ADVERTISEMENT

ഉത്തരേന്ത്യയിൽ 1967-78 കാലത്ത് ഭക്ഷ്യധാന്യോൽപ്പാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടായെങ്കിലും കേരളത്തിൽ ഇതുപോലുള്ള കുതിപ്പ് ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്? ഇവിടെ  ഭക്ഷ്യധാന്യകൃഷി എന്നു പറയാൻ നെല്ലുമാത്രമേയുള്ളൂ. ചോളം, റാഗി എന്നീ ചെറുധാന്യങ്ങളുടെ കൃഷി പേരിനു മാത്രം. പിന്നെയുള്ളത് കുറച്ചു മരച്ചീനിയാണ്. കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങളെ ഹരിതവിപ്ലവവുമായി ചിലർ തെറ്റായി ബന്ധപ്പെടുത്താറുണ്ട്. നമ്മുടെ പ്രശ്നങ്ങൾ പ്രധാനമായും WTO, നാണ്യവിളകളുടെ വിലയിടിവ്, വിദഗ്ധതൊഴിലാളിക്ഷാമം, പുരയിടങ്ങളുടെ തുണ്ടുവൽക്കരണം എന്നിവയൊക്കെയാണ്. 

1966-67ൽ ഇന്ത്യയിൽ 35 ദശലക്ഷം ഹെക്ടറിൽ നെല്ല് കൃഷി ചെയ്തു, ഉൽപാദനം 30 ദശലക്ഷം ടൺ.  അതേസമയം, 2021-22ൽ നെല്ല് കൃഷി ചെയ്തത് 46 ദശലക്ഷം ഹെക്ടറിലാണ്, ഉൽപ്പാദനം 130 ദശലക്ഷം ടൺ. അതായത്, ദേശീയതലത്തിൽ നെൽകൃഷിയും നെല്ലുൽപ്പാദനവും വർഷം പ്രതികൂടി വന്നിട്ടേയുളളൂ, കേരളത്തിലേതുപോലെ കുറഞ്ഞിട്ടില്ല. ഇങ്ങനെ നെല്ലുൽപ്പാദനം ഉള്ളതുകൊണ്ടാണ് കേരളത്തിലുള്ള ചിലർ നെൽകൃഷിയൊക്കെ നിർത്തി സ്വാമിനാഥനെയും ഹരിതവിപ്ലവത്തെയും ചീത്ത പറഞ്ഞു നടക്കുന്നത്. പഴയതുപോലെ  കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടക്കുന്നില്ല, നെൽകൃഷിയിലെ കൊള്ളലാഭം ഇല്ലാതായി! 1975ന് മുമ്പ് അരിയുടെയൊക്കെ വില എത്രയായിരുന്നു എന്നും ഇവ കിട്ടാനുണ്ടായിരുന്നോ എന്നും അന്വേഷിക്കണം. ലെവി പോലുള്ള സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. 

1970ന് ശേഷം വടക്കേ ഇന്ത്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് അരി കിട്ടിത്തുടങ്ങുകയും പൊതുവിതരണ സമ്പ്രദായം (PDS) ശക്തമാകുകയും ചെയ്തതോടെയാണ് കേരളത്തിൽ നെൽകൃഷി ലാഭകരമല്ലാതായത്. ഇതിനേക്കാൾ ലാഭം റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ മറ്റു കൃഷികൾ എന്നു കണ്ടുപിടിച്ചു നികത്തൽ തുടങ്ങി! ഈ നികത്തൽ ശക്തമായത് 1980കൾക്കു ശേഷമാണ് എന്നോർക്കണം.  

കേരളത്തിലുണ്ടായതു ഹരിതവിപ്ലവത്തിന്റെ കേവലം അലയൊലികൾ മാത്രമാണെന്ന് പറയേണ്ടി വരും! ഗോതമ്പിൽ ജപ്പാനിൽനിന്ന് കണ്ടെടുത്ത നോറിൻ-10 ആണ് ‘ഗോതമ്പ് വിപ്ലവത്തിന്’ കാരണമായത്. അതുപോലെ, തായ്‌വാനിൽനിന്നു കണ്ടെടുത്ത ‘ഡി-ജി-വു-ജെൻ’ എന്ന കുറിയ ഇനമാണ് നെല്ലിൽ വിപ്ലവം കൊണ്ടുവരുന്നത്. ‘ഡി-ജി-വു- ജെൻ’, ‘ടായി യുവാൻ ചുങ്’ എന്നീ തായ്‌വാൻ ഇനങ്ങളിൽ നിന്ന് സങ്കരണ-നിർധാരണം വഴി ലോകത്ത് ആദ്യമായി ഉണ്ടാക്കിയെടുത്ത ഇനമാണ് ‘തായ് ചുങ് നേറ്റീവ് -1’. 1964ൽ ഇത് കേരളത്തിലും എത്തി. ഇതിനോടൊപ്പം കൊണ്ടുവന്നതാണ് ‘തൈനാൻ -3’ എന്ന മറ്റൊരു ഇനം. വിളവ് കൂടുതൽ ലഭിച്ചുവെങ്കിലും വെള്ളനിറവും ഒട്ടിപ്പിടിക്കുന്ന സ്വഭാവവും കാരണം കേരളീയർക്ക് ഇവ രണ്ടും ഇഷ്ടമായില്ല. പക്ഷേ, ഇവ സസ്യ പ്രജനനത്തിന് ഉപയോഗിച്ചു. 

‘തായ് ചുങ് നേറ്റീവ്-1’, ‘പിടിബി -10’ (തെക്കൻ ചീര) എന്നിവയിൽനിന്നും ഉരുത്തിരിച്ചെടുത്തതാണ് ‘അന്നപൂർണ’ എന്ന അത്യുൽപ്പാദന ശേഷിയുള്ള ചുവന്ന നെല്ലിനം. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്ന് 1966ലാണ് ഇത് പുറത്തിറക്കുന്നത്. ചുവന്നരി ആയതുകൊണ്ട് അത് കേരളത്തിൽ മാത്രമായി ഒതുങ്ങി പോയി (ഒരു പക്ഷേ, ചുവപ്പരി ചോറ് കഴിക്കുന്ന ഒരേ ഒരു ജനത മലയാളികൾ ആകും!) അതേ വർഷമാണ് IR-8 ഇറങ്ങുന്നത്. വെളുത്തരി ആയിരുന്നതുകൊണ്ട് കേരളീയർക്ക് പിടിച്ചില്ലങ്കിലും IR-8ന് അന്താരാഷ്ട്ര സമ്മിതി ലഭിച്ചു.

1951-52ൽ നാടൻ നെല്ലിനങ്ങൾ മാത്രം കൃഷി ചെയ്തിരുന്നപ്പോൾ കേരളത്തിൽ കിട്ടിയിരുന്നത് ഹെക്ടറിനു വെറും 960 കി.ഗ്രാം വിളവ് മാത്രമാണ്. 1964-65ൽ, അതായത് ഹരിതവിപ്ലവ കാലഘട്ടത്തിന് തൊട്ടുമുമ്പ് കേരളത്തിലെ നെല്ലുൽപാദനം 8.01 ലക്ഷം ഹെക്ടർ സ്ഥലത്ത് നിന്നും 11.21 ലക്ഷം ടണ്ണും ഉൽപാദനക്ഷമത 1400 കി.ഗ്രാം/ഹെ. ഉം ആയിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിച്ചത് 1975-76ൽ ആയിരുന്നു (13.1 ലക്ഷം ടൺ ഉൽപാദനം, ഉൽപ്പാദന ക്ഷമത 1520 കി.ഗ്രാം/ഹെ.). എന്നാൽ ഏറ്റവും കൂടുതൽ സ്ഥലത്ത് നെല്ല് കൃഷി ചെയ്തത് 1974-75ൽ ആയിരുന്നു (8.81 ലക്ഷം ഹെക്ടർ). 

തുടർന്നുള്ള വർഷങ്ങളിൽ ഉൽപാദനക്ഷമതയിൽ നേരിയ തോതിലുള്ള വർധന ഉണ്ടെന്നതൊഴിച്ചാൽ നെൽഷിയുടെ വിസ്തീർണവും ആകെ ഉൽപാദനവും കുറഞ്ഞുവരികയാണ്. 2021-22ൽ ആകെ കൃഷി 1.96 ലക്ഷം ഹെക്ടർ. മാത്രമായിരുന്നു. ഉൽപാദനക്ഷമത, 2872 കി.ഗ്രാം/ഹെ. ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലെ സാധാരണക്കാരന് ഭക്ഷണം പ്രാപ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. തുറന്ന വിപണിയിൽ ക്രമേണ ഭക്ഷ്യധാന്യങ്ങളുടെ വില ഇടിയുകയും കർഷകരുടെ ലാഭം കുറയുകയും ചെയ്തു. തൊഴിലാളി ദൗർലഭ്യവും ഉയർന്ന കൂലിയുമുള്ള കേരളത്തിൽ ഇത് വലിയ പ്രശ്നമായി. ഇത് കർഷകരുടെ നെൽകൃഷിയിലുള്ള താൽപ്പര്യം കുറയുന്നതിനും മറ്റ് നാണ്യവിളകളിലേക്കുള്ള വ്യാപകമായ പരിവർത്തനത്തിനും വഴിയൊരുക്കി. 

ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  പോളിസിപരമായ മാറ്റങ്ങൾ ആവശ്യമാണ്. നെല്ലിന്റെ കേന്ദ്രം നിശ്ചയിച്ച ചുരുങ്ങിയ താങ്ങ് വില 20.40 രൂപ ആയിരിക്കുമ്പോൾ കേരള സർക്കാർ സ്വന്തം വിഹിതമായ 7.80 രൂപയും കൂടി കൂട്ടി 28.20 രൂപക്കു നെല്ല് സംഭരിക്കുന്നത് ഇക്കാരണം കൊണ്ട് കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com