ADVERTISEMENT

ആഹാരമില്ലാതെ നമുക്കു ജീവിക്കാനാവില്ല. ആഹാരത്തിനായി ധാന്യങ്ങള്‍ വേണം, പഴങ്ങള്‍ വേണം, പച്ചക്കറികള്‍ വേണം. മറ്റു പലതും വേണം. എന്നാൽ അവ ആരുണ്ടാക്കുന്നു? എങ്ങനെയുണ്ടാക്കുന്നു? ആരെങ്കിലും ചിന്തിക്കാറുണ്ടോ, വല്ലപ്പോഴുമെങ്കിലും. എന്തിനു ചിന്തിക്കണം, അല്ലേ? നമുക്ക് തിന്നാൻ കിട്ടണം, അത്ര തന്നെ.  

അന്നദാതാക്കളായ കർഷകരെ ആർക്കും വേണ്ടെന്നായിരിക്കുന്നു. കർഷകദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തുകളിൽ നടക്കുന്ന പരിപാടികളിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും കൃഷിയെയും കൃഷിക്കാരെയും പുകഴ്ത്തുന്നതു കേൾക്കുമ്പോൾ ഞാൻ പറയും ‘‘നിർത്ത്, ഒന്നു ചോദിക്കട്ടെ. നിങ്ങളുടെ മകൾക്ക് ഞാൻ ഒരു കർഷകന്റെ കല്യാണാലോചന കൊണ്ടുവരട്ടെ?’’.

‘‘ അതു വേണ്ടച്ചോ’’ എന്നാവും മിക്കപ്പോഴും മറുപടി. ‘‘പിന്നെ എന്തൂട്ടാണ് നിങ്ങൾ പുകഴ്ത്തുന്നതിന്റെ അർഥം?’’ കർഷകദിനത്തിൽപോലും ചുക്കിച്ചുളിഞ്ഞ മുഖവും പാളത്തൊപ്പിയുമായാണ് മാധ്യമങ്ങള്‍ കര്‍ഷകനെ അവതരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ കൃഷിയില്‍നിന്ന് അകന്നു പോകുന്നതില്‍ അദ്‌ഭുതമുണ്ടോ?

ഞാൻ എന്റെ പള്ളിയിലെ 7 യൂണിറ്റുകളിലായുള്ള ഇടവകക്കാരോട് പറഞ്ഞു– നമുക്ക് കൃഷി ചെയ്യാം, ജൈവകൃഷി. രാസകീടനാശിനി പ്രയോഗിക്കാതെ ചാണകം, വെർമി കംപോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, ഹോമിയോ മരുന്ന് എന്നിവ ഉപയോഗിച്ചാണ് ഞങ്ങളുടെ കൃഷി. മൂന്നരയേക്കറോളം സ്ഥലത്താണ് ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത്. വയലത്തൂർ പള്ളിയുടെ ചുമതലയിലിരിക്കുമ്പോൾ മൂന്നു വർഷത്തിനിടയിൽ ഇടവകയിലെ 13 പേർ കാൻസർ ബാധിച്ചു മരിച്ചതാണ് ജൈവ പച്ചക്കറിക്കൃഷി പ്രചരിപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്. സ്വന്താവശ്യത്തിനുള്ള വെണ്ടയും ചീരയും പയറുമൊക്കെ വീട്ടുമുറ്റത്തെ ഇത്തിരി വട്ടത്തിലോ മട്ടുപ്പാവിലോ നട്ടുവളര്‍ത്തണമെന്ന സന്ദേശമാണ് ഈ കൂട്ടുകൃഷിയിലൂടെ പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍, പച്ചക്കറിക്കുവേണ്ടി മാത്രമല്ല ഞങ്ങളുടെ കൃഷിക്കൂട്ടായ്മ. വാര്‍ധക്യത്തില്‍ ഏകാന്തതയുടെ തുരുത്തിലകപ്പെട്ടുപോയവരാണ് ഏഴു കൃഷിക്കൂട്ടങ്ങളിലെയും അംഗങ്ങളില്‍ ഏറെയും. കൃഷിയെക്കുറിച്ചു മിണ്ടിയും പറഞ്ഞും എന്തൊരു സന്തോഷമാണ് അവര്‍ക്ക് ഇപ്പോള്‍! എന്തൊരു സ്നേഹമാണ് അവര്‍ തമ്മില്‍!  

മനുഷ്യനെ തമ്മിലടിപ്പിക്കാത്ത, മനുഷ്യരെ തമ്മിലടുപ്പിക്കുന്ന കൃഷിയുടെ സന്ദേശം അടുത്ത തലമുറയിലേക്കും പകരണം. അതിനായി അമേരിക്കയിലെ കമ്യൂണിറ്റി സർവീസ് മാതൃകയിലൊരു പദ്ധതി ഏതാനും സ്കൂളുകളുമായി ചേര്‍ന്നു നടപ്പാക്കുകയാണ് ഞങ്ങള്‍. കൃഷിത്തോട്ടനിര്‍മാണവും പരിപാലനവുമടക്കം സമൂഹത്തിനു ഗുണകരമായ 25 തരം സേവനങ്ങള്‍ കുട്ടികളെക്കൊണ്ടു ചെയ്യിക്കുന്ന പദ്ധതിയില്‍ ഏറ്റവും  നല്ല രീതിയില്‍ ചെയ്യുന്ന ഒരാള്‍ക്ക് മദര്‍ തെരേസയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്കാരം നല്‍കും. ഒപ്പം കൊൽക്കത്തയിലെ മദർ തെരേസ സമാധി സ്ഥലം കുടുംബസമേതം സന്ദർശിക്കാന്‍ അവസരവുമൊരുക്കും. പദ്ധതിയിലുള്‍പ്പെട്ട ഓരോ പ്രവര്‍ത്തനത്തിനും നിശ്ചിത മാര്‍ക്ക് നല്‍കിയാണ് അവാര്‍ഡ് നിര്‍ണയം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്നയാളിനാവും പുരസ്കാരം. ഉദാഹരണത്തിന്, കൃഷിത്തോട്ടനിര്‍മാണത്തിനു 10 മാർക്കാണ് നല്‍കുക. ഇതു കൂടാതെ മുടി മുറിച്ചു കൊടുക്കല്‍, രക്തദാനം, അഗതികൾക്ക് പൊതിച്ചോറ് നല്‍കല്‍, വൃദ്ധമന്ദിര സന്ദർശനം തുടങ്ങിയവയടക്കം 25 സേവനങ്ങൾക്ക് ഇപ്രകാരം മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. സീഡ് ബോൾ അഥവാ വിത്തുണ്ട നിര്‍മാണം മറ്റൊരു സേവനമാണ്. സപ്പോട്ട, പേര തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പച്ചച്ചാണകം പൊതിഞ്ഞു പന്തുരൂപത്തിലാക്കുന്നതാണ് വിത്തുണ്ട. ഒന്നിന് ഒരു രൂപ നല്‍കി ഈ വിത്തുണ്ടകള്‍ സംഭരിച്ചു പായ്ക്ക് ചെയ്ത് സ്കൂളുകളില്‍ വിതരണം ചെയ്യും. കുട്ടികൾക്ക് അവധിക്കാല യാത്രകളിൽ ഇവ വഴിയരികിലും മറ്റും വിതറാം. മഴക്കാലമാകുന്നതോടെ ഇവയിലെ വിത്തുകള്‍ കിളിർത്തു തൈയായും മരമായും മാറും. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള ഏതു സ്കൂളുകാർക്കും എന്നെ നേരിട്ടു വിളിക്കാം. ഇതിനകം 36 സ്കൂളുകൾ പദ്ധതിയില്‍ ചേര്‍ന്നു. വരും വർഷം 200 സ്കൂളുകളിലേക്കു വ്യാപിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com