ADVERTISEMENT

പൂക്കളിലെ തേന്‍ നുകരാനും പറന്നുല്ലസിക്കാനും പുതിയ തലമുറയ്ക്ക് ജന്മമേകാനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലേക്ക് പാറിപ്പറന്നെത്തുന്നത് നൂറുകണക്കിന് ചിത്രശലഭങ്ങളാണ്. കോളജ് ബര്‍സാര്‍ ഫാ. മനോജ് പാലക്കുടി രണ്ടു സെന്റില്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പൂന്തോട്ടമാണ് ചിത്രശലഭങ്ങളുടെ വിഹാരകേന്ദ്രവും പ്രജനനകേന്ദ്രവുമൊക്കെയായി മാറിയിരിക്കുന്നത്. മുപ്പതിലധികം ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങള്‍ ഇവിടെ എത്താറുണ്ടെന്ന് ഫാ. മനോജ്.

ഏറെ നാളത്തെ ആഗ്രഹത്തതിന്റെ ഫലമാണ് ഈ കൊച്ചു പൂന്തോട്ടമെന്ന് മനോജ് അച്ചന്‍ കര്‍ഷകശ്രീയോടു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറെ ബാധിച്ച ചെറു ജീവികളാണ് ഇവ. പണ്ട് നാട്ടില്‍ ധാരാളം ചിത്രശലഭങ്ങളെ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി. പുതു തലമുറയിലെ കുട്ടികള്‍ക്ക് അവയെക്കുറിച്ച് വലിയ അറിവുമില്ല. അതിനാലാണ് കോളജില്‍ത്തന്നെ ചെറിയ പൂന്തോട്ടം ഒരുക്കിയത്.

നാടന്‍ പൂക്കള്‍

കോളജ് ക്യാംപസില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ വലതുവശത്തായി പൂന്തോട്ടം കാണാം. മരങ്ങള്‍ അന്തരീക്ഷ താപനില നിയന്ത്രിക്കുന്ന ക്യാംപസിന്റെ വലതുഭാഗത്ത് മാത്രമാണ് സൂര്യപ്രകാശം പതിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയാണ് മനോജ് അച്ചന്‍ പൂച്ചെടികള്‍ നട്ടിരിക്കുന്നത്. ചെത്തി, കിലുകിലുക്കി, പത്തുമണി, ഇലമുളച്ചി, നാരകം എന്നിങ്ങനെ ചിത്രശലഭങ്ങള്‍ക്ക് തേന്‍ ലഭിക്കാനും അതുപോലെ മുട്ടയിടാനുമായുള്ള സസ്യലാതാദികള്‍ ഇവിടെ അച്ചന്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. സാധാരണ 11 ആകുമ്പോഴേക്ക് ഇവിടെ ചിത്രശലഭങ്ങള്‍ നിറഞ്ഞിരിക്കും. വെയിലിന് ചൂടേറുമ്പോള്‍ അവ മറയും. പിന്നീട് വൈകുന്നേരങ്ങളില്‍ അവ വീണ്ടുമെത്തും. 

പൂന്തോട്ടത്തില്‍ ഉപയോഗശൂന്യമായ വസ്തുക്കളും

കോളജിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ അവശിഷ്ടങ്ങള്‍ പൂന്തോട്ടത്തില്‍ മനോജച്ചന്‍ ഉപയോഗിച്ചിട്ടുണ്ട്. വാഷ് ബേസിനുവേണ്ടി മുറിച്ചുമാറ്റിയ ഗ്രാനൈറ്റ് കഷണങ്ങളും പഴയ ഫ്‌ളഷ് ടാങ്കുകളും, പെയിന്റ് ബക്കറ്റുകള്‍, ഇരുമ്പു വീപ്പകള്‍, സാനിറ്റൈസര്‍ വാങ്ങിയ ബോട്ടിലുകള്‍, ചക്രക്കസേരകളുടെ ബേസ് എന്നിങ്ങനെ ഒട്ടേറെ ഉപയോഗശൂന്യമായ വസ്തുക്കള്‍ പൂന്തോട്ടത്തിന്റെ ഭാഗമായുണ്ട്. ഗ്രാനൈറ്റ് കഷണങ്ങള്‍ മണ്ണില്‍ കുഴിച്ചുവച്ച് അതിനുള്ളില്‍ നടീല്‍ മിശ്രിതം നിറച്ച് ചെടികള്‍ നട്ടിരിക്കുന്നു. ചക്രക്കസേരകളുടെ അടിഭാഗം വള്ളിച്ചെടികള്‍ തൂങ്ങിവളരുന്നതിനായാണ് വച്ചിരിക്കുന്നത്.

വളപ്രയോഗമില്ല

ദിവസവും ചെടികള്‍ നനയ്ക്കും. വളപ്രയോഗമില്ല. ചെടികളുടെ ഇലയും മറ്റും നിലത്തു വീഴുന്നത് അഴുകി അവയ്ക്കുതന്നെ വളമായി മാറുന്നു. ബോട്ടിലുകളില്‍ മണ്ണ് നിറയ്ക്കുമ്പോഴും കരിയില ഇടുന്നുണ്ട്. നനയും ഇലകളുമുള്ളതിനാല്‍ മണ്ണിലെ ജൈവാംശം ഉയര്‍ന്നതായും ഫാ. മനോജ്.

മുപ്പതിലേറെ ഇനങ്ങള്‍

ചുരുങ്ങിയ കാലംകൊണ്ട് മുപ്പതിലേറെ ഇനങ്ങളില്‍പ്പെട്ട ചിത്രശലഭങ്ങള്‍ പൂന്തോട്ടത്തില്‍ എത്തിയിട്ടുണ്ടെന്ന് അച്ചന്‍ കണ്ടെത്തിയിട്ടുണ്ട്. ചെടി നടുന്നതും വൃത്തിയാക്കുന്നതുമെല്ലാം അച്ചന്റെ ഹോബിയാണ്. അതുകൊണ്ടുതന്നെ ഓരോ ഇനത്തെ മനസിലാക്കാനും അച്ചന്‍ ശ്രമിക്കുന്നുണ്ട്. വിറവാലന്‍ ശലഭം, ചക്കര ശലഭം, മലബാര്‍ റോസ്, വഴന ശലഭം, നാരക ശലഭം, മലബാര്‍ റാവന്‍, ചുട്ടിക്കറുപ്പന്‍, ഗരുഡ ശലഭം, തകരമുത്തി, മഞ്ഞപ്പാപ്പാത്തി, കരീര വെളുമ്പന്‍, വിലാസിനി, പൊട്ടുവെള്ളാട്ടി, ചോല വിലാസിനി, എരിക്കു തപ്പി, വരയന്‍ കടുവ, അരളിശലഭം, പാല്‍വള്ളി ശലഭം, തെളിനിലകടുവ, നീലക്കടുവ, കരിയില ശലഭം, മുക്കണ്ണി, കോകിലന്‍, പുളളിക്കുറുമ്പന്‍, പൊട്ടുവാലാട്ടി, നാട്ടുറോസ്, ഒറ്റപ്പൊട്ടന്‍, പഞ്ചനേത്രി, വരയന്‍ പഞ്ചനേത്രി, കൃഷ്ണശലഭം, നാരക കാളി തുടങ്ങിയ ഇനങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com