ADVERTISEMENT

വരരുചിക്കഥയില്‍ നൂറു കറിക്കു തുല്യമെന്നു വിശേഷിപ്പിക്കുന്ന ഇഞ്ചിക്കറി ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. കോവിഡ് കാലത്തും നമ്മള്‍ ഇഞ്ചിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടി. ഇഞ്ചിയില്‍നിന്ന് എടുക്കുന്ന ഒലിയോറെസിന്‍ ഭക്ഷ്യ, ഔഷധ നിര്‍മാണ വ്യവസായങ്ങളില്‍ ഏറെ ഡിമാന്‍ഡുള്ള ഉല്‍പന്നമാണ്. 

കോവിഡ് കാലത്തും തുടര്‍ന്നും ഇഞ്ചി ചതച്ചിട്ട വെള്ളം തിളപ്പിച്ചു  കുടിക്കുന്നതും നമ്മളില്‍ പലരും  ശീലമാക്കി.  അതേസമയം ഇഞ്ചിയുടെ വാണിജ്യക്കൃഷിയില്‍ ചീയല്‍ രോഗത്തെ അതിജീവിക്കാന്‍ രാസ കുമിള്‍നാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നത് അപ്രിയ സത്യം. നമ്മുടെ വീട്ടിലേക്കു വേണ്ട ഇഞ്ചി വീട്ടുവളപ്പില്‍ ഉല്‍പാദിപ്പിക്കുക  എന്നതുതന്നെ പരിഹാരമാര്‍ഗം. 

മണ്ണ് നന്നായി കിളച്ചൊരുക്കി കളകള്‍ നീക്കം ചെയ്തു മാത്രമേ ഇഞ്ചി നടാവൂ. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിലും ഭാഗികമായി മാത്രം തണലുള്ളിടങ്ങളിലും ഇഞ്ചി നന്നായി വളരും. മണ്ണിലെ അമ്ലത കുറയ്ക്കുന്നതിനു സെന്റ് ഒന്നിന് 4 കിലോ കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. പുളിരസം കളയാതെ കൃഷി ചെയ്താല്‍ ചീയല്‍രോഗത്തിനു സാധ്യതയേറും.  ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ 75 ഗ്രാം വരെ പൊടിഞ്ഞ കുമ്മായം ചേര്‍ക്കണം. കുമ്മായമിട്ട മണ്ണ് നനച്ചതിനു ശേഷം നന്നായി ഇളക്കിച്ചേര്‍ക്കുക. രണ്ടാഴ്ച്ചയ്ക്കു ശേഷം പൊടിഞ്ഞ ജൈവവളം നന്നായി ചേര്‍ത്ത് ഇഞ്ചി നടുക.  അടിവളമായി പൊടിഞ്ഞ കാലിവളവും മണ്ണിരക്കംപോസ്റ്റും സെന്റ് ഒന്നിന് 100 കിലോവരെ ചേര്‍ക്കാം.  ഗ്രോബാഗില്‍  ട്രൈക്കോഡെര്‍മ സമ്പുഷ്ട ജൈവവളം 3 കിലോവരെ ചേര്‍ക്കുന്നതാണ് നന്ന്.

പച്ച ഇഞ്ചിക്ക് ഏറ്റവും നല്ല ഇനമാണ് ചന്ദ്രയും അശ്വതിയും. നന്നായി മൂപ്പെത്തിയ ഇഞ്ചി നടീല്‍വസ്തുവായി ഉപയോഗിക്കാം. ഒന്നോ രണ്ടോ മുകുളങ്ങളോടു കൂടിയ, 15 ഗ്രാം തൂക്കം വരുന്ന ഇഞ്ചിക്കഷണങ്ങള്‍,  സ്യൂഡോമോണാസ് ലായനിയില്‍ 30 മിനിട്ട് മുക്കിവച്ചതിനു ശേഷം മാത്രം നടുക.  ഇതിനായി 50 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കിയെടുക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com