ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘം എവിടെ? ഗുജറാത്തിലോ ഉത്തർപ്രദേശിലോ? എന്നാല്‍ അവിടെയെങ്ങുമല്ല, ഇങ്ങു കേരളത്തിൽ, വയനാട്ടിലെ പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് ഇക്കൊല്ലം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ്.

pulpally-1

പശുവളർത്തലിലും ക്ഷീരോൽപാദനത്തിലുമൊക്ക വടക്കേ ഇന്ത്യക്കാരാണ് കേമന്മാർ എന്ന പൊതുവിചാരം പൊളിച്ചുകൊണ്ടാണ് വയനാടന്‍ കര്‍ഷകരുടെ ഹാട്രിക് വിജയം. ഈ ദേശീയ അവാർഡ് തുടർച്ചയായി മൂന്നാം തവണയാണ് വയനാട്ടിലേക്കെത്തുന്നത്. രണ്ടു വർഷം മുൻപ് ദേശിയ തലത്തിൽ രണ്ടാം സ്ഥാനമായിരുന്നെങ്കിൽ കഴിഞ്ഞ വർഷവും ഇത്തവണയും ഒന്നാം സ്ഥാനം തന്നെയാണ്. മൂന്നും മലബാർ മേഖല ക്ഷീരോൽപാദക യൂണിയനു കീഴിലുള്ള വയനാടൻ സംഘങ്ങൾ. രാജ്യത്താകെയുള്ള 2 ലക്ഷത്തിലേറെ ക്ഷീരസംഘങ്ങളിൽനിന്നു മത്സരിക്കാൻ യോഗ്യത നേടിയത് 1770 ക്ഷീരസംഘങ്ങൾ മാത്രം. അവയില്‍നിന്നു ചുരുക്കപ്പട്ടികയിലെത്തിയ 20 ക്ഷീരസംഘങ്ങളുടെ പ്രവർത്തനം വിശദമായി പരിശോധിച്ച ശേഷം പുൽപള്ളി സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അന്തിമ പട്ടികയിലെത്തിയ 20 സംഘങ്ങളിൽ ഏഴും കേരളത്തിൽനിന്നാണെന്നതും ശ്രദ്ധേയം. ലക്ഷക്കണക്കിനു ലീറ്റർ പാൽ സംഭരിക്കുകയും ഉൽപന്നങ്ങളാക്കുകയും ചെയ്യുന്ന അമുലിന്റെയും മറ്റും സംഘങ്ങളെ മറികടക്കാൻ വയനാട്ടിലെ സംഘങ്ങൾക്കു കഴിയുന്നത് എങ്ങനെയെന്നല്ലേ? ക്ഷീരസംഘമെന്നാൽ ബിസിനസ് മാത്രമല്ല, ക്ഷേമപ്രവർത്തനങ്ങള്‍ കൂടിയാണെന്ന തിരിച്ചറിവുതന്നെ കാരണമെന്നു പുല്‍പള്ളി സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി.  

pulpally-5

ക്ഷീരസംഘങ്ങൾ കർഷകരിൽനിന്നു പാൽ സംഭരിക്കുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പുൽപള്ളി സംഘം അംഗങ്ങളിൽനിന്നു പാൽ മാത്രമല്ല, ചാണകവും സംഭരിക്കുന്നു– അതും ഉയർന്ന വിലയ്ക്ക്. ഈ ചാണകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷകർക്കും നഴ്സറികൾക്കുമൊക്കെ വില്‍ക്കുന്നു. മൂന്നു ഘനയടി ചാണകപ്പൊടിക്ക് (35 കിലോ ഉണക്കച്ചാണകം) 144 രൂപ നിരക്കിലാണ് സംഘം ചാണകം വാങ്ങുന്നത്. പ്രാദേശികമായി 100 രൂപ മാത്രം വിലയുള്ളപ്പോഴാണിത്. ഇങ്ങനെ വാങ്ങുന്ന ചാണകം മലബാർ മിൽമയുടെ കീഴിലുള്ള മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) വഴി കേരളത്തിലെമ്പാടും വില്‍ക്കുന്നു. ചാണകം സംഭരിക്കാനും സംസ്കരിക്കാനുമൊക്കെ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്.  വൈകാതെ ചാണകപ്പൊടി ചില്ലറ പാക്കറ്റുകളിലാക്കി വിൽക്കാനും പദ്ധതിയുണ്ട്. വൈക്കോലാണ് സംഘം സംഭരിക്കുന്ന മറ്റൊരു കാർഷികോൽപന്നം. ഇതിനായി 3 സംഭരണകേന്ദ്രങ്ങളുമുണ്ട്.

പുൽപള്ളിഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഈ സംഘത്തിന്റെ പങ്കു വളരെ വലുതാണ്. 1971ൽ കേവലം 25 അംഗങ്ങളുമായി ആരംഭിച്ച  ഈ പ്രസ്ഥാനത്തിൽ ഇപ്പോൾ 5118 അംഗങ്ങള്‍. ഇവരിൽ 1200 പേരും നിലവിൽ പാലളക്കുന്നു. പ്രതിദിനം 20,000 ലീറ്റർ പാലാണ് ഇവിടെ സംഭരിക്കുന്നത്. സംഭരിക്കുന്ന പാൽ ഏറ്റവും മികച്ച രീതിയിൽ സൂക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും– ചില്ലിങ് പ്ലാന്റ്, ബൾക്ക് കൂളർ – ഇവിടെയുണ്ട്. വൈകുന്നേരം 7 വരെ നീളുന്ന പാൽസംഭരണത്തിനുശേഷം വയനാട് ഡെയറിയിലേക്ക് കൊണ്ടുപോകാൻ വൈകിയാലും പ്രശ്നമില്ലെന്നു സാരം. ഹർത്താലോ പ്രളയമോ മണ്ണിടിച്ചിലോ എന്തു വന്നാലും പാൽ ഇവിടെ കേടാകാതിരിക്കും.

pulpally-3
സോളർ പ്ലാന്റ്

സോളര്‍ വൈദ്യുതി

ചില്ലിങ് പ്ലാന്റൊക്കെ കൊളളാം, വൈദ്യുതിച്ചെലവ് എത്രായാകുമെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനുമുണ്ടിവിടെ ബദല്‍വഴി. 20 കിലോവാട്ടിന്റെ സോളർപാനലാണ് മുറ്റത്തിരിക്കുന്നത്. 15 ലക്ഷം രൂപയോളം ചെലവ് വരുന്ന സോളർ യൂണിറ്റിനു സബ്സിഡി കിട്ടിയതിനാൽ അതിനു തറ കെട്ടിക്കൊടുക്കുന്ന ചെലവ് മാത്രമേ സംഘത്തിനു വന്നൂള്ളൂ. പ്രതിമാസം ഒരു ലക്ഷം രൂപയിലധികമായിരുന്ന വൈദ്യുതി ബിൽ സൗരോർജം ഉപയോഗിച്ചുതുടങ്ങിയതോടെ 30,000 രൂപയായി കുറഞ്ഞെന്ന് സെക്രട്ടറി ലതിക ചൂണ്ടിക്കാട്ടി. ഇങ്ങനെ ലാഭിക്കുന്ന പണമൊക്കെയും കൃഷിക്കാർക്ക് ബോണസായി നൽകുകയാണ്. കഴിഞ്ഞ വർഷം ക്ഷീരകർഷകർ അളന്ന ഓരോ ലീറ്റർ പാലിനും ഒരു രൂപ വീതം ബോണസ് നൽകി. മറ്റു സംഘങ്ങളിൽനിന്നു വ്യത്യസ്തമായി ഒരു വർഷത്തെ മുഴുവൻ പാലുൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ബോണസ്.  കൃഷിക്കാരുടെ വരുമാനത്തിൽ കയ്യിടാതെ തന്നെ ചില്ലിങ് പ്ലാന്റ് പ്രവർത്തിപ്പിക്കാനും ഇവർക്കു സാധിക്കുന്നു. പാൽ തൈരും നെയ്യുമാക്കി മാറ്റി അധിവരുമാനം നേടാനുള്ള ശ്രമവും ഇവർ ആരംഭിച്ചുകഴിഞ്ഞു. 

കിടാരി പാർക്ക് 

കിടാരി പാർക്കാണ് മറ്റൊരു വരുമാന സംരംഭം. കൃത്രിമ ബീജാധാനത്തിലൂടെയുണ്ടാകുന്ന കിടാരികളെ നന്നായി സംരക്ഷിച്ച്, കൂടുതൽ ഉൽപാദനക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുന്ന സംരംഭമാണ് കിടാരി പാർക്കുകൾ. വലിയ തുക മുടക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലാരംഭിച്ച മറ്റു കിടാരി പാർക്കുകളെല്ലാം തന്നെ ഇതിനകം പൂട്ടിക്കെട്ടി. വംശഗുണമുള്ള ആയിരക്കണക്കിനു പശുക്കിടാങ്ങളാണ് ഇതുമൂലം സംരക്ഷിക്കപ്പെടാതെ നാടിനു നഷ്ടമാകുന്നത്. എന്നാൽ, സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ആരംഭിച്ച പുൽപള്ളി കിടാരി പാർക്ക് മികച്ച നിലയിൽ പോകുന്നു. പ്രവർത്തനമാരംഭിച്ച് ഒന്നര വർഷത്തിനുള്ളിൽ 500 ഉരുക്കളെയാണ് വിതരണം ചെയ്തത്. നല്ല കിടാരികളെ മിതമായ വിലയ്ക്ക് കേരളത്തിൽത്തന്നെ കിട്ടുമെന്നതിനാലും കബളിപ്പിക്കുമെന്ന ആശങ്കയില്ലാത്തതിനാലും മറ്റു ജില്ലകളിലെ കർഷകർപോലും ഈ കിടാരി പാർക്ക് തേടി എത്തുന്നുണ്ട്. അടുത്ത കാലത്തായി പഞ്ചായത്തുകളുടെ പദ്ധതിപ്രകാരം മൊത്തമായി പശുക്കളെ എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇവിടെയുണ്ടാകുന്ന പശുക്കിടാങ്ങൾ മാത്രമല്ല, കൃഷ്ണഗിരി, ഇറോഡ് എന്നിവിടങ്ങളിൽനിന്നുള്ള മികച്ച കിടാരികളെയും പുൽപള്ളി സംഘം  ഇവിടെ എത്തിക്കുന്നു. പുറത്തുനിന്നുള്ള  കിടാരികളുടെ നിലവാരം ഉറപ്പാക്കാനായി പ്രാദേശിക,  ജില്ലാതല സമിതികള്‍ പ്രവർത്തിക്കുന്നുണ്ട്. 

pulpally-2

മറ്റു കിടാരി പാർക്കുകളിൽനിന്നു വ്യത്യസ്തമായി ഇവിടെ ഒരു പ്രത്യേകതയമുണ്ട്. കിടാരികളുടെ സംരക്ഷണത്തിനും തൊഴിലാളികളുടെ വേതനത്തിനുംവേണ്ടി ഏതാനും കറവപ്പശുക്കളെയും പരിപാലിക്കുന്നു. അതുകൊണ്ടുതന്നെ കിടാരികൾക്ക് ആവശ്യമായ തീറ്റയ്ക്കും കൂലിക്കും വേണ്ടി മറ്റ് ഫണ്ടുകൾ വകയിരുത്തേണ്ടിവരുന്നില്ല. മാത്രമല്ല, പശുക്കൾക്കും കിടാരികൾക്കുവേണ്ടി തീറ്റപ്പുൽക്കൃഷിയുമുണ്ട്.

പാൽക്കച്ചവടം നടത്തി വരുമാനം വർധിപ്പിക്കുന്നതിനപ്പുറം അംഗങ്ങളുടെയും നാടിന്റെയും നന്മയ്ക്കായി നടത്തിയ ഇടപെടലുകളാണ് പുൽപള്ളി സംഘത്തെ വേറിട്ടതാക്കി മാറ്റിയതെന്ന് ബൈജു ചൂണ്ടിക്കാട്ടി. പുൽപള്ളി സംഘത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച  വെറ്ററിനറി മെഡിക്കൽ ഷോപ്പ് ഉദാഹരണം– ഇവിടെ വെറ്ററിനറി മരുന്നുകൾ 20% വിലക്കുറവിൽ മുടങ്ങാതെ കിട്ടും. വീടുകളിലെത്തി മൃഗചികിത്സ നടത്താന്‍  മുഴുവൻസമയ വെറ്ററിനറി ഡോക്ടറെ ഇവർ നിയമിച്ചിട്ടുണ്ട്. അംഗങ്ങളല്ലാത്ത കർഷകർക്കും ഈ സംഘത്തിന്റെ കരുതലുണ്ട്. കോവിഡ് ലോക്‌ഡൗൺ കാലത്ത് വാങ്ങാനാളില്ലാതെ വന്ന മരച്ചീനി സംഭരിക്കാനും ഭേദപ്പെട്ട വില നൽകാനും കഴിഞ്ഞത് ഒരു ഉദാഹരണം. കിലോയ്ക്ക് 10 രൂപ നിരക്കിൽ വാങ്ങിയ കപ്പ ഹോർട്ടികോർപ്പിനു നൽകുകയായിരുന്നു. പഞ്ചായത്തിലെ അറുപതോളം പേർക്ക് ജോലി നൽകുന്ന തൊഴിൽദാതാവ് കൂടിയാണ് ഈ ക്ഷീരസംഘം.

ഏറെ പ്രവർത്തനച്ചെലവുള്ളപ്പോഴും അതു കൃഷിക്കാരുടെ വരുമാനത്തിൽനിന്ന് ഈടാക്കാതിരിക്കാന്‍ ഭരണസമിതി ശ്രദ്ധിക്കുന്നു. കാലിത്തീറ്റക്കച്ചവടത്തിൽനിന്നുള്ള വരുമാനം കൊണ്ടു മാത്രം സംഘത്തിന്റെ പ്രവർത്തനച്ചെലവ് കണ്ടെത്താൻ കഴിയുന്നുണ്ട്. പാൽ , ചാണകം എന്നിവയിൽനിന്നുള്ള വരുമാനം പൂർണമായി അംഗങ്ങൾക്കു കൈമാറുകയാണ് പതിവ്. സ്വത്താർജിക്കുന്നതിലും ഈ കർഷക കൂട്ടായ്മ ഏറെ മുന്നിലാണ്. ആറിടങ്ങളിലായി മൂന്നര ഏക്കറോളം സ്ഥലം സംഘത്തിനുണ്ട്, അവിടെ 6 കെട്ടിടങ്ങളും. ബഹുനില മന്ദിരം മുതൽ ചില്ലിങ് പ്ലാന്റ്, ഗോഡൗൺ, കിടാരി പാർക്കിന്റെ തൊഴുത്ത് എന്നിവ വരെ  ഇക്കൂട്ടത്തിലുണ്ട്. അംഗങ്ങളിൽ 1500 പേർ ക്ഷീരകർഷക ക്ഷേമമനിധിയിൽ അംഗങ്ങളാണ്. മലബാർ യൂണിയനു കീഴിലെ വിധവകളായ അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ വീട് നിർമിച്ചു നൽകുന്ന ക്ഷീരസദനം പദ്ധതി പ്രകാരം പുൽപള്ളിയിൽ അനുവദിച്ച വീട് 9 ലക്ഷം രൂപ കൂടി കൂടുതൽ മുടക്കി വലുതാക്കാൻ  സംഘത്തിനു കഴിഞ്ഞു. ഭിന്നശേഷിക്കാരായ മക്കൾ ഉൾപ്പെടെ ഒട്ടേറെ അംഗങ്ങളുള്ള കുടംബത്തിന് ഇത് വലിയ അനുഗ്രഹമായി. കോവിഡ് – പ്രളയകാലങ്ങളിൽ പാൽസംഭരണം പോലും മുടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന ചെയ്ത പുൽപള്ളിക്കാർക്ക് ഇതൊന്നും പുത്തരിയില്ലെന്നു ബൈജു ചൂണ്ടിക്കാട്ടി.

ഫോൺ: 9446257796

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com