ADVERTISEMENT

റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രകൃഷിയിലേക്കു ചുവടുമാറിയ വക്കച്ചന്‍ പശുവളര്‍ത്തല്‍ തുടങ്ങിയത് കൃഷിക്കുള്ള വളത്തിനു വേണ്ടിയാണ്. വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. ഇന്നു നല്ല തോതില്‍ വളത്തിനൊപ്പം നിത്യ വരുമാനവും നൽകുന്നു ഡെയറി ഫാം. 

‘‘ഡെയറി ഫാം ഉൾപ്പെടെ കൃഷി ലാഭകരമാകണമെങ്കില്‍ രണ്ടു വഴികളേയുള്ളൂ. ആദ്യ വഴി ഉല്‍പാദനച്ചെലവു കുറയ്ക്കുക. രണ്ടാമത്തെ വഴി മൂല്യവര്‍ധനയും’’ മാസം ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ലാഭമുണ്ടാക്കുന്ന ഡെയറിഫാമിന്റെ മുന്നിൽ നിന്ന് എറണാകുളം ഇലഞ്ഞി പെരുമ്പടവം വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയുന്നു. കൃഷിയോടു പ്രഫഷനല്‍ സമീപനമുള്ള പുതുതലമുറ കര്‍ഷകരുടെ പ്രതിനിധിയാണ് വക്കച്ചന്‍.

മോനൂസ് ഐസ്ക്രീമുമായി മോനു വർഗീസ് മാമ്മൻ
മോനൂസ് ഐസ്ക്രീമുമായി മോനു വർഗീസ് മാമ്മൻ

‘‘ഉൽപാദനച്ചെലവിൽ നല്ല പങ്കും തീറ്റച്ചെലവാണല്ലോ. പുല്ല് പണം കൊടുത്തു വാങ്ങാൻ തുനിഞ്ഞാൽ വലിയൊരു തുക അതിനു മാത്രം മാറ്റിവയ്ക്കേണ്ടിവരും. അതിനാല്‍, പുൽകൃഷി അത്യാവശ്യം. ഫാമിലെ പശുക്കളുടെ എണ്ണത്തിന് അനുസൃതമായിരിക്കണം തൊഴിലാളികളുടെ എണ്ണം. മുതലാളി ചമഞ്ഞിരിക്കാതെ അധ്വാനിക്കാൻ കർഷകനും തയാറായാൽ കൂലിച്ചെലവും കുറയ്ക്കാം’’, വക്കച്ചൻ പറയുന്നു. ഇനി രണ്ടാമത്തെ വഴി, അതായത് മൂല്യവർധന. അതു വെറും തൈരിലും മോരിലും ഒതുങ്ങാതെ,  മികച്ച ലാഭം നൽകുന്ന ഐസ്ക്രീം പോലുള്ള ഉൽപന്നങ്ങളിലേക്കു പോകണമെന്നു വക്കച്ചൻ ഓർമിപ്പിക്കുന്നു. 

സമ്മിശ്ര കൃഷി 2012ല്‍ തുടങ്ങിയെങ്കിലും ലാഭകരമായിട്ട് 5 വർഷത്തോളമേ ആയിട്ടുള്ളൂ. അതുവരെ കൃഷിക്കു വളം പുറമേനിന്ന് വാങ്ങേണ്ട സ്ഥിതിയായിരുന്നു. ഉയര്‍ന്ന ഉൽപാദനച്ചെലവു കാരണം ലാഭമില്ലാത്ത അവസ്ഥ. അങ്ങനെയാണ് വളം സ്വന്തമായി ഉൽപാദിപ്പിക്കാനുള്ള വഴി ആലോചിച്ചത്. ഇപ്പോൾ രണ്ടു രീതിയില്‍ വളമുൽപാദനമുണ്ട്, ഡെയറി ഫാമും ബ്രോയിലർ കോഴിഫാമും. 

ഡെയറി ഫാമില്‍ നിലവിൽ 26 പശുക്കളും ഏതാനും കിടാരികളുമുണ്ട്. കറവയിലുള്ള 17 പശുക്കൾ പ്രതിദിനം 270 ലീറ്റർ പാൽ ചുരത്തുന്നു. ദിവസം ഒരു പശുവിനു കറവ ശരാശരി 25 ലീറ്റർ. പ്രാദേശികമായും  ക്ഷീരസംഘത്തിലും വില്‍ക്കുന്നതിനൊപ്പം പാലിലൊരു പങ്ക് ഉപയോഗിച്ച് ഐസ്ക്രീം ഉല്‍പാദിപ്പിച്ചു സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് 8 രുചിഭേദങ്ങളിൽ വിപണിയിൽ എത്തിക്കുന്നു. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഐസ്ക്രീമെന്ന് വക്കച്ചൻ. 

monus-ice-cream-3
എട്ടു രുചികൾ

ചെറിയ തോതിൽ ആരംഭിച്ച ഐസ്ക്രീം നിർമാണം മാസം ശരാശരി 800 ലീറ്ററിലേക്ക് എത്തിയിരിക്കുന്നു. അര ലീറ്റർ, ഒരു ലീറ്റർ ഫാമിലി പാക്കുകളിലായി ഇലഞ്ഞി, കൂത്താട്ടുകുളം, പിറവം തുടങ്ങിയ പ്രദേശങ്ങളിലെ ബേക്കറികളിലൂടെയാണ് വിൽപന. ഓർഡർ അനുസരിച്ച് 4 ലീറ്റർ പാക്കും നൽകാറുണ്ട്. ഒരു തവണ വാങ്ങിച്ചവർതന്നെയാണ് മോനുവിന്റെ ബ്രാൻഡ് അംബാസഡർമാർ. ഉപയോഗിച്ച് ഇഷ്ടപ്പെട്ടവരിലൂടെ ഐസ്ക്രീം കൂടുതൽ ആളുകളിലേക്ക് എത്തുന്നുവെന്നു വക്കച്ചൻ. ഒരു ലീറ്റർ ഐസ്ക്രീമിൽ നിന്ന് 100 രൂപ ലാഭം വരാറുണ്ട്. 

monus-ice-cream-1

വിതരണക്കാരില്ലാതെ കടകളില്‍ നേരിട്ടാണു വില്‍പന. അമ്മ വത്സയ്ക്കും ഭാര്യ നിസ് എലിസബത്തിനും ഇളയ സഹോദരി ആൻമേരിക്കുമാണ് ഐസ്ക്രീം നിർമാണത്തിന്റെ ചുമതല. മൂത്ത സഹോദരി മോളു റോസ് മേരി സ്വിറ്റ്സർലൻഡിൽനിന്ന് അയച്ചു നൽകുന്ന കൂട്ടാണ് ഐസ്ക്രീമിന് ഉപയോഗിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ നിർമാണം. ടെൻഡർ കോക്കനട്ട്, വനില, ബട്ടർസ്കോച്ച്, സ്ട്രോബെറി, ബ്ലൂ ബെറി, മാംഗോ, ചോക്‌ലേറ്റ് ഹാസെൽനട്ട്, ഡിലൈറ്റ് എന്നീ രുചികളിലാണ് ഐസ്ക്രീം നിര്‍മാണം. 

ഫോൺ: 95629 83198

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com