ADVERTISEMENT

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിക്കുന്നതിനിടയിലാണ്‌ കർഷകർക്ക്‌ അത്‌ ബോധ്യമായത്‌. ആദ്യ റൗണ്ട്‌ വിളവെടുപ്പ്‌ പൂർത്തിയായപ്പോൾ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ ഉൽപാദനം ഉയർന്നില്ലെന്നാണ്‌ വിവിധ പ്രദേശങ്ങളിൽ നിന്നും ലഭ്യമാവുന്ന സൂചന. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ കർഷകർ പുതിയ മുളക്‌ എത്തിച്ചതിലെ കുറവിന്റെ വിശദാശങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നാൽ സ്ഥിതി കൂടുതൽ വ്യക്തമാകും. കേരളത്തിൽ മാത്രമല്ല, കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കുരുമുളക്‌ തോട്ടങ്ങളിലും മുളകുമണികളുടെ സംസ്‌കരണ തിരക്കിലാണ്‌ ഉൽപാദകർ.

ചതിച്ചത്‌ കാലവർഷം തന്നെ. എൽ-ലിനോ പ്രതിഭാസം മൂലം തെക്കുപടിഞ്ഞാറൻ കാലവർഷം ദിശമാറി സഞ്ചരിച്ചതിനാൽ കേരള തീരത്തേക്കുള്ള മഴമേഘങ്ങളുടെ വരവിനെ ബാധിച്ചു. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ജൂണിലും ഓഗസ്റ്റിലും മഴ ലഭിച്ചെങ്കിലും ഇത്‌ കാർഷിക മേഖലയുടെ ദാഹം അകറ്റാൻ ഉപകരിച്ചില്ലെന്നതാണ്‌ വസ്‌തുത. ഈ അവസരത്തിൽ ഉൽപാദകമേഖലകളിൽ ജലസേചന സൗകര്യം ഒരുക്കുന്നതിൽ കൃഷി വകുപ്പിന്‌ സംഭവിച്ച വീഴ്‌ച്ചയും പറയാതെ വയ്യ. 

പിന്നീട്‌ തുലാവർഷം കാർഷിക മേഖലയെ വാരിപ്പുണർന്നെങ്കിലും അത്‌ അൽപ്പം വൈകിപ്പോയെന്ന യാഥാർഥ്യം വിളവെടുപ്പിനിടയിലാണ്‌ ഉൽപാദകർക്ക്‌ വ്യക്തമായത്‌. തെക്കൻ ജില്ലകളിൽ ഡിസംബറിൽ മൂപ്പു കുറഞ്ഞ മുളകിന്റെ വിളവെടുപ്പ്‌  നടത്തിയെങ്കിലും വൈകാതെ വിളവെടുപ്പ്‌ ഹൈറേഞ്ചും കടന്ന്‌ വയനാട്ടിലേക്കും കൂർഗ്ഗിലേക്കും വ്യാപിച്ചു. ഒട്ടുമിക്ക മേഖലകളിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ ഉൽപാദനം കുറഞ്ഞുവെന്ന സൂചന ലഭിക്കുമ്പോൾ ഒരു ഭാഗത്ത്‌ നിന്നും വിളവ്‌ ഉയർന്നതായുള്ള റിപ്പോർട്ടുകളില്ല.

കൂർഗ്ഗിലും ചിക്കമംഗലൂരിലും ഹസനിലെയും വൻകിട–ചെറുകിട തോട്ടങ്ങളിൽ വിളവെടുപ്പ്‌ പുരോഗമിക്കുമ്പോഴും പുതിയ ചരക്ക്‌ അവർ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നില്ല. കാലാവസ്ഥ വ്യതിയാനം ഉൽപാദനത്തെ ബാധിച്ചതായാണ്‌ അവരുടെയും ആദ്യ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആവശ്യമായ പഠനങ്ങൾ ഒന്നും നടന്നിട്ടുമില്ല. 

രംഗത്തുള്ള കേന്ദ്ര ഏജൻസി കൊടികളിൽ തിരിയിട്ട വേളയിൽ തന്നെ കാർഷിക മേഖലകളിൽ ഇറങ്ങി ഉൽപാദകരുമായി കൂടുതൽ പഠനങ്ങൾക്ക്‌ മുതിർന്നിരുന്നെങ്കിൽ 2024 ലെ മൊത്തം കുരുമുളക്‌ വിളവിനെ കുറിച്ച്‌ ഏകദേശ രൂപമെങ്കിലും കർഷകർക്ക്‌ ലഭിക്കുമായിരുന്നു. ചെറുകിട വിപണികളിൽ വിൽപ്പനയ്‌ക്ക്‌ എത്തുന്ന പുതിയ മുളകിന്റെ വരവിലെ കുറവ്‌ മാർച്ച്‌ മധ്യം വരെ തുടർന്നാൽ വൈകാതെ വിപണി ചൂടുപിടിക്കുമെന്നാണ്‌ വ്യാപാര രംഗത്തുള്ളവരുടെ നിഗമനം. ഇതേ കണക്കുകൂട്ടലിൽ മധ്യവർത്തികളും വല വീശിത്തുടങ്ങി. ലഭ്യമാകുന്ന പുതിയ മുളക്‌ ശേഖരിച്ചാൽ ഓഫ്‌ സീസണിൽ പൊന്നു വിളയുമെന്ന പ്രതീക്ഷയിലാണവർ.

റബർ

ഏഷ്യൻ റബർ വിപണികളുടെ ചലനങ്ങളെ ഉറ്റു നോക്കുകയാണ്‌ ആഗോള വ്യവസായ മേഖല. പുതുവർഷം പിറന്നതോടെ ചൈന റബറിനോട്‌ കാണിക്കുന്ന താൽപര്യത്തെ ആസ്‌പദമാക്കിയാവും ജൂൺ വരെയുള്ള കാലയളവിൽ രാജ്യാന്തര റബറിലെ ഓരോ ചലനങ്ങളും. ഫെബ്രുവരി ആദ്യം ലൂണാർ ആഘോഷങ്ങൾക്ക്‌ പിരിയും മുന്നേ വമ്പൻ കച്ചവടങ്ങൾ തായ്‌ മാർക്കറ്റിലും മലേഷ്യയിലും ഉറപ്പിച്ച ശേഷമാണ്‌ അവർ രംഗം വിട്ടത്‌.

പുതുവർഷാഘോഷങ്ങൾ കഴിഞ്ഞ്‌ ബെയ്‌ജിങിൽനിന്നുള്ള വ്യവസായികൾ വിപണിയിൽ തിരിച്ചെത്തിയെങ്കിലും തിടുക്കത്തിൽ പുതിയ കരാറുകൾക്ക്‌ താൽപര്യം കാണിക്കാതെ മാർക്കറ്റിന്റെ ചലനങ്ങൾ നിരീക്ഷിക്കുകയാണവർ. ലൂണാർ ആഘോഷങ്ങൾക്കായി രംഗം വിടുമ്പോൾ ജാപ്പനീസ്‌ അവധി വിപണിയിൽ കിലോ 278 യെന്നിൽ നീങ്ങിയ റബർ പെട്ടെന്ന് ഏഴു വർഷത്തെ ഏറ്റവും ഉയർന്ന വിലയായ 298 യെൻ വരെ മുന്നേറി.

ഏഷ്യൻ റബറിൽ അലയടിച്ച ബുൾ റാലിയോട്‌ ഇനിയുള്ള ദിവസങ്ങളിൽ ചൈനയുടെ സമീപനത്തെ ആശ്രയിച്ചാവും അടുത്ത ചുവടുവയ്പ്പ്‌. ബാങ്കോക്കിലും കോലാലംപൂരിലുമായി ജനുവരി അവസാനവും ഈ മാസം തുടക്കത്തിലും അവർ ഉറപ്പിച്ച കച്ചവടങ്ങൾ പ്രകാരമുള്ള ഷിപ്പ്‌മെൻറുകൾ മാർച്ചിൽ എത്തുമെന്നത്‌ ചൈനീസ്‌ വ്യവസായ  മേഖലയ്‌ക്ക്‌ ആശ്വാസം പകരും. 

ഷാങ്‌ഹായ്‌ എക്‌സ്‌ചേഞ്ചിൽ പുതു വർഷത്തെ ആദ്യ വ്യാപാര ദിനത്തിൽ വാങ്ങൽ താൽപര്യം ചുരുങ്ങിയതിനാൽ നിരക്ക്‌ 13,543 യുവാനിൽനിന്നും 13,363 ലേയക്ക്‌ നീങ്ങിയത്‌ സിംഗപ്പുർ, ജാപ്പനീസ്‌ മാർക്കറ്റിലും റബറിൽ നേരിയ തിരുത്തലുളവാക്കി. ഡോളറിന്‌ മുന്നിൽ യെന്നിന്റെ മൂല്യം ഉയർന്നതും ക്രൂഡ്‌ ഓയിൽ വിലയിലെ കുറവും റബറിനെ സ്വാധീനിച്ചു. 

വിപണി ശക്തമായ നില തുടരുമെന്ന സൂചനയാണ്‌ സാങ്കേതിക വശങ്ങൾ നൽക്കുന്നത്‌. ഡിസംബർ അവസാനം 230 യെന്നിൽ ഉടലെടുത്ത ബുൾ റാലി റബറിനെ ഇതിനകം 298 യെൻ വരെ ഉയർത്തി. റബറിന്റ ചലനങ്ങൾ വിലയിരുത്തിയാൽ 310 യെന്നിലേക്കും തുടർന്ന്‌ 322ലേക്കും ഉയരാം. എന്നാൽ ചൈനീസ്‌ റബർ വ്യവസായ മേഖലയിൽ ഉണർവ്‌ അനുഭവപ്പെട്ടാൽ മാത്രമേ നിക്ഷേപകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ കരുത്ത്‌ നേടാനാവൂ. അമേരിക്കയിലെയും യൂറോപ്പിലെയും സ്ഥിതിഗതികളും ഈ അവസരത്തിൽ വിപണിയെ സ്വാധീനിക്കാം.  

ഇതിനിടെ വരണ്ട കാലാവസ്ഥ മൂലം റബർ ഉൽപാദകരാജ്യങ്ങളിൽ ടാപ്പിങ്‌ താൽക്കാലികമായി സ്‌തംഭിച്ചു. ഇല പൊഴിച്ചിൽ വ്യാപകമായതുകണ്ട്‌ കർഷകർ തോട്ടങ്ങളിൽ നിന്നും പിൻവലിഞ്ഞു. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ കരുതൽ ശേഖരം വിലസ്ഥിരതയ്‌ക്ക്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ കയറ്റുമതി മേഖല. അതുകൊണ്ടുതന്നെ ഷിപ്പ്‌മെന്റുകൾ യഥാസമയം പൂർത്തിയാക്കാനാകുമെന്ന  വിശ്വാസത്തിലാണ്‌ കയറ്റുമതി സമൂഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com