പേവിഷ വാക്‌സീൻ ലൂയി പാസ്റ്ററിന്റെ മാത്രമല്ല ആ അമ്മയുടേതുകൂടി: സാധാരണക്കാരുടെ ഹീറോയിൻ

Mail This Article
1885 ജൂലൈ 4. മാനവരാശിയുടെ ചരിത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തത്തിലേക്ക് നയിച്ച സംഭവം നടന്നത് അങ്ങ് കിഴക്കൻ ഫ്രാൻസിലെ ആൾസെസ് എന്ന ഗ്രാമത്തിലായിരുന്നു . ജോസഫ് മീസ്റ്റർ എന്ന ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പത്തിന്റെ എല്ലാ കുസൃതികളും കുറുമ്പുകളും നിറഞ്ഞ ഒരു പിഞ്ചുബാലൻ. അവൻ പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ഒരു നായ വന്ന് അവനെ ആക്രമിക്കുന്നത്. അവൻ ഉറക്കെ കരഞ്ഞു. അവന്റെ അമ്മ ഓടി എത്തിയപ്പോഴേക്കും നായ അവന്റെ ശരീരത്തിലെ പല ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചിരുന്നു. യാതൊരു പ്രകോപനവും കൂടാതെ നായ ഇങ്ങനെ ആക്രമിക്കണമെങ്കിൽ അത് പേവിഷബാധയുള്ള നായ ആയിരിക്കണം. പേവിഷ ബാധ വന്നാൽ മരണം ഉറപ്പാണ്. മിസിസ് മീസ്റ്ററിന്റെ കൈകാലുകൾ വിറച്ചു.
ആക്കാലത്ത് പേവിഷ ബാധ അഥവാ റാബിസ് ബാധിച്ച നായ കടിച്ചാൽ നായ കടിച്ചഭാഗവും ചുറ്റുമുള്ള മാംസവും ഉൾപ്പെടെ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കരിച്ചുകളഞ്ഞതിനു (cauterization) ശേഷം കാർബോളിക് ആസിഡ് ഉപയോഗിച്ച് അണുവിമുക്തമാക്കുക എന്നതാണ് ചികിത്സാരീതി. വളരെ വേദനജനകമായ ഈ ചികിത്സ അല്ലാതെ മറ്റൊരു ചികിത്സയും അന്ന് ലഭ്യമല്ല. മറ്റൊന്നും ആലോചിക്കാതെ പരിഭ്രാന്തായായ ആ അമ്മ തന്റെ മകനെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിൽ എത്തി. തന്റെ മകന്റെ ശരീരത്തിലുള്ള 14 മുറിവുകളിലും cauterize ചെയ്തപ്പോൾ ആർത്തു കരഞ്ഞ ജോസഫിന്റെ മുഖത്തേക്ക് നോക്കാൻ പോലുമാകാതെ നിസ്സഹായയായി നിൽക്കാൻ മാത്രമേ ആ അമ്മയ്ക്ക് കഴിയുമായിരുന്നുള്ളു. തിരിച്ചു വീട്ടിലെത്തിയിട്ടും അമ്മയുടെ ഉള്ളിലെ ഭീതി ഒട്ടും വിട്ടുമാറിയിട്ടിരുന്നില്ല.
ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കൂടാതെ ആശുപത്രിയിൽ എത്തി ചികിത്സ നൽകിയപ്പോഴേക്കും 12 മണിക്കൂറോളം വൈകി. ജോസഫിന്റെ നില വളരെ ഗുരുതരമാണ്. സമയം വൈകും തോറും ആപത്താണ്. ആ അമ്മ പലരോടും ആരാഞ്ഞു. പേവിഷബാധയ്ക്കെതിരെ ഫലപ്രദമായ മരുന്നോ ആശുപത്രിയോ ഡോക്ടറോ എവിടെയെങ്കിലും ഉണ്ടോ എന്നുള്ള അമ്മയുടെ ചോദ്യത്തിന് ആരോ ഒരാൾ ഉത്തരം നൽകി, ലൂയി പാസ്റ്റർ. എന്നാൽ അദ്ദേഹം പാരിസിൽ ആണ് ഉള്ളത്. ആൽസെസിൽ നിന്ന് പാരിസിലേക്ക് ഏതാണ്ട് 500 കിലോമീറ്ററോളം ദൂരം ഉണ്ട്. പെട്ടെന്ന് തന്നെ തന്റെ മൃതപ്രായനായ മകനെയും കൊണ്ട് മിസിസ് മീസ്റ്റർ പാരിസിലേക്കു പുറപ്പെട്ടു. ജൂലൈ 6 ന് ഉച്ചയ്ക്ക് ശേഷമാണ് പാരിസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി ലൂയി പാസ്റ്ററിനെ കാണാൻ കഴിഞ്ഞത്. ജോസഫിനെ കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ ഗൗരവം പാസ്റ്റർക്കു മനസിലായി. കൂടാതെ നായയുടെ കടിയേറ്റിട്ടു ഏതാണ്ട് രണ്ടര ദിവസം പിന്നിട്ടിരിക്കുന്നു. വളരെ പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനാവില്ല.
Read also: പേവിഷബാധ പ്രതിരോധത്തിന്റെ പത്തു പാഠങ്ങൾ
ലൂയി പാസ്റ്റർ പേവിഷബാധയ്ക്കെതിരെ വാക്‌സീൻ വികസിപ്പിച്ചെടുക്കുന്ന ഗവേഷണ ഘട്ടത്തിലായിരുന്നു. രോഗാണുവിന്റെ തീവ്രത (virulence) കുറച്ചതിനു ശേഷം അത് ശരീരത്തിൽ കുത്തിവച്ച് രോഗത്തിന് എതിരെ ആന്റിബോഡികൾ ഉൽപാദിപ്പിച്ച് പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ് വാക്‌സിനേഷൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം എഡ്വെർഡ് ജെന്നർ വസൂരിക്കെതിരെ വാക്‌സീൻ കണ്ടുപിടിച്ചതു കൊണ്ടാണ് ഇന്ന് വസൂരി (small pox) ലോകത്തിൽനിന്നു തന്നെ തുടച്ചു നീക്കാനായത്. വാക്‌സിനേഷനെപ്പറ്റിയുള്ള പഠനങ്ങളും മറ്റും പ്രചാരത്തിൽ വന്നുകൊണ്ടിക്കുന്ന കാലഘട്ടമായിരുന്നു അത്. മുയലുകളിൽ പേവിഷബാധ കൃത്രിമമായി ഉണ്ടാക്കി അവയുടെ സുഷുമ്‌ന(spinal cord)യിൽ നിന്നും വികസിപ്പിച്ചെടുത്ത വാക്‌സീൻ ഏതാണ്ട് 50 നായ്ക്കളിൽ പരീക്ഷണാർഥം ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപാലത്തിൽ നിൽക്കുന്ന ആ പിഞ്ചുകുട്ടിയുടെയും അമ്മയുടെയും അവസ്ഥ കണ്ടപ്പോൾ ലൂയി പാസ്റ്റർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു മെഡിക്കൽ ഡോക്ടർ അല്ലാത്തതിനാൽ ഇൻജെക്ഷൻ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അതിനാൽ പാരിസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിഭാഗത്തിലെ പ്രഫസർമാരായ ഡോ. വൾപിയൻ, ഡോ. ഗ്രാഞ്ചെർ എന്നിവരുടെ സഹായത്തോടെ ജോസഫിന് അവർ വാക്‌സീൻ നൽകി. മൂന്നാഴ്ചകൾക്കുള്ളിൽ 13 കുത്തിവയ്പ്പുകൾ ജോസഫിന് നൽകുകയും ദിവസേന പുരോഗതി വിലയിരുത്തുകയും ചെയ്തു. ആദ്യ കുത്തിവയ്പ്പിൽ താരതമ്യേന തീവ്രത കുറഞ്ഞ വൈറസ് ആണ് ഉപയോഗിച്ചതെങ്കിൽ പിന്നീട് തീവ്രത കൂടിയ വൈറസുകളാണ് വാക്‌സിനായി ഉപയോഗിച്ചത്. വാക്‌സീൻ നൽകിയ ആന്റിബോഡികൾകൊണ്ട് പ്രതിരോധ കവചം തീർത്ത് റാബിസ് വൈറസുകൾക്ക് മുന്നിൽ മുട്ടുമടക്കാതെ പൂർണ ആരോഗ്യവനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു ജോസഫ് മീസ്റ്റർ എന്ന ഒൻപതു വയസുകാരൻ. പിന്നീട് ലൂയിസ് പാസ്റ്ററോടുള്ള ബഹുമാനസൂചകാർഥം പാസ്റ്റർ ഇന്സ്ടിട്യൂട്ടിന്റെ പരിചാരകനായി (Caretaker) അദ്ദേഹം ശിഷ്ടകാലം ചെലവഴിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
Read also: എന്തുകൊണ്ട് സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനമായി ആചരിക്കുന്നു? കൂടുതൽ അറിയാം
പേവിഷ ബാധയ്ക്കെതിരെ ലൂയി പാസ്റ്ററുടെ ഈ കണ്ടുപിടിത്തം ലോകചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ്. പേവിഷബാധ നിർമാർജനത്തെപ്പറ്റിയും ലൂയി പാസ്റ്ററെപ്പറ്റിയും സംസാരിക്കുമ്പോൾ മറന്നുപോകാനിടയുള്ള ഒരു വ്യക്തിത്വമാണ് ജോസഫ് മീസ്സ്റ്ററിന്റെ അമ്മ. ഏതാണ്ട് 138 വർഷങ്ങൾക്ക് മുൻപ് വാക്‌സീൻ തീർത്തും പ്രചാരത്തിൽ വരാത്ത ഒരു കാലഘട്ടത്തിൽ മരണത്തിന്റെ വക്കിൽ നിന്നും തന്റെ മകനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മിസിസ് മീസ്റ്ററിന്റെ ധീരതയുടെ കൂടെ ഫലമാണ് ഈ കണ്ടുപിടിത്തം മനുഷ്യരിലേക്ക് എത്തിച്ചേർന്നത്.
തന്റെ മകനെ പേവിഷബാധയുള്ള നായ ആക്രമിച്ചപ്പോൾ യാതൊരു അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അശാസ്ത്രീയതയുടെയും പുറകെ പോവാതെ ആ അമ്മ നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങൾ അഥവാ ശാസ്ത്രീയ അവബോധം ആണ് അന്ന് അവരുടെ മകന്റെ ജീവൻ രക്ഷിക്കാൻ കാരണമായത്. അധികം വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാതിരുന്ന സാധാരണക്കാരിൽ സാധാരണക്കാരിയായ മിസിസ് മീസ്റ്റർ സാധാരണക്കാരുടെ ഹീറോയിൻ ആണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വാക്‌സീൻ വിരുദ്ധതയും വാക്‌സീൻ ഭീതിയും ഒക്കെ നിലനിൽക്കുമ്പോൾ മിസിസ് മീസ്റ്റർ എടുത്ത തീരുമാനങ്ങൾ നമ്മൾ പാഠമാക്കേണ്ടതുണ്ട്. റാബിസ് വാക്‌സീൻ വികസിപ്പിച്ചെടുത്ത ചരിത്രത്തിന്റെ നാൾവഴികളിൽ കൃത്യമായ പേര് പോലും വിസ്മരിക്കപ്പെട്ട മിസിസ് മീസ്സ്റ്ററിന്റെ ധൈഷണികതയും ധീരതയും ഈ കാലഘട്ടത്തിലെ പേവിഷബാധ നിർമാർജന യജ്ഞത്തിൽ അനുസ്മരിക്കപ്പെടേണ്ടതാണ്.