കൗതുകത്തിനു തുടങ്ങിയ പൂക്കൃഷിയിൽനിന്ന് ജനിച്ച് നഴ്സറി സംരംഭം: പ്രവീണയ്ക്ക് വരുമാനം ആമ്പലും താമരയും
Mail This Article
ആമ്പല്‍, താമരപ്പൂക്കളുടെ നിറപ്പകിട്ടില്‍ തിളങ്ങുകയാണ് ഈ വീടും പരിസരവും. എറണാകുളം ജില്ലയില്‍ ആലങ്ങാട്, നീറിക്കോട്, കളവപ്പിള്ളി വീട്ടിലെ പൂന്തോട്ടം പക്ഷേ, വെറും അലങ്കാരക്കാഴ്ച മാത്രമല്ല, വീട്ടമ്മയായ പ്രവീണ പ്രജീഷിന്റെ വരുമാനമാര്‍ഗം കൂടിയാണ്.
വീടിനു ചുറ്റുവട്ടത്തും മട്ടുപ്പാവിലുമായാണ് പ്രവീണയുടെ പുഷ്പക്കൃഷിയും പൂച്ചെടി നഴ്സറിയും. വീടിനോടു ചേർന്ന് പ്ലാസ്റ്റിക് ചട്ടികളിലാണ് താമര, ആമ്പൽ കൃഷി. ചുവപ്പ്, പിങ്ക്, വെള്ള, പച്ച, മഞ്ഞപ്പൂക്കളും അവയുടെ മിശ്രിത വര്‍ണങ്ങളിലുള്ള പൂക്കളുമുള്ള ചെടികള്‍ ഇവിടെയുണ്ട്. 3 വർ ഷമായി പൂക്കൃഷി ചെയ്യുന്ന പ്രവീണ 4 മാസം മുൻപ് വീടിന് അല്‍പം അകലെ ‘നിള’ എന്ന നഴ്‌സറിയും തുടങ്ങി.
ഹോബിയില്‍ തുടക്കം
‘‘വെറുതെ ഒരു കൗതുകത്തിനു തുടങ്ങിയതാണ്. താമര മാത്രമായിരുന്നു ആദ്യം. പാലക്കാടുനിന്ന് താമരവിത്ത് വാങ്ങി മുളപ്പിച്ചു നടുകയായിരുന്നു. പിന്നീട് വിത്ത് , കിഴങ്ങ് , റണ്ണർ എന്നിവ നട്ടു കൃഷി തുടങ്ങി. 20 ലീറ്റർ സംഭരണശേഷിയുള്ള പ്ലാസ്റ്റിക് ചട്ടികളിൽ ഒന്നര കിലോ ചാണകം, എല്ലു പൊടി എന്നിവയ്ക്കു പുറമേ രണ്ടു നിരയിൽ ചെളിയും ഇട്ടു കുതിർത്തു വയ്ക്കും. ഒരാഴ്ച പിന്നിടുമ്പോൾ ഇലകൾ വന്നു തുടങ്ങും. 15 ദിവസമാകുമ്പോൾ പൂവ് മൊട്ടിടാൻ തുടങ്ങും. താമര വളരാൻ ധാരാളം വെയിൽ ലഭിക്കണം. ഒരു ചട്ടിയിൽ ഒരിനം മാത്രമാണ് നടുന്നത്. ഇത് വിപണനം എളുപ്പമാക്കാൻ സഹായിക്കും. താമര 39 ഇനങ്ങള്‍ തനിക്കുണ്ടെന്നു പ്രവീണ. ഇവയില്‍ ‘സഹസ്ര ദള പദ്‌മം’ എന്ന ഇനം നൂതനവും വിലയേറിയതുമാണ്.
കൃഷിരീതി
വിരിഞ്ഞ താമരയുടെ കിഴങ്ങ് (ട്യൂബർ ), വേര് (റണ്ണർ), വിത്ത് (സീഡ്) എന്നിവയിൽ ഏതെങ്കിലുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. താമര വിരിഞ്ഞ ശേഷം വേറൊരു ചട്ടിയിലേക്കു മാറ്റി നടുകയോ, വിൽക്കുകയോ ചെയ്യാം. ‘‘ആദ്യമായി താമര കൃഷി ചെയ്യുന്നവര്‍ വേര് (റണ്ണർ) നട്ടു പിടിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. 15-20 ദിവസത്തിനുള്ളിൽ പൂവ് വിടരുമെന്നതാണ് കാരണം. നാരു പോലെയുള്ള റണ്ണർ നട്ടാൽ വേഗം ഫലം ലഭിക്കും. കിഴങ്ങും നല്ലതുതന്നെ. എന്നാല്‍ എല്ലാ ചെടികളിൽനിന്നും കിഴങ്ങും വിത്തും വേരും ഒരേ അളവിൽ ലഭിക്കില്ല’’ , പ്രവീണ പറഞ്ഞു.
വിത്ത് പാകി മുളപ്പിച്ചെടുക്കാൻ ധാരാളം സമയം എടുക്കും. വിത്ത് (സീഡ് ) ഉരച്ചു പൊട്ടിച്ചു വെള്ളത്തിലിട്ട് അതിനു വേര് പിടിക്കാൻ കാലതാമസമുണ്ട്. മാറ്റി നടുമ്പോള്‍ പൂക്കുന്നതിനു വീണ്ടും കാലതാമസം. എന്നാല്‍ ആവശ്യക്കാർക്ക് വിത്തും നൽകാറുണ്ട്.
ഒരു താമരപ്പൂവ് വിരിഞ്ഞു കഴിഞ്ഞാൽ അതിലെ റണ്ണർ പറിച്ചെടുത്തു വേറൊരു ചട്ടിയിൽ നടും. ധാരാളം വെയിൽ ആവശ്യമുള്ള താമരകൾക്ക് വേനൽക്കാലത്തു ചട്ടികളിൽ വെള്ളം നിറയ്ക്കേണ്ടി വരും. മഴ ശക്തമായാൽ താല്‍ക്കാലിക മേൽക്കൂര കെട്ടി സംരക്ഷിക്കും. ഒരു താമരപ്പൂവ് മൊട്ടിട്ടാൽ 5-6 ദിവസം വരെ വിടർന്നു നിൽക്കും.
വിപണനം
താമരപ്പൂക്കള്‍ ക്ഷേത്രങ്ങളിലെ ആവശ്യത്തിനാണ് നല്‍കുന്നത്. കൊങ്ങോർപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് പ്രധാനമായും നല്‍കുന്നത്. സാധാരണ ഉപഭോക്താക്കൾക്കു ചട്ടിയിലെ താമരക്കിഴങ്ങ് അല്ലെങ്കിൽ വേരുകൾ അടക്കമാണ് നല്‍കുക. ഇനത്തിന് അനുസരിച്ച് 200 രൂപ മുതൽ മേൽപ്പോട്ട് വിലയുണ്ട്. അടുത്തുള്ളവർക്കു നേരിട്ടും, അകലെയുള്ളവർക്കു കൊറിയർ വഴിയും എത്തിക്കുന്നു. താമര കൃഷി ചെയ്യുന്നവരുടെ സമൂഹമാധ്യമ കൂട്ടായ്മകളില്‍(ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം) അംഗമാണ്. അവയിലൂടെ സംശയ നിവാരണവും വിപണനവും നടത്തുന്നു. ഓരോ ദിവസവും പൂക്കുന്ന താമരകളുടെ പടവും, വില വിവരങ്ങളും അതിലുണ്ടാകും.
സ്വകാര്യ കമ്പനി ജീവനക്കാരനായ ഭർത്താവ് പ്രജീഷും, സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളും പ്രവീണയെ സഹായിക്കാറുണ്ട്. നഴ്സറി നോക്കുന്നതു കുടുംബസുഹൃത്തായ എസ്.സനിൻ.
ഫോൺ(പ്രവീണ): 9048366439