സ്ഥലം വാങ്ങിയതിൽ തുടങ്ങിയ നഷ്ടങ്ങളിൽനിന്നു രക്ഷിച്ചത് കരിമീൻ: തിരിച്ചടികളിൽ പതറാതെ മത്സ്യക്കൃഷിയില്‍ ജയം കണ്ട ദമ്പതികള്‍
Mail This Article
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവി സന്ധ്യ സി. വിദ്യാധരനു ചെറുപ്പം മുതലുണ്ട് കൃഷിക്കമ്പം. സർക്കാർ ജീവനക്കാരായിരുന്ന അച്ഛൻ വിദ്യാധരനും അമ്മ ചന്ദ്രമതിയും ജോലി കഴിഞ്ഞ് ഒഴിവുസമയങ്ങളിൽ പുനലൂർ ഐക്കരക്കോണത്തെ വീട്ടുപറമ്പിൽ കൃഷി ചെയ്തിരുന്നു. കുട്ടിയായിരുന്ന സന്ധ്യയും അവർക്കൊപ്പം കൂടും. അന്നേ പഠിച്ചതാണ് കൃഷിപ്പണികൾ. കോളജ് പഠനകാലത്തും കൃഷി തുടർന്നു. ഷേക്സ്പിയറിനും ഷെല്ലിക്കും കീറ്റ്സിനും ഒപ്പം മണ്ണും വിത്തും കൃഷിയും വിളവെടുപ്പും ഇഷ്ടവിഷയങ്ങളായി. കോളജ് അധ്യാപികയായി ജോലി കിട്ടിയപ്പോഴും കൃഷിയിടം വിടാൻ സന്ധ്യയ്ക്കു മനസ്സുണ്ടായില്ല.
വിവാഹശേഷം കൊല്ലത്ത് എത്തിയപ്പോഴും സ്വന്തമായി നട്ടുനനച്ചുണ്ടാക്കുന്നതില്‍ താൽപര്യം തുടർന്നു. കടപ്പാക്കടയിലെ കോവിലകം പുരയിടത്തിൽ ഒരു തുണ്ടു സ്ഥലം പോലും പാഴാക്കാതെ ചെടികളും വീട്ടാവശ്യത്തിനു പച്ചക്കറികളും നട്ടുവളര്‍ത്തി. ഒപ്പം, നഗരത്തിരക്കില്‍നിന്ന് അകലെ വിശാലമായ കൃഷിയിടത്തിനായി അന്വേഷണവും. ഇറിഗേഷൻ വകുപ്പിൽ എൻജിനീയറായിരുന്ന ഭർത്താവ് ഐ.ജി.ഷിലുവും ഭാര്യയുടെ താൽപര്യത്തിനൊപ്പം നിന്നതോടെ കാര്യങ്ങൾ വേഗത്തിലായി. മൺറോത്തുരുത്തിൽ കുറഞ്ഞ വിലയ്ക്കു സ്ഥലം കിട്ടുമെന്നറിഞ്ഞു. അങ്ങനെ 2012ൽ സെന്റിന് 5000 രൂപ നിരക്കിൽ 50 സെന്റ് സ്ഥലം വാങ്ങി. പല തവണ പോയതോടെ ആ പ്രദേശത്തോടു വല്ലാത്തൊരടുപ്പമായി. ഇതിനിടെ സ്ഥലം നൽകാൻ താൽപര്യപ്പെട്ടു ചിലർ സമീപിച്ചു. വിലയിൽ കാര്യമായ ഏറ്റക്കുറച്ചിലില്ലാതെ കുറച്ചു സ്ഥലം കൂടി വാങ്ങി. സമ്പാദ്യം മൊത്തം ചെലവിട്ടു പലരിൽനിന്നായി അഞ്ചേക്കറോളം സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോഴാണ് തദ്ദേശീയർ സ്ഥലം വിറ്റൊഴിയുന്നതിന്റെ യഥാർഥ കാരണം ദമ്പതികള്‍ക്കു മനസ്സിലായത്. വേലിയേറ്റ സമയത്തു കരയിലേക്ക് അഷ്ടമുടിക്കായലിൽനിന്നു വെള്ളം കയറും, വേലിയിറക്ക സമയത്തു സ്ഥലത്തെ മണ്ണും അതിനൊപ്പം വാർന്നു പോകും.
തിരിച്ചടികൾ
ഈ പ്രതിസന്ധി എങ്ങനെ നേരിടണമെന്ന ആലോചനയിലായി സന്ധ്യയും ഷിലുവും. ബണ്ട് നിർമിച്ച് എന്തെങ്കിലും കൃഷി ചെയ്താലേ ഭൂമി അവിടെ ഉണ്ടാവൂ എന്നു പ്രദേശവാസിയായ പരമ്പരാഗത കർഷകര്‍ പറഞ്ഞു. കൃഷിയിടത്തിൽനിന്നു ചെളി കുത്തിയെടുത്തു ചിറപിടിച്ചു. പല തവണ ചിറ മുറിഞ്ഞു കായലിലേക്കു മണ്ണിനൊപ്പം പണവും കുത്തിയൊഴുകി. പിന്മാറാൻ ബന്ധുക്കളടക്കം പലരും പറഞ്ഞെങ്കിലും കര കണ്ടേ അടങ്ങൂ എന്ന വാശിയായിരുന്നു സന്ധ്യയ്ക്കും ഷിലുവിനും. പ്രദേശത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ചു ചെമ്മീൻകൃഷിയാണ് ഉചിതമെന്നു മനസ്സിലാക്കി അതിനു സൗകര്യമൊരുക്കി. ബണ്ടിനായി ചെളിയെടുത്ത സ്ഥലത്ത് മൂന്നു കുളങ്ങൾ നിർമിച്ചു. വെള്ളം പമ്പ് ചെയ്യാനും വറ്റിക്കാനുമായി മോട്ടറുകൾ, കുളത്തിലെ വെള്ളത്തിന്റെ പിഎച്ച് നില അറിയാനും വെള്ളം കയറ്റാനും ഇറക്കാനുമുള്ള സംവിധാനങ്ങള്‍, കുളങ്ങളുടെ മുകളിൽ വിരിക്കാനുള്ള പ്ലാസ്റ്റിക് നെറ്റ്... എല്ലാം തയാറായി.
സർക്കാർ ഫാമിൽനിന്നു ടൈഗർ ഇനത്തിൽപ്പെട്ട കൊഞ്ചിന്റെ ഒരു ലക്ഷം കുഞ്ഞുങ്ങളെ വാങ്ങി കുളത്തിൽ നിക്ഷേപിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ എല്ലാം ചത്തു. എല്ലാം വീണ്ടും ഒന്നിൽനിന്നു തുടങ്ങി. കുളത്തിലെ വെള്ളം പൂർണമായും വറ്റിച്ചു കുമ്മായം വിതറി. തവിട്, പഴം, ശർക്കര തുടങ്ങിയ മിശ്രിതം തയാറാക്കി കുളം വീണ്ടും സീസൺ ചെയ്ത ശേഷം ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്യമായ നേട്ടം ഉണ്ടായില്ലെങ്കിലും 2015 –16ൽ കൃഷി നഷ്ടമായില്ല. ഈ വിജയം കൃഷി തുടരാൻ കരുത്തായി. ഇതിനിടെ മൂന്നാം വർഷം കായ്ക്കുന്ന ഇരുനൂറോളം തെങ്ങുകൾ ബണ്ടിന്റെ ഉറപ്പുകൂടി ലക്ഷ്യമിട്ടു നട്ടെങ്കിലും ആദ്യം നല്ല രീതിയിൽ വളർന്ന ഇവ പിന്നീട് ഒന്നൊഴിയാതെ നശിച്ചു. 2016–17ൽ ചെമ്മീൻകൃഷി ഉദ്ദേശിച്ച ഫലം കണ്ടു. എന്നാൽ, തൊട്ടടുത്ത വർഷമായ 2018ൽ ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ച് 120 ദിവസം ദൈർ ഘ്യമുള്ള കൃഷി പാതി പിന്നിട്ടപ്പോള്‍ മഹാപ്രളയം. കല്ലടയാർ തീരം കവിഞ്ഞ് നിരന്നൊഴുകി. ബണ്ട് മുറിഞ്ഞു ചെമ്മീൻകുഞ്ഞുങ്ങൾ ഒന്നൊഴിയാതെ ഒഴുകിപ്പോയി. തൊട്ടടുത്ത വർഷവും മറിച്ചായിരുന്നില്ല വിധി. ചെമ്മീൻകുഞ്ഞുങ്ങൾക്കൊപ്പം ഒരു കുളത്തിൽ പരീക്ഷണാർഥം ഞണ്ടിന്റെ കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു. 2019ലെ വെള്ളപ്പൊക്കം കൃഷിക്കു ചെറിയ തിരിച്ചടിയായെങ്കിലും സാവധാനം കരകയറിത്തുടങ്ങി. അപ്പോഴാണ് കോവിഡിന്റെ വരവ്. സന്ധ്യയുടെ ഭാഷയിൽ പറഞ്ഞാൽ ‘ശരിക്കും പെട്ടു’.
തിരിച്ചുവരവ്
വരവില്ലെങ്കിലും ഇത്രയും കാലം കഷ്ടപ്പെട്ടു തയാറാക്കിയെടുത്ത സ്ഥലം സംരക്ഷിക്കാതെയിരുന്നാൽ മണ്ണു വാർന്ന് ഇല്ലാതാകും. ഈ വസ്തുത തിരിച്ചറിഞ്ഞു സ്ഥിരം ജോലിക്കാർക്കു ശമ്പളം നൽകി നില നിർത്തി കൃഷിയിടത്തിന്റെ സംരക്ഷണം ഉറപ്പാക്കി. കോവിഡിന്റെ കാഠിന്യം കുറഞ്ഞപ്പോൾ നിത്യച്ചെലവുകൾക്കായി താറാവുകളെ വളർത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. നൂറു താറാവുകുഞ്ഞുങ്ങളെ വാങ്ങിയതിൽ എൺപതും പൂവനായിരുന്നു. ഇതോടെ ഇവയൊന്നാകെ വിറ്റൊഴിച്ചു. തിരിച്ചടികള്‍ ഒന്നിനു പിറകെ ഒന്നായി വന്നതോടെ കാർഷിക സ്വപ്നത്തിനു സുല്ലിടാമെന്ന ചിന്തയായി സന്ധ്യയ്ക്ക്. എന്നാൽ, ഇത്രയുമായ സ്ഥിതിക്കു തോറ്റു പിന്മാറാൻ ഷിലു തയാറായില്ല. കരിമീൻ കൃഷിയിലൂടെ ഒരു ശ്രമം കൂ ടി നടത്താമെന്നായിരുന്നു ഷിലുവിന്റെ ലൈൻ.
ഇണ കരിമീനുകളെ (ജോടി കരിമീൻ) വാങ്ങി ചെറിയ കുളത്തിൽ നിക്ഷേപിച്ചു. ഇവയിൽനിന്നു ലഭിച്ച കുഞ്ഞുങ്ങളെ വലിയ കുളത്തിലേക്കു മാറ്റി. വിളവെടുപ്പിനു ചെമ്മീനുകളെക്കാൾ കൂടുതൽ ദിവസം വേണ്ടി വരുന്നതിനാൽ തീറ്റച്ചെലവും മറ്റും ചൂണ്ടിക്കാട്ടി പണിക്കാരടക്കമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, തീരുമാനം മാറ്റാൻ സന്ധ്യയും ഷിലുവും തയാറായില്ല. വൈകിയെടുത്ത ഈ നീക്കം നല്ല ഫലം കണ്ടു. ഇപ്പോൾ ആഴ്ചയിൽ 3 ദിവസമാണു കൃഷിയിടത്തിൽനിന്നു മീൻ വിളവെടുപ്പ്; അടുത്ത 3 ദിവസം വിൽപന. കിലോയ്ക്ക് 600 രൂപ നിരക്കിൽ 3 ദിവസം കൊണ്ട് 100 കിലോയ്ക്കു മേൽ വിൽപന നടക്കും. ഈ രീതിയിൽ 6 മാസത്തോളം മത്സ്യവിപണനം നടത്താമെന്ന മെച്ചം കരിമീൻകൃഷിക്കുണ്ടെന്നു സന്ധ്യ. കുളത്തിലെ വലക്കൂടിൽ കിടക്കുന്ന കരിമീനിനെ ജീവനോടെയാണു വിൽക്കുന്നത്. കായലിന്റെ ജൈവാവസ്ഥ തന്നെ കുളത്തിലും ഉള്ളതിനാൽ രുചിക്കു കുറവില്ല. ഇക്കാരണത്താൽ നല്ല ഡിമാന്‍ഡുണ്ട്. സംരംഭം വിജയിച്ചതിനു പിന്നാലെ സന്ധ്യയെത്തേടി കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ ‘ബെസ്റ്റ് മറൈൻ ഫിഷ് ഫാർമർ’ (ഒരു ലക്ഷം രൂപ) പുരസ്കാരവുമെത്തി.
‘കണ്ടൽതീരം’ എന്നു പേരിട്ട ഫാമിൽ ഹോം സ്റ്റേ സൗകര്യം ഒരുക്കി ഫാം ടൂറിസത്തിലേക്കും കടക്കുകയാണു സന്ധ്യയും ഷിലുവും. വലിയ വള്ളത്തിൽ സജ്ജമാക്കിയ കോട്ടേജിനു പുറമേ മറ്റു രണ്ടു കോട്ടേജുകൾ പൂർത്തിയായി വരുന്നു. സർക്കാർ അംഗീകൃത കരിമീൻവിത്തുൽപാദനകേന്ദ്രം കൂടിയാണ് ഇപ്പോൾ ‘കണ്ടൽതീരം’. ചെമ്മീൻകൃഷിയിൽ വലിയ തിരിച്ചടിയുണ്ടായ സമയത്ത് തദ്ദേശീയരായ പണിക്കാരുടെ മാർഗനിർദേശം അനുസരിച്ചു നട്ട 180 തെങ്ങുകളിൽ പകുതിയോളം കായ്ച്ചു തുടങ്ങിയിരിക്കുന്നു. വർഷ കാലത്തിനു തൊട്ടുമുൻപ് ചേറും ചാണകവും കുമ്മായവും തടം തെളിച്ച് ഓരോ തെങ്ങിനും ഇടുന്നതല്ലാതെ ഇതുവരെ രാസവളം അടുപ്പിച്ചിട്ടില്ലെന്ന് ഷിലു.
പൂർണമായും ക്യാമറാ നിരീക്ഷണത്തിലായതിനാൽ, കൊല്ലത്തെ വീട്ടിലായിരിക്കുമ്പോഴും ഫാം ഇവരുടെ കാഴ്ചപരിധിയിലാണ്. കൃഷികാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓർത്തോപീഡിക് പിജി വിദ്യാർഥിയായ മൂത്ത മകൻ ജിഷ്ണുവും പുതുച്ചേരി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഇളയ മകന്‍ കൃഷ്ണനുണ്ണിയും അച്ഛനമ്മമാര്‍ക്കു പിന്തുണയുമായി ഒപ്പമുണ്ട്.
ഫോൺ: 9447589210