ADVERTISEMENT

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് ചന്ദനം. ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മികച്ചൊരു വൃക്ഷവിളയാണ് ചന്ദനമെന്ന് ഈ മേഖലയിലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതും വിൽക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്ന് സർക്കാർ അനുശാസിക്കുന്നു. ചന്ദനം വളർത്തിയാൽ അകത്താകുമെന്നും മുറിക്കുന്ന കാലത്തു ലഭിക്കുന്ന വിലയിൽ നല്ലൊരു പങ്കും സർക്കാർ കൊണ്ടുപോകുമെന്നും കരുതുന്നവരും ഏറെ. എന്നാൽ, ചന്ദനക്കൃഷിയിലും വിൽപനയും പേടിക്കേണ്ട ഒന്നല്ലെന്നു പറയുകയാണ് വനംവകുപ്പ് മുൻ ഉദ്യോഗസ്ഥനും മൂലമറ്റം സ്വദേശിയുമായ എ.ടി.തോമസ്. വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ചന്ദനമരം മുറിച്ചു വനംവകുപ്പിലൂടെ വിറ്റതുവഴി മൂന്നു ലക്ഷം രൂപ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ, കർഷകൻ എന്ന നിലയിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നടീൽ മുതൽ വിൽപന വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു.

എ.ടി.തോമസ് ചന്ദനത്തൈക്കു സമീപം
എ.ടി.തോമസ് ചന്ദനത്തൈക്കു സമീപം

ചന്ദനം
അർധപരാദ സസ്യമാണ് ചന്ദനം. അതായത് മറ്റു സസ്യങ്ങളുടെ വേരുകളിൽനിന്ന് പോഷണങ്ങൾ വലിച്ചെടുത്താണ് വളരുക. പ്രത്യേകിച്ച് മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള മൂലകങ്ങൾ. അതുകൊണ്ടുതന്നെ ചന്ദനം നട്ടു വളർത്തുമ്പോൾ തൈകൾ നടുന്നതിനൊപ്പം തന്നെ അതിന് അനുയോജ്യമായ സസ്യങ്ങൾകൂടി നട്ടു വളർത്തേണ്ടതുണ്ട്. ആരംഭഘട്ടത്തിൽ പൊന്നാങ്കണ്ണി ചീര, തൊട്ടാവാടി, തുവര പോലുള്ളവയാണ് ആവശ്യം. ഒരു വർഷം പിന്നിടുമ്പോൾ ശീമക്കൊന്ന, നെല്ലി, പേര, ഇല്ലി, കണിക്കൊന്ന തുടങ്ങിവയൊക്കെ പരിസരത്ത് വേണം. ഉങ് മരവും ചന്ദനത്തിന്റെ ആതിഥേയ മരങ്ങളിൽ പെടും.

നന്നായി വെയിൽ ഏൽക്കുന്നിടത്തും നീർവാർച്ചയുള്ളിടത്തുമായിരിക്കണം ചന്ദനത്തൈ നടേണ്ടത്. സൂര്യപ്രകാശവും ആതിഥേയ സസ്യങ്ങളും ഉണ്ടെങ്കിൽ 20 വർഷംകൊണ്ട് മികച്ച വളർച്ച നേടി മുറിക്കാൻ പരുവമാകും. നമ്മുടെ നെഞ്ചൊപ്പം 50 സെ.മീ. ചുറ്റുവണ്ണം ആയിട്ടുണ്ടെങ്കിൽ മുറിക്കാൻ പാകമായി. ഒറ്റത്തടിയായി വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചുവട്ടിൽനിന്നുതന്നെ രണ്ടു ശിഖരങ്ങളായി വളരാൻ സാധ്യതയുണ്ട്. അത് തടി വണ്ണം വയ്ക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ചുവട്ടിൽനിന്ന് രണ്ടു ശിഖരം പോലെ വളരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒന്നു മുറിച്ചു മാറ്റണം.

Read also: നാലു മരങ്ങൾ ‌വിറ്റപ്പോൾ അക്കൗണ്ടിലെത്തി 32 ലക്ഷം രൂപ; ഇത് റാണിയുടെ കഥ

നടീൽ രീതി
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ചന്ദനക്കൃഷിക്ക് ഏറെ അനുയോജ്യം. ഒരുപാട് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും മൂന്നാർ പോലുള്ള പ്രദേശങ്ങളിലും ഒഴികെ ചന്ദനം അനായാസമായി കൃഷി ചെയ്യാവുന്നതേയുള്ളൂ. 

മേയ് മാസത്തിൽ നടീലിനായുള്ള ശ്രമം തുടങ്ങാം. രണ്ടു ചെടികൾ തമ്മിൽ 9 അടി അകലം മതിയാകും. അതുകൊണ്ടുതന്നെ 9 അടി അകലത്തിൽ കുഴികൾ കുത്തി ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക്, കരിയില എന്നിവ നിറയ്ക്കാം. പുതുമഴ പെയ്ത് മണ്ണ് പരുവപ്പെട്ടശേഷം മേൽമണ്ണ് വെട്ടിയിട്ട് കുഴി മൂടാം. അൽപം പൊക്കി വേണം കുഴി മൂടാൻ. ഇവിടേക്ക് ആതിഥേയ സസ്യങ്ങളായ പൊന്നാങ്കണ്ണി ചീര, തൊട്ടാവാടി, വൻപയർ പോലുള്ളവ നടണം. ശേഷം നല്ല കരുത്തുള്ള ഒരടി പൊക്കമുള്ള തൈകൾ തിരഞ്ഞെടുത്ത് ഒരു പിള്ളക്കുഴിയെടുത്ത് നടാം. നട്ടുകഴിയുമ്പോൾ കാറ്റുപിടിക്കാതിരിക്കാൻ താങ്ങ് നൽകുകയും വേണം. രണ്ടു വർഷം വേനൽക്കാലത്ത് ചെറിയ തോതിൽ നനയ്ച്ചു കൊടുക്കണം. പിന്നീടുള്ള വർഷങ്ങളിൽ അതിന്റെ ആവശ്യമില്ല. ചുറ്റുവട്ടത്ത് മേൽ സൂചിപ്പിച്ച മറ്റു ആതിഥേയ വിളകൾ നടാം. അധിക വരുമാനത്തിന് ഇത്തരം വൃക്ഷങ്ങളിൽ കുരുമുളകുവള്ളികൾ വളർത്താം. ഇത്തരത്തിൽ മറ്റു വിളകൾ വളർത്താമെങ്കിലും ചന്ദനത്തൈകൾക്ക് മുകളിൽ മറ്റു വിളകൾ വളരാൻ പാടില്ല.

sandal-2
ചന്ദനത്തടികൾ മറയൂരിൽ എത്തിച്ചപ്പോൾ

ആർക്കും കൃഷി ചെയ്യാം, പക്ഷേ മുറിക്കരുത്
നെഞ്ചുയരത്തിൽ 50 സെ.മീ. ആയാൽ ചന്ദനം മുറിക്കാൻ പാകമായി. ഈ വലുപ്പത്തിൽ എത്തുന്നതിനു മുൻപും മുറിക്കാൻ കഴിയും. എന്നാൽ, അതിന് കാരണം എന്താണെന്ന് ബോധിപ്പിക്കണം. മുറിക്കാൻ പാകമായാൽ വനം വകുപ്പിൽ അപേക്ഷ സമർപ്പിക്കുകയാണ് ആദ്യ പടി. അതാത് പ്രദേശത്തെ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്കാണ് വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷ സമർപ്പിക്കുന്നത്. അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കും. ഈ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ട്രീ കമ്മറ്റിയെ നിയോഗിക്കും. ഈ കമ്മറ്റിയിൽ തഹസിൽദാർ, കൃഷി ഓഫീസർ, ഫോറസ്റ്റ് കൺസർവേറ്റർ തുടങ്ങിയവരൊക്കെ ഉണ്ടാകും. ഈ കമ്മറ്റി മരം പരിശോധിച്ചു തയാറാക്കുന്ന റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറും. അദ്ദേഹത്തിനാണ് മുറിക്കാൻ ഉത്തരവിടാനുള്ള അധികാരം. 

Read also: ചന്ദനം കൃഷി ചെയ്താൽ കുരുക്കിലാവുമോ?

sandal-3
ചുവടോടെ പിഴുതെടുക്കുന്നു

പണം ലഭിക്കാൻ എത്ര നാൾ
മുറിച്ച് മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിക്കുന്ന ചന്ദനമുട്ടികളും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. ഏകദേശം ആറു മാസമാണ് ഇതിനായി വേണ്ടിവരിക. പിന്നീട് ചെത്തിയൊരുക്കി ലേലത്തിൽ വയ്ക്കും. ലേലത്തിൽ വിൽപന നടക്കുന്നതനുസരിച്ച് തുക ഉടമയുടെ അക്കൗണ്ടിലെത്തും. മൂന്നു ലക്ഷം രൂപ ഇത്തരത്തിൽ തനിക്ക് ലഭിച്ചതായി എ.ടി.തോമസ് പറഞ്ഞു. ഏതാനും ചെറിയ തടികൾകൂടി വിൽപന നടക്കാനുണ്ട്. അതുകൂടി വിൽക്കാൻ കഴിഞ്ഞാൽ ആകെ തുക നാലു ലക്ഷമാകും.

പിൻകുറിപ്പ്
ചന്ദനം കൃഷി ചെയ്യുന്നത് പട്ടയഭൂമിയിൽ ആയിരിക്കണം. യാതൊരുവിധത്തിലുള്ള സർക്കാർ ബാധ്യതയുള്ള ഭൂമിയോ പുറമ്പോക്കു ഭൂമിയോ കയ്യേറ്റ ഭൂമിയോ ആദിവാസി ഭൂമിയോ ആകാൻ പാടില്ല. എങ്കിൽ മാത്രമേ റവന്യൂ, വനംവകുപ്പുകളിൽനിന്ന് ആവശ്യമായ രേഖകൾ വാങ്ങി അക്കൗണ്ടിൽ പണം എത്തുന്നതിനുവേണ്ട കാര്യങ്ങൾ ചെയ്യാൻ കഴിയൂ.

വിശദമായി അറിയാൻ വിഡിയോ കാണുക

ഫോൺ: 94472 12091

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com