ADVERTISEMENT

അന്തരീക്ഷ താപനില അനിയന്ത്രിതമായി ഉയർന്നതോടെ ഹൈറേഞ്ചിലെ ഒട്ടുമിക്ക ഏലത്തോട്ടങ്ങളും കരിഞ്ഞുണങ്ങുന്നു. കനത്ത പകൽ താപനിലയ്‌ക്കു മുൻപിൽ പിടിച്ചുനിൽക്കാൻ സുഗന്ധറാണിക്കാവുന്നില്ല. കഴിഞ്ഞ വർഷവും ഇതേ സമയത്ത് എൽ-ലിനോ വില്ലനായി എത്തിയിരുന്നെങ്കിലും ചൂടിന്‌ ഇത്രമാത്രം കാഠിന്യം അനുഭവപ്പെട്ടില്ല. ഒട്ടുമിക്ക ഭാഗങ്ങളിലും ഭൂമി വരണ്ടുണങ്ങിയതോടെ തോട്ടം മേഖലയിലെ പല കുളങ്ങളും കിണറുകളും ശൂന്യമായ അവസ്ഥയിലാണ്‌.

കർഷക കുടുംബങ്ങൾ എന്തു വില നൽകിയും ചെടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഈ വിഷയത്തിലേക്ക്‌ കൃഷി വകുപ്പ്‌ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപം ശക്തം. ടാങ്കർ ലോറികളെ ആശ്രയിച്ച്‌ ജലസേചനത്തിന്‌ വൻകിട തോട്ടങ്ങൾ നീക്കം തുടങ്ങിയെങ്കിലും ചെറുകിടക്കാർ വെളളം എത്തിക്കുന്നതിനുവേണ്ടി വരുന്ന ഉയർന്ന കൂലിച്ചെലവുകൾക്ക്‌ മുൻപിൽ പതറുന്നു.

ഏലക്ക വില മാസങ്ങളായി താഴ്‌ന്ന തലത്തിൽ നിന്നും മുന്നേറാനുള്ള ശ്രമങ്ങൾക്ക്‌ റീ പൂളിങ്‌ തുരങ്കം വച്ചതിനാൽ ഉൽപ്പന്ന വില ഉയരാനുള്ള സാഹചര്യം ഒരു വിഭാഗം ഇടപാടുകാർ ഇല്ലാതാക്കി. ഇതുമൂലം കർഷകർക്ക്‌ മെച്ചപ്പെട്ട വിലയ്‌ക്കുള്ള സാഹചര്യം ലഭിക്കാത്തത്‌ കർഷകരുടെ വരുമാനത്തെയും ബാധിച്ചു. ഉയർന്ന കൂലി നൽകി ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച്‌ തോട്ടങ്ങൾ സംരക്ഷിക്കുന്നത്‌ ഇതു മൂലം കനത്ത ബാധ്യതകൾക്ക്‌ ഇടയാക്കുമെന്ന നിലപാടിലാണ്‌ ഉൽപാദകർ. 

കഴിഞ്ഞ വർഷവും എൽ നിനോ പ്രതിഭാസം നമ്മുടെ കാർഷിക മേഖലയെ വറചട്ടിയിൽ നിന്നും എരി തീയിലേക്ക്‌ തള്ളിയിട്ടിരുന്നു. മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതലത്തിൽ ചൂട് കൂടുന്നത് ഉൾപ്പെടുന്ന ഒരു കാലാവസ്ഥാ മാതൃകയാണ് എൽ നിനോ. ഇതിനാൽ മഴ മേഘങ്ങൾ ദിശമാറി സഞ്ചരിക്കുന്നതും നമ്മുടെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. മെച്ചപ്പെട്ട വേനൽ മഴ ലഭിച്ചിരുന്നെങ്കിൽ കർഷകർക്ക്‌ താൽക്കാലിക ആശ്വാസമാകുമായിരുന്നു. നിർഭാഗ്യമെന്നോണം വേനൽ മഴയും ദുർബലമായത്‌ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്നു.

ഇടുക്കിയിലെ പ്രധാന ഏലം ഉൽപാദകമേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ജൂലൈയിൽ ആരംഭിക്കുന്ന പുതിയ സീസണിൽ ഉൽപാദനം കുത്തനെ കുറയുമെന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. മാർച്ചിൽ സാധാരണ 30 ഡിഗ്രിയിൽ നീങ്ങുന്ന പകൽ താപനില ഇത്തവണ 34 ലേക്ക്‌ ഉയർന്നു. കേവലം നാലു ഡിഗ്രി സെൽഷ്യസ്‌ മാത്രമാണ്‌ കഴിഞ്ഞ മാസം പതിവിലും ഉയർന്നതെങ്കിലും ഏലച്ചെടികളെ സംബന്ധിച്ച്‌ ഇത്‌ താങ്ങാനാവുന്നതിലും അധികമായിരുന്നു.

ഇതിനിടെ ഏപ്രിൽ ആദ്യ വാരം സംസ്ഥാനത്ത്‌ പകൽ താപനില 41.5 ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്‌ കൂടി കണക്കിലെടുത്താൽ മാസമധ്യത്തിന്‌ മുൻപേ ശക്തമായ വേനൽ മഴ അനിവാര്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഒറ്റപ്പെട്ട വേനൽ മഴ പ്രതീക്ഷിക്കാമെങ്കിലും ഇത്‌ ഭൂമിക്ക്‌ കുളിരു പകരാൻ മാത്രം ശക്തമാവില്ല. വരണ്ട കാലാവസ്ഥ മേയ്‌ ആദ്യവാരം വരെ തുടരാൻ തന്നെ സാധ്യത. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ ജൂലൈയിൽ പുതിയ ഏലക്ത നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല. 

വിളവെടുപ്പ്‌ ഓഗസ്‌റ്റ്‌‐സെപ്‌റ്റംബറിലേക്ക്‌ നീളാം. ഉത്തരേന്ത്യ ഉത്സവകാല ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണം നേരത്തെ തുടങ്ങും. മഹാനവമി, ദീപാവലി വേളയിലെ ഡിമാൻഡ് മുന്നിൽ കണ്ട്‌ നേരത്തെ തന്നെ അവർ രംഗത്ത്‌ ഇറങ്ങും. ഇതിനിടെ സീസൺ വൈകുന്നതുകൂടി കണക്കിലെടുത്താൽ ഉൽപ്പന്ന വില കുതിച്ചു കയറാനുള്ള സാഹചര്യം തെളിഞ്ഞുവരും. ഓഗസ്‌റ്റ്‌ രണ്ടാം പകുതിയിൽ ശ്രീകൃഷണജയന്തി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കും. സെപ്‌റ്റംബറിൽ ഓണ ഡിമാൻഡും ഏലത്തിന്‌ മാറ്റ്‌ കൂട്ടും. അതേസമയം റംസാൻ, വിഷു ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ചരക്ക്‌ സംഭരണം ഇതിനകം തന്നെ വിപണി പൂർത്തിയാക്കി.    

ആഗോള വിപണിയിലേക്കു തിരിഞ്ഞാൽ 40 വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യൻ ഏലക്ക രാജ്യാന്തര തലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതകൾ തെളിയുന്നു. യൂറോപ്യൻ ബയ്യർമാരിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്‌ അത്തരം ഒരു സ്ഥിതിയിലേക്കാണ്‌. കഴിഞ്ഞ വർഷം ഗ്വാട്ടിമല 54,000 ടൺ  ഉൽപാദിച്ചെങ്കിൽ ഇക്കുറി വിളവ്‌ 30,000 ടണ്ണിൽ ഒതുങ്ങുമെന്ന റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത്‌ നമ്മുടെ ശരാശരി ഇനങ്ങളെ 2000 നും 2200 നും മുകളിൽ എത്തിക്കാനുള്ള സാധ്യതകളാണ്. 

എന്നാൽ ഒറ്റയടിക്ക്‌ ഈ തലത്തിലേക്ക്‌ വിപണിക്ക്‌ സഞ്ചരിക്കാനാവില്ല. നിലവിൽ 1500-1600 റേഞ്ചിനെ ചുറ്റിപ്പറ്റി നീങ്ങുന്ന ഏലത്തിന്‌ 1825 നിലവാരത്തിൽ പ്രതിരോധം തല ഉയർത്താം. ഇത്‌ മറികടന്നാൽ 1840-1900 മേഖലയിൽ വിപണി ശക്തിപരീക്ഷണങ്ങൾ നടത്തേണ്ടതായി വരും. അതേ ഏലം പ്രതിമാസ പരീക്ഷകളിൽ കാഴ്‌ചവയ്ക്കുന്ന മികവിനെ അടിസ്ഥാനമാക്കിയാവും മേയ്‌ രണ്ടാം പകുതിയിലെ പ്രകടനം. 

 ഗ്വാട്ടിമലയിലെ ഏലത്തോട്ടങ്ങൾ പലതും കീടങ്ങളുടെ പിടിയിലാണ്‌. ഏലത്തെ ബാധിക്കുന്ന കീടമായ ഇലപ്പേനുകൾ മൂലം കനത്ത നഷ്‌ടം സംഭവിക്കുന്നു. കഴിഞ്ഞ വർഷം ഇത്‌ 26  ശതമാനത്തിന്‌ മുകളിലായിരുന്നെങ്കിൽ ഇക്കുറി ഉൽപാദന നഷ്‌ടം 29 ശതമാനത്തിൽ അധികമാകും. ഗ്വാട്ടിമലയിലെ പ്രാധാന ഉൽപാദകമേഖലയായ ആൾട്ട വെരാപാസ്‌ മേഖലയിൽ വിളവ്‌ 25 ശതമാനം കുറയുമെന്നാണ്‌ വിലയിരുത്തുന്നത്‌. 

അതുപോലെ തന്നെ ഏലം ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന ഇസബാൽ, ബജാ വെരാപാസ്, പെറ്റെൻ തുടങ്ങിയ മേഖലകളിലെ തോട്ടങ്ങളും ഇല പേൻ ബാധയുടെ പിടിയിലാണ്‌. പ്രതിസന്ധി മറികടക്കാൻ ഭരണകൂടം നീക്കം തുടങ്ങിയെങ്കിലും പൂർണമായി തോട്ടങ്ങൾ കീടബാധയിൽ നിന്നും രക്ഷനേടാൻ കാലതാമസം നേരിടുമെന്നാണ്‌ സൂചന. 

 ഇതിനിടെ കീടങ്ങളെ തുരത്താൻ അവർ കീടനാശിനിയിലേക്ക്‌ തിരിയാനുള്ള സാധ്യത വിരൽ ചൂണ്ടുന്നത്‌ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിന്‌ തിരിച്ചടിയായി മാറാം. ഒരു ദശാബ്‌ദം മുൻപ്‌ ഇന്ത്യൻ ഏലത്തിൽ കീടനാശീനിയുടെ അംശം കണ്ടെത്തിയ പേരിൽ ഇറക്കുമതിക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ സൗദി അറേബ്യ ഇനിയും നീക്കം ചെയ്‌തിട്ടില്ല. ഗ്വാട്ടിമാലയും വൈകാതെ ഇത്തരം ഒരു അവസ്ഥയിൽ എത്തിച്ചേരാനുള്ള സാധ്യതകൾ തള്ളികളയാനുമാവില്ല. ലോക വിപണിയിലെ സ്ഥിതിഗതികൾ കൂട്ടി വായിച്ചാൽ 2025 ൽ ഇന്ത്യൻ ഏലത്തിന്റെ സ്വാദ്‌ നുകരാൻ അറബ്‌ രാജ്യങ്ങളും യൂറോപ്പും മത്സരിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com