ADVERTISEMENT

രഘു ഒ. നായരല്ലാതെ കേരളത്തിൽ മറ്റൊരാളും ഒരു പക്ഷേ ഈ കൂൺ കൃഷി ചെയ്യുന്നുണ്ടാവില്ല. കോർഡിസെപ്സ് എന്നറിയപ്പെടുന്ന ഔഷധക്കൂണുകളെ കേരളത്തിനു പരിചയപ്പെടുത്തുകയാണ് പാലക്കാട് ചന്ദ്രനഗറിലെ ഈ കാര്‍ഷിക സംരംഭകന്‍.  കോർഡിസെപ്സിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയി ലിറക്കുന്ന ‘അതിനിഥി ന്യൂട്രിമെന്റ്സി’ലൂടെ താല്‍പര്യമുള്ള മറ്റു സംരംഭകരെ ഈ രംഗത്തേക്കു ക്ഷണിക്കാനൊരുങ്ങുകയുമാണ് രഘു നായര്‍. താല്‍പര്യമുള്ളവര്‍ക്ക് അതിനിഥി കമ്പനി വിത്തും  സാങ്കേതികവിദ്യയും നൽകും. ജൈവസാങ്കേതികവിദ്യയിൽ പരിചയമുള്ളവർക്ക് ഈ രംഗത്ത് ശോഭിക്കാനാകും.

രഘു ഒ. നായർ കോർഡിസെപ്സ് ട്രേയുമായി
രഘു ഒ. നായർ കോർഡിസെപ്സ് ട്രേയുമായി

അർബുദബാധിതയായ അമ്മയ്ക്ക് റേഡിയേഷനിലൂടെ നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കുന്നതിനാണ് രഘു ആദ്യം കോർഡിസെപ്സ് സ്വന്തമാക്കിയത്. കോർഡിസെപ്സിലൂടെ അമ്മയുടെ പ്രസരിപ്പ് തിരിച്ചെത്തിയതോടെ ഊ കൂൺ നിസ്സാരമല്ലെന്നു ബോധ്യപ്പെട്ടു. തുടർന്നാണ് ഇതേക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചത്. ഉത്തരേന്ത്യയിലും ചൈനയിലുമൊക്കെ കൃഷി ചെയ്യുന്ന കോർഡിസെപ്സ് നിയന്ത്രിത അന്തരീക്ഷത്തിൽ വളര്‍ത്താനാകുമോയെന്ന അന്വേഷണവും ഒപ്പം നടത്തി. സമഗ്രമായ അന്വേഷണത്തിനൊടുവി‌ൽ ഒരു ലാബ് തയാറാക്കി കോർഡിസെപ്സ് കൃഷി ആരംഭിച്ചു. തുടക്കത്തിൽ ഇന്ത്യയിലെ മരുന്നുകമ്പനികൾക്ക് കൂൺ ഉണക്കി നൽകുകയായിരുന്നു. കോവിഡ് കാലത്ത് ഈ ബന്ധം മുറിഞ്ഞതിനെത്തുടർന്ന് സ്വന്തമായി സംസ്കരിക്കാനുള്ള ശ്രമം തുടങ്ങി.  ഈ സംരംഭത്തിൽ പ്രഗൽഭരായ രണ്ടു പങ്കാളികളെ കിട്ടിയത് നേട്ടമായി – ന്യൂട്രാസ്യൂട്ടിക്കൽ ഗവേഷണമേഖലയിൽ 35 വർഷത്തെ പരിചയസമ്പത്തുള്ള ഡോ. ഗിരിധരനും ഫാർമ മേഖലയിൽ പരിചയസമ്പന്നനായ സന്തോഷ് ആർ. പിള്ളയും. ഇരുവരുടെയും പങ്കാളിത്തമായതോടെ ഉൽപന്ന വികസനവും വിപണനവും കൂടി ആരംഭിച്ചു. കോവിഡ് കാലത്തിനു ശേഷം കൃഷി പുനരാരംഭിച്ച അതിനിഥി ന്യുട്രിമെന്റ് പ്രോഡക്ട്സ്  ഇപ്പോൾ മുഴുവൻ ഉൽപാദനവും കാപ്സ്യൂകളാക്കി വിപണിയിലെത്തിക്കുകയാണ്. കാൻസർ രോഗികള്‍, പ്രമേഹബാധിതർ, ആയുർവേദ ഭിഷഗ്വരന്മാർ എന്നിവരൊക്കെയാണ് പ്രധാനമായും ആവശ്യക്കാര്‍. 

medicinal-mushroom-2

അകത്തളക്കൃഷി
ശീതീകരിച്ച  മുറിയുണ്ടെങ്കിൽ കോർഡിസെപ്സ് വളർത്താന്‍ അടിസ്ഥാനസൗകര്യമായി. ഉൽപാദകർക്ക് കൂണിനത്തിന്റെ വിത്ത് വിപണിയിൽ വാങ്ങാം. ഇത് ട്രേകളിലെ മീഡിയത്തിൽ നിരത്തി മാറ്റിവയ്ക്കും. 60 ദിവസം കഴിയുമ്പോൾ പാകമാകുന്ന കൂണുകൾ മുറിച്ചെടുത്ത് ഡ്രയറിൽ ഉണക്കി പൊടിക്കുന്നു. തുടർന്ന് മറ്റ് പല ഔഷധച്ചേരുവകൾക്കൊപ്പം ചേർത്ത്  കാപ്സ്യൂളാക്കുകയാണ് ഇവർ ചെയ്യുന്നത്. ആമസോൺ പോലുള്ള  വെബ്സൈറ്റുകളിൽ ഇവ ലഭ്യമാണ്.

ഭക്ഷ്യ–മരുന്ന്–പോഷക–സൗന്ദര്യവർധക വ്യവസായങ്ങളിൽ ഏറെ സാധ്യതകളാണ് ഇതിനുള്ളതെന്ന് രഘു പറയുന്നു. കോർഡിസെപ്സ് സംബന്ധിച്ച കൂടുതൽ പഠനങ്ങൾക്കും അതിനിഥി മുൻകൈയെടുക്കുന്നുണ്ട്. കേരള കാർഷിക സർവകലാശാലയിൽ ഇൻകുബേറ്റ് ചെയ്യുന്ന ഈ സ്റ്റാർട്ടപ് സംരംഭവും തിരുവനന്തപുരത്തെ എൻഐഐഎസ്ടി(National Institute For Interdisciplinary Science and Technology), കണ്ണൂർ പറശ്ശനിക്കടവിലുള്ള എംവിആർ ആയുർവേദ മെ‍ഡിക്കൽ കോളജ് എന്നിവയും തമ്മില്‍ ഗവേഷണം സംബന്ധിച്ചു ധാരണയായിട്ടുണ്ട്. ഫുഡ് സപ്ലിമെന്റ്സ്, ഫംങ്ഷനൽ ഫുഡ് എന്നിവയ്ക്കു പ്രചാരമേറുന്നതിനാൽ അത്യാധുനിക സംവിധാനങ്ങളുള്ള  കോർഡിസെപ്സ് ഉൽപാദന യൂണിറ്റായി ഈ സംരംഭം വികസിപ്പിക്കുന്നതിനു നിക്ഷേപകരുമായി ചർച്ച നടന്നുവരുന്നു. 

medicinal-mushroom-4
ലബോറട്ടറിയിൽ വളരുന്ന കോർഡിസെപ്സ്. ഇൻസെറ്റിൽ ഡോ. ഗിരിധരൻ, സന്തോഷ് ആർ. പിള്ള

ഹിമാലയൻ ഗോൾഡ്
കൂണെന്നാൽ കുട ചൂടി നിൽക്കുന്ന കുമിൾ മാത്രമായിരുന്നു നമുക്ക്. കൂൺ കറിയും കൂണച്ചാറും കൂൺ കട്‌ലറ്റുമെന്നതിനപ്പുറം മറ്റു സാധ്യതകള്‍ നാം ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മഷ്റൂം എന്നാൽ ഒട്ടേറെ സാധ്യതകളാണ്. മരുന്നായും പോഷകമായും കൂണുകൾ  സുപരിചിതമാകുന്നു. ആയിരങ്ങളും പതിനായിരങ്ങളുമൊക്കെ വില വരുന്ന കൂണുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വിഭവമായി എത്തുന്നു. ഇങ്ങനെ ന്യൂട്രസ്യൂട്ടിക്കൽ ബിസിനസിൽ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയ കൂണാണ് കോർഡിസെപ്സ്. ഹിമാലയൻ ഗോൾഡ് എന്നറിയപ്പെടുന്ന അപൂർവയിനം. ഹിമാലയൻ മേഖലയിൽ കാണപ്പെട്ടിരുന്ന കോർഡിസെപ്സ് വ്യാപകമായി കൊള്ളയടിക്കപ്പെട്ടതു കാരണം വംശനാശഭീഷണിയിലാണ്. തുടർന്ന് സ്വഭാവിക സാഹചര്യങ്ങളിൽ ഇവ വിളവെടുക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു. അതുകൊണ്ടുതന്നെ കൃത്രിമ സാഹചര്യങ്ങളിൽ വളര്‍ത്തിലയെടുത്തു മാത്രമേ ഇതു ലഭ്യമാക്കാനാവൂ.   

ഒരേ സമയം ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബിയിൽ സ്വഭാവം കാണിക്കുന്ന ഈ കൂൺ വാർധക്യത്തെ ചെറുക്കുന്നതിനായും ആളുകൾ ഉപയോഗിക്കുന്നുണ്ടത്രെ. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനും ഫുഡ് സപ്ലിമെന്റായി കോർഡിസെപ്സിനു പ്രചാരമേറുന്നുണ്ട്.  

ഫോൺ: 9043099998

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com