കോടികളുടെ ബിസിനസ് നടക്കുമിടം: ഓണ്‍ലൈനില്‍ ചെടി വില്‍ക്കുമ്പോള്‍...

HIGHLIGHTS
  • ഓണ്‍ലൈന്‍ വിപണനം എങ്ങനെ എന്തൊക്കെ സാധ്യതകള്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
online-business
SHARE

ഉദ്യാനച്ചെടികളുടെ ഓൺലൈൻ വിപണി കോവിഡ് കാലം മുതൽ ലോകത്തെവിടെയുംപോലെ  നമ്മുടെ നാട്ടിലും സജീവമാണ്. സമൂഹ മാധ്യമങ്ങൾ കൂടുതൽ കാര്യക്ഷമമായതോടെ വീട്ടമ്മമാരും ചെറുപ്പക്കാരും എല്ലാം ഇത്തരം വേദികൾ ഉപയോഗിച്ച് ചെടികളുടെ വിപണനം  ഉത്സാഹത്തോടെ നടത്തുന്നു. വിനോദമായി അലങ്കാരച്ചെടി വളർത്തിയിരുന്ന പലരും ഇന്ന് ഓൺലൈൻ സൗഹൃദ കൂട്ടായ്മകൾ വഴി ചെടികൾ വിപണനം നടത്തുന്നുണ്ട്. നേഴ്സറിയിൽ ചെടികൾ നേരിട്ടു കണ്ട് വാങ്ങുന്നതിൽനിന്നു ഭിന്നമായി ഓൺലൈൻ സൈറ്റില്‍  ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാണ് ഇന്നു പലരും ചെടികൾ  വാങ്ങുന്നത്. 

ഓർക്കിഡ്, എയർ പ്ലാന്റ്സ്, കള്ളിച്ചെടികൾ, സക്കുലന്റ് ഇനങ്ങൾ തുടങ്ങി പലതരം അലങ്കാരച്ചെടികളുടെയും ഓൺലൈൻ വിപണനം ഇന്ന് ശക്തമാണ്. കേരളീയർ നടത്തുന്ന ഓണ്‍ലൈന്‍ വിപണനത്തിന് മറ്റ് സംസ്ഥാനങ്ങളിലേതിനെക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് ഓൺലൈൻ സൈറ്റുക ളിലെ അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഓണ്‍ലൈന്‍ വിപണനത്തിന് ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ല.  വീട്ടിലെ സൗകര്യത്തിൽ ഓൺലൈൻ വിപണി തുടങ്ങാം.  അലങ്കാരച്ചെടികൾ വാങ്ങി മറിച്ചുവിൽക്കുന്നതിനു പകരം തൈകൾ വാങ്ങി വലുതാക്കി വിപണനം ചെയ്യുന്നതാണ് ലാഭകരം.  ആമ്പൽ, ഗ്ലാഡിയോലസ് തുടങ്ങിയ ചെടികളുടെ കിഴങ്ങും, അഡീനിയം, ടേബിൾ റോസ് തുടങ്ങിയവയുടെ വിത്തുമെല്ലാം ഓൺലൈൻ വിപണനം നടത്താം. ഒന്നോ രണ്ടോ തരം ചെടികളുടെ ഇനങ്ങൾ മാത്രമാണ് പലരും ഓൺലൈനില്‍ വില്‍ക്കുന്നത്. 

Read also: സർവം വയലറ്റ് മയം; ഈ ചെടിയില്ലാത്ത വീടുകൾ ഇടുക്കിയിൽ വിരളം; എന്നും പൂക്കൾ 

സൂക്ഷിപ്പുഗുണം പ്രധാനം

ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെ നശിച്ചു പോകാത്ത ഇനം ചെടികളാണ് ഓൺലൈന്‍ വിപണിക്കു യോജ്യം.  ഉത്തരേന്ത്യ ഉൾപ്പെടെ ദൂരെ ദിക്കുകളിലേക്ക് കുറിയർ ചെയ്യുന്ന ചെടികൾ ചിലപ്പോൾ ഉപഭോക്താവിനു ലഭിക്കാൻ ഒരാഴ്ചയ്ക്കു മേൽ കാലതാമസം വരാറുണ്ട്. ഉപഭോക്തൃഫോറവും കോടതിയും എല്ലാം വളരെ സജീവമായ ഇക്കാലത്ത് വില്‍ക്കുന്ന ചെടിയുടെ  ഇനം, ആരോഗ്യം, പാക്കിങ് രീതി എല്ലാം ശ്രദ്ധിക്കണം. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്, യുട്യൂബ്  എന്നിവയെല്ലാം ഇതിനു  പ്രയോജനപ്പെടുത്തണം. ആവശ്യമെങ്കിൽ  വെബ്സൈറ്റും ആരംഭിക്കാം.  

പായ്ക്കിങ് ശ്രദ്ധയോടെ

കേടു കൂടാതെ ഉപഭോക്താവിന്റെ പക്കലെത്തുന്ന വിധം വേണം പായ്ക്കിങ്. ചെടികൾ അടങ്ങിയ പായ്‌ക്കറ്റിന്റെ ഭാരമനുസരിച്ചാണ് അയയ്ക്കാനുള്ള ചെലവ്.  അയയ്ക്കുന്നതിനു മുൻപ് 1 - 2 ദിവസത്തേക്ക് നനയ്ക്കാതിരുന്നാലും ചകിരിച്ചോറ് അടങ്ങിയ മിശ്രിതത്തിൽ വളർത്തിയാലും ഭാരം ഗണ്യമായി കുറയ്ക്കാം. അയയ്ക്കുന്നതിനു മുൻപ് കുമിൾനാശിനി തളിക്കുന്നപക്ഷം ചെടികൾക്ക് കുമിൾബാധ വഴിയുള്ള ചീയൽ, ഇലപൊഴിച്ചിൽ എന്നിവ തടയാം. 

English summary: How to Sell Plants Online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS