ADVERTISEMENT

കേരളത്തിലെവിടെ വളരുന്നതായാലും ചന്ദനത്തിന്റെ പൂർണ അവകാശം സർക്കാരിനാണ്. അതുകൊണ്ടുതന്നെ ചന്ദനമരം മുറിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നതും വിൽക്കുന്നതും വനംവകുപ്പു വഴി മാത്രമായിരിക്കണമെന്ന് സർക്കാർ അനുശാസിക്കുന്നു. ചന്ദന മരവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഈ ആദ്യ ഭാഗം വായിക്കുമ്പോഴേ പലരും പിന്തിരിയും. ചന്ദനം വളർത്തിയാൽ അകത്താകുമെന്നും മുറിക്കുന്ന കാലത്ത് കിട്ടുന്ന വിലയിൽ നല്ല പങ്കും സർക്കാർ കൊണ്ടുപോകുമെന്നും കരുതുന്നവര്‍ കുറവല്ല. എന്നാൽ ഈ ആശങ്കകൾക്കൊന്നും ഇപ്പോൾ അടിസ്ഥാനമില്ല. 2012 ഭേദഗതി നിയമ പ്രകാരം ചന്ദനക്കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉദാരമാക്കുകയും സംസ്ഥാനത്ത് ആർക്കും തടസ്സങ്ങളില്ലാതെ കൃഷി ചെയ്യാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ട്. 

എവിടെ വളർത്തുന്ന ചന്ദനമരത്തിന്റെയും അവകാശവും സർക്കാരിനുതന്നെ. എന്നാൽ അതു മുറിക്കുന്നതിനു വരുന്ന ചെലവു കിഴിച്ച് മുഴുവൻ തുകയും ഉടമയ്ക്കു ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 2012ലെ ഭേദഗതി നിയമപ്രകാരം ഉടമസ്ഥൻ പ്രദേശത്തെ ഫോറസ്റ്റ് ഓഫിസർക്ക് അപേക്ഷ നൽകുയാണു വേണ്ടത്. ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നതോ കടപുഴകി വീണതോ  കളവു പോകാൻ സാധ്യതയുള്ളതോ ആയ ചന്ദനമരം മുറിക്കാനുള്ള അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകും. ഉടമസ്ഥന്റെയും ഉദ്യാഗസ്ഥരുടെയും സാന്നിധ്യത്തിൽ മരം മുറിച്ച് അളവും തൂക്കവും തുകയും കണക്കാക്കും. നിശ്ചയിച്ച തുകയുടെ 50 ശതമാനം താമസംവിനാ കർഷകനും കൈമാറും. തടി മറയൂർ ഡിപ്പോയിലെത്തിക്കും. അവിടെ നടക്കുന്ന ലേലപ്രകാരം അതുവരെ വന്ന ചെലവു കിഴിച്ചുള്ള തുക ഉടമസ്ഥനു കൈമാറും. ചുരുക്കത്തിൽ ചന്ദനക്കൃഷി ഒരു തരത്തിലും കർഷകനു പൊല്ലാപ്പാകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ സ്ഥലവും സാഹചര്യവും കാത്തിരി ക്കാന്‍ ക്ഷമയുമുണ്ടെങ്കിൽ ആർക്കും ധൈര്യമായി ചന്ദനക്കൃഷിയില്‍ നിക്ഷേപം  നടത്താം. 

sandal-2
ചന്ദനത്തൈയുടെ അരികെ ജീസൺ

രണ്ടരയേക്കർ, 600 തൈകൾ

എറണാകുളം ജില്ലയിൽ മുവാറ്റുപുഴയ്ക്കടുത്ത് ഈസ്റ്റ് മാറാടിയിലുള്ള ജീസൺ മാത്യു രണ്ടരയേക്കറിൽ 600 ചന്ദനത്തൈകൾ നട്ടു പരിപാലിക്കുന്നു. സ്ലോട്ടർ ടാപ്പിങ്ങിനു ശേഷം മുറിച്ച റബർതോട്ടത്തിൽ ആവർത്തനക്കൃഷിക്കു പകരം ചന്ദനം നടുകയാണു ജീസൺ ചെയ്തത്. തൊഴിലാളിക്ഷാമം കാരണം റബർകൃഷി ഉപേക്ഷിച്ച ശേഷം തരിശായിക്കിടന്ന തോട്ടത്തിൽ 2 വർഷം മുന്‍പാണ് ശാസ്ത്രീയമായിത്തന്നെ ചന്ദനക്കൃഷി ചെയ്തത്. മറയൂർ വനം വകുപ്പ് ഓഫിസിൽനിന്നു തൈകൾ വാങ്ങി അവരുടെതന്നെ നിർദേശങ്ങൾ അവലംബിച്ചാണു കൃഷി.

ചന്ദനം പാതി പരാദസസ്യമായതിനാൽ(മൂലകങ്ങൾക്കായി മറ്റു സസ്യങ്ങളെ ആശ്രയിക്കൽ) നഴ്സറിപ്രായത്തിൽത്തന്നെ ഒപ്പം പൊന്നാങ്കണ്ണിച്ചീര വളർത്തിയെന്നു ജീസൺ. തോട്ടത്തിലേക്കു പറിച്ചു നട്ടപ്പോൾ ചുവട്ടിൽനിന്ന് അൽപം മാറി വേപ്പ്, നെല്ലി, ശീമക്കൊന്ന എന്നിവയും മേൽപ്പറഞ്ഞ ആവശ്യത്തിനു നട്ടുവളര്‍ത്തുന്നു. 12X12 അടി അകലത്തിലാണ് ചന്ദനം നട്ടത്.

നന്നായി സൂര്യപ്രകാശം ആവശ്യമുള്ള വിളയാണു ചന്ദനം. വേനലിൽ രണ്ടു നേരം നന നൽകുന്നു. രണ്ടരയടി ആഴത്തിൽ കുഴിയെടുത്ത് ആട്ടിൻകാഷ്ഠവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി നൽകിയാണു തൈകൾ നട്ടത്. തുടർവളമായി നൽകുന്നതും ജൈവവളങ്ങൾ. ഓരോ തൈയുടെ ചുവട്ടിലും പൊന്നാങ്കണ്ണിച്ചീര സമൃദ്ധമായി വളർത്തുന്നു. ഒപ്പം വേനലിനെ ചെറുക്കാൻ കരിയിലകൊണ്ട് പുതയും. കൃത്യമായ പരിപാലനമുറകളിലൂടെ ഒരു പങ്കു മരങ്ങളെങ്കിലും 15 വർഷത്തിനു ശേഷം വെട്ടിവില്‍ക്കാമെന്നാണ് പ്രതീക്ഷ. 

എ.ടി.തോമസ് ചന്ദനത്തൈക്കു സമീപം
എ.ടി.തോമസ് ചന്ദനത്തൈക്കു സമീപം

ഒരു മരത്തിൽനിന്ന് മൂന്നു ലക്ഷം

കാലങ്ങളായി ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്ന മറയൂർ മേഖലയ്ക്കു പുറത്ത്, ചന്ദനം വളർത്തി വിറ്റ് പണം നേടിയ ഇടുക്കി  തൊടുപുഴ മൂലമറ്റം സ്വദേശി എ.ടി.തോമസിനെ പരിചയപ്പെടാം. ദീർഘ കാലം ചന്ദനമേഖലയിൽ ജോലി ചെയ്ത തോമസ് ചന്ദനക്കൃഷിയുടെ പ്രചാരകൻ കൂടിയാണ്. മുൻപ് ചന്ദനക്കൃഷിയുമായി ബന്ധപ്പെട്ട് സാധാരണ കർഷകർക്ക് ഒട്ടേറെ ആശങ്കകൾ ഉണ്ടായിരുന്നെന്നു തോമസ്. മാത്രമല്ല വനം വകുപ്പിനു വിൽക്കുമ്പോൾ ലഭിക്കുന്ന പണത്തിന്റെ അനുപാതത്തിലും കുറവുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. മുറ്റത്തു വളർന്നുനിന്ന, 29 വർഷം പ്രായമെത്തിയ ചന്ദനം വിറ്റപ്പോൾ തോമസിന് ആദ്യ ഘട്ടമായി ചെലവു കിഴിച്ചു ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ രൂപയാണ്. ഡിപ്പോയിൽനിന്നു ലേലം ചെയ്തു പോകുമ്പോള്‍ ലഭിക്കേണ്ടതു കൂടി കണക്കാക്കിയാൽ 4 ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് തോമസ്. തായ്ത്തടി ഒരു ഘട്ടത്തിൽ ശിഖരങ്ങളായി പിരിഞ്ഞു വളർന്നതു കൊണ്ടാണ് തുക കുറഞ്ഞു പോയതെന്നു തോമസ്. ലക്ഷണമൊത്ത ഒറ്റത്തടിയായാണ് വളരുന്നതെങ്കിൽ മൂല്യവും വിലയും കൂടും. 84–85 കാലഘട്ടത്തിൽ ചന്ദനത്തിന് കിലോയ്ക്ക് 200 രൂപ വിലയുണ്ടായിരുന്ന കാലത്ത് 6 ലക്ഷം രൂപയോളം വില കിട്ടിയ മറയൂർ കർഷകനെ തനിക്ക് ഓർമയുണ്ടെന്നും തോമസ് പറയുന്നു.

കൃഷി വിപുലമാക്കാം

കേരളത്തിൽ കാസർകോടു മുതൽ തിരുവനന്തപുരം വരെ മിക്കവാറും എല്ലായിടത്തും വിജയകരമായി കൃഷി ചെയ്യാവുന്ന വിളയാണ് ചന്ദനം. പലയിനം ചന്ദനങ്ങളുണ്ടെങ്കിലും നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നത് സന്റാലം ആൽബം (santalum album) ഇനമാണ്. കൃഷിക്കു   തിരഞ്ഞെടുക്കുന്ന കൂടത്തൈകൾ ഏകദേശം ഒരടി ഉയരമുള്ളതും ചില്ലകൾ വളർന്നതും ഇലകൾക്കു നല്ല പച്ച നിറം കൈവന്നതും തണ്ടിന് ബ്രൗൺ നിറമുള്ളതുമാകണം. ചന്ദനം ഒരു പാതി പരാദ സസ്യമായതിനാൽ കൂടപ്രായത്തിൽത്തന്നെ ചുവട്ടിൽ തൊട്ടാവാടി പോലുള്ള സസ്യങ്ങൾ (host plants) വളർത്തണം. തോട്ടത്തില്‍  നടുമ്പോൾ തൈയുടെ ചുവട്ടിൽനിന്ന് 15 സെ.മീറ്റർ മാറി തുവര നടുന്നതു ഗുണകരമാണ്. അതിഥിസസ്യമെന്ന (host plants) നിലയിലും തണലിനും തുവര ഗുണം ചെയ്യും. 6X3 മീറ്റർ (ഏക്കറിന് 222 തൈകൾ), 3x4 മീറ്റർ(ഏക്കറിന് 333 തൈകൾ), എന്നിങ്ങനെ ഭൂപ്രകൃതിക്ക് അനു സൃതമായി നടീൽ അകലം സ്വീകരിക്കാറുണ്ട്. കൃഷിക്കാലാവധി 20 വർഷം എന്നു കണക്കാക്കാം (ചില മരങ്ങൾ 16 വർഷമെത്തുമ്പോൾ തന്നെ വിളവെടുപ്പിനു പാകമാകും). ഏക്കറിന് 222 മരങ്ങൾ നട്ടാൽ 20 വർഷം കഴിയുമ്പോൾ 200 മരങ്ങൾ വിളവെടുപ്പിനു പാകമായി കിട്ടുമെന്നും കരുതാം. ഒരു മരത്തിൽനിന്നു ലഭിക്കാവുന്ന ശരാശരി കാതൽ 5 കിലോ (30 കിലോ വരെ കിട്ടിയ സന്ദർഭങ്ങളുമുണ്ട്).  കിലോക്ക് 15,000 രൂപ ശരാശരി വിലയിടാം. അങ്ങനെയെങ്കിൽ ഏക്കറിൽനിന്ന് ഒന്നരക്കോടി രൂപ വരുമാനം. ഒട്ടും പെരുപ്പിച്ചു കാണിക്കാത്ത ഒരു കണക്കാണിത്. ചന്ദനത്തിന്റെ വിലയി ലും മൂല്യത്തിലും കാലാനുസൃതമായി സംഭവിക്കുന്ന വളർച്ച വഴി വരുമാനം വർധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കാവുന്ന വിളതന്നെയാണ് ചന്ദനം. കള്ളന്മാരിൽനി ന്നു ചന്ദനത്തോട്ടത്തെ സംരംക്ഷിക്കലാണ് കൃഷിയിലെ വെല്ലുവിളി.

ഡോ. കെസി. ചാക്കോ, സീനിയർ സയന്റിസ്റ്റ് (റിട്ട.) കെഎഫ്ആര്‍ഐ, ഫോൺ: 9447618335

നട്ട് ഏതാണ്ട് 10 വർഷം പിന്നിടുന്നതോടെയാണ് ചന്ദനത്തിനു കാതൽ വച്ചു തുടങ്ങുക. 20 വർഷം പ്രയമാകുന്നതോടെ വിളവെടുപ്പിലെത്തുമെങ്കിലും 25–30 വർഷമായാൽ വളർച്ചയും മൂല്യവും വർധിക്കും. നെഞ്ചുയരത്തിൽ 20 ഇഞ്ച് (50 സെ.മീ.) വണ്ണമെത്തിയാൽ മുറിക്കാം എന്നാണു കണക്ക്. വേരോടെ പിഴുതാണു വിളവെടപ്പ്. 50 പൈസ വട്ടത്തിൽവരെ കാതലുള്ള ശിഖരവും വേരും ശേഖരിക്കും. ശേഷം കരിന്തൊലിയും വെള്ളയും നീക്കി ഒരു മീറ്റർ കഷണങ്ങളാക്കും. ഒരു മീറ്റർ നീളത്തിൽ 5 കിലോ തൂക്കം ലഭിക്കുന്ന ലക്ഷണമൊത്ത കാതൽക്കഷണത്തിന് ‘വിലായത്ത് ബുദ്ധ’ എന്നാണ് വിളിപ്പേര്. ഇത്തരമൊന്നിന് കിലോയ്ക്കു ശരാശരി 20,000 രൂപ വിലയുണ്ടെന്നു തോമസ്. ചന്ദനം വെട്ടി വേർതിരിക്കുമ്പോള്‍  ലഭിക്കുന്ന കരിന്തൊലി മുതൽ അറക്കപ്പോടി, വെള്ള, അൽപം കാതൽ കലർന്ന വെള്ള, അൽപം വെള്ള കലർന്ന കാതൽ, പൂർണമായുള്ള കാതൽ എന്നിങ്ങനെ ഓരോ ഭാഗത്തിനും പ്രത്യേകം പ്രത്യേകം വിലയുണ്ട്. സംസ്ഥാനത്ത് വിപുലമായിത്തന്നെ ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

ഫോൺ: 9496496025 (ജീസൺ), 9447212091(തോമസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com