ADVERTISEMENT

പ്രിയപ്പെട്ട കൃഷി വകുപ്പേ കനിയേണമേ, ഏലം ഉൽപാദന മേഖല നിലനിൽപ്പ്‌ ഭീഷണിയെ അഭിമുഖീകരിക്കുന്നത്‌ അറിഞ്ഞുകാണില്ലെങ്കിലും ഇതൊരു അറിയിപ്പായി കണക്കാക്കണമേ. നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പകൽ താപനിലയിൽ തോട്ടങ്ങൾ ഒട്ടുമിക്കവയും കരിഞ്ഞുണങ്ങി. ഹൈറേഞ്ചിലെ ഏതാണ്ട്‌ 75 ശതമാനം ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിൽ അകപ്പെട്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ സംസ്ഥാന കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഒരു നീക്കവും ഇതുവരെയും ഉണ്ടായിട്ടില്ല.

20 ഡിഗ്രി താപനിലയിൽ കൃഷി ചെയ്യാൻ കഴിയുന്ന ഏലത്തിന് നിലവിലെ 40 ഡിഗ്രിയിൽ പിടിച്ചു നിൽക്കണമെങ്കിൽ സർക്കാർ അടിയന്തിര സഹായങ്ങളുമായി കാർഷിക മേഖലയിലേക്ക്‌ തിരിയേണ്ട സാഹചര്യം അതിക്രമിച്ചു. കുളങ്ങളും മറ്റു ജലാശയങ്ങളും ഹൈറേഞ്ചിൽ വറ്റിവരണ്ടതിനു പുറമേ കുടി വെള്ളത്തിനു പോലും ക്ലേശിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ നീങ്ങുന്നു.  

ടാങ്കർ ലോറികളിൽ ജലസേചന സൗകര്യങ്ങൾ കർഷകർക്കായി ഒരുക്കാൻ സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കങ്ങൾ നടത്തിയില്ലെങ്കിൽ ഏലം മാത്രമല്ല, കുരുമുളകും കാപ്പിയുമെന്നുവേണ്ട സർവകാല റെക്കോർഡിൽ എത്തി നിൽക്കുന്ന കൊക്കോ പോലും അടുത്ത സീസണിൽ ഉൽപാദിപ്പിക്കാൻ നമുക്കാവില്ല.  

ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച ഏലം വിളയുന്ന ഉടുമ്പൻചോല, വണ്ടൻമേട് എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങൾ ഒട്ടുമിക്കവയും ജലസേചനം നിലച്ചതോടെ കരിഞ്ഞുണങ്ങുന്നു. മഴയുടെ അഭാവവും ഉയർന്ന പകൽ താപനിലയും താങ്ങാനാവാതെ ഭൂരിഭാഗം ചെറുകിട കർഷകരുടെ തോട്ടങ്ങൾ കൃഷി നശിച്ച അവസ്ഥയിലാണ്‌. പുതിയ തൈകൾ വച്ച്‌ പിടിപ്പിച്ച്‌ വിളവെടുക്കാൻ ഒന്നിലധികം വർഷം വേണ്ടി വരുമെന്നതും കർഷകരെ പ്രതിസന്ധിലാക്കും. ഏലച്ചെടികളുടെ ശരങ്ങൾ ഉണങ്ങിയത്‌ ഉൽപാദകർക്ക്‌ താങ്ങാനാവുന്നതിലും കനത്ത തിരിച്ചടിയാണ്‌. 

വിദേശ നാണ്യം നേടി തരുന്നതിൽ മുഖ്യ പങ്ക്‌ വഹിക്കുന്ന സുഗന്ധവ്യഞ്‌ജനങ്ങൾ ഒട്ടുമിക്കവയും പ്രതികൂല കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ്‌. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താൽ നമ്മുടെ ഏലക്കൃഷി ഏതാണ്ട്‌ 80 ശതമാനത്തിലധികം മേയ്‌ രണ്ടാം പകുതിയോടെ ഇല്ലാതാകുന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ നീങ്ങുന്നത്‌. കൃഷി നശിക്കുന്നത്‌ നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ കർഷകർക്കാവൂ. 

ഏലം. ഫോട്ടോ∙ കർഷകശ്രീ
ഏലം. ഫോട്ടോ∙ കർഷകശ്രീ

കഴിഞ്ഞ വർഷവും വേനൽ കത്തി നിന്ന അവസരത്തിൽ ജലസേചനത്തിനു പുതിയ മാർഗ്ഗങ്ങൾ തിരയണമെന്ന ആവശ്യം ‘മനോരമ ഓൺലൈൻ കർഷകശ്രീ’യിലൂടെ കൃഷി വകുപ്പിനോട്‌ അഭ്യർഥിച്ചിരുന്നെങ്കിലും ഇതാന്നും നമ്മളെ ബാധിക്കുന്ന വിഷമയല്ലെന്ന നിലപാടിലാണ്‌ അന്നും ഇന്നും അവർ നിലകൊള്ളുന്നത്‌. എന്ത്‌ കർഷകൻ, ഏത്‌ കർഷകർ എന്ന ചിറ്റമ്മ നയത്തിൽ നിന്നും കൃഷി വകുപ്പ്‌ മേധാവികൾ പിൻതിരിയാത്തിടതോളം കർഷകർക്ക്‌ രക്ഷനേടാനാവില്ല.

കാർഷിക മേഖലയിലെ സ്ഥിതിഗതികൾ സുഖകരമല്ലെന്ന തിരിച്ചറിവിൽ ഏലക്ക വില ഉയർത്തി ശേഖരിക്കാൻ വാങ്ങലുകാർ രംഗത്ത്‌ എത്തി. കൃഷിവകുപ്പിനെ പോലെയല്ല, അവർക്ക്‌  കാര്യങ്ങൾ വേഗത്തിൽ മനസിലാകും. കാത്തിരുന്നാൽ പുതിയ ഏലക്ക സമയത്ത്‌ ലഭിക്കില്ലെന്ന വസ്‌തുത. 

നിലവിലെ വരൾച്ചയ്‌ക്ക്‌ ശേഷം തെക്കു പടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നിനു തന്നെ കേരളത്തിൽ എത്തിയാലും പുതിയ ഏലക്ക സീസൺ ജൂലൈയിലും ഓഗസ്റ്റിലും ആരംഭിക്കില്ല. അങ്ങനെ വന്നാൽ ഉത്തരേന്ത്യൻ ഉത്സവ സീസണിലെ ആവശ്യങ്ങൾക്കു വേണ്ട ഏലക്ക നമുക്ക്‌ യഥാസമയം സജ്ജമാക്കാനാവില്ല. ദീപാവലിയും നവരാത്രി ഡിമാൻഡുമെല്ലാം ഏലത്തിന്‌ ഉയർന്ന വില സമ്മാനിക്കുന്ന അവസരമാണ്‌. സാധാരണ ജൂലൈയിൽ തന്നെ അവർ ഉത്സവ ആവശ്യങ്ങൾ മുന്നിൽകണ്ടുള്ള സംഭരണത്തിന്‌ തുടക്കംകുറിക്കും. എന്നാൽ ഇക്കുറി കൈമാറാൻ ചരക്കില്ലാത്ത നിലയിലാവും കർഷകർ. അറബ്‌ രാജ്യങ്ങൾ ഇന്ത്യൻ ഏലത്തിലെ വിശ്വാസം നിലനിർത്തുകയാണ്‌. ജൂണിലെ ബക്രീദ്‌ ആവശ്യങ്ങൾക്ക്‌ വേണ്ടിയുള്ള ഏലക്ക സംഭരണത്തിന്‌ ഇതിനകം തന്നെ അവർ തുടക്കം കുറിച്ചു.  

പ്രതികൂല കാലാവസ്ഥയിൽ ഗ്വാട്ടിമലയിൽ ഇക്കുറി ഉൽപാദനം ഗണ്യമായി കുറയുമെന്നാണ്‌ വിലയിരുത്തുന്നത്‌. കഴിഞ്ഞ വർഷം ഏകദേശം 54,000 ടൺ ഏലക്ക ഉൽപാദിപ്പിക്കാൻ അവർക്കായെങ്കിലും കനത്ത വരൾച്ചയിൽ ഈ വർഷം ഗ്വാട്ടിമലയുടെ മൊത്തം ഉൽപാദനം 30,000 ടണ്ണിൽ ഒതുങ്ങും. 

1982നു ശേഷം വ്യക്തമായി പറഞ്ഞാൽ 42 വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി ഇന്ത്യൻ ഉൽപാദനം ഗ്വാട്ടിമലയെ മറികടക്കുമെന്ന കണക്കുകൂട്ടിയ അവസരത്തിലാണ്‌ ഉയർന്ന താപനിലയിൽ കേരളത്തിലെ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങുന്നത്‌. അടുത്ത സീസണിലെ നമ്മുടെ ഉൽപാദനം സംബന്ധിച്ച്‌ വിലയിരുത്താനാവാത്ത സ്ഥിതിയാണ്‌. ഹൈറേഞ്ച്‌ മേഖലയിലെ തോട്ടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഒന്ന്‌ വ്യക്തം, അടുത്ത രണ്ടാഴ്‌ച്ച കൂടി ഉയർന്ന താപനില തുടർന്നാൽ നമ്മുടെ ഉൽപാദനത്തിൽ 50 ശതമാനത്തിന്റെ ഇടിവിന്‌ സാധ്യത. എന്നാൽ ഈ കണക്കുകൾ ശരിയല്ലന്ന്‌ വ്യക്തമാക്കാൻ സുഗന്ധവ്യഞ്ജന ബോർഡിന്റെ കൈവശം വിളനാശം സംബന്ധിച്ച കണക്കുകളില്ല. അല്ലെങ്കിലും അവർക്ക്‌ എന്തിനാ അതിന്റെ ആവശ്യം. കയറ്റുമതി വരുമാനം ഉയർത്തുകയെന്നതല്ലാതെ കർഷക വരുമാനം വർധിപ്പിക്കേണ്ട ബാധ്യത കേന്ദ്ര ഏജൻസിക്കില്ലല്ലോ. 

Image credit: vm2002/iStockPhoto
Image credit: vm2002/iStockPhoto

ഉത്സവകാല ഡിമാൻഡ് നേട്ടമാക്കാനാകുമെന്ന നിഗമനത്തിൽ ഇതിനം തന്നെ ഇതരസംസ്ഥാന വ്യാപാരികൾ പരമാവധി ചരക്ക്‌ കൈക്കലാക്കുകയാണ്‌. വിപണി നിയന്ത്രണം ഉത്തരേന്ത്യൻ ലോബിയിൽ ഒതുങ്ങുമെന്ന കാര്യം ഏതാണ്ടു വ്യക്തം. ഇതിനം തന്നെ പിന്നിട്ട സീസണിലെ ഏലക്കയിൽ വലിയ പങ്ക്‌ അവർ ശേഖരിച്ചിട്ടുണ്ട്‌. അടുത്ത ലക്ഷ്യം മേയിൽ ശരാശരി ഇനങ്ങളെ 3000ലേക്ക്‌ ഉയർത്തുകയാണ്‌. ഉൽപാദകർ കൈവശമുള്ള ഓരോ മണി ഏലവും മികച്ച വിലയുടെ അവസരത്തിനായി മാറ്റിവയ്ക്കാൻ തയ്യാറായാൽ ശേഷിക്കുന്ന ചരക്കിൽ കർഷകർക്ക്‌ സുഗന്ധം കണ്ടെത്താനാവും.   

കർഷകശ്രീ ഓൺലൈനിലെ കൃഷിവിശേഷങ്ങൾ വേഗത്തിൽ ലഭിക്കാൻ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com