‘ഈച്ചയ്ക്കും ഉറുമ്പിനും അണ്ണാനും കാക്കയ്ക്കും അയലത്തെ കൊതിയനും ഇതാ പിടിച്ചോ!’: ചക്കയുടെ അറിയാക്കഥകൾ

Mail This Article
വീട്ടിൽനിന്നു വളരെ അകലെ ജോലി നോക്കിയിരുന്ന മേനോന് ചക്കയും ചക്കയുപ്പേരിയും വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടിലേക്ക് ഇപ്രകാരം ഒരു എഴുത്തയച്ചു: ‘‘ഞാൻ ഈയാഴ്ച വരും. കുറച്ച് ചക്കയുപ്പേരി ഉണ്ടാക്കിവയ്ക്കണം’’
ഭാര്യ ഏറെ ശ്രമിച്ചെങ്കിലും ചക്കയിടാൻ ആളെ കിട്ടിയില്ല. ക്ഷിപ്രകോപിയും രൗദ്രഭീമനുമായ മേനോൻ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. മൂപ്പർ ഉടൻതന്നെ പറമ്പിലെ ഒരു പ്ലാവില്‍ വലിഞ്ഞുകയറി. ഇഷ്ടംപോലെ ചക്കയിട്ടു. ചക്കകൾ തന്നെത്താൻ മുറിച്ചു കഷണങ്ങളാക്കി. ചെറുതായി അരിഞ്ഞെടുത്ത ചുളകൾ അപ്പോൾത്തന്നെ അടുപ്പുകൂട്ടി ഉരുളിയിലെ തിളച്ച വെളിച്ചെണ്ണയൊഴിച്ച് വറുത്തെടുത്തു. പവൻ നിറമാർന്ന ഉപ്പേരികൾ വട്ടികളിൽ നിറച്ചുകൊണ്ടുവന്ന് കട്ടിലിൽ കയറിയിരുന്നു കറുമുറെ തിന്നുതുടങ്ങി.
അപ്പോഴേക്കും രാത്രി വൈകി.
മേനോൻ ഉപ്പേരി കടിച്ചുപൊട്ടിക്കുന്ന ഘോരശബ്ദംകേട്ട് ഭാര്യയും കുട്ടികളും ഞെട്ടിയുണർന്നു. ധർമപത്നിക്ക് ഈ കാഴ്ച സഹിച്ചില്ല. അവർ പറഞ്ഞു: ‘‘കുട്ടികൾക്കുപോലും കൊടുക്കാതെ ഉപ്പേരി മുഴുവൻ രാത്രിയിൽത്തന്നെ തിന്നുതീർക്കുന്നതു കഷ്ടമാണ്’’. അപ്പോൾ, മേനോന്റെ നിർവികാരമായ മറുപടി ഇങ്ങനെ: ‘‘എണ്ണ ഉരുളിയിലുണ്ട്. പ്ലാവിൽ ചക്കയുണ്ട്. ഇഷ്ടംപോലെ വറുക്കാം, കഴിക്കാം! എനിക്ക് തിന്നാനാണ് ഞാൻ ഉപ്പേരിയുണ്ടാക്കിയത്!’’
അമാനുഷനും സരസനുമായ മേനോനെക്കുറിച്ചുള്ള ഈ വികെഎൻ കഥയ്ക്ക് നല്ല ചക്കയുപ്പേരിയുടെ സ്വാദും ചൂടുമില്ലേ?
ചക്ക തിന്ന് ചാകാതെ ജീവിച്ചു
പണ്ട് പഞ്ഞമാസങ്ങളില്‍ ചക്കയും മാങ്ങയും ചേമ്പും ചേനയും തിന്നാണ് മലയാളി വിശപ്പടക്കിയിരുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളെ നമ്മൾ ചക്കകൊണ്ടു നേരിട്ടു. ചക്ക കഴിച്ചു വളർന്ന യുവാക്കൾ കൂലിപ്പട്ടാളക്കാരായി വെള്ളക്കാരോടൊപ്പം യുദ്ധം ചെയ്യാൻ പോയി പണം സമ്പാദിച്ചു. ‘ചക്കയും കുരുവും പത്തു നാള്‍, താളും തകരയും പത്തു നാള്‍, അങ്ങനേം ഇങ്ങനേം പത്തുനാള്‍’. അതായിരുന്നു അന്നു നമ്മുടെ ലൈഫ് സ്റ്റൈൽ.
സാധാരണക്കാർ ജന്മിഗൃഹങ്ങളിൽച്ചെന്ന് രണ്ടോ മൂന്നോ പ്ലാവുകൾ പാട്ടത്തിനെടുക്കുന്ന രീതിയുമുണ്ടായിരുന്നു. ഒരു തെങ്ങും ഒരു പ്ലാവും പറമ്പിലുണ്ടെങ്കിൽ പട്ടിണികിടക്കേണ്ടിവരില്ലെന്നു പഴമക്കാര്‍ ആശ്വസിച്ചു. കിണറ്റിലെ വെള്ളവും പ്ലാവിലെ ചക്കയും ആർക്കുമെടുക്കാം എന്നൊരു നാട്ടുവഴക്കവും അന്നുണ്ടായിരുന്നു.
പെൺചൊല്ലുകളുടെ ചക്കസഭ
പത്തും പന്ത്രണ്ടും അംഗങ്ങളുള്ള കുടുംബങ്ങളിലേക്ക് ഒരു വർഷത്തെ ആദ്യത്തെ ചക്ക എത്തുമ്പോൾ അതൊരു ആഘോഷമായിരുന്നു. ചക്ക മുറിച്ച് ഒരു ചുളയെടുത്ത് പ്ലാവിന്റെ മുകളിലേക്ക് എറിഞ്ഞുകൊണ്ട് മുത്തശ്ശി പറയും: ‘‘ഈച്ചയ്ക്കും ഉറുമ്പിനും അണ്ണാനും കാക്കയ്ക്കും അയലത്തെ കൊതിയനും ഇതാ പിടി ച്ചോ!’’. ഈ വീടുകളിൽ ചക്കവെട്ടിയൊരുക്കല്‍ വലിയൊരു കൂട്ടുയജ്ഞമായിരുന്നു. അയൽവീടുകളിലെ സ്ത്രീകളും കുട്ടികളുംവരെ ഇതിൽ പങ്കാളികളാകും. നാട്ടുവർത്തമാനങ്ങളും പഴമ്പുരാണങ്ങളും കൊച്ചു തമാശകളും ‘ചക്കസഭ’യുടെ എരിവും പുളിയും കൂട്ടും.
ഉരപ്പുരയിലാണ് 'ചക്കവെട്ടുസഭ' ചേരുന്നത്. ചക്ക വെട്ടുമ്പോൾ ഊറിവരുന്ന മുളഞ്ഞ് ഒരു അലകിൽ ചുറ്റി ഉരപ്പുരയുടെ ഉത്തരത്തിൽ തിരുകിവയ്ക്കും. ഓണത്തിന് ഓണത്തപ്പനെ വരവേൽക്കാൻ കൊളുത്തുന്ന പന്തമിതാണ്.
ചക്കയരിയുന്നതിന് ഒരു ക്രമമുണ്ട്. വെന്തുകുഴഞ്ഞ് പ്രഥമൻപോലെയാകുന്ന ചക്കയുണ്ട്. അത് വട്ടത്തിലരിയണം. വേവു കുറഞ്ഞവ നീളത്തിലരിയണം.
ചക്കപ്പുഴുക്കും കള്ളും
ചക്കപ്പുഴുക്കും കാന്താരിയും ഒരു കുപ്പി കള്ളും. ചക്കയും കള്ളും വയറുനിറയെ ചെലുത്തി അജീർണം വന്നാലും ഒരു ചുക്കുമില്ല, അല്‍പം ചുക്കു തിന്നാൽ മതി!
കഞ്ഞി കുടിക്കാനും തൈരിലെ വെണ്ണയെടുക്കാനും ബീഡിയുണ്ടാക്കി വലിക്കാനും പ്ലാവില വേണം. ബഷീറിന്റെ പാത്തുമ്മയുടെ ആട് പ്ലാവില തിന്നുകൊണ്ടാണ് നമ്മുടെ മനസ്സിലേക്കു പ്രവേശിച്ചത്. പറമ്പിൽ പച്ചപ്ലാവിലകൾ ചൂടിനിൽക്കുന്ന പ്ലാവുണ്ടെങ്കിൽ അവിടെ കിണർ കുത്തിയാൽ വെള്ളം കാണുമത്രെ.
ഇടുക്കിച്ചക്ക, വിയറ്റ്നാം ചക്ക
മധ്യതിരുവിതാംകൂറിലെ മിക്ക വീട്ടുപേരുകളിലും പ്ലാവ് നിഴൽ പരത്തിനില്‍പുണ്ട്. പ്ലാപ്പറമ്പിൽ, പ്ലാവിടയിൽ, പ്ലാത്തോട്ടത്തിൽ, പ്ലാമ്മൂട്ടിൽ എന്നീ പേരുകളിലൂടെ തറവാടിന്റെ മഹിമയും ഗരിമയും കടൽ കടന്നും സഞ്ചരിച്ചു. മനുഷ്യർക്കു മാത്രമല്ല, പ്ലാവുകൾക്കും ചെല്ലപ്പേരുകളുണ്ടായിരുന്നു. കൂനൻപ്ലാവ്, പടർപ്പൻ പ്ലാവ്, മച്ചിപ്ലാവ്, വടക്കൻപ്ലാവ് തുടങ്ങി ചരിത്രവഴിയിലെ അമ്മച്ചിപ്ലാവുവരെ. നീളൻചക്ക, ഉണ്ടച്ചക്ക, വ്യാളിച്ചക്ക, മുണ്ടൻചക്ക, ചെമ്പരുത്തിച്ചക്ക. മുട്ടംചക്ക എന്നിവയുടെ കൂട്ടത്തിലേക്കു വിയറ്റ്നാം ചക്കയെയും തായ്‌ലന്‍ഡ് ചക്കയെയും ചേര്‍ത്തുനിര്‍ത്തി നമ്മൾ വിശ്വപൗരന്മാരാകുന്നു.
ചക്കയില്ലാത്ത കാലം
മഴയും മഞ്ഞും കാലംതെറ്റി പെയ്യുന്നതുകൊണ്ടാവാം, ഈ വർഷം നാട്ടിൽ ചക്ക കുറവാണ്. എന്നിട്ടും ചക്കക്കൊമ്പനെപ്പോലുള്ള കാട്ടാനകളെ ഭയന്ന് മലയോരങ്ങളിലുള്ള പ്ലാവുകളിലെ ചക്കകൾ കർഷകർ വെട്ടിക്കളയുന്നു. കാട്ടിൽ കുറച്ചു പ്ലാവുകൾ നട്ടിരുന്നെങ്കിൽ കൊമ്പനും മോഴയ്ക്കും തിന്നാന്‍ വകയായേനേ. എങ്കില്‍ നാടിനും നാട്ടാർക്കും ശ്വാസം നേരെ വീഴുമായിരുന്നു.