ADVERTISEMENT

പാലല്ല, പാലുല്‍പന്നങ്ങളാണ് ആരിഫയുടെ ഡെയറി ഫാം വിപണിയിലിറക്കുന്നത്. ലെസി, സിപ് അപ്, പേഡ തുടങ്ങിയ ഉല്‍പന്നങ്ങളിലാണ് കാസര്‍കോട് ഉദുമ മൂലയില്‍ വീട്ടില്‍ ആരിഫ ഷമീറിന്റെ തുടക്കം. ഇന്നു പത്തിലധികം പനീർ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നു ആരിഫയുടെ മിൽക്ക ഡെയറി പ്രോഡക്ട്സ്.  

അധ്വാനിക്കാനുള്ള മനസ്സും താല്‍പര്യവും ഉണ്ടെങ്കില്‍ ഡെയറി ഫാമിങ്ങിലൂടെ മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നു കാണിച്ചുതരുന്നു ഈ വീട്ടമ്മ. പിതാവിന് പശുവളര്‍ത്തല്‍ ഉണ്ടായിരുന്നുവെന്നതാണ് ആരിഫയ്ക്കു പശുക്കളുമായുള്ള ബന്ധം. കാര്യമായ അറിവില്ലാതിരുന്നതിനാല്‍ ഒരു പശുവിനെ വാങ്ങി സംഗതി പഠിക്കാമെന്നു തീരുമാനിച്ചു. 2020 ഒക്ടോബറില്‍ തുടങ്ങിയ പരീക്ഷണം മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ 8 പശുക്കളിലും ആറു കിടാരികളിലും എത്തിനില്‍ക്കുന്നു. തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ 8 പശുക്കളെ പാര്‍പ്പിക്കാനുള്ള തൊഴുത്ത് നിർമിച്ചു. പ്രത്യേകം മുറി തയാറാക്കി അവിടെയാണ് ചാണകം ശേഖരിക്കുന്നത്.

arifa-2

ഒരു പശുവില്‍ തുടക്കം

ഒരു പശുവുമായി ക്ഷീരസംരംഭത്തിലേക്ക് ഇറങ്ങിയപ്പോള്‍ പാല്‍വില്‍പന ക്ഷീരസംഘത്തിലായിരുന്നു. ലീറ്ററിനു ശരാശരി 38 രൂപയേ അന്നു ലഭിച്ചിരുന്നുള്ളൂ. അതു പോരായെന്നു തോന്നി. പാല്‍  തൈരും മോരും നെയ്യും പനീറുമൊക്കെയാക്കി വില്‍പന നടത്തി. എക്‌സിബിഷനുകളിലും മറ്റും പാലുല്‍പന്നങ്ങളുടെ സ്റ്റാള്‍ ഇടാറുണ്ടായിരുന്നു. അതു കണ്ട് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പാലുല്‍പന്ന നിര്‍മാണ പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ കാസര്‍കോടുനിന്ന് കോഴിക്കോട്ടെത്തി 11 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. അത്രയും ദിവസം പശുക്കളെ പരിപാലിച്ചതും കറവ നടത്തിയതു മെല്ലാം ഭര്‍ത്താവ്, അധ്യാപകനായ മുഹമ്മദ് ഷമീര്‍. പരിശീലനം നേടിയശേഷം വൈവിധ്യമാര്‍ന്ന പാലുല്‍പന്നങ്ങള്‍ ഒരുക്കി. പിന്നാലെ, ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷനും ലൈസന്‍സും എടുത്ത് സംരംഭം വിപുലമാക്കി.

സ്കൂളിനു സമീപം ചെറിയൊരു കടമുറി എടുത്താണ് ആദ്യം ഉൽപന്നങ്ങൾ വിറ്റിരുന്നത്. സിപ് അപ്, തൈര് ഉപയോഗിച്ച് വിവിധ രുചികളില്‍ ലെസി, ശ്രീകണ്ഡ്, പേഡ, പനീര്‍, പനീര്‍ ഉപയോഗിച്ചുള്ള ഛന്നാമുര്‍ഗി എന്നിവയായിരുന്നു ആദ്യകാല ഉൽപന്നങ്ങൾ. ഇപ്പോൾ പനീർ ഉപയോഗിച്ചുള്ള ഫിംഗേഴ്സ്, ബോൾസ്, അച്ചാർ, കട്‌ലറ്റ്, ലോലിപോപ്പ് തുടങ്ങി പത്തിലധികം ഉൽപന്നങ്ങൾ തയാറാക്കുന്നു. കൂടാതെ, ബട്ടർ മിൽക്ക്, സ്പൈസി ബട്ടർ മിൽക്ക് തുടങ്ങിയവയും. വിവിധ വകുപ്പുകളുടെ പ്രദര്‍ശനമേളകളിൽ പങ്കെടുക്കുന്നതിനാൽ വില്‍പന പ്രയാസമില്ല. സിപ് അപ്, സംഭാരം, തൈര്, ലെസി, ബര്‍ഫി എന്നിവയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്ന് ആരിഫ. ജിമ്മില്‍ പോകുന്നവര്‍ സ്ഥിരമായി വാങ്ങുന്നത് പനീര്‍വിഭവങ്ങളാണ്.

arifa-3

ഇപ്പോൾ പ്രതിദിനം 60 ലീറ്റർ പാലാണ് ഉൽപാദനം. അര ലീറ്റർ പാല്‍ കവറിലാക്കി 30 രൂപയ്ക്കു വിൽക്കുന്നുണ്ട്. തൈര് 450 ഗ്രാം പാക്കറ്റിലാക്കി 33 രൂപയ്ക്കും വിൽക്കുന്നു. 

ചാണകവും മൂത്രവും വെള്ളവുമെല്ലാം ചേർന്ന സ്ലറി ബക്കറ്റിലാക്കി 50 രൂപ നിരക്കില്‍ വില്‍ക്കും. അടുക്കളത്തോട്ടമുള്ളവരും നഴ്‌സറികളുമാണു വാങ്ങുന്നത്. പാലുൽപന്നങ്ങൾ തയാറാക്കുന്നതിനുള്ള പാചകവാതകം ഗോബർ ഗ്യാസ് പ്ലാന്റിൽനിന്നു കിട്ടും.   

ഫോണ്‍: 7994210358

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com