ADVERTISEMENT

ജോലി വിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടേ ഇല്ല വിവേക്. എന്നാൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ജോലി മതിയാക്കാം എന്നു തോന്നിയാൽ അടുത്ത ചുവടിനെക്കുറിച്ച് ആശങ്കയുമില്ല. കാരണം, എംബിഎ നേടി പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൽ 17 വർഷമായി ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പാലക്കാട് ഒലവക്കോട് സ്വദേശി വിവേകിന് കണക്കു മാത്രമല്ല കൃഷിയും കൈവെള്ളയിലാണ്. ജോലിക്കൊപ്പം എന്തിനാണു കൃഷി എന്നു ചോദിച്ചാൽ വിവേകിനു കൃത്യമായ ഉത്തരമുണ്ട്. ‘ഒന്ന്, ജോലി മതിയാക്കുന്ന ഘട്ടമെത്തുമ്പോഴേക്കും കൃഷിയുടെ ലാഭവഴികളെല്ലാം പഠിച്ചെടുക്കണം. അതുവഴി കൃഷിയിലേക്കു ചുവടുമാറ്റം എളുപ്പമാകണം, രണ്ട്, കൃഷി നൽകുന്ന അധിക വരുമാനം. മൂന്ന്, സന്തോഷം, സംതൃപ്തി.’

vivek-3

ഒരു ലക്ഷം കിട്ടി, 2 ലക്ഷം പോയി

ആറു വർഷം മുൻപ് ജ്വല്ലറിയുടെ ഉഡുപ്പി ഓഫിസിൽ ജോലി ചെയ്യുമ്പോഴാണ് കൃഷിയിൽ കൈവയ്ക്കുന്നത്. സുഹുത്തുമായി ചേർന്ന് വയനാട്ടിൽ 3 ഏക്കറിൽ നേന്ത്രവാഴക്കൃഷി. ഇരുവരും ഒന്നര ലക്ഷം വീതം മുടക്കി. കൃഷിക്കായി തൊഴിലാളികളെ ചുമതലപ്പെടുത്തി. കൃഷിയിടം കാണാൻ പോയത് മുന്നോ നാലോ വട്ടം മാത്രം. എന്നിട്ടും, നേന്ത്രക്കുലയ്ക്ക് അക്കൊല്ലം വില ഉയർന്നതിനാൽ ആദ്യ കൃഷി ലാഭമായി. അതിന്റെ ആവേശത്തിൽ 5 സുഹുത്തുക്കളുമായി ചേർന്ന് 25 ലക്ഷം രൂപ മുതലിറക്കി ഇഞ്ചിക്കൃഷി തുടങ്ങി. പാലക്കാട് കഞ്ചിക്കോട് പാട്ടത്തിനെടുത്ത 12 ഏക്കറിൽ 8 ഏക്കർ ഇഞ്ചി, ബാക്കി പച്ചക്കറി. നേന്ത്രവാഴ തന്നെയായിരുന്നു ആദ്യം മനസ്സിൽ. എന്നാൽ സ്ഥലം ഏർപ്പാടാക്കിയ ഇടനിലക്കാരൻ ഇഞ്ചിയുടെ ലാഭക്കണക്കു പറഞ്ഞ് മനസ്സു മാറ്റി. 5 പേർക്കും വേണ്ടി കൃഷി ഏറ്റെടുക്കാനും അയാൾ തയാറായി. ഡിസംബറിൽ ഇഞ്ചി വിളവെടുക്കേണ്ട സമയമെത്തിയപ്പോൾ കടുത്ത വിലത്തകർച്ച. വിപണി വിലയിരുത്തി 2 മാസം കൂടി കഴിഞ്ഞു പറിച്ചാൽ മതിയെന്ന് ഉപദേശിച്ച് നോട്ടക്കാരന്‍ തലയൂരി. തണുപ്പുള്ള പലയിടങ്ങളില്‍ ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ വേനലാരംഭത്തിൽത്തന്നെ കടുത്ത ചൂടുള്ള  പാലക്കാടൻ കാലാവസ്ഥയിൽ കഥ മാറി. ഫെബ്രുവരിയിൽ ഇഞ്ചി പറിച്ചപ്പോഴേക്കും പകുതിയിലേറെയും മണ്ണിൽക്കിടന്നു വെന്തു നശിച്ചിരുന്നു.  മുടക്കുമുതലിൽ പകുതിയോളം നഷ്ടം. അതോടെ, ഒപ്പമുള്ള ആവേശക്കൃഷി ക്കാര്‍ മതിയാക്കി. എന്നാൽ വിവേക് വിട്ടില്ല. ആദ്യ കൃഷിയിൽ ഭാഗ്യംകൊണ്ടു മാത്രം ലഭിച്ച ലാഭവും രണ്ടാം കൃഷിയിൽ അത്യാവേശം നൽകിയ തിരിച്ചടിയും ടാലിയാക്കി സീറോ ബാലൻസ് ഷീറ്റിൽ വീണ്ടും കൃഷി തുടങ്ങി. 

vivek-5

വഴി തുറന്ന് വാഴക്കൃഷി

കാര്യമായ കരുതൽധനമൊന്നും കയ്യിലില്ലാത്തതിനാൽ കനത്ത മുതൽമുടക്ക് ആവശ്യമില്ലാത്തതും എക്കാലവും ശരാശരി വില കിട്ടുന്നതുമായ വിള തന്നെ മതിയെന്നു തീരുമാനിച്ചു. ജോലിയുള്ളതിനാൽ നിത്യപരിപാലനത്തിനു നേരമില്ല. ഇഞ്ചി വിട്ടു നേന്ത്രനിലേക്കു തിരിച്ചുപോയത് ഇങ്ങനെയെന്നു വിവേക്. പലിശനിരക്കു കുറഞ്ഞ കാർഷികവായ്പ വഴി മുടക്കുമുതല്‍ കണ്ടെത്തി.  ചെറിയച്ഛന്റെ മകന്‍ ശ്രീജിത്ത് മുഴുവൻ സമയ സഹായിയായി. അതോടെ വാഴക്കൃഷിയിൽ പുതിയ ലാഭവഴികൾ തെളിഞ്ഞു. മലമ്പുഴ, പടലിക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ പാട്ടത്തിനെടുത്ത 12 ഏക്കറിലാണ് ഇന്നു വിവേകിന്റെ കൃഷി. എല്ലായിടത്തു മുഖ്യവിള ക്വിന്റൽ നേന്ത്രൻ. ഇടവിളയായും അല്ലാതെയും വിപുലമായി പച്ചക്കറിയുമുണ്ട്. ജൈവവള ലഭ്യതയ്ക്കു വേണ്ടി വാങ്ങിയ നാടൻപശുക്കൾക്കായി പുൽക്കൃഷിയും പപ്പായ, മുരിങ്ങ, കിഴങ്ങുവിളകൾ, സുഗന്ധവിളകൾ എന്നിവയുമുണ്ട്. കൃഷി ആസൂത്രണം ചെയ്യാൻ വിവേകും നടപ്പാക്കാൻ ശ്രീജിത്തും 8 സ്ഥിരം തൊഴിലാളികളും– ഈ ത്രീ ടയർ സംവിധാനത്തിലാണ് 4–5 വർഷമായി കൃഷി.   

വെള്ളവും വൈദ്യുതിയും

സംസ്ഥാനത്ത് ഏതാണ്ട് എല്ലായിടത്തും കൃഷിഭൂമി തരിശു കിടക്കുന്നുണ്ട്. അതുകൊണ്ടു പാട്ടത്തിനു ഭൂമി ലഭിക്കാൻ ബുദ്ധിമുട്ടില്ല. വാണിജ്യക്കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുകൂല ഘടകമാണിത്.  എന്നാൽ 365 ദിവസവും വെള്ളം ലഭിക്കുന്ന സ്ഥലമാണെന്ന് ഉറപ്പാക്കണം. കൃഷിക്കുള്ള സൗജന്യ വൈദ്യുതി കണക്ഷനും നേടണം. പാട്ടത്തിനെടുത്ത സ്ഥലം പരമാവധി വിനിയോഗിക്കണം. അൽപവും തരിശിടാതെ വർഷം മുഴുവൻ കൃഷി ചെയ്യണം. എങ്കിൽ മാത്രമെ മികച്ച ലാഭത്തിലെത്തൂ. കഴിയുന്നത്ര ഇടവിളകള്‍ ചെയ്തു നേട്ടം വർധിപ്പിക്കണം. മുഴുവൻ സമയം കൃഷിയിടത്തിൽ ശ്രദ്ധിക്കാൻ ശ്രീജിത്ത് എത്തിയതോടെ അതിന് അവസരമായെന്നു വിവേക്. 

vivek-2

രണ്ടു വാഴകൾക്കിടയിൽ 3 ചുവട് എന്ന ക്രമത്തിൽ, വാഴക്കന്നു നടുന്നതിനൊപ്പം കുറ്റിപ്പയർക്കൃഷിയും തുടങ്ങും. 45-ാം ദിവസം മുതൽ വിളവെടുപ്പ്.  കിലോയ്ക്ക് 40–50 രൂപ വില. സീസണില്‍ 80 രൂപ വരെ ഉയരും. 90 ദിവസം കഴിയുന്നതോടെ വിളവെടുപ്പു കഴിഞ്ഞ പയർച്ചെടികൾ പിഴുത് വാഴയ്ക്കു വളമാക്കും. ഇടവിളകളിൽ മികച്ച ലാഭം നൽകുന്ന ഇനമാണ് കുറ്റിപ്പയറെന്നു വിവേക്. പയറിനൊപ്പം തക്കാളിയും വെണ്ടയും വഴുതനയും പച്ചമുളകും മത്തനും കുമ്പളവും ചേമ്പും ചേനയുമെല്ലാം ഇടവിളയാക്കും വാഴത്തോട്ടത്തിന്റെ അതിരുകൾ നീളെ മുരിങ്ങയും പപ്പായയും. വാഴക്കൃഷിക്കു വരുന്ന മുഴുവൻ ചെലവും ഇടവിളയിലൂടെ നേടാമെന്നു വിവേക്. സ്ഥലവും വെള്ളവും സമൃദ്ധമായി പുൽക്കൃഷിയുമുള്ളതിനാൽ 10 പോത്തുകളെ വാങ്ങി അടുത്ത ലാഭവഴിയിലേക്കും ചുവടുവച്ചു കഴിഞ്ഞു ഈ ചെറുപ്പക്കാരൻ.

vivek-sq

വിപണി കയ്യിലൊതുക്കാം

പച്ചക്കറി–പഴം കൃഷിയില്‍ വിപണി കടുത്ത വെല്ലുവിളിയെന്നു വിവേക്. രണ്ടിനും സൂക്ഷിപ്പുകാലം കുറവായതിനാൽ കച്ചവടക്കാരുമായി വിലപേശാൻ  അവസരം കുറയും. വിളവെടുത്ത ഉടനെതന്നെ കിട്ടുന്ന വിലയ്ക്ക് എങ്ങനെയെങ്കിലും വിറ്റഴിക്കാമെന്നാണ് മിക്കവരുടെയും ചിന്ത. ഇതു മൂലം സ്വാശ്രയ വിപണികളിലുൾപ്പെടെ കർഷകർ വഞ്ചിക്കപ്പെടുന്നുണ്ട്. ചില്ലറ വിപണികളില്‍ നേരിട്ടു വിൽപന മാത്രമാണ് പരിഹാരം. സ്വന്തം കൃഷിയെ ലാഭത്തിലെത്തിക്കുന്ന പ്രധാന ഘടകം ഇതെന്നും വിവേക്. വിളവെടുക്കുന്ന പച്ചക്കറികളും പഴങ്ങളും വർഷം മുഴുവൻ മുടങ്ങാതെ സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കാനായാല്‍ വിപണി–വില സ്ഥിരത  ഉറപ്പാക്കാം.  

ശ്രീജിത്തും വിവേകും
ശ്രീജിത്തും വിവേകും

ആദായം ആത്മവിശ്വാസം

ഇതുവരെയുള്ള കൃഷിയിലൂടെ എന്തു നേടി എന്നു ചേദിച്ചാൽ ‘കൃഷി വിജയിപ്പിക്കാം എന്ന ആത്മവിശ്വാ സം’എന്നു വിവേക്. കൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇന്നു കയ്യിലുണ്ട്, വിവിധ റീടെയിൽ വിപണികളിലേക്ക് ഉൽപന്നങ്ങളെത്തിക്കാന്‍ 2 കാരിയർ ഓട്ടോകൾ. തുള്ളിനന സന്നാഹങ്ങൾ, കൃഷിപ്പണിയന്ത്രങ്ങൾ എന്നിങ്ങനെ. സബ്സിഡിയോടെ യന്ത്രങ്ങൾ സ്മാം പദ്ധതി വഴി വാങ്ങി. കൃഷിയിലേക്കു  വരുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണിതെന്നും വിവേക്.

കണക്കിലാണ് കാര്യം

അക്കൗണ്ടിങ്ങിലെ മിടുക്ക്  കൃഷിയിൽ വലിയ ഗുണം ചെയ്തെന്ന് വിവേക്. സാമ്പത്തിക ആസൂതണത്തിന് കൃഷിവിജയത്തിൽ നിർണായക പങ്കുണ്ട്. ഏതിൽ നിക്ഷേപിക്കണം, എപ്പോൾ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം, എത്ര തിരിച്ചു കിട്ടാം എന്ന വിശകലനത്തോടെ തന്നെയാണു കൃഷിയെയും സമീപിക്കേണ്ടത്. പുതു തലമുറ കൃഷിയെ ഒരു പ്രോജക്ട് ആയാണ് സമീപിക്കുന്നത്. പുതിയ വിദ്യാഭ്യാസരീതി തന്നെ പ്രോജക്ട് അധിഷ്ഠിതമാണല്ലോ. ആശയരൂപീകരണം, സാധ്യതാപഠനം, വിവര വിശകലനം എന്നിങ്ങനെ ഓരോ പ്രോജക്ടിനും കൃത്യമായ  ഘട്ടങ്ങളുണ്ട്. ഈ ആസൂത്രണ മികവോടെ കൃഷിയിലേക്കു വരുന്നതുകൊണ്ട് പുതു തലമുറയ്ക്കു കൃഷി ലാഭകരമാക്കാനാവുമെന്നും വിവേക്. 

ഫോൺ:  9995366695

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com