ADVERTISEMENT

ചരിത്രത്തിൽ ആദ്യമായി ചോക്ലേറ്റിന്റെ മധുരം കർഷകനും നുകർന്നു തുടങ്ങി. നാളിതുവരെ കൊക്കോ ഉൽപാദനത്തിൽ മാത്രം മുഴുകിയ കർഷകർക്ക്‌ ഏറ്റവും ആകർഷകമായ വില സമ്മാനിക്കുന്ന വർഷമായി മാറാനുള്ള ഒരുക്കത്തിലാണ്‌ 2024. പുതുവർഷം ഇന്ത്യൻ കൊക്കോ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിലയിൽ ഇടപാടുകൾ നടക്കുമെന്ന സൂചനയാണ്‌ രാജ്യാന്തര വിപണിയിലെ സ്‌പന്ദനങ്ങൾ നൽകുന്നത്‌. 

മികച്ച കാലാവസ്ഥ ലഭ്യമായതിനാൽ അടുത്ത സീസണിൽ ഉൽപാദനം ഉയരുമെന്ന പ്രതീക്ഷയിലാണ്‌ സംസ്ഥാനത്തെ ഒട്ടുമിക്ക കർഷകരും. ഫെബ്രുവരി മധ്യത്തോടെ എതാണ്ട്‌ എല്ലാ ഭാഗങ്ങളിൽ നിന്നും ചരക്ക്‌ എത്തിത്തുടങ്ങും. കിലോ 245 രൂപയിൽ നിന്നും കൊക്കോ ക്രിസ്‌മസ്‌ വേളയിൽ ആദ്യമായി 300 രൂപയും കടന്ന്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 312 രൂപയിൽ ഇടപാടുകൾ നടന്നു. 

പുതിയ ഉയരം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ചെറിയതോതിലുള്ള സാങ്കേതിക തിരുത്തലുകൾ ഉൽപ്പന്നം കാഴ്‌ച്ചവയ്ക്കാം. പ്രത്യേകിച്ച്‌ ന്യൂ ഇയർ ആഘോഷങ്ങൾ കഴിഞ്ഞ്‌ വ്യവസായികൾ രംഗത്ത്‌ തിരിച്ചെത്തും വരെയുള്ള ചുരുങ്ങിയ കാലയളവിൽ. തിരുത്തലിൽ 290-280 റേഞ്ചിൽ കൊക്കോ താങ്ങ്‌ കണ്ടെത്താം. ഇതിലും താഴ്‌ന്ന്‌ ഇടപാടുകൾ നടക്കേണ്ട സാഹചര്യമില്ലെങ്കിലും വൻകിട സ്‌റ്റോക്കിസ്റ്റുകൾ ഉൽപ്പന്നത്തെയും ഉൽപാദകരെയും സമ്മർദ്ദത്തിലാക്കാൻ ഇടയുണ്ട്‌. 

Girl eating chocolate. Image credit: Deepak Sethi/iStockPhoto
Girl eating chocolate. Image credit: Deepak Sethi/iStockPhoto

പുതുവർഷത്തിൽ കൊക്കോ 340ലേക്ക്‌ ചുവടുവയ്ക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. മഴ പൂർണമായി വിട്ടു നിൽക്കുന്നതിനാൽ ഏറ്റവും മികച്ചയിനം കൊക്കോ വിളവെടുക്കാൻ കഴിയുമെന്നാണ്‌ ഉൽപാദകരുടെ കണക്കുകൂട്ടൽ. ഒട്ടുമിക്ക തോട്ടങ്ങളിലും രോഗ, കീടബാധയുടെ സൂചനകൾ ഒന്നും റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്നത്‌ വിപണിയുടെ അടിത്തറ ശക്തമാക്കുന്നു. കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട ഉൽപാദനം പ്രതീക്ഷിക്കാം. 

രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ 45 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്‌. തമിഴ്‌നാടും കർണാടകവും ആന്ധ്രയും കൊക്കോ കൃഷിയിൽ പിച്ചവച്ച്‌ തുടങ്ങിയതേയുള്ളു. എന്നാൽ ഉയർന്ന വിലയുടെ മാധുര്യം നുകരുന്നതോടെ അവർ കൃഷി വ്യാപിപ്പിക്കാനുള്ള നെട്ടോട്ടം അടുത്ത വർഷം രണ്ടാം പകുതിയിൽ നടത്താം. ചോക്ലേറ്റ്‌ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് ഓരോ വർഷം അടിവച്ച്‌ ഉയരുമെന്നതും കൊക്കോ കർഷകർക്ക്‌ ശോഭനമായ ഭാവി പ്രവചിക്കുന്നു. 

ആഗോള വിപണിയിലേക്ക്‌ തിരിഞ്ഞാൽ വർഷത്തിന്റെ ആദ്യ പകുതിയിൽ കൊക്കോയ്‌ക്കു നേരിട്ട ക്ഷാമം തുടരാം. നിലവിൽ 46 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ഉൽപ്പന്നം പുതിയ തലങ്ങളെ ഉറ്റുനോക്കുന്നു. 

cocoa-1

എൽ- നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം ആഗോള കൊക്കോ ഉൽപ്പാദനം 2016ൽ കുറഞ്ഞ ഫലമായി അന്ന്‌ രാജ്യാന്തര കൊക്കോ വില പന്ത്രണ്ട്‌ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചിരുന്നു. ഏഴ്‌ വർഷത്തിന്‌ ശേഷം വീണ്ടും എൽ‐നിനോ പ്രതിഭാസം കൊക്കോ ഉൽപാദന രംഗം പാടെ തകിടം മറിച്ച ഫലമായാണ്‌ 46 വർഷത്തെ ഉയർന്ന റേഞ്ചിലേക്ക്‌ വില മുന്നേറിയത്‌. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കൊക്കോ വിളയുന്നത്‌ പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ മേയിൽ ആരംഭിച്ച മഴകാലം തുടരുന്നു. 30 വർഷത്തെ ശരാശരി മഴയുടെ ഇരട്ടിയിലധികം ഇക്കുറി അവിടെ ലഭിച്ചു.

അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന ഐവറി കോസ്റ്റിന്റെ കയറ്റുമതി ഒക്‌ടോബർ മുതൽ ഡിസംബർ മധ്യം വരെ 33 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ മാറ്റത്തിൽ മറ്റൊരു ഉൽപാദകരാജ്യമായ ഘാനയിൽ 2010നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉൽപാദനമാണ്‌. പിടിച്ചു നിർത്താനാവാത്ത വിധം കൊക്കോ വില ഉയരുന്നതിനൊപ്പം വ്യവസായികൾ ചോക്ലേറ്റ്‌ വില ഉയർത്തുന്നുണ്ട്‌. 

ന്യൂ ഇയർ ആഘോഷങ്ങൾ കഴിയുന്നതോടെ ചോക്ലേറ്റ്‌ വിൽപ്പന അൽപ്പം കുറയുമെന്നത്‌ ആഗോള ഭീമന്മാർ മുന്നിൽ കാണുന്നു. രാജ്യാന്തര കൊക്കോ അവധി നിരക്കുകൾ ടണ്ണിന്‌ 4331 ഡോളറിൽ എത്തിയെങ്കിലും ഹൃസ്വകാലയളവിൽ 4400 ന്‌ മുകളിൽ സ്ഥിരത കൈവരിക്കാൻ അൽപ്പം ക്ലേശിക്കാം. 

പഞ്ചസാര

കരിമ്പ്‌ കൃഷിക്ക്‌ നേരിട്ട തിരിച്ചടി പഞ്ചസാര ഉൽപാദനത്തെ മാത്രമല്ല കരിമ്പ്‌ ജ്യൂസ്‌, സത്ത്‌ നിർമ്മാണത്തിലും കുറവ്‌ വരുത്തും. ഇക്കുറി മൺസൂൺ ദുർബലമായത്‌ കരിമ്പ്‌ കർഷകരെ പ്രതിസന്ധിലാക്കി. അതേ സമയം വിലക്കയറ്റം തടയാൻ ഒക്‌ടോബർ അവസാനം കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണം തുടരുന്നു. 2023‐24 കാലയളവിൽ രാജ്യത്ത്‌ കരിമ്പ്‌ ഉൽപാദനം പതിനൊന്ന്‌ ശതമാനം കുറയാം.

സംസ്ഥാനത്ത്‌ പഞ്ചസാര ക്വിന്റലിന്‌ 4120 രൂപയിലാണ്‌. ഉത്സവ ദിനങ്ങളിലും വില സ്ഥിരത നിലനിർത്തിയത്‌ കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളാണ്‌. കാലാവസ്ഥ വ്യതിയാനം നമ്മുടെ കൃഷിയെ മാത്രമല്ല, തായ്‌ലൻഡിനെയും ബാധിച്ചു. വരൾച്ച അവിടത്തെ കരിമ്പ്‌ കർഷകരെ വൻ ദുരിതത്തിലാക്കി. ഇക്കുറി കരിമ്പ്‌ കൃഷി 17 വർഷത്തിനിടയിൽ ആദ്യമായി 36 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വിഭാഗത്തിന്റെ കണക്കിൽ എൽ ലിനോ പ്രതിഭാസം മൂലമുള്ള തിരിച്ചടിയിൽ അടുത്ത രണ്ട്‌ വർഷങ്ങളിലും അവിടെ ഉൽപാദനം ചുരുങ്ങുമെന്നാണ്‌.

അയൽ സംസ്ഥാനമായ കർണാടകവും മഹാരാഷ്‌ട്രയും കരിമ്പ്‌ കൃഷിയിൽ മുന്നിലാണ്‌. ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത വരൾച്ചയെ ഓഗസ്‌റ്റിൽ നാം ദർശിച്ചപ്പോൾ സ്വപ്‌നത്തിൽ പോലും കണക്ക്‌ കൂട്ടിയതല്ല കരിമ്പ്‌ കൃഷിയെ അത്‌ ഇത്രമാത്രം സ്വാധീനിക്കുമെന്ന്‌. ആഗോള കരിമ്പ്‌ ഉൽപാദനത്തിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ അടുത്ത രണ്ട്‌ വർഷങ്ങളിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്‌. അതായത്‌ നിലവിൽ 44 രൂപയിൽ നീങ്ങുന്ന പഞ്ചസാര 64-74ലേക്ക്‌ സഞ്ചരിച്ചാലും അത്‌ഭുതപ്പെടാനില്ല.

ആഭ്യന്തര പഞ്ചസാര ഉൽപാദനം 2016ന്‌ ശേഷം ആദ്യമായി പിന്നോക്കം സഞ്ചരിക്കാനുള്ള സാധ്യതകൾ വിരൽ ചൂണ്ടുക നാണയപ്പെരുപ്പത്തിലേക്കാവും. ഉൽപാദനം യുദ്ധകാലാടിസ്ഥാനത്തിൽ ഉയർത്താൻ നമുക്കായില്ലെങ്കിൽ ഏക മാർഗം ഇറക്കുമതി മാത്രം, അതോടെ വിനിമയ വിപണിയിൽ രൂപ പരുങ്ങലിലാവും. ഫലം പഞ്ചസാര വില മുകളിൽ സൂചിപ്പിച്ച തലത്തിലേക്ക്‌ ചുവടുവയ്ക്കും.

ഇതിനിടെ കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ ചില ഇളവുകൾ പുർണമായി ഒഴിവാക്കി കയറ്റുമതി പൂർണമായി നിരോധിക്കുന്ന അവസ്ഥ സംജാതമാകും. ഇന്ത്യൻ പഞ്ചസാരയെ ആശ്രയിക്കുന്ന പല രാജ്യങ്ങളും രാജ്യാന്തര വിപണിയിൽ പിടിമുറുക്കുന്നതോടെ 2025 ൽ ബ്രസീലിയൻ കരിമ്പ്‌ കർഷകരുടെ മുഖത്ത്‌ പുഞ്ചരി വിടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com