ഇത് നിപയുടെ നാലാം വരവ്; സെപ്റ്റംബറിൽ നിപ പൊട്ടിപ്പുറപ്പെടാമെന്ന് നേരത്തെ മുന്നറിയിപ്പ്; അറിയേണ്ടതും കരുതേണ്ടതും
Mail This Article
പന്നിവളര്‍ത്തല്‍ മുഖ്യതൊഴിലായി ഉപജീവനം നടത്തിയിരുന്ന മലേഷ്യയിലെ കബൂങ് ബാറു സുന്ഗയി നിപ എന്ന മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ 1998-99 കാലഘട്ടത്തിൽ തീവ്രതയുള്ള രോഗവും വ്യാപകമരണവും വിതച്ച് പൊടുന്നനെ ഒരു അജ്ഞാതരോഗം പടർന്നുപിടിച്ചു. ജനങ്ങൾക്കിടയിൽ മരണഭീതി വീതി വിതച്ച് വ്യാപിച്ച അജ്ഞാതരോഗാണുവിനെ തേടി മലേഷ്യയിലെ വൈദ്യശാസ്ത്രഗവേഷകനായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ വൈറസ് എന്ന പുതിയ രോഗകാരിയിലേക്ക് വെളിച്ചം വീശിയത്. കബൂങ് ബാറു സുന്ഗയി നിപ എന്ന സ്ഥലപ്പേരിൽ നിന്നാണ് പുതിയ വൈറസിന് നിപ എന്ന ആ പേര് കിട്ടുന്നത്. രോഗാണുവിന്റെ പ്രകൃത്യാ ഉള്ള സംഭരണികളായ (റിസര്‍വോയര്‍) റ്റീറോപസ് ( Pteropus) എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു മലേഷ്യയിൽ നിപ വൈറസ് പകർച്ച സംഭവിച്ചത്. കർഷകരിൽ മാത്രമല്ല, പന്നിക്കശാപ്പുശാലകളിൽ ജോലി ചെയ്യുന്നവരിലേക്കും വൈറസ് വ്യാപനമുണ്ടായി. മലേഷ്യയിൽ 1998 സെപ്‌റ്റംബർ മുതൽ 1999 മേയ് വരെ നീണ്ടുനിന്ന ശാസ്ത്രചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ നിപ വ്യാപനത്തിൽ 250ൽപ്പരം ആളുകൾക്ക് രോഗമുണ്ടാവുകയും 105 പേർക്ക് ജീവൻ നഷ്ടപെടുകയുമുണ്ടായി. അതേ വർഷം സിംഗപ്പൂരിലും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത രോഗബാധയേറ്റ പന്നികളുടെ കശാപ്പ് / മാംസ സംസ്കരണ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളിലായിരുന്നു സിംഗപ്പൂരിൽ നിപ കണ്ടെത്തിയത്. 11 പേരിൽ രോഗം കണ്ടെത്തിയെങ്കിലും ഒരാൾക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്.
പേടിച്ചുപറന്ന വവ്വാലുകളിൽ പെരുകിയ വൈറസ്; പന്നികളിലേക്ക് പടർന്നു, പിന്നെ മനുഷ്യരിലേക്കും
വനങ്ങളിലെ വലിയ മരങ്ങളിൽ ചേക്കേറി ജീവിച്ചിരുന്ന സ്റ്റെറോപസ് ജീനസ്സിലെ വലിയ പഴംതീനി വവ്വാലുകളുടെ ആവാസവ്യവസ്ഥയുടെ ശിഥിലീകരണമായിരുന്നു നിപ വൈറസിനെ മനുഷ്യരിൽ എത്തിച്ചത്. രോഗം കണ്ടെത്തിയതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ മലേഷ്യയിലും അയൽ രാജ്യമായ ഇന്തോനേഷ്യയിലും വന്‍തോതിലായിരുന്നു വനനശീകരണം നടന്നത്. വവ്വാലുകൾ ഉൾപ്പെടെ അനേകം ജീവികളുടെ അഭയകേന്ദ്രമായ മഹാമരങ്ങൾ വെട്ടിനശിപ്പിക്കുക മാത്രമല്ല മനുഷ്യനിർമിത കാട്ടുതീകളുണ്ടാക്കി വനങ്ങൾ ചുട്ടെരിക്കുകയുമുണ്ടായി. 1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യയ്ക്ക് നഷ്ടമായത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. ആവാസകേന്ദ്രവും (റൂസ്റ്റിങ്) ആഹാരസ്രോതസ്സും നഷ്ടമായ റ്റീറോപസ് വലിയ പഴംതീനി വവ്വാലുകൾ തീരപ്രദേശങ്ങളിൽ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടമായി പ്രാണരക്ഷാർഥം പലായനം ചെയ്യുകയും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളിൽ അഭയം തേടുകയുമുണ്ടായി.
Read also: കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു; യാത്ര അനുവദിക്കില്ല, മാസ്കും സാനിറ്റൈസറും നിർബന്ധം
അതുവരെ വവ്വാലുകളുടെ ശരീരത്തിൽ നേരിയ അളവിൽ ആർക്കും ഒരു ഉപദ്രവവും ഏൽപ്പിക്കാതെ സഹവർത്തിത്തത്തോടെ പാർത്തിരുന്ന അനേകം വൈറസുകളിൽ ഒന്നായ നിപ വൈറസുകൾ, ആഹാരവും ആവാസവും നഷ്ടപ്പെട്ട് സമ്മർദ്ദത്തിലാവുകയും പലായന ഭീതിയിൽ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുകയും ചെയ്ത വവ്വാലുകളിൽ എളുപ്പം പെരുകി. വവ്വാലുകളുടെ കാഷ്ഠം, മൂത്രം, ഉമിനീർ, ശുക്ലം എന്നീ സ്രവങ്ങളിലൂടെയെല്ലാം വിനാശകാരികളായ വൈറസുകൾ പുറത്തെത്തി. ഒരേ ചുറ്റുപാടിൽ നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടാവുകയും വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ പന്നികൾ ആഹാരമാക്കുകയും ചെയ്തതോടെ വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ വളർത്തുപന്നികളിലേക്കെത്തുകയും പിന്നീട് മനുഷ്യരിലേക്ക് പകരുകയുമാണുണ്ടായതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗനിയന്ത്രണത്തിനായി ഒരു ദശലക്ഷത്തിലധികം പന്നികളെയാണ് അക്കാലത്ത് മലേഷ്യയിൽ മാത്രം കൊന്നൊടുക്കി കുഴിച്ചുമൂടിയത്. രോഗനിയന്ത്രണം സാധ്യമായെങ്കിലും അന്ന് ഒരു ബില്യൺ മൂല്യം കണക്കാക്കിയിരുന്ന മലേഷ്യയിലെ പന്നിമാംസവ്യാവസായം തകർന്നടിഞ്ഞു.
ഇന്ത്യയിലുണ്ട് നിപ ബെൽറ്റ്
ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ നിപ വൈറസ് രോഗം കണ്ടെത്തിയത് 2001ൽ ആയിരുന്നു. ഏറെ താമസിയാതെ ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടർന്നു. തൊട്ടടുത്ത വർഷങ്ങളിലും ബംഗ്ലാദേശിൽ പലയിടങ്ങളിലായി നിപ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ചവരിൽ 75 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയിൽ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2001ൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു . 71 പേരെ വൈറസ് ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. പശ്ചിമബംഗാളിലെ നാദിയയിൽ 2007ൽ 30 പേർക്ക് നിപ രോഗബാധയുണ്ടാവുകയും വൈറസ് 5 പേരുടെ ജീവൻ കവരുകയുമുണ്ടായി. നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും ഈ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്.
വീണ്ടും മരണം വിതച്ച് നിപ; കേരളത്തിൽ ഇത് നിപയുടെ നാലാം വരവ്
കേരളത്തിൽ ഇത് നാലാം തവണയാണ് നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ മൂന്ന് രോഗബാധകളും കോഴിക്കോട് ജില്ലയിൽ തന്നെയായിരുന്നു. ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ് ഇത്തവണ രോഗബാധ. രണ്ടു പേരുടെ ജീവൻ ഇതിനകം നിപ കവർന്നു കഴിഞ്ഞു. മറ്റു രണ്ട് പേർ രോഗം സ്ഥിരീകരിച്ച് ത്രീവചികിത്സയിലാണ്. രണ്ടാഴ്ച മുൻപ് പനിയും അസ്വാഭാവിക ലക്ഷണങ്ങളുമായി ഇവിടെ മരിച്ച മറ്റൊരാളുടെയും മരണകാരണം നിപയാണെന്ന് സംശയിക്കുന്ന സാഹചര്യവുമുണ്ട്. രോഗികളുമായി സമ്പർക്കം സംശയിക്കുന്ന ഒട്ടേറെ പേർ നിലവിൽ രോഗനിരീക്ഷണത്തിലാണ്. നിപ രോഗം കോവിഡ് 19 പോലെ വളരെ വേഗത്തിൽ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്ന് പിടിക്കുന്ന രോഗമല്ല എന്നത് ആശ്വാസകരമാണ്. രോഗിയുമായുള്ള വളരെ അടുത്ത ഇടപഴകൽ വഴി അവരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കം ഉണ്ടാവുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ രോഗ സാധ്യതയുള്ളൂ. രോഗത്തിന്റെ പകർച്ച നിരക്ക് വളരെ കുറവാണെങ്കിലും രോഗബാധയേറ്റവരിൽ രോഗലക്ഷണങ്ങളുടെ തീവ്രതയും മരണസാധ്യതയും കൂടുതലാണ് എന്നതാണ് നിപയുടെ അപകടം.
Read also: മരിക്കും മുൻപ് പരസ്പരബന്ധമില്ലാതെ സംസാരിച്ചു; നിപ്പ തിരിച്ചറിഞ്ഞതിങ്ങനെ: പരിചയം തുണച്ചു
2018ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി, 92 ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി 2021, സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ നിപ കവർന്നു. നിപയുടെ മൂന്നാം വരവ് പോലെ ഇപ്പോൾ കോഴിക്കോട് ജില്ലയിലുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടൽ സംഭവിച്ചതും സെപ്റ്റംബർ മാസം തന്നെയാണ് എന്ന സാമ്യതയുണ്ട്.
രോഗവ്യാപനത്തിന്റെ വഴി
വൈറസ് വാഹകരായ വവ്വാലിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക്, വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്ക്, രോഗബാധിതരായ മനുഷ്യരിൽ നിന്ന് അടുത്ത സമ്പർക്കം വഴി വിവിധ സ്രവങ്ങളിലൂടെ മനുഷ്യരിലേക്ക് എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിപ വൈറസ് രോഗസംക്രമണ സാധ്യതയുള്ളത്.
വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളിൽ ഒന്നും തന്നെ വവ്വാലിനും മനുഷ്യർക്കുമിടയിൽ വൈറസിനെ വ്യാപിക്കാൻ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ (ഇൻഡക്സ്) നിപ രോഗബാധകൾ എല്ലാം തന്നെ വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നത്. കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
നിപ വൈറസിനുണ്ട് ദക്ഷിണേന്ത്യന്‍ വകഭേദം; കേരളത്തിന് മുന്നറിയിപ്പ് നൽകിയ പഠനറിപ്പോർട്ടുകൾ
കേരളത്തിൽ നിപ വൈറസ് മനുഷ്യനിലേക്ക് കടന്നുകയറിയ വഴി കൃത്യമായി ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. ഈ ശാസ്ത്രീയ കണ്ടെത്തലുകളാണ് വവ്വാലുകളുടെ സാന്നിധ്യമുള്ള പരിസ്ഥിതിയിൽ ഇടപെടുമ്പോൾ കൂടുതൽ കരുതൽ വേണമെന്ന് നമ്മെ ഓർമിപ്പിക്കുന്നത്.
2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. വൈറസ് സാന്നിധ്യപരിശോധനയില്‍ 19 ശതമാനം വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Read also: 2018ൽ വന്ന വൈറസ് സംസ്ഥാനം വിട്ടിട്ടില്ലെന്ന് ശാസ്ത്രജ്ഞർ; വവ്വാലുകളിൽ നിപ്പ സാന്നിധ്യം തുടരാൻ സാധ്യത
ഈ വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകൾ തമ്മിലുള്ള സാമ്യം 99.7 % –100% ആയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയിരുന്നു. വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകർ അന്നേ നൽകിയിരുന്നു. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാൽ കൂട്ടമാണ് റ്റീറോപസ് വിഭാഗത്തിൽ നിന്നായി ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം.
എറണാകുളത്ത് 2019ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ പഠനം നാഷണല്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യ യാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആർ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീടിനും, യുവാവ് പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജിന്റെയും ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി പ്രധാനമായും സാംപിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്ന് ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളിൽ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തിൽ വൈറസ് ബാധയുണ്ടായിരുന്നു എന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
കേരളത്തില്‍ പല ജില്ലകളിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകൾക്കിടയിൽ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നിഗമനത്തിലാണ് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘം ഒടുവിലെത്തിയത്. മാത്രമല്ല, കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുകള്‍ ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകളില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവും വൈറസിന്റെ ജനിതക ശ്രേണികരണപഠനത്തിലൂടെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലാദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളില്‍ നിശബ്ദമായി സംക്രമണം ചെയ്യുന്ന നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിൻ (I) (NiV strain -India (I)) ആണെന്ന അനുമാനവും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പഠനം നടത്തേണ്ടതും നിരീക്ഷണ, ജാഗ്രത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതാണെന്നുമുള്ള മുന്നറിയിപ്പും രണ്ടുവര്‍ഷം മുന്നെ തന്നെ ഗവേഷകര്‍ നല്‍കിയിട്ടുള്ളതാണ്.
2021, സെപ്റ്റംബറിൽ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ സമീപ മേഖലയായ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച പഴംതീനി വവ്വാൽ ഇനങ്ങളായ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐ. ജി. ജി. (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ശ്വാനമുഖന്മാരായ പഴംതീനി വവ്വാലുകളിൽ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. വവ്വാലുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്തിയത് അവയിൽ വൈറസ് സാന്നിധ്യമുള്ളതിന്റെ കൃത്യമായ തെളിവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ ഉണ്ടായ നിപ രോഗബാധയിൽ വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകൾ തന്നെയാണന്ന നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിയത്. കേരളത്തിൽ കാണപ്പെടുന്ന 33 ഇനം വവ്വാലുകളിൽ ഏഴിനം വവ്വാലുകൾ വൈറസ് വാഹകരാണെന്ന ഈയിടെ പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടും ഈ അവസരത്തിൽ പ്രസക്തമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും നടത്തിയ പഠനത്തിലാണ് ഈയിനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പഴംതീനി വവ്വാലുകളിൽ മാത്രമാണ് കേരളത്തിൽ ഇതുവരെ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ഇനത്തിൽപ്പെട്ട വവ്വാലുകളെ പിടികൂടി പഠനം നടത്തിയാൽ മാത്രമേ കേരളത്തിൽ കൂടുതൽ ഇനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം ഉണ്ടോ എന്നതിൽ സ്ഥിരീകരണം സാധ്യമാവൂ.
ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയതായി ഈയിടെ പുറത്തുവന്ന റിപ്പോർട്ടും അനുബന്ധമായി അറിയേണ്ടതുണ്ട്.
ആളെക്കൊല്ലി വൈറസുകൾക്കെതിരെ ജാഗ്രതയാണ് പ്രതിരോധം
ഇതുവരെയുള്ള ഗവേഷണപഠനങ്ങളെല്ലാം തന്നെ നിപ വൈറസും വവ്വാലുകളുമായുള്ള സഹവർത്തിത്തത്തിന്റെയും നമ്മുടെ പരിസ്ഥിതിയില്‍ കാണപ്പെടുന്ന പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ ഉയർന്ന സാന്നിധ്യമുള്ളതിന്റെയും തെളിവുകളും, നിപ പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പും നമുക്ക് നൽകുന്നുണ്ട്. വവ്വാലുകളെ ഇല്ലാതാക്കി വൈറസിനെ പ്രതിരോധിക്കാന്‍ നമുക്കാവില്ല. അത്തരം അപക്വമായ മാർഗങ്ങളല്ല നിപ പ്രതിരോധത്തില്‍ നമുക്ക് വേണ്ടത്. പരിസ്ഥിതിയുമായുള്ള ഇടപെടലുകളില്‍ ജാഗ്രതയും കരുതലുമാണ് വേണ്ടത്. വവ്വാലുകളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വവ്വാലുകളുമായുള്ള സമ്പർക്കം കുറയ്ക്കാനായി വലിയ മരങ്ങൾ ഉൾപ്പെടെയുള്ള അവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുന്നത് രോഗസാധ്യത കൂട്ടാൻ മാത്രമേ ഉപകരിക്കൂ. വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതും കൂടുതൽ അപകടം ചെയ്യും. ഭയപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും വാസസ്ഥാനങ്ങൾ നശിപ്പിക്കുന്നതുമടക്കമുള്ള ഏതൊരു സമ്മർദ്ദവും വവ്വാലുകളിൽ വൈറസുകൾ പെരുകാനും അവയുടെ ശരീരസ്രവങ്ങളിലൂടെ പുറത്തുവരാനുമുള്ള സാധ്യതയും സാഹചര്യവും കൂട്ടും. വവ്വാലുകളുടെ വലിയ ആവാസവ്യവസ്ഥകൾ സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടമേഖലകളിൽ ഇടപെടുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നതും ഈ അവസരത്തിൽ ഓർക്കണം.
വവ്വാലുകളുടെ ആവാസസ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കണം. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലേക്കും അവ വിഹരിക്കുന്ന പ്രദേശങ്ങളിലേക്കുമുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉപേക്ഷിക്കപ്പെട്ട കിണറുകൾ വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ പ്രധാനമാണ്. ഇത്തരം കിണറുകളിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വവ്വാലുകളുടെ ഉയര്‍ന്ന സാന്നിധ്യമുള്ള മേഖലകളില്‍ കന്നുകാലി, പന്നി ഫാമുകള്‍ നടത്തുന്നതും കന്നുകാലികളെ മേയാന്‍ വിടുന്നതും ഒഴിവാക്കുക. പരിക്കുപറ്റിയതോ ചത്തതോ ആയ വവ്വാലുകളെ ഒരു കാരണവശാലും കൈകൊണ്ട് തൊടരുത്. വവ്വാലുകളുമായും വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളുമായും ഇടപെടേണ്ടിവരുന്ന അടിയന്തിരസാഹചര്യങ്ങളിൽ കയ്യുറ, മാസ്ക് ഉൾപ്പെടെയുള്ള വ്യക്തി സുരക്ഷാമാര്‍ഗ്ഗങ്ങള്‍ മുഖ്യം. നിലത്തുനിന്ന് കിട്ടുന്ന പകുതി നശിച്ചതോ പോറലേറ്റതോ ആയ പഴങ്ങൾ ഉൾപ്പെടെ വവ്വാലുകളുമായി സമ്പർക്കത്തിൽ വന്നിരിക്കാൻ സാധ്യതയുള്ള പഴങ്ങൾ തീർച്ചയായും ഒഴിവാക്കുക. അത്തരം പഴങ്ങള്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കാതിരിക്കുക. വവ്വാൽ കടിച്ചുപേക്ഷിച്ചവയാകാൻ സാധ്യതയുള്ള പഴങ്ങൾ സ്പർശിക്കാതിരിക്കാനും ശ്രമിക്കേണ്ടതാണ്. അറിയാതെ സമ്പർക്കം ഉണ്ടായാൽ കൈ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. സോപ്പിന്റെ രാസഗുണത്തിന് ഇരട്ട സ്തരമുള്ള ആർഎൻഎ വൈറസുകളിൽ ഉൾപ്പെട്ട നിപയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ചെടികളിൽ നിന്നും പറിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ഈ ആരോഗ്യസുരക്ഷാ പാഠങ്ങൾ വീട്ടിലെ കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കുക.
റംബുട്ടാന്‍, പുലാസന്‍, അച്ചാച്ചൈറു, ലോംഗന്‍, മാംഗോസ്റ്റിന്‍, സാന്റോള്‍, അബിയു ഉൾപ്പെടെ കേരളത്തിൽ ഇന്ന് വ്യാപകമായി കൃഷിചെയ്യുന്നതും നമുക്ക് പ്രിയപ്പെട്ടവയുമായ പുതുതലമുറ പഴങ്ങളിൽ ഭൂരിഭാഗവും വവ്വാലുകൾക്കും പ്രിയപ്പെട്ടവയാണ്. പൂവ് കായ ആകുന്നതുമുതൽ ചെറിയ കണ്ണികളുള്ള വല കൊണ്ട് മരം മൂടിക്കെട്ടി ഒരൊറ്റ ഇലത്തലപ്പു പോലും പുറത്തേക്ക് എത്താത്ത വിധത്തില്‍ ഫലവർഗ്ഗ ചെടികൾ പരിപാലിക്കുന്നത് ഏറെ ഉചിതമാണ്. ഉദാഹരണത്തിന് റംബുട്ടാൻ മരം 70 അടി വരെ ഉയരത്തിൽ വളരുന്നതാണ്. കൃഷി ചെയ്യുമ്പോൾ മരത്തിന് പരമാവധി 10 അടി വരെ ഉയരം വയ്ക്കാൻ മാത്രം അനുവദിച്ച് കൊമ്പുകോതൽ നടത്തി വളർത്തിയാൽ വല കൊണ്ട് മരം മൂടിക്കെട്ടിയുള്ള പരിപാലനം എളുപ്പമാവും. വലിയ മരങ്ങളായ പ്ലാവിനെയും മാവിനെയുമൊക്കെ വലയിട്ടു സംരക്ഷിക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ അവയിൽ നിന്നുള്ള പഴങ്ങൾ ഉപയോഗിക്കുമ്പോൾ മുൻപ് സൂചിപ്പിച്ച മറ്റ് മുൻകരുതലുകൾ സ്വീകരിക്കാം. പഴുത്ത അടയ്ക്ക, വാഴയുടെ കൂമ്പിലെ തേൻ എന്നിവ പഴംതീനി വവ്വാലുകളുടെ ഇഷ്ട ആഹാരമാണ്. അതിനാൽ ഇവയെല്ലാം കൈകാര്യം ചെയ്യുമ്പോൾ കരുതലാവാം. ജലസ്രോതസ്സുകൾ വവ്വാലുകളുടെ കാഷ്ഠം വീണു മലിനമാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. കിണറുകൾക്കും ജലടാങ്കുകൾക്കും വലകൾ സ്ഥാപിച്ച് ഭദ്രമാക്കുക. വവ്വാൽ സാന്നിധ്യം ഏറെയുള്ള മേഖലകളിൽ തുറന്നുവച്ച കള്ളിൻ കുടങ്ങളുള്ള തെങ്ങിലും പനയിലും കയറുന്നതിലും തുറന്നുവെച്ച കുടങ്ങളിൽനിന്നും ശേഖരിക്കുന്ന കള്ള് കുടിക്കുന്നതിലും അപകടസാധ്യത ഏറെയുണ്ടെന്ന് അറിയുക, ജാഗ്രത പുലർത്തുക. വിനാശകാരികളായ ആളെക്കൊല്ലി വൈറസുകളെ പ്രതിരോധിക്കാൻ മുൻകരുതലിനെക്കാൾ മികച്ച മറ്റൊരു വഴി നമുക്ക് മുന്നിലില്ല.
English summary: This is the fourth coming of Nipah; Early warning of Nipah outbreak in September; Need to know and care