ADVERTISEMENT

കേരളത്തിലെ ഹൈ ഡെന്‍സിറ്റി കുരുമുളകു തോട്ടത്തെക്കുറിച്ച് മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഒരേക്കറില്‍ 800 ചുവട് കുരുമുളക് നട്ടു വളര്‍ത്തിയ, ഏക്കറിന് 10 ടണ്‍ ഉണക്കക്കുരുമുളകു ലഭിക്കുമെന്നു ഉറപ്പു പറഞ്ഞ ആ കര്‍ഷകനെ കാണാന്‍ കേരളത്തിന്റെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍നിന്ന് കര്‍ഷകര്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തേക്ക് ഒഴുകിയെത്തി! കേരളത്തില്‍നിന്നു മാത്രമല്ല കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമെല്ലാം കുരുമുളകു കര്‍ഷകര്‍ തോട്ടത്തെക്കുറിച്ചു പഠിക്കാനായി ബസ് പിടിച്ചെത്തി. കുരുമുളകു കൃഷിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്ന പുഞ്ചപ്പുതുശ്ശേരിൽ പീറ്റര്‍ ജോസഫിന്റെ തോട്ടത്തില്‍ ഇത് വിളവെടുപ്പു കാലമാണ്. രണ്ടര വര്‍ഷം പിന്നിട്ട കുരുമുളകു ചെടികള്‍ മികച്ച വിളവ് നല്‍കി തലയുയര്‍ത്തി നില്‍ക്കുന്നതു കാണാന്‍ കര്‍ഷകശ്രീ സംഘം വീണ്ടും കിഴക്കമ്പലത്തെത്തി, പീറ്റര്‍ എന്ന കര്‍ഷകനെ മാത്രമല്ല വിളവെടുപ്പുകൂടി കാണാന്‍വേണ്ടിയായിരുന്നു ഈ യാത്ര.

black-pepper-peter-2
തോട്ടത്തിലുള്ള മൂന്നു നില കെട്ടിടത്തിനു മുകളിൽനിന്നു തോട്ടം വീക്ഷിക്കുന്ന പീറ്റർ

കഥ ഇതുവരെ

ഒരേക്കറില്‍ 800 കോണ്‍ക്രീറ്റ് കാലുകളിലാണ് പീറ്ററിന്‌റെ കുരുമുളകു കൃഷി. 9 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് തൂണിന്റെ ഒരു മീറ്റര്‍ ഭാഗം മണ്ണിനു താഴെയാണ്. 8 മീറ്ററിലാണ് കുരുമുളകു വള്ളികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് 6.5x7 അടി അകലത്തിലാണ് തൂണുകള്‍ നാട്ടിയിരിക്കുന്നത്. രണ്ടു വര്‍ഷംകൊണ്ട് 7 മീറ്റര്‍ ഉയരത്തില്‍ വളര്‍ന്ന കുരുമുളകു ചെടികള്‍ 185 കിലോ ഉണക്കക്കുരുമുളകും നല്‍കിയിരുന്നു.

തോട്ടത്തിലേക്ക് ഒഴുകിയെത്തി കര്‍ഷകര്‍

കര്‍ഷകശ്രീയിലൂടെ കുരുമുളകു തോട്ടത്തെക്കുറിച്ചറിഞ്ഞ കര്‍ഷകര്‍ തോട്ടം കാണാന്‍ നേരിട്ട് എത്തിയതായി പീറ്റര്‍. കൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനുമായി ഒറ്റയ്ക്കും കൂട്ടമായുമൊക്കെ കര്‍ഷകര്‍ ഇവിടേക്കെത്തി. ഇതര സംസ്ഥാനങ്ങളില്‍നിന്നും തോട്ടം കാണാന്‍ വന്നവരും കുറവല്ല. കൃഷിയെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവസരം നിഷേധിക്കില്ലെന്നും പീറ്റര്‍. ഇതുവരെ അയ്യായിരം പേരെങ്കിലും ഈ തോട്ടം കാണാന്‍ എത്തിയിട്ടുണ്ടെന്നും പീറ്റര്‍ പറഞ്ഞു. 

യുവ തലമുറയ്ക്കും താല്‍പര്യമേറെ

കര്‍ഷകശ്രീയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും യു ട്യൂബ് ചാനലിലും പീറ്ററിന്റെ തോട്ടത്തിന്റെ ചെറു വിഡിയോയായിരുന്നു അദ്യം പങ്കുവച്ചത്. അതു കണ്ട് ഒട്ടേറെ പേര്‍ തോട്ടത്തിന്റെ വിവരങ്ങള്‍ ചോദിച്ച് കര്‍ഷകശ്രീയുമായി ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം പീറ്ററുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹത്തെ വിളിച്ചവരില്‍ നല്ലൊരു പങ്കും യുവാക്കളായിരുന്നുവെന്ന് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പലരും നാട്ടില്‍ കൃഷി ചെയ്യാന്‍ താല്‍പര്യം അറിയിച്ചു. റഷ്യയില്‍ മെഡിസിന്‍ പഠിന്‍ പോയ കുട്ടികളും തന്നെ വിളിച്ചവരുടെ കൂട്ടത്തില്‍ പെടുമെന്ന് പീറ്റര്‍. കൂടാതെ, കോതമംഗലം എംഎ കോളജിലെ വിദ്യാര്‍ഥികള്‍ കുരുമുളകു പറിക്കാനുള്ള യന്ത്രം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും പീറ്റര്‍. തോട്ടം തയാറാക്കി നല്‍കുമോയെന്ന് ചോദിച്ചവരും കുറവല്ലെന്ന് പീറ്റര്‍ പറഞ്ഞു. എന്നാല്‍, തനിക്കതിനു താല്‍പര്യമില്ല. സ്വന്തമായി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മടിയില്ല. കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളും കണ്ടു പഠിക്കാന്‍ ഇവിടെ എത്തിയിരുന്നു.

black-pepper-peter-4

അന്ന് ഉയര്‍ന്നത് മൂന്നു സംശയങ്ങള്‍

പീറ്ററിനെക്കുറിച്ച് ലേഖനവും വിഡിയോയും പുറത്തുവന്നപ്പോള്‍ കര്‍ഷകര്‍ എതിര്‍ത്തത് മൂന്നു കാര്യങ്ങളായിരുന്നു. 12 വര്‍ഷത്തെ വളം ഒരുമിച്ചു കൊടുത്തത്, പെപ്പര്‍ തെക്കന്‍ തിരഞ്ഞെടുത്തത്, ഉയരം കൂടിയത്. മൂന്നിനും വ്യക്തമായ മറുപടി പീറ്ററിനുണ്ട്.

black-pepper-peter-5

കുരുമുളക് രോഗങ്ങള്‍ വരുന്നത് പ്രധാനമായും വേരുകളിലൂടെയാണ്. വേരിന് പൊട്ടലോ ചതവോ ഉണ്ടായാല്‍ അത് ചെടിയെ ബാധിക്കും. അതുകൊണ്ടുതന്നെയാണ് 12 വര്‍ഷത്തേക്കുള്ള വളം നല്‍കിയത്. അതായത്, ഇനി വളപ്രയോഗത്തിന് ചുവട് കിളയ്ക്കില്ല എന്നുറപ്പിച്ചു. ഒപ്പം ഡ്രിപ് നനയും നല്‍കി. കള വളര്‍ച്ച കൂടുതലായത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വീഡ് മാറ്റ് വിരിച്ചു. 12 വര്‍ഷത്തെ വളമായി നല്‍കിയത് 2 ചാക്ക് വീതം ചാണകപ്പൊടിയും ആട്ടിന്‍കാഷ്ഠവും 12 കിലോ വീതം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും. ഇത് പലര്‍ക്കും അതിശയമായി തോന്നി. ഇതുവരെ കുരുമുളകു കൃഷിയില്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വളപ്രയോഗ രീതി. പലരും ചെടി ഉണങ്ങിപ്പോകുമെന്നു പറഞ്ഞെന്നു പീറ്റര്‍. എന്നാല്‍, രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത്ര വളര്‍ച്ചയും വിളവും നല്‍കുന്നതാണ് ആ സംശയത്തിനുള്ള ഉത്തരം. ചെടികള്‍ക്ക് ആവശ്യമായ വളം അതിന് ആവശ്യമുള്ളപ്പോഴെല്ലാം ലഭിക്കത്തക്ക വിധത്തിലാണ് ഇങ്ങനൊരു വളപ്രയോഗം സ്വീകരിച്ചതു തന്നെ. വര്‍ഷത്തില്‍ മൂന്നു തവണ ജീവാമൃതം ചുവട്ടില്‍ നല്‍കുന്നതാണ് അടിവളത്തിനു പുറമേയുള്ള വളപ്രയോഗം.

പെപ്പര്‍ തെക്കന് കുരുമുളകു കര്‍ഷകര്‍ക്കിടയില്‍ അത്ര മതിപ്പു പോരാ. കൃത്യമായ വിളവ് ലഭിക്കുന്നില്ലെന്നുതന്നെ കാരണം. എന്നാല്‍, ഈ ഇനത്തിന്റെ ഉല്‍പാദനം ആരംഭിക്കുക നാലു വര്‍ഷത്തിനു ശേഷമാണ്. ആദ്യ വര്‍ഷം പൂവിട്ടത് നുള്ളിക്കളയുകയാണ് ചെയ്തത്. ഒരു വയസ് പിന്നിട്ടപ്പോള്‍ 185 കിലോ ഉണക്കക്കുരുമുളക് ലഭിച്ചു. മൂന്നാം വിളവെടുപ്പില്‍ ഉല്‍പാദനം അതിലും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കുലയില്‍ (കുരുമുളക് കുലപോലെ വളരുന്നു എന്നതാണ് പെപ്പര്‍ തെക്കന്റെ പ്രത്യേകത) 420 മണികള്‍ വരെ ഉണ്ടായിരുന്നു. പ്രായം കൂടുന്തോറും കുലയുടെ വലുപ്പത്തിലും മണികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുമെന്നും പീറ്റര്‍. സാധാരണ ഇനം കുരുമുളകു തിരിയില്‍ 150ല്‍ താഴെ മണികളുണ്ടാകുമ്പോള്‍ അതിന്റെ മൂന്നിരട്ടി ലഭിച്ചാല്‍ അതാണ് നേട്ടം. കാരണം, താന്‍ കൃഷി ചെയ്യുന്നത് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. അതായത് കൃഷിയെ വ്യവയായമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ കൃഷിയെ കൃഷിയായി മാത്രം കാണാന്‍ കഴിയില്ല. കേരളത്തിലെ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയെന്ന് പീറ്റര്‍.

അകലവും കുറവും ഉയരം കൂടുതലുമാണെന്ന് പറഞ്ഞവരുമേറെ. അകലം കുറവാണെന്ന ചിന്ത തനിക്കുമുണ്ടെന്ന് പീറ്റര്‍. വിളവെടുക്കാന്‍ ബുദ്ധിമുട്ട് വരുന്നുണ്ട്. അകലം വര്‍ധിപ്പിച്ചാല്‍ സ്‌കഫോള്‍ഡ് ഉപയോഗിച്ച് വിളവെടുക്കാന്‍ എളുപ്പമായിരിക്കും. പുതുതായി തയാറാക്കുന്ന മൂന്നേക്കര്‍ തോട്ടത്തില്‍ അകലം 9 അടിയായി ഉയര്‍ത്തും. അകലം വര്‍ധിപ്പിക്കുന്നതിനൊപ്പം ഉല്‍പാദനത്തില്‍ കുറവ് വരാതിരിക്കാന്‍ തൂണിന്റെ ഉയരം 9 മീറ്ററില്‍നിന്ന് 12 മീറ്ററാകും. 

black-pepper-peter-22

വേണം നന

തലയില്‍ മഞ്ഞുനന, ചുട്ടില്‍ തുള്ളിനന എന്ന രീതിയിലാണ് ഇവിടുത്തെ ജലസേചനം. വിളവെടുപ്പുകാലമായതിനാല്‍ ചുവട്ടില്‍ നന ഇപ്പോള്‍ നല്‍കുന്നില്ലെന്ന് പീറ്റര്‍. എന്നാല്‍ മഞ്ഞുനന എന്നും നല്‍കുന്നുണ്ട്. ചെടികള്‍ക്ക് ആരോഗ്യമുണ്ടായാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കൂ. വിളവെടുപ്പു പൂര്‍ത്തിയായാല്‍ ചുവട്ടില്‍ തുള്ളിനന വീണ്ടും നല്‍കിത്തുടങ്ങും.

black-pepper-peter-8

കര്‍ഷകര്‍ നല്‍കി അറിവുകള്‍

മീലിമൂട്ടയ്ക്ക് ഇടയ്ക്ക് കീടനാശിനിപ്രയോഗം നടത്തിയത് ചുവട്ടിലെ തിരികള്‍ കൊഴിഞ്ഞുപോകാന്‍ ഇടയായി. അതിനെതിരേ സോപ്പു വെള്ളം മാത്രം പ്രയോഗിച്ചാല്‍ മതിയെന്ന് തോട്ടത്തിലെത്തിയ കര്‍ഷകര്‍ പറഞ്ഞതായി പീറ്റര്‍. അതുപോലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവിന് ക്രഷറില്‍നിന്നുള്ള വെള്ളം നേര്‍പ്പിച്ചു നല്‍കുന്നതു നല്ലതാണെന്നും പരിചയസമ്പന്നരായ കര്‍ഷകര്‍ പറഞ്ഞു. അത് പരീക്ഷിക്കാനാണ് തീരുമാനം. പോണ്ടിച്ചേരി സ്വദേശിയായ പദ്മശ്രീ വെങ്കിടാപതി എന്ന കര്‍ഷകന്‍ തന്നെ വിളിച്ചതായും പീറ്റര്‍. കുരുമുളകില്‍ ഏറെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്ന അദ്ദേഹം തോട്ടം സന്ദര്‍ശിക്കാന്‍ വൈകാതെ എത്തും. 

black-pepper-peter-7
കുരുമുളക് മെതിയന്ത്രത്തിനു സമീപം

മെതിക്കാന്‍ യന്ത്രം

കുരുമുളകു ചെടികള്‍ മികച്ച ഉല്‍പാദനത്തിലേക്ക് എത്തിയതിനാല്‍ കുരുമുളകു മെതിയന്ത്രവും വാങ്ങിയിട്ടുണ്ട് പീറ്റര്‍. 50,000 രൂപ വിലയുള്ള യന്ത്രം ഇടുക്കിയില്‍നിന്നാണ് വാങ്ങിയത്. വിളവെടുക്കുന്ന കുരുമുളക് ഒരു ദിവസം ചാക്കില്‍ കെട്ടിവച്ചശേഷം പിറ്റേ ദിവസം യന്ത്രസഹായത്തോടെ മെതിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ തിരിയില്‍നിന്ന് മണികള്‍ പൂര്‍ണമായും അടര്‍ന്നുപോരുന്നുണ്ട്.

വിളവെടുപ്പിനു മുന്‍പേ കച്ചവടം ഉറപ്പിച്ചു

കുരുമുളക് വിളവെടുപ്പിനു മുന്‍പേ വിളവ് കച്ചവടമായതായി പീറ്റര്‍. രാജ്യത്തെ പ്രമുഖ ഭക്ഷോൽപന്ന വിതരണ രംഗത്തുള്ള കമ്പനിയാണ് ഉല്‍പന്നം എത്രയുണ്ടെങ്കിലും വാങ്ങുകയെന്ന് പീറ്റര്‍ അറിയിച്ചു. ഒരിനം മാത്രമായി കൃഷി ചെയ്തിരിക്കുന്നത് നേട്ടമായെന്നും പീറ്റര്‍.

വിളവ്

എത്രയുണ്ടാകും ഈ തോട്ടത്തിലെ ഒരു ചെടിയിലെ വിളവ്? അതറിയാന്‍ കര്‍ഷകശ്രീക്കും താല്‍പര്യമുണ്ടായിരിന്നു. അതുകൊണ്ടുതന്നെ തോട്ടത്തിലെ ശരാശരി ഉല്‍പാദനമുള്ള ഒരു ചെടിയില്‍നിന്നുള്ള വിളവ് കണ്‍മുന്നില്‍വച്ചുതന്നെ പറിച്ചു തൂക്കി നോക്കി. 14.2 കിലോഗ്രാം വിളവായിരുന്നു ഒരു ചുവട്ടില്‍നിന്നു ലഭിച്ചത്. മെതിച്ചശേഷം 11 കിലോയ്ക്കു മുകളില്‍ മണികള്‍ ലഭിച്ചു. പെപ്പര്‍ തെക്കെന്റെ ഉണക്കുവാശി കിലോയ്ക്ക് 420 ഗ്രാം ആണ്. അതുകൊണ്ടുതന്നെ 5 കിലോയോളം ഉണക്കക്കുരുമുളക് ലഭിക്കും. എങ്കിലും എല്ലാ ചെടികളിലും ഒരുപോലെ ഉല്‍പാദനമുണ്ടാകില്ല എന്നതിനാല്‍ ശരാശരി 2.5 കിലോ ഉണക്കക്കുരുമുളക് ലഭിക്കും ഈ സീസണില്‍ ലഭിക്കും. അതായത് ഏക്കറിന് 2 ടണ്‍ ഉണക്കക്കുരുമുളക്. 

ഫോണ്‍: 9447080722

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com