ADVERTISEMENT

‘അഞ്ജനമെന്നാൽ എനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കും’– മഞ്ഞളിനെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. മഞ്ഞളിനു ഔഷധപ്രാധാന്യമുണ്ടെന്നും കറിക്കും കളറിനും കൊള്ളാമെന്നും ഇതിൽ കുർകുമിനുണ്ടെന്നുമൊക്കെ നമുക്കറിയാം. എന്നാൽ മഞ്ഞൾ എങ്ങനെ  പ്രയോജനപ്പെടുത്തണമെന്നതില്‍ കൃത്യമായ ധാരണ പലർക്കുമില്ല. അതിരാവിലെ മഞ്ഞൾപ്പൊടി തേനിൽ ചാലിച്ചു കഴിക്കുന്നവരും മഞ്ഞൾപ്പാല് കുടിക്കുന്നവരുമൊക്കെയുണ്ട്. ഡെയറി കമ്പനികൾ ഗോൾഡൻ മിൽക്ക് വിറ്റ് കാശുണ്ടാക്കുന്നുമുണ്ട്. എന്നാൽ നാം കഴിക്കുന്ന മഞ്ഞളിന്റെ സിംഹഭാഗവും ശരിയായി ദഹിക്കാതെ ശരീരം പുറന്തള്ളുകയാണെന്ന് എത്ര പേർക്കറിയാം? 

ദഹനരസങ്ങൾക്ക് തകർക്കാനാവാത്തത്ര ശക്തമാണ് മഞ്ഞളിന്റെ കോശഭിത്തി. ഇത്രനാളും കഷ്ടപ്പെട്ട് കഴിച്ച മഞ്ഞളൊക്കെ പാഴായെന്നോർത്തു വിഷമിക്കേണ്ട. കഴിച്ചാൽ ശരീരത്തിൽ പിടിക്കുന്ന മഞ്ഞളുമായാണ് പെരുമ്പാവൂർ മറ്റത്തിൽ ജോബി ജോൺസന്റെ സ്റ്റാർട്ടപ് സംരംഭം വരുന്നത്. വെറും മഞ്ഞളല്ല, ഫെർമന്റഡ് ടർമറിക് അഥവാ പുളിപ്പിച്ച മഞ്ഞൾപ്പൊടി. ഈ മഞ്ഞൾപൊടി കഴിച്ചാല്‍  പോഷക മികവുകൾ അത്രയും ശരീരത്തിലേക്കു ചെല്ലുമെന്ന്  ജോബി അവകാശപ്പെടുന്നു. ഒരു സ്പൂൺ സാദാ മഞ്ഞൾപ്പൊടിക്കു പകരം ഈ പൊടി ഒരു നുള്ള്  (30 മില്ലി) മതി. രാജ്യാന്തര വിപണിയിൽ വില കിലോയ്ക്ക് ഒരു ലക്ഷം രൂപ. സാദാ മഞ്ഞൾപ്പൊടിയിൽനിന്നു വ്യത്യസ്തമായി ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന രുചിയാണ് ഇതിനുള്ളത്. അതുകൊണ്ടുതന്നെ ഐസ്ക്രീമിലും ചോക്ലേറ്റിലും ബേക്കറി ഉൽപന്നങ്ങളിലുമൊക്കെ വേണ്ടുവോളം ചേർക്കാം. മുഖ്യപോഷകഘടകമായ കുർക്കുമിനോയ്ഡിന്റെ ജൈലലഭ്യത കൂടുതലായതിനാൽ ശരീരത്തിലേക്ക് കൂടുതലായി ആഗിരണം ചെയ്യപ്പെടും. 20-40 ദിവസം നീളുന്ന സങ്കീർണമായ അഴുകൽപ്രക്രിയയിലൂടെയാണ് ഫെർമന്റഡ് ടർമറിക് രൂപപ്പെടുന്നത്. ചെലവുമേറിയതാണ് നിലവിലുള്ള ഈ പ്രക്രിയ. കുറഞ്ഞ ചെലവിൽ ഏതാനും ദിവസങ്ങൾക്കകം ഫെർമെന്റഡ് ടർമറിക് ലഭിക്കുന്നതാണ് ജോബി വികസിപ്പിച്ച രീതി. അതു കൊണ്ടുതന്നെ തനിക്കു  രാജ്യാന്തരവിപണിയിൽ മത്സരിക്കാമെന്നു ആത്മവിശ്വാസമുണ്ടെന്നു ജോബി. താൻ കണ്ടെത്തിയ സാങ്കേതികവിദ്യ കേരളത്തിലെ സാധാരണക്കാരായ കർഷകർക്കു പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. 

പ്രധാനമായും ഭക്ഷ്യസംസ്കരണ– മരുന്നു വ്യവസായത്തിലാണ് ഫെർമന്റഡ് ടർമറിക്കിനു ആവശ്യക്കാരെന്നു ജോബി പറഞ്ഞു. അതുകൊണ്ട് ബിസിനസ് ടു  ബിസിനസ് മാതൃകയാണ് പിന്തുടരുന്നത്. എന്നാൽ നിലവാരമുള്ള അസംസ്കൃത മഞ്ഞൾ വൻതോതിൽ ആവശ്യമുണ്ട്. കൃഷിക്കാരിൽനിന്നു നേരിട്ടു പച്ചമഞ്ഞൾ സംഭരിച്ച് ശാസ്ത്രീയമായി പ്രാഥമിക സംസ്കരണം നടത്താനാണ് താൽപര്യം. ഇതിനായി കൃഷിക്കാരുടെ  കൂട്ടായ്മകളുമായും  കര്‍ഷക ഉല്‍പാദക സംഘടനകളുമായും സഹകരിക്കും. ആലപ്പി ഫിംഗർ ഗ്രേഡിലുള്ള പച്ചമഞ്ഞൾ ഉൽപാദിപ്പിക്കാനാവശ്യമായ മഞ്ഞൾ വിത്തും മറ്റു സഹായങ്ങളും ജോബിയുടെ എബ്രിൻ ആൾറിച്ച് കമ്പനി നല്‍കും. കൃഷിക്കായി ലക്കഡാങ്  എന്ന ഇനം തിരഞ്ഞെടുത്തിട്ടുണ്ട്. രാസ കീടനാശിനികൾ പൂർണമായും ഒഴിവാക്കിയുള്ള കൃഷി നിര്‍ബന്ധം ചെറുകിട കർഷകർക്ക് പരമാവധി പ്രയോജനം ചെയ്യുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമാകും തന്റേതെന്നു  ജോബി. 

എറണാകുളം ജില്ലയിൽനിന്നു തമിഴ്നാട്ടിലേക്കു ചുവടുമാറ്റേണ്ടിവന്ന മഞ്ഞളുൽപാദനം തിരികെ കൊണ്ടുവരികയാണ് തന്റെ സ്വപ്നമെന്നു ജോബി. അടുത്ത വർഷം പകുതിയോടെ പ്രതിദിനം 500 കിലോ മഞ്ഞൾ പുളിപ്പിക്കുന്നതിനു ശേഷിയുള്ള സംസ്കരണശാല പ്രവർത്തനക്ഷമമാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. യാതൊരു മലീനീകരണവുമില്ലാതെ ഒരു ഹരിതസംരംഭമായിരിക്കും ഇതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

Read also: കാൻസറിനെ ചെറുക്കാൻ മഞ്ഞൾ ബെസ്റ്റ്: മഞ്ഞൾ കൃഷി ചെയ്ത് കാൻസർരോഗ വിദഗ്ധൻ 

ഫെർമന്റഡ് ടർമറിക്. ഫോട്ടോ- കർഷകശ്രീ
ഫെർമന്റഡ് ടർമറിക്. ഫോട്ടോ- കർഷകശ്രീ

താൻ കണ്ടെത്തിയ രീതിയനുസരിച്ച് കുറഞ്ഞ ചെലവിൽ ഏതാനും ദിവസങ്ങൾക്കകം ഫെർമന്റഡ് ടർമറിക് ലഭിക്കുന്നതിനാൽ രാജ്യാന്തരവിപണിയിൽ മത്സരിക്കാമെന്നു ആത്മവിശ്വാസം ജോബിക്കുണ്ട്. സുഗന്ധവ്യജ്ഞന വ്യവസായത്തിൽ രാജ്യാന്തര പരിചയം നേടിയ ശേഷമാണ് ജോബി സ്റ്റാർട്ടപ് സംരംഭകനാകുന്നത്.  ഇന്ത്യയിലും ഇന്തോനീഷ്യയിലുമായി സുഗന്ധവ്യജ്ഞന സംസ്കരണശാലകളുടെ നിർമാണം ഉൾപ്പെടെ നടപ്പാക്കിയുള്ള പരിചയമുണ്ട്. ഇതിനിടെയാണ് ഫെർമെന്റഡ് ടർമറിക്കിന്റെ സാധ്യത തിരിച്ചറിഞ്ഞതും. 2015 മുതൽ ഫെർമന്റഡ് ടർമറിക്കിന്റെ സാധ്യത  അന്വേഷിക്കുകയാണെന്നു ജോബി പറയുന്നു. വിദേശജോലി മതിയാക്കി നാട്ടിലെത്തിയപ്പോൾ മുതൽ സംരംഭം തുടങ്ങാനുള്ള  ശ്രമത്തിലാണ്. ഇതിനായി  പ്രമുഖ ഗവേഷണസ്ഥാപനത്തിന്റെ പിന്തുണ തേടി.  ആശയവും   നടപ്പാക്കാനുള്ള വഴികളും അസംസ്കൃത വസ്തുക്കളും സ്ഥാപനത്തിനു കൈമാറിയ ശേഷം അവരുടെ ഹെടെക് സംവിധാനങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഉൽപന്നം രൂപപ്പെടുത്തുകയാണ് ജോബി ചെയ്തത്.   ഉൽപന്നത്തിന്റെ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാർ സ്ഥാപനവുമായുള്ള കോ –  ഓണർഷിപ്പ് പേറ്റന്റിനാണ് ശ്രമം. വ്യാവസായിക ഉൽപാദനത്തിനായി എബ്രിൻ ആൾറിച് അഗ്രോണിക് പ്രോഡക്ട്സ് എന്ന സ്റ്റാർട്ടപ് സംരംഭത്തിനും രൂപം നൽകി. കോഴിക്കോട് എൻഐടിയിലും  കേരള കാർഷിക സർവകലാശാലയിലുമാണ് ഇൻകുബേറ്റ് ചെയ്യുന്നത്.

ഫോൺ: 9249528522

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com