽ ശേഖരത്തിലുള്ള ചരക്ക്‌ വിപണിയിലെ ഓരോ ഉയർച്ചകളിൽ നാമമാത്രമായി വിൽപ്പനയ്‌ക്ക്‌ ഇറക്കിയാൽ മെച്ചപ്പെട്ട വില ഉറപ്പ്‌ വരുത്താനാവും. 

2000ന്റെ തുടക്കത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം ആഗോള തലത്തിൽ കാർഷികോൽപ്പന്നങ്ങൾക്ക്‌ ക്ഷാമം നേരിട്ടപ്പോൾ വിപണി നിയന്ത്രണം ചൈനയുടെ കരങ്ങളിലേക്ക്‌ തിരിഞ്ഞിരുന്നു. രണ്ട്‌ വ്യാഴവട്ടത്തിനു ശേഷം അത്തരം ഒരു സാഹചര്യം എൽ നിനോ പ്രതിഭാസം മൂലം വീണ്ടും സംഭവിക്കുമെന്ന അവസ്ഥയാണ്‌. അതായത്‌ ഉൽപാദനത്തിൽ വൻ ഇടിവിനുള്ള സാധ്യതകൾ ആഗോള കാർഷിക വിപണി നിയന്ത്രണം ഇന്ത്യൻ കർഷകന്റെ കരങ്ങളിൽ എത്തിക്കാം. ജലം അമൂല്യമാണ്‌, അതുപോലെ തന്നെ കൈവശമുള്ള കാർഷികോൽപ്പന്നങ്ങളും. ഉചിതമായ അവസരത്തിൽ മാത്രം ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കിയാൽ വിജയം കൈപ്പിടിയിൽ ഒതുക്കാനാവും.

നാളികേരോൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിനായി കർഷകർ കാത്തുനിൽപ്പ്‌ തുടങ്ങിയിട്ട്‌ നാളുകളേറെയായെങ്കിലും വിലത്തകർച്ചയുടെ ദിനങ്ങൾ മാത്രം അവസാനിക്കുന്നില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ വ്യവസായികൾ തിടുക്കം പ്രദർശിപ്പിക്കാതെ കൊപ്ര സംഭരിക്കുന്ന നയത്തിലാണ്‌. പൊടുന്നനെ ഒരു വിലക്കയറ്റത്തിനുള്ള സാഹചര്യമില്ലെന്ന മില്ലുകാരുടെ വിലയിരുത്തലിൽ തെറ്റ്‌ പറയാനാവില്ല.

ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചത്തേങ്ങ നീക്കം ചുരുങ്ങിയാലും വെളിച്ചെണ്ണയ്‌ക്ക്‌ വിപണിയിൽ നേരിട്ട മാന്ദ്യം വിട്ടുമാറാതെ സ്ഥിതിഗതികളിൽ മാറ്റത്തിന്‌ ഇടയില്ല. കുനിന്മേൽ കുരുവെന്ന പോലെ വിദേശ ഭക്ഷ്യയെണ്ണകളുടെ കടുത്ത മത്സരവുമായപ്പോൾ നടു നിവർത്താൻ പോലുമാകാത്ത അവസ്ഥയിലായി നാളികേര ഉൽപാദകർ. പലരും ചരക്ക്‌ വിപണിയിൽ ഇറക്കാതെ കരുതൽ ശേഖരത്തിലേക്ക്‌ നീക്കി. എന്നാൽ മഴക്കാലമായതിനാൽ പൂപ്പൽ ബാധ ഏൽക്കാതെ കൊപ്രയെ സംരക്ഷിക്കുക ദുഷ്‌കരമാണ്‌.

കാങ്കയത്ത്‌ കൊപ്ര 7400 രൂപയിലേക്ക്‌ ഇടിഞ്ഞതിനിടയിലും പല തോട്ടങ്ങളും ചരക്ക്‌ മൊത്തമായി ഈ വിലയ്‌ക്ക്‌ കൈമാറാൻ (പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖല) തിടുക്കപ്പെടുന്നു. നാളികേര വിളവ്‌ ഉയർന്നത്‌ തന്നെയാണ്‌ കിട്ടുന്ന വിലയ്‌ക്ക്‌ ചരക്ക്‌ വിറ്റുമാറാൻ പലരേയും പ്രരിപ്പിച്ചത്‌. അതേസമയം നാഫെഡിനു വേണ്ടി വിവിധ ഏജൻസികൾ തമിഴ്‌നാട്ടിലെ ചെറുകിട കർഷകരിൽ നിന്നും താങ്ങുവിലയ്‌ക്ക്‌ കൊപ്ര സംഭരിക്കുന്നത് ഉൽപാദകർക്ക്‌ ആശ്വാസമായി. 

കേന്ദ്ര ഏജൻസി നേരിട്ട്‌ ചരക്ക്‌ സംഭരിക്കുന്ന പതിവില്ലാത്തതിനാൽ അത്തരം ഒരു നീക്കത്തിന്‌ മുറവിളി ഉയർത്തിയിട്ട്‌ കാര്യമില്ല. സീസൺ കാലയളവിലെ വിലത്തകർച്ച തടയുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഓരോ ഉൽപ്പന്നങ്ങൾക്കും അവയുടെ കാർഷികച്ചെലവുകൾ തിട്ടപ്പെടുത്തി താങ്ങുവില പ്രഖ്യാപിക്കുന്നത്‌. വിളവടുപ്പ്‌ വേളയിൽ മുടന്തൻ ന്യായങ്ങൾ ഉന്നയിച്ച്‌ സംഭരണം കടലാസിൽ മാത്രം ഒരുക്കിയാൽ കർഷകർക്ക്‌ താങ്ങ്‌ ലഭിക്കുന്നതെങ്ങനെ?

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Commodity Markets Review June 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com