ADVERTISEMENT

വീടിനു മുകളിൽ മികച്ച രീതിയിൽ പണികഴിപ്പിച്ച മഴമറയ്ക്കുള്ളിൽ പച്ചക്കറികൾ വിളഞ്ഞിരുന്ന കാലമുണ്ടായിരുന്നു തൊടുപുഴ ഒളമറ്റം ആനച്ചാലിൽ ജോളി വർക്കിക്ക്. എന്നാൽ, ഇന്ന് പച്ചക്കറികളുടെ സ്ഥാനത്ത് ടെറസിൽ സ്ഥാനംപിടിച്ചിരിക്കുന്നത് വിവിധ വർണങ്ങളിലുള്ള പത്തുമണിപ്പൂക്കൾ. അതും ഇതളുകൾ കുറവുള്ള ഇനങ്ങൾ. കാണാൻ കൂടുതൽ അഴകുള്ള ഇടതൂർന്ന ഇതളുകളുള്ള പൂക്കൾ വിരിയുന്ന ഇനങ്ങൾ ഇവിടെയില്ല. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വിളഞ്ഞിരുന്ന സ്ഥലത്ത് വലിയ പാത്തികളിലും ഗ്രോബാഗുകളിലുമായി പത്തുമണിപ്പൂക്കൾ വിരിയുമ്പോൾ എന്താണ് പ്രയോജനമെന്നാണ് ആരും ചിന്തിച്ചുപോവുക. എന്നാൽ, ജോളിക്ക് അതിന് വ്യക്തമായ കാരണവും മറുപടിയുമുണ്ട്.

ചെറുതേനീച്ചകൾക്ക് ഏറ്റവും മികച്ച ഭക്ഷണം ഒരുക്കിയാണ് ജോളിയുടെ പത്തുമണിത്തോട്ടം നിലകൊള്ളുന്നത്. ഇതളുകൾ കുറഞ്ഞ ഇനങ്ങൾ ആയതുകൊണ്ടുതന്നെ തേനീച്ചകൾക്കായുള്ള പൂമ്പോടി ധാരാളുമുണ്ടാകും. അവയ്ക്ക് പൂമ്പൊടി ശേഖരിക്കാനും എളുപ്പും. പ്രകൃതിയിൽനിന്നുള്ള പൂമ്പൊടിലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും ചെറുതേനീച്ചകളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടെന്നു ജോളി. ചൂട് ഉയർന്നതിനെത്തുടർന്ന് ചെറുതേനീച്ചക്കളനികളിലെ മെഴുക് ഉരുകുകയും കോളനി നശിക്കുകയും ചെയ്യുന്നത് ഇപ്പോൾ സർവസാധാരണമാണ്. അൻപതോളം പെട്ടി ചെറുതേനീച്ചക്കോളനികൾ ഉള്ളതിനാൽ അവയ്ക്കാവശ്യമായ ഭക്ഷണം അടുത്തുതന്നെ ഒരുക്കിക്കൊടുക്കുകയാണ് താൻ ചെയ്യുന്നതെന്നും ജോളി പറയുന്നു.

അന്തരീക്ഷ താപനിലയുടെ മാറ്റം ബാധിക്കാതിരിക്കാൻ ചെറുതേനീച്ചപ്പെട്ടികൾ കൃഷിയിടത്തിലെ തണലിലേക്ക് മാറ്റിയിരിക്കുകയാണ് ജോളി ഇപ്പോൾ. മണ്ണിൽ ഉറപ്പിച്ച കാലിൽ പെട്ടി ഉറപ്പിച്ചിരിക്കുന്നു. കൂടാതെ തെർമോക്കോൾ വച്ചശേഷമാണ് മഴ നനയാത്ത വിധത്തിൽ മറ നൽകിയിരിക്കുന്നത്. 

മണ്ണ്, ചാണകപ്പൊടി, നെല്ലിന്റെ പതിര് തുടങ്ങിയവ ചേർത്താണ് നടീൽ മിശ്രിതം തയാറാക്കുന്നത്. നീർവാർച്ച ഉണ്ടാവണം. അതുപോലെ നിത്യേന നനയുടെ ആവശ്യവുമില്ല. മൂന്നു ദിവസം കൂടുമ്പോഴാണ് താൻ നന നൽകുന്നതെന്ന് ജോളി പറയുന്നു. ചെടികൾ വളരുന്നത് അനുസരിച്ച് തണ്ട് ഒടിച്ച് വീണ്ടും കുത്തിവയ്ക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ഇടതൂർന്ന് വളരുകയും ചെയ്യും.

ഫോൺ: 94476 13494 

English summary: A farmer cultivates flowering plants for bees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com