ADVERTISEMENT

തുടർച്ചയായ പച്ചക്കറിവികസന പദ്ധതികൾക്കൊടുവിലും കേരളത്തിനു പരാശ്രയം മിച്ചം. പച്ചക്കറികള്‍ക്കു വില ഉയരുന്നു. എന്തുകൊണ്ടാണ് കേരളത്തിൽ ഉല്‍പാദനം ഉയര്‍ത്താനാവാത്തത്? ന്യായവിലയ്ക്കു ലഭ്യമാക്കാൻ കഴിയാത്തത്?– അന്വേഷണം

പച്ചക്കറിക്കു തീവിലയെന്നു വാർത്ത വന്നപ്പോൾ നാടിനു വേണ്ട പച്ചക്കറി ഉൽപാദിപ്പിക്കാൻ കഴിയാത്ത കൃഷിവകുപ്പ് പിരിച്ചുവിടണമെന്നുപോലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കനത്തു. എവിടെപ്പോയി നാട്ടിലെ കൃഷിക്കാരും കൃഷിവകുപ്പും എന്നു  ചോദ്യമുയര്‍ന്നു. ഏതായാലും ഇവിടെ പച്ചക്കറിക്കൃഷി ഇങ്ങനെ മതിയോ എന്ന് കൃഷിവകുപ്പു മാത്രമല്ല, കര്‍ഷകസമൂഹവും ചിന്തിക്കേണ്ടതുണ്ട്, ഇനിയെങ്കിലും.

അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കൃഷിവകുപ്പിനു പദ്ധതികളുണ്ട്. എന്നാല്‍ അതിനു ചെലവഴിക്കുന്ന പണത്തിനും അധ്വാനത്തിനും ആനുപാതികമായി ഉൽപാദനമുണ്ടോ? സൗജന്യമായി നല്‍കുന്ന വിത്ത് എത്രമാത്രം വിളവായി മാറുന്നുണ്ട്? കൃത്യമായ വിലയിരുത്തല്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്. 

സ്വന്താവശ്യത്തിനുള്ള കൃഷിയില്‍ ഒട്ടേറെ പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ പച്ചക്കറി ഉൽപാദനത്തിലെ കമ്മി നികത്താൻ വാണിജ്യക്കൃഷി വിപുലമാകണം. അതു സാധ്യമാകണമെങ്കില്‍ കൃഷിവകുപ്പും അനുബന്ധ ഏജന്‍സികളും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കൊടുക്കണം. ഇന്നു സ്ഥിതിയെങ്ങനെയെന്നു നോക്കാം. 

വിഎഫ്പിസികെയും ക്ലസ്റ്ററും

പച്ചക്കറികൾക്ക് സർക്കാർ തറവില പ്രഖ്യാപിച്ചെങ്കിലും അതു ഫലപ്രദമായി നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വാണിജ്യപച്ചക്കറിക്കർഷകരെ സഹായിക്കാന്‍ രൂപീകരിച്ചതാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളമെന്ന വിഎഫ്പിസികെ. ഏതാനും വർഷങ്ങളായി പ്രവർത്തനം വിപുലമാക്കാനോ കൂടുതൽ പച്ചക്കറി ഉൽപാദനം സാധ്യമാക്കാനോ അവർക്കു കഴിയുന്നില്ല. വിഎഫ്പിസികെയെ ശക്തിപ്പെടുത്തുകയും അവര്‍ വഴി തറവില പദ്ധതി ഫലപ്രദമായി നടപ്പാക്കുകയും വേണം. കൃഷിവകുപ്പ് ആരംഭിച്ച പച്ചക്കറി ക്ലസ്റ്ററുകളിലെ കൃഷിക്കാരെ വിപണിയിലെ ഡിമാൻഡ് മുൻകൂട്ടികണ്ട് കൃഷി ചെയ്യാൻ പരിശീലിപ്പിക്കണം. വർഷകാലത്ത് തക്കാളി ഉൽപാദനം കുറയുമെന്നു മനസ്സിലാക്കി മഴക്കുറവുള്ള പ്രദേശങ്ങളിലെ ക്ലസ്റ്ററുകളില്‍ തക്കാളി കൃഷി ചെയ്യാൻ പ്രത്യേകിച്ച് ഒരു ഫണ്ടും പദ്ധതിയും ആവശ്യമില്ല. 

സങ്കരയിനങ്ങളുടെ കൃഷി

പച്ചക്കറി ഉൽപാദനം മെച്ചപ്പെടുത്താനായി സങ്കരവിത്തുകള്‍ വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം   നല്ലതുതന്നെ. എന്നാല്‍ ഉൽപാദനക്ഷമതയേറിയ ഈ വിത്തുകൾ  വരുമാനത്തിനായി കൃഷി ചെയ്യുന്നവരുടെ പക്കല്‍ എത്തിയാലേ ഫലമുള്ളൂ. വീട്ടുവളപ്പുകളിലും അടുക്കളത്തോട്ടങ്ങളിലും ദീർഘകാലം വിളവ് നൽകുന്ന ഇനങ്ങൾക്കും വിളവൈവിധ്യത്തിനുമാകണം മുന്‍ഗണന.

ഗ്രാഫ്റ്റ് തൈകൾ

തക്കാളി കേരളത്തിലെ പ്രധാന പച്ചക്കറിവിളയല്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇവിടെ കൂടുതലായി ഉപയോഗിക്കുന്ന ഉൽപന്നമായതിനാല്‍ തക്കാളി കൃഷി ചെയ്യാൻ താൽപര്യമുള്ളവർ ഏറെയുണ്ട്. അമ്ലത കൂടിയ കേരളത്തിലെ മണ്ണിൽ തക്കാളി ഉൾപ്പെടെയുള്ള വഴുതനവർഗവിളകളിൽ വാട്ടരോഗസാധ്യത കൂടും. ഇതു ഭയന്നാണ് പലരും ഇവ കൃഷി ചെയ്യാൻ മടിക്കുന്നത്. എന്നാൽ വാട്ടരോഗത്തെ ചെറുക്കുന്ന ഗ്രാഫ്റ്റ് തൈകൾ ഇപ്പോൾ ലഭ്യമാണ്. സർക്കാർ ഫാമുകളില്‍ ഇത്തരം തൈകളുണ്ടാക്കി വിതരണം ചെയ്യണം.  

മഴമറക്കൃഷി 

പഞ്ചായത്തുകൾതോറും 3 പോളിഹൗസുകൾ ആരംഭിക്കുകയും ഒട്ടേറെ മഴമറകൾക്ക് ധനസഹായം നൽകുകയും ചെയ്ത നാടാണ് കേരളം. എന്നാൽ ഇവയിൽ എത്രയെണ്ണം ഇപ്പോൾ ശേഷിക്കുന്നുണ്ട്? മഴക്കാലത്ത് ഇവയൊക്കെ ഉപയോഗപ്പെട്ടിരുന്നെങ്കിൽ തക്കാളിവില മൂന്നക്കത്തിലെത്തില്ലായിരുന്നു. കേരളത്തിന്റെ സംരക്ഷിതകൃഷി പ്രോത്സാഹനപദ്ധതികൾ പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നു സാരം. നിലവിലുള്ള എല്ലാ പോളിഹൗസുകളിലും മഴമറകളിലും കൃഷി നടക്കുന്നുണ്ടെന്ന് കൃഷിവകുപ്പ് ഉറപ്പാക്കണം. ഉപയോഗിക്കാത്തവ കൃഷിഭവനുകള്‍ ഏറ്റെടുത്ത് കൃഷി ചെയ്യണം, വിശേഷിച്ചും മൺസൂൺ കാലത്ത്.

  • സങ്കരയിനങ്ങൾ: സാധ്യതകളേറെ, വെല്ലുവിളികളും
tomato

ഡോ. സി. നാരായണൻകുട്ടി, (റിട്ട) ഡീൻ, അസോ. ഡയറക്ടർ, കേരള കാർഷിക സർവകലാശാല 

വാണിജ്യക്കര്‍ഷകര്‍ പലരും മുന്‍പുതന്നെ ഹൈബ്രിഡ് വിത്തുകളിലേക്ക് മാറിയിരുന്നു.  വൈകിയാണെങ്കിലും കൃഷിവകുപ്പിന്റെ നയംമാറ്റം സ്വാഗതാർഹം. എന്നാൽ വിപണിയിലുള്ള  ഹൈബ്രിഡ് വിത്തുകളിൽ  കേരളത്തിനു യോജിച്ചത് ഏതൊക്കെയാണെന്നു കൃഷിവകുപ്പും കേരള കാര്‍ഷിക സർവകലാശാലയും കര്‍ഷകര്‍ക്കു പറഞ്ഞുകൊടുക്കണം. ഹൈബ്രിഡ് ഇനങ്ങൾ ഒരേ വലുപ്പത്തിലും നീളത്തിലും തൂക്കത്തിലുമുള്ള കായ്കൾ ഉൽപാദിപ്പിക്കും. 50 ശതമാനം വരെ കൂടുതൽ ഉൽപാദനവും പ്രതീക്ഷിക്കാം. പക്ഷേ, ഹൈബ്രിഡ് വിത്തുകൾക്ക് പൊതുവേ വില കൂടുതലാണ്. കൂടുതൽ വളം നൽകേണ്ടി വരും. കൃഷിച്ചെലവ് കൂടും. എന്നാൽ ഗുണമേന്മയും വിളവും കൂടുക വഴി കർഷകന് അധിക വരുമാനം ലഭിക്കും.  

നമ്മുടെ കാലാവസ്ഥയിൽ നല്ല വിളവു നൽകുന്ന ഇനങ്ങൾ മനസ്സിലാക്കി വിപണന സാധ്യതയും നോക്കി വേണം ഹൈബ്രിഡ് ഇനങ്ങൾ തിരഞ്ഞെടുക്കാൻ. ഇവയുടെ  മാതൃപിതൃശേഖരം വാങ്ങി വിദഗ്ധരുടെ മേൽനോട്ടത്തിൽ വിത്തുൽപാദനം നടത്താം. പുതിയ ഇനങ്ങൾ പരീക്ഷിക്കാനും മികച്ച ഇനങ്ങളുടെ മാതൃ–പിതൃശേഖരമുണ്ടാക്കാനും സംവിധാനം വേണം. 

  • പാഴാക്കാതിരുന്നാൽ വില താഴും

ഡോ. പി. ഇന്ദിര, എമിരറ്റസ് പ്രഫസർ, കേരള കാർഷിക സർവകലാശാല

ഏതു ഹ്രസ്വകാല വിളയ്ക്കും രണ്ടു സീസണുകൾക്കിടയിൽ ഇടവേള സ്വാഭാവികം. അപ്പോഴുണ്ടാകുന്ന ലഭ്യതക്കുറവിനെയും വിലക്കയറ്റത്തെയും ആ രീതിയിൽതന്നെ കാണണം. ഓഫ് സീസണിൽ ഒരു പരിധി വരെ ചുറ്റുവട്ടത്തു കിട്ടുന്നവ ഉപയോഗിക്കുക. ഏതു വ്യാപാരിയും പാഴാകുന്നവയുടെ വില കൂടി ചേർത്താണ് ചില്ലറവില ഈടാക്കുക. അതിനാൽ പച്ചക്കറി പാഴാകുന്നതുമൂലമുള്ള വിലവർധനയെ ഗൗരവത്തോടെ കാണണം. പാഴാകല്‍ ഒഴിവാക്കാൻ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. വഴിയോരക്കച്ച വടക്കാർക്കുപോലും കുറഞ്ഞ ചെലവിൽ 3–4 ദിവസത്തേക്ക് പച്ചക്കറി കേടാവാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കണം. പ്രമുഖ ഉൽപാദനമേഖലകളിൽ കോൾഡ് സ്റ്റോറേജ് ഒരുക്കണം.   

കേരളത്തിലെ പച്ചക്കറി ഉപഭോഗം 16.58 ലക്ഷം ടൺ മാത്രമാണെന്നു ചില കണക്കുകൾ പറയുന്നു. സർക്കാർ കണക്കുപ്രകാരം  2020–’21ൽ ഇവിടെ 15.7 ലക്ഷം ടൺ പച്ചക്കറി ഉൽപാദനമുണ്ടായിരുന്നു. തൊട്ടടുത്ത വർഷം 2021–’22ൽ ഇത് 18.3 ലക്ഷമായി ഉയരുമെന്ന പ്രതീക്ഷയും സർക്കാർ കണക്കിൽ കാണാം. അതു ശരിയായിട്ടുണ്ടെങ്കിൽ ഉപഭോഗത്തെക്കാൾ അധികമാണ് കേരളത്തിലെ പച്ചക്കറി ഉൽപാദനം. എന്നാൽ ദിവസേന ഇവിടേക്കു വരുന്ന പച്ചക്കറിലോറികളുടെ എണ്ണവും തീവിലയുമൊക്കെ ഈ കണക്കിനെ തള്ളിപ്പറയുന്നു. പച്ചക്കറി ഉൽപാദനവും ഉപഭോഗവും സംബന്ധിച്ച വ്യക്തമായ കണക്കില്ലാതെയാണ് നാം പദ്ധതികൾ ഉണ്ടാക്കുന്നതെന്നു സാരം. വ്യക്തമായ വിവരമില്ലാതെ ആവിഷ്കരിക്കുന്ന പദ്ധതികൾ പരാജയപ്പെടും, സംശയമില്ല. 

ഉപഭോക്താക്കള്‍ക്കു ചെയ്യാവുന്ന ഒന്നുണ്ട്, മറുനാടന്‍ പച്ചക്കറികള്‍ക്കു പകരം നാട്ടില്‍ കിട്ടുന്ന വാഴക്കുല, ചക്ക, മാങ്ങ, പപ്പായ, മുരിങ്ങയില, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിവയൊക്കെ ഉപയോഗിക്കുക. ബജറ്റ് ലാഭിക്കാം, ആരോഗ്യം സംരക്ഷിക്കാം. 

  • വിഎഫ്പിസികെയെ ശക്തിപ്പെടുത്തണം

ഡോ. ഗോപാലകൃഷ്ണൻ (മുൻ സിഇഒ, വിഎഫ്പിസികെ)

വാണിജ്യപച്ചക്കറിക്കൃഷി വിപുലമാക്കാന്‍  വിഎഫ്പിസികെയെ ശരിയായി ഉപയോഗപ്പെടുത്തണം. വിശദ പഠനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഈ പ്രസ്ഥാനം കേരളസാഹചര്യങ്ങളില്‍ ഏറ്റവും യോജിച്ച മാതൃകയാണ്. എല്ലാ പച്ചക്കറികളുടെയും ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടണം എന്നു വാശി പിടിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥയ്ക്കു യോജിച്ച പച്ചക്കറികൾ അതാതിടത്തു വിപുലമായി കൃഷിചെയ്തു പരമാവധി ഉൽപാദനം നേടണം. സീസണുകളിലെ ഡിമാൻഡ് മനസ്സിലാക്കി ഉൽപാദനം ക്രമീകരിക്കണം. 

കരാർകൃഷിയെ പൂർണമായി തള്ളിക്കളയേണ്ടതില്ല. മതിയായ നിയമസംരക്ഷണത്തോടെ ഇത് അനുവദിക്കണം. പാട്ടക്കൃഷിക്കും നിയമസംരക്ഷണം നൽകിയാൽ നമുക്ക് വേണ്ട പച്ചക്കറി ഉൽപാദിപ്പിക്കാൻ ഇവിടെ ആളുണ്ടാവും.

English summary: Is this enough for vegetable farming in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com